കേരളം

ഗാന്ധിഭവനില്‍ ഗവര്‍ണറുടെ ഉപവാസം; സര്‍ക്കാരിന് എതിരെ ആയുധമാക്കി കോണ്‍ഗ്രസും ബിജെപിയും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റ ഉപവാസം. രാവിലെ എട്ടുമുതല്‍ വൈകുന്നേരം നാലുവരെ അദ്ദേഹം രാജ്ഭവനില്‍ ഉപവസിച്ചിരുന്നു. വൈകുന്നേരം 4.30ഓടെ ഗാന്ധിഭവനില്‍ എത്തിയ ഗവര്‍ണര്‍, ആറുമണിവരെ ഇവിടെ തുടരും. കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളുടെയും സംയുക്ത വേദിയാണ് സമരം സംഘടിപ്പിച്ചത്. 

ഉപവാസം പ്രഖ്യാപിച്ചതിന് ശേഷം നിരവധി രാഷ്ട്രീയ നേതാക്കളാണ് പിന്തുണയുമായി എത്തിയതെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്നിവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സ്ത്രീധന വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയപ്പോള്‍ ഈ സമ്പ്രദായം ഒഴിവാക്കാനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രവര്‍ത്തനങ്ങളുണ്ടാകുമെന്ന് ഉറപ്പുനല്‍കിയതായും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
 

സ്ത്രീധനത്തിന് എതിരെയാണ് താന്‍ ഉപവസിക്കുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയെങ്കിലും ഗവര്‍ണറുടെ നടപടി സര്‍ക്കാരിന് എതിരായ ആയുധമാക്കി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. സ്ത്രീകള്‍ക്ക് എതിരെ ഉയരുന്ന അക്രമങ്ങള്‍ ചെറുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് ഗവര്‍ണര്‍ക്ക് ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങേണ്ടിവന്നത് എന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്. 

ഗവര്‍ണറുടെ ഉപവാസത്തിന് ഉത്തരവാദി സര്‍ക്കാരാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.ഗവര്‍ണറുടെ സത്യാഗ്രഹത്തില്‍ രാഷ്ട്രീയം കാണുന്നില്ല. ഭരണത്തലവന്‍ സ്വന്തം സര്‍ക്കാരിനെതിരെ സത്യാഗ്രഹം ഇരിക്കുന്നത് രാജ്യത്ത് കേട്ടുകേഴ്വിയില്ലാത്തതാണ്. ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ചാണ് ഗവര്‍ണര്‍ക്ക് തന്നെ സമരമുഖത്ത് വരേണ്ടി വന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യന്‍ ഭരണചരിത്രത്തിലെ അപൂര്‍വ്വ കാഴ്ചയാണ് ഗവര്‍ണറുടെ ഉപവാസമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ഭരണതലവന്‍ തന്നെ ഉപവസിക്കേണ്ട സാഹചര്യം എന്തുകൊണ്ട് ഉണ്ടായി എന്ന് പരിശോധിക്കേണ്ടത് കേരള സര്‍ക്കാരാണ്.വനിതാമതില്‍ കെട്ടിയവരുടെ നാട്ടില്‍ ചെറുപ്രായത്തില്‍ പെണ്‍കുട്ടികള്‍ ചിറകറ്റ് വീഴുന്നത് ആരുടെ പിടിപ്പുകേടാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്ന നാടായി കേരളം. ആറു വയസ്സുകാരിയെ മൂന്നു വര്‍ഷമായി ക്രൂരമായി പീഡിപ്പിച്ച് കൊന്നയാള്‍ ഭരണകക്ഷിയുടെ യുവജനപ്രസ്ഥാനത്തിന്റെ നേതാവും. എന്തു കുറ്റകൃത്യം ചെയ്താലും രാഷ്ട്രീയ സംരക്ഷണം കിട്ടുമെന്ന ആത്മവിശ്വാസമാണ് ഇക്കൂട്ടര്‍ക്ക്- മുരളീധരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു