കേരളം

സംസ്ഥാനത്ത് എട്ടുപേര്‍ക്ക് കൂടി ഒമൈക്രോണ്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യന്ത്രി വീണാ ജോര്‍ജ്ജ്. തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2 എന്നിങ്ങനെയാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 37ആയി. 

റഷ്യയില്‍ നിന്നും ഡിസംബര്‍ 22ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ വിദേശി (48), 16ന് നമീബിയയില്‍ നിന്നും എറണാകുളത്തെത്തിയ കൊല്ലം സ്വദേശി (40), 17ന് ഖത്തറില്‍ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിനി (28), 11ന് ഖത്തറില്‍ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശി (40), യുകെയില്‍ നിന്ന് 18ന് എറണാകുളത്തെത്തിയ പെണ്‍കുട്ടി (3), യുഎഇയില്‍ നിന്നും 18ന് എത്തിയ എറണാകുളം സ്വദേശി (25), കെനിയയില്‍ നിന്നും 13ന് എറണാകുളത്തെത്തിയ തൃശൂര്‍ സ്വദേശി (48), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള തൃശൂര്‍ സ്വദേശിനി (71) എന്നിവര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 37 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

യുകെയില്‍ നിന്നും മാതാപിതാക്കളോടൊപ്പം എത്തിയതാണ് മൂന്ന് വയസുകാരി. എയര്‍പോര്‍ട്ടിലെ കോവിഡ് പരിശോധനയില്‍ മാതാപിതാക്കള്‍ നെഗറ്റിവായിരുന്നു. ഹോം ക്വാറന്റൈനിലായിരുന്നു ഇവര്‍. കുട്ടിക്ക് പനിയും മറ്റ് ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ച ഇവരുടെ സാമ്പിളുകളിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇവര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരുന്നു.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേരളവും മിസോറാമുമാണ് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍.  രാജ്യത്തെ 20 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിനും പത്തുശതമാനത്തിനും ഇടയിലാണ്. ഇതില്‍ ഒന്‍പതെണ്ണവും കേരളത്തിലാണ്. രാജ്യത്തെ രണ്ടു ജില്ലകളില്‍ പത്തുശതമാനത്തിന് മുകളിലാണെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒമൈക്രോണിന് ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷി കൂടുതലാണ്. ഒന്നര മുതല്‍ മൂന്ന് ദിവസത്തിനകം ഒമൈക്രോണ്‍ കേസുകള്‍ ഇരട്ടിയാകും. അതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുകയും ജാഗ്രത തുടരുകയും വേണമെന്ന് രാജേഷ് ഭൂഷണ്‍ അറിയിച്ചു.

ഡെല്‍റ്റ വകഭേദത്തിന് ഉപയോഗിക്കുന്ന അതേ ചികിത്സ പ്രോട്ടോകോള്‍ ഒമൈക്രോണിനും ഉപയോഗിക്കാം. എന്നാല്‍ രോഗപ്രതിരോധശേഷിയെ മറികടക്കുന്നതില്‍ ഒമൈക്രോണിനേക്കാള്‍ മുകളിലാണ് ഡെല്‍റ്റ എന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നതെന്നും രാജേഷ് ഭൂഷണ്‍ അറിയിച്ചു. 

ഒമൈക്രോണിനെ പ്രതിരോധിക്കാന്‍ നൈറ്റ് കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം സംസ്ഥാനങ്ങള്‍ ആലോചിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കണം. കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് അടക്കം ഒമൈക്രോണിനെ നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചതായി രാജേഷ് ഭൂഷണ്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്