കേരളം

എംഎല്‍എ നിയമസഭയില്‍ വെടിവെച്ചാലും പരിരക്ഷ കിട്ടുമോ ?; പൊതുമുതല്‍ നശിപ്പിച്ചത് പൊതു ജനതാല്‍പ്പര്യം മുന്‍നിര്‍ത്തിയോ ?; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെ നിര്‍ണായ ചോദ്യങ്ങളുമായി സുപ്രീംകോടതി. ഒരു എംഎല്‍എ നിയമസഭയ്ക്ക് അകത്ത് തോക്ക് ഉപയോഗിച്ചാല്‍ നടപടി എടുക്കേണ്ടത് നിയമസഭയാണോ ?. ആ എംഎല്‍എയ്ക്ക് പരിരക്ഷ ലഭിക്കുമോ ?. ഒരു എംഎല്‍എ സഭയില്‍ വെടിവെച്ചാല്‍ നിയമസഭ നടപടി സ്വീകരിച്ചാല്‍ മതിയാകുമോ എന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. 

എംഎല്‍എമാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉണ്ടെന്നത് ശരിയാണ്. ജനാധിപത്യത്തിന്റെ ശീകോവിലാണ് നിയമനിര്‍മ്മാണ സഭകളെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ട്. എന്നുവെച്ച് കോടതിയിലെ വസ്തുവകകള്‍ ആരെങ്കിലും അടിച്ചു തകര്‍ക്കാറുണ്ടോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ പരിരക്ഷയുണ്ടെന്ന സര്‍ക്കാര്‍ വാദത്തിലാണ് കോടതി ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്. 

എംഎല്‍എമാര്‍ പൊതുമുതല്‍ നശിപ്പിച്ചത് പൊതു ജനതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണോ എന്ന് ജസ്റ്റിസ് എം ആര്‍ ഷാ ചോദിച്ചു. സഭയില്‍ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തതും, സംഘര്‍ഷവും പൊതു താല്‍പ്പര്യത്തിന് നിരക്കുന്നതാണോ ?. പ്രതികള്‍ക്കായി സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിക്കരുതെന്നും കോടതി താക്കീത് ചെയ്തു. 

അതേസമയം, നിയമസഭ കയ്യാങ്കളിക്കേസില്‍ കെ എം മാണിക്കെതിരായ പരാമര്‍ശം സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ തിരുത്തി. അഴിമതിക്കാരനായ മന്ത്രി എന്ന പരാമര്‍ശമാണ് തിരുത്തിയത്. അഴിമതിയില്‍ മുങ്ങിയ യുഡിഎഫ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതിന് എതിരായ പ്രതിഷേധമാണ് നിയമസഭയില്‍ നടന്നതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ കോടതിയില്‍ പറഞ്ഞു. 

പ്രതിഷേധത്തിനിടെ വനിതാ അംഗങ്ങളെ അപമാനിച്ചു. ഒരു പ്രതിപക്ഷ വനിതാ അംഗത്തിന് പരിക്കേറ്റു. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള ബഹളമാണ് സംഘർഷത്തിലേക്ക് നീങ്ങിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. നിയമസഭയില്‍ നടന്ന സംഭവമായതിനാല്‍, എംഎല്‍എമാര്‍ക്ക് പരിരക്ഷയുണ്ട്. രാഷ്ട്രീയ വിഷയം ആയതിനാലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 

കെ എം മാണിയുടെ ബജറ്റ് അവതരണം തടഞ്ഞുകൊണ്ട് ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ പ്രതിഷേധമാണ് കേസിന് ആസ്പദം. നിലവിലെ മന്ത്രി വി ശിവന്‍കുട്ടി, മുന്‍മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, എംഎല്‍എമാരായിരുന്ന കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെയാണ് കോടതി കേസെടുത്തത്. ഈ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി