കേരളം

'വാഗ്ദാനങ്ങളെല്ലാം പൂര്‍ത്തിയാക്കി; കേരളത്തിലെ ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നു'; പിണറായി

സമകാലിക മലയാളം ഡെസ്ക്

കാസര്‍ക്കോട്: എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ക്ക് തുടര്‍ച്ച വേണമെന്ന ചിന്തയിലാണ് കേരളത്തിലെ ജനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ വടക്കന്‍ മേഖലാ ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍ക്കോട് ഉപ്പളയില്‍ നിന്നാണ് വടക്കന്‍ മേഖലാ ജാഥയ്ക്ക് തുടക്കമാകുന്നത്. 

സർക്കാരിന്റെ നേട്ടങ്ങൾ ഓരോന്നും എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയ മുഖ്യമന്ത്രി പ്രതിപക്ഷത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ ജനം ശപവാക്കുകളോടെയാണ് ഇറക്കി വിട്ടത്. നാടിന്റെ ശോച്യാവസ്ഥയ്ക്ക് മാറ്റം വരുത്തിയത് എല്‍ഡിഎഫ് ആണ്. ഭാവി കേരളം പടുത്തുയര്‍ത്താന്‍ ശരിയായ ദിശാ ബോധത്തോടെ എല്‍ഡിഎഫിന് മാത്രമേ കഴിയു എന്ന് എല്ലാവരും പറയുന്ന നിലയാണ് കാണുന്നത്. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളിലെല്ലാം സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായി. 

കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ക്ക് തുടര്‍ച്ച ആഗ്രഹിക്കുന്നു. വിവിധ മേഖലകളിലുള്ള ജനങ്ങളുമായി നടത്തിയ ചര്‍ച്ചകളോടെ ഇക്കാര്യം കൂടുതല്‍ ഉറപ്പായി. വലിയ ദുരന്തങ്ങളുണ്ടായപ്പോള്‍ ജനങ്ങളുടെ ഒരുമയ്ക്കും ഐക്യത്തിനും വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ജനം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ സര്‍ക്കാര്‍ കൂടെയുണ്ടായിരുന്നു. ജനാഭിലാഷം നടപ്പാക്കിയത് കടുത്ത പ്രതിസന്ധികള്‍ മറികടന്ന്. ജനങ്ങളുടെ പ്രതീക്ഷ എല്‍ഡിഎഫ് സഫലമാക്കി. ജനങ്ങളില്‍ ഐക്യബോധമുണ്ടാക്കി അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. 

കേരളത്തില്‍ നടക്കുകയേയില്ല എന്ന് കരുതിയിരുന്ന കാര്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി. വാഗ്ദാനങ്ങള്‍ നിറവേറ്റി. വികസന തുടര്‍ച്ചയ്ക്കു ജനങ്ങളുടെ അഭിപ്രായം തേടി വരുന്നു. സ്വന്തം കളങ്കങ്ങള്‍ സര്‍ക്കാരില്‍ ആരോപിച്ച് പ്രതിപക്ഷം കുപ്രചാരണങ്ങള്‍ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അസാധ്യമാണെന്ന് തോന്നിയ കാര്യങ്ങള്‍ ഇന്ന് കേരളത്തില്‍ യാഥാര്‍ത്ഥ്യമായി. ജനങ്ങളിലാകെ ആത്മവിശ്വാസം വര്‍ധിച്ചു. ജനങ്ങളും സര്‍ക്കാരും തമ്മില്‍ ഒരു ആത്മബന്ധമുണ്ടായി.

ഇത് തങ്ങളുടെ അടിവേര് വല്ലാതെ ഇളകുന്നുവെന്ന് നമ്മുടെ നാട്ടിലെ പ്രതിപക്ഷ ശക്തികള്‍ മനസിലാക്കി. അവരെ പോലെ കെട്ടവരാണ് എല്‍ഡിഎഫ് എന്ന് അവര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇതിനായി വലിയ നശീകരണ വാസനയോടെയുള്ള പ്രചാരണം പ്രതിപക്ഷം ഏറ്റെടുത്തു. കൂടെ അട്ടിമറി ദൗത്യവുമായി ചില കേന്ദ്ര ഏജന്‍സികളും വന്നു. ഒപ്പം ഈ സര്‍ക്കാരിനെ എങ്ങനെയെങ്കിലും താഴെയിറക്കണമെന്ന് ശപഥം ചെയ്തിട്ടുള്ള ചില മാധ്യമങ്ങളും. ആ മലവെള്ളപ്പാച്ചിലിനൊന്നും എല്‍ഡിഎഫിനെ ഒന്നും ചെയ്യാനായില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തങ്ങളില്‍ പ്രതിസന്ധി ഉണ്ടായപ്പോഴും നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ആകാവുന്നതെല്ലാം ചെയ്തു. ജനങ്ങളുടെ ഒരുമയ്ക്കും ഐക്യത്തിനും വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊണ്ടത്. അതിന് ഫലമുണ്ടായി. ഈ വലിയ ദുരന്തങ്ങളെ ഏകോപിതമായി നേരിടാനായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം