കേരളം

ഡിപിആർ പുറത്തുവിടണം; സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് മാറ്റി സിപിഐ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് മാറ്റി സിപിഐ. സിൽവർ ലൈൻ പ്രോജക്ടിന്റെ വിശദമായ പദ്ധതി രൂപരേഖ പുറത്തുവിടണമെന്ന് സിപിഐ ആവശ്യപ്പെടും. ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം ആവശ്യപ്പെടാനാണ് സിപിഐയുടെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. കെ റെയിൽ പദ്ധതിക്കെതിരെ പാർട്ടിക്കകത്ത് ഉയർന്ന സമ്മർദ്ദത്തെ തുടർന്നാണ് നിലപാട് മാറ്റം.

ഡിപിആർ കണ്ടശേഷമായിരിക്കും പാർട്ടിയുടെ തുടര്‍നിലപാട്  തീരുമാനിക്കുക. പാർട്ടിയുടെ പുതിയ നിലപാട് ചർച്ചയിൽ സിപിഎം നേതൃത്വത്തെ അറിയിക്കും. എന്നാൽ ഡിപിആർ കണ്ട് അന്തിമ തീരുമാനം എടുക്കുന്നതുവരെ സിൽവർ ലൈനിന് എതിരെ പരസ്യ പ്രതികരണം നടത്തില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

എൽഡിഎഫിന്റെ പ്രകടനപത്രികയിൽ വാ​ഗ്ദാനം നൽകിയ പ്രോജക്ടാണ് കെ റെയിൽ എന്നതാണ്, പദ്ധതിയെ പിന്തുണയ്ക്കാൻ സിപിഐ നേതൃത്വം നേരത്തെ കാരണം പറഞ്ഞിരുന്നത്. എന്നാൽ  സിൽവർലൈനിനെ കുറിച്ചുള്ള ആശങ്കകൾ കഴിഞ്ഞ തവണ നടന്ന സിപിഐ സംസ്ഥാന കൗൺസിലിൽ ഉയർന്നിരുന്നു. പദ്ധതിയുടെ പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനം നിലവിൽ നടക്കുകയാണ്. 

കെ റെയില്‍ പദ്ധതിയുടെ രൂപരേഖ ഇതുവരെ സര്‍ക്കാര്‍ പുറത്തുവിടാന്‍ തയ്യാറായിരുന്നില്ല. ഡിപിആര്‍ ഒരു രഹസ്യരേഖയാണെന്നും, ഇത് പൊതു മണ്ഡലത്തില്‍ വരുന്നത് പദ്ധതിയുടെ സുരക്ഷയെ ബാധിക്കുമെന്നുമാണ് കെ റെയില്‍ എംഡി ഉള്‍പ്പെടെ വ്യക്തമാക്കിയത്. 

എതിര്‍പ്പുമായി വീണ്ടും പരിഷത്ത് രംഗത്ത്


അതിനിടെ, കെ റെയില്‍ പദ്ധതിയെ എതിര്‍ത്ത് ഇടതുപക്ഷ ആഭിമുഖ്യമുള്ള ശാസ്ത്രസാഹിത്യ പരിഷത്ത് വീണ്ടും രംഗത്തെത്തി. ജനവിരുദ്ധമെന്ന് പ്രത്യക്ഷത്തില്‍ വ്യക്തമാകുന്ന പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്, പാരിസ്ഥികാഘാതപഠനം, സാമൂഹികാഘാത പഠനം എന്നിവയൊന്നും ചര്‍ച്ചചെയ്യാതെയാണ് കല്ലുകള്‍ നാട്ടി അതിര്‍ത്തി നിര്‍ണയിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും പരിഷത്ത് വ്യക്തമാക്കി.

സമ്പന്നര്‍ മാത്രമാണ് യാത്രക്കാരായുണ്ടാവുക. അവരെയാണ് കെ-റെയില്‍ ലക്ഷ്യമിടുന്നത്. സമ്പന്നവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. വിദേശ ഏജന്‍സികളില്‍നിന്ന് വായ്പ സംഘടിപ്പിക്കാനാണ് നീക്കം. കെ-റെയില്‍ കേന്ദ്രങ്ങളില്‍ പുതിയ ടൗണ്‍ഷിപ്പ് സൃഷ്ടിക്കാനുള്ള ശ്രമമാണ്.

റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലൂടെ കമ്പനി 10,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. കെ-റെയിലുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ജനസമക്ഷം വെക്കണമെന്നാണ് പരിഷത്തിന്റെ നിലപാടെന്ന് പരിഷത്ത് പ്രസിഡന്റ് ഒ എം ശങ്കരനും സെക്രട്ടറി പി ഗോപകുമാറും വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു