കേരളം

പെരുമ്പാവൂര്‍ സബ് ജഡ്ജി എസ് സുദീപ് രാജിവച്ചു

സമകാലിക മലയാളം ഡെസ്ക്



കൊച്ചി: ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍, ഹൈക്കോടതി പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത പെരുമ്പാവൂര്‍ സബ് ജഡ്ജി എസ് സുദീപ് രാജിവച്ചു. ചീഫ് ജസ്റ്റിസിനാണ് രാജിക്കത്ത് കൈമാറിയത്. 

കഴിഞ്ഞവര്‍ഷമാണ് സുദീപിനെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ശുപാര്‍ശ ചെയ്തത്. ഹൈക്കോടതി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു നടപടി. ശബരിമല യുവതീ പ്രവശേന വിധി ഉള്‍പ്പെടെയുള്ളവയില്‍ സുദീപ് ഫെയ്‌സ്ബുക്കില്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വിവാദമായിരുന്നു. എന്നാല്‍, താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും, ഭരണഘടനയ്ക്ക് എതിരായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. 

രാജിക്കത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് സുദീപ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് 


ഞാന്‍ രാജിവച്ചു, ഇന്ന്. ഒറ്റവരിക്കത്തും നല്‍കി.പത്തൊമ്പതു വര്‍ഷം നീണ്ട സേവനത്തിന് അവസരം തന്ന സ്ഥാപനത്തിനു നന്ദി.എന്റെ നടവഴികളില്‍ വെളിച്ചം വിതറിയ വഴിവിളക്കുകളേ, നന്ദി.ബഹുമാന്യയായ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ സര്‍, എന്റെ ജില്ലാ ജഡ്ജിമാരായിരുന്നവരും എനിക്കത്രമേല്‍ പ്രിയരുമായ എത്രയും സ്‌നേഹബഹുമാനപ്പെട്ട ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ സാര്‍, ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ സര്‍, പിന്നെ ജസ്റ്റിസ് കെ ഹേമ മാഡം  നന്ദി.രജിസ്ട്രാര്‍ പി ജി അജിത് കുമാര്‍ സര്‍, ജുഡീഷ്യല്‍ അക്കാദമി ഡയറക്ടര്‍ കെ സത്യന്‍ സര്‍, എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും എന്റെ ട്രെയിനറുമായിരുന്ന സി എസ് സുധാ മാഡം  നന്ദി. റിട്ടയര്‍ ചെയ്തവരും സര്‍വീസിലുള്ളവരുമായ ജഡ്ജിമാര്‍, സഹപ്രവര്‍ത്തകര്‍, അങ്ങോളമിങ്ങോളമുള്ള പ്രിയ അഭിഭാഷകര്‍, പ്രിയ സ്റ്റാഫ്, പ്രിയ ഗുമസ്തന്മാര്‍...ഏവര്‍ക്കും നന്ദി...

സ്വന്തം അഭിഭാഷകവൃത്തി വേണ്ടെന്നു വച്ച് പതിനഞ്ചു വര്‍ഷം കേരളം മൊത്തം അലഞ്ഞ ജ്യോതി...ഇത്ര മടുത്തെങ്കില്‍ അച്ഛനു രാജിവച്ചൂടെ എന്നു ചോദിച്ച സുദീപ്ത ജ്യോതി...ഞാന്‍ രാജി തീരുമാനം പറയവേ ഇവിടെ ഈ സൈബര്‍ ഇടത്തിലും പുറത്തും എന്നെ ചേര്‍ത്തു പിടിച്ചവരേ...അത്രമേല്‍ പ്രിയത്താല്‍ എന്നെ വിലക്കിയവരേ...ഞാന്‍ നിങ്ങളെയും ചേര്‍ത്തു പിടിക്കുന്നു. നെഞ്ചോടുചേര്‍ത്ത്...മുന്നോട്ട്...അഭിവാദ്യങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി