കേരളം

ജീവന്‍ മരണ പോരാട്ടം; തൃശൂരില്‍ 'സുനിച്ചേട്ടന്‍' മതിയെന്ന് മുറവിളി; പകരം ശക്തരെ തിരക്കി സിപിഐ

സമകാലിക മലയാളം ഡെസ്ക്


മൂന്നു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്നും ആര്‍ക്കും ഇളവില്ലെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചതോടെ മന്ത്രി വി എസ് സുനില്‍കുമാര്‍ ഒരുവട്ടം കൂടി കളത്തിലിറങ്ങുമെന്ന അണികളുടെ പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. ഇതോടെ തൃശൂര്‍ മണ്ഡലത്തില്‍ സുനില്‍ കുമാറിന് പകരം ആരെന്ന ചര്‍ച്ചയും സജീവമായി. യുഡിഎഫിന്റെ ഉരുക്കുകോട്ടയായിരുന്ന മണ്ഡലം തിരിച്ചു പിടിച്ച സുനിലിനെ ഒരുവട്ടം കൂടി പരിഗണിക്കണം എന്നാണ് ഇടത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. 

തുടര്‍ ഭരണം ലക്ഷ്യമിട്ട് ഇറങ്ങുന്ന എല്‍ഡിഎഫിന് സിപിഐ നേതൃത്വത്തിന്റെ ഈ കടുത്ത നിലപാട് പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. സിപിഐ നിലപാട് വ്യക്തമാക്കാനായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ലൈവായി കാണിച്ചപ്പോള്‍ ഇതേ ആവശ്യം ഉന്നയിച്ച് സിപിഎം,സിപിഐ പ്രവര്‍ത്തകര്‍ ഒരുപോലെ രംഗത്തുവന്നിരുന്നു. 

സിപിഐ മന്ത്രിമാരില്‍ ഏറ്റവും ഉയര്‍ന്ന 'പെര്‍ഫോര്‍മന്‍സ്' കാഴ്ചവച്ച മന്ത്രിയാണ് സുനില്‍കുമാര്‍ എന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. മാത്രവുമല്ല, മുഖ്യമന്ത്രി പിണറായി വിജയന് താത്പര്യമുള്ള സിപിഐ നേതാക്കളില്‍ പ്രധാനിയുമാണ്. 

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വി എസ് സുനില്‍കുമാര്‍/ എക്‌സ്പ്രസ് ഫോട്ടോ
 

യുഡിഎഫ് കോട്ട തകര്‍ത്ത 'സുനിച്ചേട്ടന്‍'

2006ല്‍ ചേര്‍പ്പ് മണ്ഡലത്തില്‍ നിന്നാണ് രാഷ്ട്രീയ ഭേദമന്യേ ആളുകള്‍ 'സുനിച്ചേട്ടന്‍' എന്ന് വിളിക്കുന്ന വി എസ് സുനില്‍കുമാര്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. സിഎംപിയുടെ എം കെ കണ്ണനെ പരാജയപ്പെടുത്തിയായിരുന്നു തുടക്കം. 2011ല്‍ കൈപ്പമംഗലത്തുനിന്ന് ജെ എസ് എസിന്റെ ഉമേഷ് ചള്ളിയിലിനെ തോല്‍പ്പിച്ച് വീണ്ടും നിയമസഭയിലെത്തി. തൃശൂല്‍ നിന്ന് പത്മജ വേണുഗോപാലിനെ തോല്‍പ്പിച്ചുള്ള മൂന്നാംവരവില്‍ മന്ത്രിയുമായി. പ്രാദേശിക വികാരം കൊടുമ്പിരികൊള്ളുന്ന തൃശൂരില്‍ വി എസ് സുനില്‍കുമാറിനെ പോലൊരാളെ മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് നാലാം വരവിനായി ആവശ്യമുന്നയിക്കുന്നവര്‍ പറയുന്നത്.

1982മുതല്‍ 2011വരെ തേറമ്പല്‍ രാമകൃഷ്ണന്‍ അടക്കിവാണ യുഡിഎഫ് കോട്ടയെ മറിച്ചിട്ട സുനില്‍കുമാര്‍ 2016ല്‍ പത്മജ വേണുഗോപാലിന് എതിരെ 53,664വോട്ടാണ് നേടിയത്. പത്മജ 46,677ഉം ബിജെപിയുടെ ബി ഗോപാലകൃഷ്ണന്‍ 24,748ഉം വോട്ട് നേടി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പത്മജ തന്നെ വീണ്ടും രഗത്തിറങ്ങും എന്നാണ് സൂചന. ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ബിജെപി പ്രകടനവും എല്‍ഡിഎഫ് ക്യാമ്പുകളില്‍ ആശങ്കയുണര്‍ത്തുന്നതാണ്. ഇത്തരത്തിലൊരു സാഹചര്യത്തില്‍ സുനില്‍ കുമാറിനെ മാറ്റുന്നത് ഗുണകരമാകില്ലെന്ന് ഇവര്‍ വിലയിരുത്തുന്നു. 

അതേസമയം, വി എസ് സുനില്‍ കുമാര്‍ മാറുമ്പോള്‍, കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ തന്നെ കളത്തിലിറക്കാനാണ് സിപിഐ നേതൃത്വം ശ്രമിക്കുന്നത്. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജയുടെ പേര്പ്രാഥമിക
പരിഗണനയിലുണ്ട്.പാര്‍ട്ടി സംസ്ഥാന സമിതി അംഗങ്ങളായ പി ബാലചന്ദ്രന്‍, ഷീല വിജയകുമാര്‍, എഐഎസ്എഫ് സംസ്ഥാന അധ്യക്ഷനായിരുന്ന ടി പ്രദീപ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി