കേരളം

ഇനി ഓഫീസുകള്‍ കയറിയിറങ്ങി വശംകെടേണ്ട ; ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് റെഡി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍, 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങള്‍, 200 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, മതപരമായ കെട്ടിടങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയ്ക്കാണ് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ പെര്‍മിറ്റ് നല്‍കാന്‍ ഉദ്ദേശിക്കുന്നത് എന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. 

കെട്ടിടത്തിന്റെ അടിസ്ഥാനം പൂര്‍ത്തിയായിക്കഴിയുമ്പോള്‍ സ്ഥല പരിശോധന നടത്തും. ഇതു വഴി നിര്‍മാണത്തില്‍ ചട്ടലംഘനമുണ്ടെങ്കില്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താനും സാധിക്കും. എംപാനല്‍ഡ് ലൈസന്‍സികളാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്. ലോ റിസ്‌ക് വിഭാഗത്തിലുള്ള കെട്ടിട നിര്‍മ്മാണത്തിനായി പെര്‍മിറ്റുകള്‍ നിശ്ചിത ഫോമില്‍ ലൈസന്‍സികള്‍ തയ്യാറാക്കി ആവശ്യമായ ഫീസ് അടച്ച് തദ്ദേശഭരണ സ്ഥാപനത്തില്‍ പ്ലാനുകള്‍ ഉള്‍പ്പെടെ നല്‍കണം. അപേക്ഷ ലഭിച്ചു എന്ന് ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിര്‍മ്മാണത്തിന് പെര്‍മിറ്റ് ലഭിച്ചതായി കണക്കാക്കും. 

അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ സെക്രട്ടറി ഈ നടപടി പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. തുടര്‍ന്നു സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റില്‍ അപേക്ഷകന്‍ തന്നെ രേഖപ്പെടുത്തിയ തീയതിയില്‍ നിര്‍മ്മാണം ആരംഭിക്കാം.
സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമാക്കുന്നതിന് രജിസ്‌റ്റേഡ് ലൈസന്‍സികള്‍ നഗരകാര്യ വകുപ്പില്‍ നിശ്ചിത ഫീസ് അടച്ച് എംപാനല്‍ ചെയ്തിരിക്കണം. നിര്‍മ്മാണത്തിനായുള്ള അപേക്ഷയും പ്ലാനും ചട്ട പ്രകാരമായിരിക്കണം എന്നത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കെട്ടിട ഉടമസ്ഥനും എംപാനല്‍ഡ് ലൈസന്‍സിക്കുമാണ്.

നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏതെങ്കിലും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കേണ്ടതുണ്ടെങ്കില്‍ അത് കൂടി ഉള്‍പ്പെടുത്തിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കേരളത്തിലെ നഗരസഭകള്‍ ഒരു വര്‍ഷം ഏകദേശം 80,000 കെട്ടിട നിര്‍മ്മാണ അപേക്ഷയും, ഗ്രമപഞ്ചായത്തുകള്‍ ഒരു വര്‍ഷം ഏകദേശം 1,65,000 കെട്ടിട നിര്‍മ്മാണ അപേക്ഷകളും കൈകാര്യം ചെയ്യുന്നുണ്ട്. ഇതില്‍ ഏകദേശം 2,00,000 കെട്ടിടങ്ങള്‍ക്കും സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ പെര്‍മിറ്റ് നല്‍കാന്‍ കഴിയുന്നവയാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത