കേരളം

കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു, ദത്ത് നൽകാനുള്ള പരസ്യം കണ്ട് മനസു മാറി; തിരിച്ചുവാങ്ങി അമ്മ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ തിരിച്ചുവാങ്ങി അമ്മ. കുഞ്ഞിന്റെ ദത്ത് നൽകൽ നടപടികൾ അറിഞ്ഞതോടെയാണ് കുഞ്ഞിനെ തിരികെവാങ്ങിയത്. ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ ലഭിച്ച പെൺകുഞ്ഞിനെയാണ് അമ്മ ആവശ്യപ്പെട്ടതനുസരിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി തിരികെ നൽകിയത്.

കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത് ജനുവരിയിൽ 

ജനുവരിയിലാണ് അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ലഭിച്ചത്. പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ബഹുമാനാർഥം സുഗത എന്നാണ് കുഞ്ഞിനെ വിളിച്ചത്. ഫെബ്രുവരിയിൽ കുഞ്ഞിന്റെ ദത്ത് നടപടികൾ തുടങ്ങുന്നുവെന്നുകാട്ടി പരസ്യം നൽകി. ഇതുകണ്ടാണ് കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് അമ്മ ശിശുക്ഷേമസമിതിയെ ബന്ധപ്പെട്ടത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിക്കാൻ ഇവരോട് നിർദേശിച്ചു. ദത്ത് നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദേശത്തായിരുന്ന അമ്മ കമ്മിറ്റിക്ക് ഇ-മെയിൽ അയയ്ക്കുകയും ചെയ്തു. 

കുഞ്ഞിനെ ഉപേക്ഷിച്ചത് നിർബന്ധത്തിനു വഴങ്ങി

കുഞ്ഞിന്റെ അച്ഛൻ വിവാഹവാഗ്ദാനത്തിൽനിന്നും പിൻമാറിയതോടെയാണ് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചതെന്നാണ് അമ്മ അധികൃതരോടു പറഞ്ഞത്. വിവാഹം നടക്കാതെ വന്നതോടെ സ്ത്രീയുടെ വീട്ടുകാരും കുഞ്ഞിനെ ഒഴിവാക്കാൻ നിർബന്ധിക്കുകയായിരുന്നു. അനധികൃതമായി ദത്തുനൽകാനുള്ള നീക്കങ്ങളും നടന്നു. തുടർന്നാണ് കുഞ്ഞിനെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത്. തുടർന്ന് ജോലിക്കായി അമ്മ വിദേശത്തേക്കു പോവുകയായിരുന്നു. 

കുഞ്ഞിന്റെ ചിത്രവും കുഞ്ഞിനെ ഉപേക്ഷിച്ചതിനൊപ്പമുണ്ടായിരുന്ന ആരോഗ്യ കാർഡിന്റെ വിവരങ്ങളും അമ്മ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് ഡിഎൻഎ ടെസ്റ്റ് നടത്തി അമ്മയാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് കുഞ്ഞിനെ കൈമാറിയത്. വിവാദമായ അനുപമയുടെ കേസിലെ കോടതി ഇടപെടലിനെ തുടർന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നടപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു