കേരളം

ഒരാനപ്പുറത്ത് പൂരം എഴുന്നള്ളിപ്പ്, 50 പേര്‍ മാത്രം, കോവിഡ് പരിശോധന നിര്‍ബന്ധം; ആഘോഷങ്ങള്‍ ഒഴിവാക്കി ഘടകക്ഷേത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള ഘടകക്ഷേത്രങ്ങള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. ആഘോഷങ്ങള്‍ ഒഴിവാക്കി പ്രതീകാത്മക പൂരം നടത്താന്‍ എട്ട് ഘടകക്ഷേത്രങ്ങള്‍ തീരുമാനിച്ചു. ഇത്തവണ തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായി ഒരാനപ്പുറത്ത് പൂരം എഴുന്നള്ളിപ്പ് നടത്താനാണ് ഘടകക്ഷേത്രങ്ങള്‍ ഒരുങ്ങുന്നത്. വാദ്യക്കാരും ഭാരവാഹികളും ഉള്‍പ്പെടെ ഒരേ സമയം 50 പേര്‍ മാത്രമാണ് പങ്കെടുക്കുക.

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പൂരപ്പറമ്പിലേക്ക് ജനങ്ങളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട്  പൂരം എഴുന്നള്ളിപ്പ് നടത്താന്‍ ഘടകക്ഷേത്രങ്ങള്‍ തീരുമാനിച്ചത്. ഓരോ ഘടകപൂരങ്ങള്‍ക്കുമൊപ്പം 50 പേരെ മാത്രമേ അനുവദിക്കൂ. അങ്ങനെ എട്ട് പൂരങ്ങളുടെയും ഭാഗമായി നാനൂറ് പേര്‍ മാത്രമേ പരമാവധി പൂരപ്പറമ്പിലെത്തൂ. ഘടകപൂരങ്ങള്‍ക്കൊപ്പം എത്തുന്നവര്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. കഴിഞ്ഞദിവസം തിരുവമ്പാടിയും ഒരാനപ്പുറത്ത് പൂരച്ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്നു. 

പൂരവിളംബരത്തിനും 50 പേരെ മാത്രമേ അനുവദിക്കൂ. ആഘോഷം ഒഴിവാക്കി ഇത്തവണ ചടങ്ങുകള്‍ മാത്രം മതിയെന്നാണ് ഘടകക്ഷേത്രങ്ങളുടെ തീരുമാനം. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. കടുത്ത നിയന്ത്രണങ്ങളോടെ കാണികളെ ഒഴിവാക്കി സംഘാടകരെ മാത്രം നിലനിര്‍ത്തി പൂരം നടത്താനാണ് ഇന്നലെ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ധാരണയായിരുന്നത്.

ഈ വര്‍ഷം പൂരം ചമയപ്രദര്‍ശനം ഉണ്ടാവില്ല. ഇത്തവണ സാമ്പിള്‍ വെടിക്കെട്ടില്‍ ഒരു കുഴി മിന്നല്‍ മാത്രമേ ഉണ്ടാകൂ. ഈ മാസം ഇരുപത്തിനാലാം തീയതി പകല്‍പ്പൂരം വേണ്ടെന്ന് വച്ചു. കുടമാറ്റത്തിന്റെ സമയം വെട്ടിക്കുറയ്ക്കും. പൂരപ്പറമ്പില്‍ സംഘാടകര്‍ മാത്രമേ ഉണ്ടാകൂ. അവിടേക്ക് കാണികള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. പ്രധാനവെടിക്കെട്ട് നിയന്ത്രണങ്ങളോടെ മാത്രമാകും നടത്തുക. മഠത്തില്‍വരവും ഇലഞ്ഞിത്തറ മേളവും ഇത്തവണ ഉണ്ടാകും.

പൂരപ്പറമ്പില്‍ കയറുന്ന സംഘാടകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. ഇല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചിരിക്കണം. പൂരം നടത്തിപ്പിന്റെ ചുമതല, ഡിഎംഒ, കമ്മീഷണര്‍, കളക്ടര്‍ എന്നിവര്‍ക്കാണ് നല്‍കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് സമ്മതമെന്ന് പാറമേക്കാവും തിരുവമ്പാടിയും അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം