കേരളം

'സര്‍ക്കാരിനെ ഉപദേശിക്കുന്നത് ഏതോ മണ്ടന്മാര്‍; മനുഷ്യര്‍ മുഴുവന്‍ വീട്ടിലിരിക്കുന്നതല്ല കോവിഡ് നിയന്ത്രണം'

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനെ ഉപദേശിക്കുന്നത് ഏതോ മണ്ടന്മാരാണെന്ന് പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും ആരോഗ്യവിദഗ്ധനുമായ ഡോ. എസ് എസ് ലാല്‍. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഒക്കെ ആവശ്യമുള്ള സമയമുണ്ടായിരുന്നു. അന്ന് അതിനെ ആരും എതിര്‍ത്തില്ല. എന്നാല്‍ എല്ലായിടവും എല്ലാക്കാലവും പൂട്ടിയാടാന്‍ കഴിയില്ല. മനുഷ്യര്‍ അവശ്യ സാധനങ്ങള്‍ക്കായി പോകുന്ന സ്ഥലങ്ങള്‍ എല്ലാ ദിവസവും തുറക്കണം. ദിവസവും കൂടുതല്‍ സമയം തുറന്നിരിക്കണം. വൃദ്ധര്‍ക്ക് പ്രത്യക സമയം അനുവദിക്കണം. ശാസ്ത്രീയമായി കാര്യങ്ങള്‍ ചെയ്യുന്ന മിക്ക നാടുകളിലും അതാണ് ചെയ്യുന്നത്. കൂടുതല്‍ സമയം തുറന്നിരിക്കുമ്പോഴാണ് തിരക്ക് കുറയുന്നത്.- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്നും ഏതോ മണ്ടന്മാരുടെ ഉപദേശം കേട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. 

വേണ്ട സമയത്ത് ആവശ്യത്തിന് ടെസ്റ്റ് ചെയ്യാതെ വാശി പിടിച്ചത് വലിയ രോഗവ്യാപനത്തിന് കാരണമായി. നിരവധി മരണങ്ങള്‍ക്കും. ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് പകരം വിശ്വാസ്യത കുറഞ്ഞ ആന്റിജന്‍ ടെസ്റ്റ് നടത്തിയത് കൂടുതല്‍ രോഗവ്യാപനത്തിനും അതുവഴി അധിക മരണങ്ങള്‍ക്കും കാരണമായി. ഐ.എം.എ, കെ.ജി.എം.ഒ.എ തുടങ്ങിയ പ്രസ്ഥാനങ്ങളെ സഹകരിപ്പിക്കാത്തത് സര്‍ക്കാരിന്റെ വക അശാസ്ത്രീയ തീരുമാനങ്ങള്‍ക്ക് കാരണമായി എന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. 

എസ് എസ് ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ

സര്‍ക്കാരിനെ ഉപദേശിക്കുന്നത് ഏതോ മണ്ടന്മാര്‍

കോവിഡ് വ്യാപനം കുറയേണ്ടത് ഏതൊരു സര്‍ക്കാരിന്റെയും ആവശ്യമാണ്. ഏത് നാട്ടിലായാലും. ഏത് പാര്‍ട്ടി ഭരിച്ചാലും. കോവിഡ് നിയന്ത്രണം സര്‍ക്കാരിന്റെ ആവശ്യമായതിനാല്‍ അത് മറ്റാരുടേയും ആവശ്യമല്ല എന്ന ചിന്താഗതിയാണ് സര്‍ക്കാരില്‍ തന്നെ പലര്‍ക്കും ഉള്ളത്. അവിടെയാണ് സര്‍ക്കാരിന് തെറ്റുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായിട്ടും പഠിക്കാതെ. തിരുത്താതെ. ശബരിമലയില്‍ ആരെങ്കിലും കേറണോ വേണ്ടയോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാകാം. രണ്ടായാലും ആരും മരിക്കില്ല. സര്‍ക്കാരിനും മന്ത്രിമാര്‍ക്കും ഓരോ ദിവസവും മലക്കം മറിയാം, തിരുത്താം. പിന്നീട് തിരുത്തിയില്ലെന്ന് പറയാം. ജനങ്ങള്‍ക്ക് പ്രത്യേകിച്ച് അപകടമൊന്നും സംഭവിക്കില്ല. എന്നാല്‍ കോവിഡിന്റെ കാര്യത്തില്‍ സംഗതി അങ്ങനെയല്ല. ഓരോ തെറ്റായ തീരുമാനവും മനുഷ്യ ജീവനുകള്‍ അപഹരിക്കും. ജനജീവിതം ദുസ്സഹമാക്കും. 

വേണ്ട സമയത്ത് ആവശ്യത്തിന് ടെസ്റ്റ് ചെയ്യാതെ വാശി പിടിച്ചത് വലിയ രോഗവ്യാപനത്തിന് കാരണമായി. നിരവധി മരണങ്ങള്‍ക്കും. ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് പകരം വിശ്വാസ്യത കുറഞ്ഞ ആന്റിജന്‍ ടെസ്റ്റ് നടത്തിയത് കൂടുതല്‍ രോഗവ്യാപനത്തിനും അതുവഴി അധിക മരണങ്ങള്‍ക്കും കാരണമായി. ഐ.എം.എ, കെ.ജി.എം.ഒ.എ തുടങ്ങിയ പ്രസ്ഥാനങ്ങളെ സഹകരിപ്പിക്കാത്തത് സര്‍ക്കാരിന്റെ വക അശാസ്ത്രീയ തീരുമാനങ്ങള്‍ക്ക് കാരണമായി. 

പ്രവാസികളെ കുറ്റവാളികളാക്കാനും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ പൊലീസിന്റെ റൂട്ട് മാര്‍ച്ച് നടത്താനും സര്‍ക്കാരിനെ ഉപദേശിച്ചത് പൊതുജനാരോഗ്യം പഠിച്ചിട്ടില്ലാത്ത ആരോ ആയിരുന്നു. കോവിഡ് രോഗികള്‍ക്ക് പ്രത്യേക വിമാനമെന്ന മണ്ടന്‍ ആശയം സര്‍ക്കാരിനെക്കൊണ്ട് പറയിച്ചത് ഏതോ മണ്ടന്‍ തന്നെയായിരുന്നു. ഒടുവില്‍ മരണത്തിന്റെ കണക്കുകള്‍ മറച്ചു പിടിച്ചതും വെളിച്ചത്തായി. മരണക്കണക്ക് മുക്കല്‍ വഴി ദരിദ്രരായ കുടുംബങ്ങള്‍ക്കുള്ള ധനസഹായം അട്ടിമറിച്ചത് മറ്റൊരു മണ്ടത്തരം.  

ഓരോ തെറ്റും ചെയ്തപ്പോള്‍ സര്‍ക്കാരിനെ തിരുത്താന്‍ ശ്രമിച്ചവര്‍ ഉണ്ടായിരുന്നു. അവരെയെല്ലാം സര്‍ക്കാര്‍ ആക്ഷേപിച്ചും വിരട്ടിയും വായടപ്പിച്ചു. ജനവിരുദ്ധരാണെന്ന് പറഞ്ഞു. പാര്‍ട്ടി ഭക്തന്മാര്‍ സര്‍ക്കാരിനെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ചെയ്തത് തെറ്റാണെണ് പിന്നീട് മനസിലായപ്പോള്‍ പറ്റിയ തെറ്റുകള്‍ക്ക് സര്‍ക്കാര്‍ പുതിയ ന്യായീകരണങ്ങള്‍ കണ്ടെത്തി. കാര്യമായി ആരും വിശ്വസിച്ചില്ലെങ്കിലും. 
ഇപ്പോള്‍ കടകള്‍ തുറക്കുന്ന കാര്യത്തിലും സര്‍ക്കാരിനെ ഉപദേശിക്കുന്നത് ഏതോ മണ്ടന്മാരാണ്. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഒക്കെ ആവശ്യമുള്ള സമയമുണ്ടായിരുന്നു. അന്ന് അതിനെ ആരും എതിര്‍ത്തില്ല. എന്നാല്‍ എല്ലായിടവും എല്ലാക്കാലവും പൂട്ടിയാടാന്‍ കഴിയില്ല. മനുഷ്യര്‍ അവശ്യ സാധനങ്ങള്‍ക്കായി പോകുന്ന സ്ഥലങ്ങള്‍ എല്ലാ ദിവസവും തുറക്കണം. ദിവസവും കൂടുതല്‍ സമയം തുറന്നിരിക്കണം. വൃദ്ധര്‍ക്ക് പ്രത്യക സമയം അനുവദിക്കണം. ശാസ്ത്രീയമായി കാര്യങ്ങള്‍ ചെയ്യുന്ന മിക്ക നാടുകളിലും അതാണ് ചെയ്യുന്നത്. കൂടുതല്‍ സമയം തുറന്നിരിക്കുമ്പോഴാണ് തിരക്ക് കുറയുന്നത്. 

ഓണ്‍ലൈന്‍ പഠനം നടത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെ സകലരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഈ ദിവസങ്ങളില്‍ ഫോണ്‍ വില്‍ക്കുന്ന കടകളും നന്നാക്കുന്ന കടകളും തുറക്കുന്നത് പ്രത്യേക ദിവസങ്ങളിലും കുറവ് സമയത്തേയ്ക്കും മാത്രമായി. എന്തൊരു വിഡ്ഢിത്തമാണിത്. അത്തരം കടകളില്‍ ഇപ്പോള്‍ വലിയ തിരക്കാണ്. കൂടുതല്‍ കൊവിഡ് വ്യാപനത്തിന് അതും കാരണമാകും. ഇത് തെറ്റാണെന്ന് മനസിലാക്കാന്‍ സാമാന്യ ബുദ്ധിയിലും കുറവുമതി. 

മനുഷ്യര്‍ മുഴുവന്‍ വീട്ടിലിരിക്കുന്നതല്ല കോവിഡ് നിയന്ത്രണം. ആള്‍ക്കൂട്ടമാണ് ഒഴിവാക്കേണ്ടത്. അതിനുള്ള നടപടികളാണ് വേണ്ടത്. ഇതിനായി ടോക്കണ്‍ സംവിധാനം പോലെയുളള മാര്‍ഗങ്ങള്‍ കൂടുതല്‍ ഉപയോഗിക്കണം. ദിവസക്കൂലിക്കാര്‍ക്കും അസംഘടിത തൊഴിലാളികള്‍ക്കും ഇനിയും വീട്ടിലിരിക്കാന്‍ കഴിയില്ല. അല്ലെങ്കില്‍ ദരിദ്രരുടെ ബാങ്ക് അക്കൗണ്ടില്‍ സര്‍ക്കാര്‍ പണം നിക്ഷേപിക്കണം. പല നാടുകളിലും അത് സംഭവിക്കുന്നണ്ട്. കിറ്റിനും ഭക്ഷണത്തിനും പുറത്ത് മനുഷ്യര്‍ക്ക് ഒരുപാട് ആവശ്യങ്ങളുണ്ട്. മന്ത്രിമാര്‍ക്കുള്ള ആവശ്യങ്ങള്‍ സാധാരണ മനുഷ്യര്‍ക്കുമുണ്ട്. അവസാനത്തെ ആടിനെ വില്‍ക്കാനും കുടുക്ക പൊട്ടിക്കാനും പാവങ്ങളെ ആഹ്വാനം ചെയ്യുകയല്ല, മറിച്ച് അവരുടെ ഒഴിഞ്ഞ കീശയില്‍ പണമിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. 

ജനങ്ങളുടെ കൈയില്‍ ധനം വന്നാല്‍ കമ്പോളം ഉത്തേജിപ്പിക്കപ്പെടും. അത് കച്ചവടക്കാരുടെ മാത്രം ആവശ്യമല്ല. നാടിന്റെ തന്നെ കൂടുതല്‍ സാമ്പത്തിക തകര്‍ച്ച ഒഴിവാക്കാന്‍ ആവശ്യമാണ്. വ്യാപാരികള്‍ ശത്രുക്കളല്ല. നമ്മുടെ തന്നെ ബന്ധുക്കളും പരിചയക്കാരുമാണ് അവര്‍. നമ്മള്‍ തന്നെയാണ് അവര്‍. അവര്‍ക്കു നേരേ വാളെടുക്കുന്നത് അടുത്ത മണ്ടത്തരം. കോവിഡ് പൊതുജനാരോഗ്യ പ്രശ്‌നമാണ്. ക്രമസമാധാന പ്രശ്‌നമല്ല. 

എല്ലാ വിഭാഗങ്ങളിലുമുള്ള മനുഷ്യരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അന്വേഷിച്ചറിയണം. അവരുടെയൊക്കെ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിക്കണം. ഡോക്ടര്‍മാരുടെ സംഘടനകളെപ്പോലും വേലിക്ക് പുറത്തു നിര്‍ത്തിയിരിക്കുന്നത് ശരിയല്ല. സെക്രട്ടേറിയറ്റിന്റെ മൂക്കിന് താഴെയുള്ള ഈ സംഘടനകള്‍ക്ക് സര്‍ക്കാരിനോട് സംവദിക്കാന്‍ പത്രക്കുറിപ്പുകളെ ആശ്രയിക്കേണ്ടി വരുന്നത് എന്തൊരു ഗതികേടാണ്. സര്‍ക്കാരുകള്‍ക്കും തെറ്റ് പറ്റും. കോവിഡിന്റെ കാര്യത്തില്‍ തെറ്റുപറ്റാത്ത ഒരു സര്‍ക്കാരും ലോകത്തില്ല. നമുക്ക് മാത്രം ഇതുവരെ ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറയുന്നതാണ് ഏറ്റവും വലിയ തെറ്റ്. തെറ്റുകള്‍ ഏറ്റുപറഞ്ഞ് തിരുത്തുന്നതാണ് ഏറ്റവും വലിയ ശരി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു