കേരളം

ചാരക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന് നമ്പി നാരായണന്‍ ഭൂമി എഴുതി നല്‍കി ; അന്വേഷിക്കണമെന്ന് ഗൂഢാലോചനക്കേസ് പ്രതികള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബിഐ ഡിഐജി ഉള്‍പ്പെടെയുള്ള  ഉദ്യോഗസ്ഥരുടെ സ്വത്തു വിവരങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍. ഗൂഢാലോചനക്കേസ് പ്രതികളായ എസ് വിജയനും തമ്പി എസ്. ദുര്‍ഗാദത്തുമാണ് ഹൈക്കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചത്. സിബിഐ ഡിഐജി രാജേന്ദ്രനാഥ് കൗള്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ സ്വത്തു വിവരങ്ങളും ഭൂമി ഇടപാടുകളും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയില്‍ പ്രതികള്‍ ഈ ആവശ്യമുന്നയിച്ചത്. ഈ കാലയളവില്‍ നമ്പി നാരായണനും രാജേന്ദ്രനാഥ് കൗളും അന്നത്തെ സൗത്ത് സോണ്‍ ഐജി രമണ്‍ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയും ഉള്‍പ്പെടുന്ന ഭൂമി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നു വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കിക്കൊണ്ടാണ് ഈ ആവശ്യം ഉയര്‍ത്തിയത്. 

2004ല്‍ നമ്പി നാരായണനും മകനും തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ ഒട്ടേറെ ഭൂമി അന്നത്തെ സിബിഐ ഡിഐജി രാജേന്ദ്ര കൗളിന്റെ പേരിലേക്ക് എഴുതി നല്‍കിയെന്നാണ് ആരോപണം. ഐജിയായിരുന്ന രമണ്‍ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയുമായി നമ്പി നാരായണന്‍ നടത്തിയ ഭൂമി ഇടപാടുകളും അന്വേഷിക്കണം. ഐഎസ്ആര്‍ഒ കേസ് അന്വേഷണ ഉദ്യോഗസ്ഥനും ചാരക്കേസില്‍ ഉള്‍പ്പെട്ട രമണ്‍ ശ്രീവാസ്തവയുടെ ഭാര്യയും നമ്പി നാരായണനുമായി ഇടപാടു നടത്തുന്നത് എന്തിനാണെന്ന് അന്വേഷിക്കണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ പരിധിയില്‍ ഇത്തരം വസ്തുതകള്‍ വരില്ലെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി വിജയകുമാര്‍ പറഞ്ഞു. കൂടുതല്‍ വസ്തുതകള്‍ ഉണ്ടെങ്കില്‍ അന്വേഷണ ഏജന്‍സിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്. സുപ്രീം കോടതി നിര്‍ദേശപ്രകാരം നടത്തുന്ന അന്വേഷണമാണിത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കേസില്‍ സിബിഐ നിര്‍ദേശപ്രകാരം ഹാജരായി മൊഴി നല്‍കിയപ്പോള്‍ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്വീകരിച്ചില്ലെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. റോ, ഐബി, സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടക്കം പങ്കെടുത്ത യോഗത്തെ തുടര്‍ന്നാണ് നമ്പി നാരായണനെ അറസ്റ്റുചെയ്തതെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു. കേസിലെ നാലാം പ്രതിയായ മുന്‍ ഡിഐജി വിചാരണ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയും അനുബന്ധ രേഖയായി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചേര്‍ത്തിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു. ഹര്‍ജി ജസ്റ്റിസ് അശോക് മേനോന്‍ തിങ്കളാഴ്ച പരിഗണിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ