കേരളം

സുരേന്ദ്രനെ വേട്ടയാടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പിണറായി വിജയന്‍ വീട്ടില്‍ കിടന്ന് ഉറങ്ങില്ല: എ എന്‍ രാധാകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ വേട്ടയാടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടില്‍ കിടന്ന് ഉറങ്ങില്ലെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. ശബരിമല കേസില്‍ നേരത്തെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ കയറ്റിയിറക്കി. ആ അഹങ്കാരവുമായി മുന്നോട്ടുപോയാല്‍ പിണറായി വിജയന്‍ അധികം ദിവസം വീട്ടില്‍ കിടന്ന് ഉറങ്ങില്ല. മക്കളെ കാണാന്‍ ചിലപ്പോള്‍ ജയിലില്‍ വരേണ്ട സാഹചര്യം ഉണ്ടാകുമെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 

ഹുങ്കും അഹങ്കാരവുമായി വന്നാല്‍ അതിന്റെ പതിന്മടങ്ങ് ജനാധിപത്യ കേരളം തിരിച്ചടിക്കുമെന്ന് പിണറായി വിജയനെ ഓര്‍മ്മിപ്പിക്കുകയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെയും നേതാക്കളെയും വേട്ടയാടുന്ന പിണറായി സര്‍ക്കാരിനെതിരെ ബിജെപി കോര്‍കമ്മിറ്റി അംഗങ്ങള്‍ നടത്തിയ സത്യഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു എ എന്‍ രാധാകൃഷ്ണന്‍.

കേരളം അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്തെ ഇടതുമുന്നണി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സമൂഹത്തില്‍ മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ പൊതു സമൂഹത്തിന് മുന്നില്‍ അപഹാസ്യരാക്കാനും മാധ്യമവേട്ടയ്ക്ക് വളരെ ബോധപൂര്‍വം എറിഞ്ഞുകൊടുക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 

ഏതാനും ദിവസം മുമ്പ് കൊടകരയില്‍ ആരോ പണമിടപാടുമായി ബന്ധപ്പെട്ട് ചില സംഭവവികാസങ്ങളുണ്ടായി. ആ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ സര്‍ക്കാര്‍ ആസൂത്രിതമായി  ബിജെപി നേതാക്കളെ കള്ളപ്രചാരണങ്ങളിലൂടെ വിചാരണ നടത്താന്‍ ശ്രമം നടത്തുകയാണ്. കൊടകര സംഭവവുമായി ബന്ധപ്പെട്ട് 21 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതില്‍ ബഹുഭൂരിപക്ഷവും സിപിഎമ്മും സിപിഐയുമായി ബന്ധപ്പെട്ട ആളുകളാണെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. 

കേസിലെ പ്രധാന പ്രതികള്‍ അറിയപ്പെടുന്ന ഗുണ്ടകളാണ്. പ്രതികളില്‍ പല ആളുകളും മുന്‍മന്ത്രി മൊയ്തീനുമായി ബന്ധപ്പെടുന്ന ആളുകളാണ്. ചിലര്‍ക്ക് കൊടുങ്ങല്ലൂര്‍ എംഎല്‍എയുമായി ബന്ധമുണ്ടെന്നും എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ടെലഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഈ പ്രതികളെ മുന്‍നിര്‍ത്തി പൊലീസ് ബിജെപി നേതാക്കളെ വിചാരണ ചെയ്യുകയാണെന്ന് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 

ബിജെപി നേതാക്കളെയെല്ലാം കള്ളക്കേസില്‍ കുടുക്കി കളയാം, വിചാരണ നടത്താം എന്നൊക്കെയാണ് വിചാരമെങ്കില്‍ പിണറായി വിജയനോട് ഒന്നേ പറയാനുള്ളൂ, കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് ഓർമ്മ വേണമെന്ന് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി കോര്‍കമ്മിറ്റി അംഗങ്ങള്‍ നടത്തിയ സത്യഗ്രഹം സമരത്തില്‍ പാര്‍ട്ടി നേതാക്കളായ ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, എം ടി രമേശ് തുടങ്ങിയവര്‍ സംബന്ധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം