കേരളം

തക്കാളി വില 120ന് മുകളിൽ; പച്ചക്കറി വാങ്ങിയാൽ കൈ പൊള്ളും; വയറ്റത്തടിച്ച് സപ്ലൈക്കോയും

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വിപണിയിൽ പച്ചക്കറികൾ പൊള്ളും വില തുടരുന്നു. ചില്ലറ വിപണിയിൽ തക്കളിയുടെ വില 120ന് മുകളിലെത്തി. മൊത്ത വിപണിയിൽ പലതിനും ഇരട്ടിയോളം വില കൂടി. ചില്ലറ വിപണിയിൽ കിലോയ്ക്ക് 40 രൂപ വരെയാണ് കൂടിയത്. തമിഴ്നാട്ടിലെയും കർണാടകത്തിലെയും മൊത്ത വിപണിയിൽ ക്ഷാമമായതിനാൽ പച്ചക്കറി കിട്ടാനില്ലെന്ന് വ്യാപാരികൾ പറയുന്നു. അതിനാൽ വില ഉടൻ കുറയാൻ സാധ്യതയുമില്ല. സർക്കാർ ഇടപെടലും ഫലം കാണുന്നില്ല. 

അതിനിടെ വിലക്കയറ്റം പിടിച്ചുനിർത്താൻ തമിഴ്നാട്ടിൽ നിന്ന് പച്ചക്കറി സംഭരിക്കാനുള്ള സർക്കാർ നീക്കത്തിനും തിരിച്ചടി. തമിഴ്നാട്ടിൽ പച്ചക്കറി ക്ഷാമമുണ്ടാകുമെന്ന വാദമുയർത്തി അവിടത്തെ ഇടനിലക്കാരാണ് നീക്കം അട്ടിമറിച്ചത്. ഇടനിലക്കാരുടെ സമ്മർദത്തെത്തുടർന്ന് കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറഞ്ഞു.

കരാർ ഒപ്പിട്ടാൽ കേരളത്തിന് നേരിട്ട് പച്ചക്കറി നൽകാമെന്ന് തമിഴ്നാട്ടിലെ കർഷകർ അറിയിച്ചു. കർഷകരുടെ നിലപാട് സ്വാഗതം ചെയ്ത കേരളം ഈ ആഴ്ച ധാരണാപത്രം ഒപ്പിടുമെന്നാണു സൂചന. 

അതേസമയം സപ്ലൈക്കോയിലെ പലചരക്ക് സാധനങ്ങൾക്ക് വില കൂടിയതും ഇരുട്ടടിയായി. ചെറുപയറിന് 30 രൂപയാണ് കൂടിയത്. കുറുവയരിക്ക് 7 രൂപ കൂടി. അരിയുൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില കൂട്ടിയിട്ടുണ്ട്. സബ്സിഡി ഇല്ലാത്ത ഇനങ്ങൾക്ക് വൻ വിലക്കയറ്റമാണ്.

മുളക് 112 രൂപ ആയിരുന്നത് 134 രൂപയായി. ചെറുപയർ 84 രൂപയുണ്ടായിരുന്നത് 98 രൂപയായി കൂടി. ചെറുപയർ പരിപ്പ് 105 ൽ നിന്ന് 116 രൂപയായി വർധിച്ചു. പരിപ്പ് 76 രൂപയിൽ നിന്ന് 82 രൂപയിലെത്തി. മുതിര 44 രൂപയിൽ നിന്ന് 50 രൂപയായി വർധിച്ചു. മല്ലിക്ക് 106 ൽ നിന്ന് 110 രൂപയായി കൂടി ഉഴുന്ന് 100 രൂപയിൽ നിന്ന് 104 രൂപയിലെത്തി. 

സപ്ലൈക്കോയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് വില കൂട്ടുന്നത്. നി​ശ്ചി​ത അ​ള​വി​ൽ ല​ഭി​ക്കു​ന്ന സ​ബ്​​സി​ഡി സാധനങ്ങ​ൾ​ക്ക്​ പു​റ​മേ വാ​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്കാ​ണ്​ കൂ​ടു​ത​ൽ തു​ക ഈ​ടാ​ക്കു​ന്ന​ത്. കടുക് വില 106 രൂപയിൽ നിന്ന് 110 രൂപയിലേക്കെത്തി. ജീരക വില 196 രൂപയിൽ നിന്ന് 210 രൂപയിലേക്കെത്തി. മട്ട ഉണ്ട അരിയുടെ വില 28 ൽ നിന്ന് 31 ലേക്കും ഉയർന്നു. പഞ്ചസാര വില 50 പൈസ കൂട്ടി 38.50 യിലേക്കെത്തി.

സപ്ലൈക്കോ ഞായറാഴ്ച മുതൽ നടപ്പാക്കിയ വിലവർധന മരവിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചിട്ടുണ്ട്. 13 നിത്യോപയോഗ്യ സാധനങ്ങൾക്ക് മാർക്കറ്റ് വിലയേക്കാൾ 60 ശതമാനത്തിലേറെ കുറച്ചാണ് സപ്ലൈക്കോയിൽ വിൽക്കുന്നത്. സപ്ലൈക്കോയുടെ വിൽപ്പനയുടെ 80 ശതമാനവും സബ്സിഡി ഉത്പന്നങ്ങളുടെ വിൽപ്പനയാണ്. അത് കൊണ്ട് സാധാരണ ജനങ്ങൾക്ക് അവിടെ പോയി സാധനങ്ങൾ വാങ്ങാം. സാധാരണ ജനങ്ങൾക്ക് വിലകയറ്റം ബാധിക്കാതിരിക്കാൻ സർക്കാർ ഇടപെടുമെന്നും ജി ആർ അനിൽ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

സംസ്ഥാനത്ത് ശക്തമായ മഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു