കേരളം

50 കാമ്പസുകളിൽ ഡിസ്കവറി, ഇന്നോവേഷൻ ലാബുകൾ സ്ഥാപിക്കാൻ ഒരുങ്ങി അമൃത വിശ്വ വിദ്യാപീഠം; 100 കോടി ​​ഗ്രാൻഡ് പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഇന്ത്യയിലുടനീളമുള്ള 50 കാമ്പസുകളിൽ അത്യാധുനിക ഡിസ്കവറി, ഇന്നോവേഷൻ ലാബുകൾ സ്ഥാപിക്കാൻ ഒരുങ്ങി അമൃത വിശ്വ വിദ്യാപീഠം. ഇതിനായി 100 കോടിയുടെ ​ഗ്രാൻഡ് പ്രഖ്യാപിച്ചു. അമൃത ഇന്നൊവേഷൻ & റിസർച്ച് അവാർഡ് സമ്മാനിക്കുന്ന ചടങ്ങിലാണ് ശ്രദ്ധേയ പ്രഖ്യാപനം. എൻജിനിയറിങ്, മെഡിക്കൽ സയൻസസ്, കമ്പ്യൂട്ടർ സയൻസസ്, മെറ്റീരിയൽ സയൻസസ്, നാനോബയോസയൻസ്, ബയോടെക്നോളജി, ബയോമെഡിക്കൽ എൻജിനിയറിങ്, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിലാണ് ലാബുകൾ സ്ഥാപിക്കുന്നത്. 

അവാർഡ് സമ്മാനിക്കുന്ന ചടങ്ങിൽ വിശ്വവിദ്യാപീഠം ചാൻസിലർ കൂടിയായ മാതാ അമൃതാനന്ദമയി അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് മികച്ച രീതിയിലുള്ള വിദ്യാഭ്യാസത്തിനും ​ഗവേഷണത്തിനും അവസരമൊരുക്കാനാണ് സർവകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മാതാ അമൃതാനന്ദമയി ഓർമ്മിപ്പിച്ചു.

'എന്റെ മക്കളുടെ ശ്രമങ്ങൾ സമൂഹത്തിലെ താഴേത്തട്ടിലുള്ളവരെ വളരെയധികം സഹായിക്കുന്ന പ്രോജക്റ്റുകൾക്ക് കാരണമായി. ഈ അവാർഡുകൾ ആ സന്തോഷത്തിന്റെ പ്രതീകമാണ്. പുതിയ അറിവ് നേടുക, ഗവേഷണം നടത്തുക, പുതുമകൾ പിന്തുടരുക എന്നിവ വ്യക്തികളുടെയും രാജ്യത്തിന്റെയും പുരോഗതിക്കും വികാസത്തിനും വളരെയധികം സഹായിക്കുന്നു എന്നതിൽ സംശയമില്ല. എന്നിരുന്നാലും, മിക്കപ്പോഴും അത്തരം അറിവിന്റെ നേരിട്ടുള്ള ഗുണഭോക്താക്കൾ നഗരങ്ങളിലെ വിദ്യാസമ്പന്നരാണ്'- മാതാ അമൃതാനന്ദമയി വ്യക്തമാക്കി. 

'ഗവേഷണം സാധാരണക്കാർക്ക് പ്രയോജനം ചെയ്യാൻ പര്യാപ്തമായിരിക്കണം. അപ്പോൾ മാത്രമേ രാജ്യത്തിന് പുരോ​ഗതി കൈവരികയുള്ളു. ഒരു മൂല്യാധിഷ്ഠിത ഗവേഷണ പദ്ധതിക്ക് മാത്രമേ അത്തരം സന്തുലിതമായ പുരോഗതിക്ക് വഴിയൊരുക്കാൻ കഴിയൂ. ഈ ലക്ഷ്യം മനസിൽ വച്ചാണ് നാം മുന്നോട്ട് പോകേണ്ടത്'-  മാതാ അമൃതാനന്ദമയി പറഞ്ഞു. 

അഞ്ച് വിഭാഗങ്ങളിലായി 2.5 കോടി ഡോളർ വിലമതിക്കുന്ന അഞ്ച് അവാർഡുകളാണ് ചടങ്ങിൽ വിതരണം ചെയ്തത്. റിസർച്ച് എക്സലൻസ് അവാർഡ്, ഇന്നൊവേഷൻ അവാർഡ്, പബ്ലിക്കേഷൻ എക്സലൻസ് അവാർഡ്, പബ്ലിക്കേഷൻ മെറിറ്റ് അവാർഡ്, ഗവേഷണത്തിനുള്ള അഭിനന്ദന സർട്ടിഫിക്കറ്റ് എന്നിവയാണ് പുരസ്കാരങ്ങൾ. ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലെ ഉന്നതതല സ്ഥാപനങ്ങളിലുള്ള പ്രൊഫസർമാർ ഉൾപ്പെടെ നിരവധി അതിഥികൾ പരിപാടിയിൽ പങ്കെടുത്തു.

അടൽ ഇന്നൊവേഷൻ മിഷനുകളുടെ പിന്തുണയുള്ള അമൃത വിശ്വവിദ്യാപീഠം 100 ലധികംസ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നുവെന്നതിൽ സന്തോഷമുണ്ടെന്ന് ചടങ്ങിൽ സംബന്ധിച്ച നീതി ആയോ​ഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു. അമേരിക്കൻ ഗവൺമെന്റിന്റെ നാഷണൽ സയൻസ് ഫൗണ്ടേഷൻ ഡയറക്ടർ സേതുരാമൻ പഞ്ചനാഥൻ വെബ്ക്യാം വഴി അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക വിദ​ഗ്ധരും ചടങ്ങിൽ സംബന്ധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍