കേരളം

പിണറായിയെ ചവിട്ടി വീഴ്ത്തി എന്നു പറഞ്ഞിട്ടില്ല ; മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതി ഇട്ടെങ്കിൽ എന്തുകൊണ്ട് പൊലീസില്‍ പരാതി നല്‍കിയില്ലെന്ന് കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായിയെ ചവിട്ടി വീഴ്ത്തി എന്നൊന്നും താന്‍ പറഞ്ഞില്ലെന്ന് സുധാകരന്‍ പറഞ്ഞു. പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ താന്‍ പദ്ധതി ഇട്ടു എന്ന് വിവരം ലഭിച്ചെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയില്ലെന്നും കെപിസിസി പ്രസിഡന്റ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. 

പി ആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്നും പുറത്തുവന്ന യഥാര്‍ത്ഥ പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവന്നത്. പിണറായി പറഞ്ഞ അതേ രീതിയില്‍ മറുപടി പറയാനാകില്ല. താന്‍ ഇരിക്കുന്ന പദവിയുടെ നിലവാരത്തില്‍ നിന്നും താഴാന്‍ കഴിയില്ല. തനിക്കെതിരായ ആരോപണങ്ങളില്‍ അതേ തരത്തില്‍ മറുപടി പറയുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

പിണറായിയെ ചവിട്ടി വീഴ്ത്തി എന്നൊന്നും താന്‍ പറഞ്ഞില്ല. പ്രസിദ്ധീകരിക്കില്ലെന്ന് ലേഖകന്‍ പറഞ്ഞതുകൊണ്ട് സ്വകാര്യമായി കുറച്ച് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ലേഖകന്‍ വിശദീകരിച്ച പഴയ സംഭവങ്ങളില്‍ ചില തിരുത്തല്‍ പറഞ്ഞിരുന്നു. ഓഫ് ദ റെക്കോഡായി പറഞ്ഞ കാര്യങ്ങളാണ്. പ്രസിദ്ധീകരിക്കില്ലെന്ന് പറഞ്ഞ ഭാഗമാണ് വിവാദമായത്. ഇത് മാധ്യമധര്‍മ്മത്തിന് ചേരുന്നതല്ല. 

ചതിയുടെ ശൈലിയില്‍ ഇക്കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തതിന്റെ കുറ്റം എനിക്കല്ല. അത് മാധ്യമപ്രവര്‍ത്തനത്തിന് അപമാനമാണ്. പിണറായി വിജയനെ ചവിട്ടി താന്‍ വലിയ അഭ്യാസിയാണെന്ന് കേരളത്തെ അറിയിക്കാനുള്ള താത്പര്യം എനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ആ വാരികയുടെ എഡിറ്റോറിയലിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

പിണറായി വിജയനുമായി വളരെക്കാലം മുമ്പേ ബന്ധമുണ്ട്. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്നതിന് മുമ്പേ തന്നെ പിണറായിയെ തനിക്കും, തനിക്ക് പിണറായിയെയും അറിയാം. ഇത്തരം സംസ്‌കാരശൂന്യമായ പ്രതികരണം കേരളത്തിന്റെ ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായിട്ടില്ല. 

കോളേജ് പഠനകാലത്ത് തനിക്ക് ഒരു ഫിനാന്‍ഷ്യര്‍ ഉണ്ടായിട്ടില്ല. പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ താന്‍ പദ്ധതി ഇട്ടു എന്ന് വിവരം ലഭിച്ചെങ്കില്‍ എന്തുകൊണ്ട് പൊലീസില്‍ പരാതി കൊടുത്തില്ല. ആദ്യം പരാതിപ്പെടേണ്ടത് പൊലീസിനോടല്ലേ.  എന്തുകൊണ്ട് ഒരു അധോലോകം കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടു എന്ന പൊലീസിനെ അറിയിച്ചില്ല എന്ന് കെ സുധാകരന്‍ ചോദിച്ചു. ഇക്കാര്യം അറിയിച്ചത് സുധാകരന്റെ ഫിനാന്‍ഷ്യര്‍ ആണെന്നാണ് പറഞ്ഞത്. ഇയാളുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇയാള്‍ക്ക് പേരും മേല്‍വിലാസവും ഇല്ലേയെന്നും  സുധാകരന്‍ ചോദിച്ചു. 

വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പേപ്പറില്‍ എഴുതിയതാണ് വായിച്ചത്. സ്വന്തം അനുഭവം പേപ്പറില്‍ എഴുതി വായിക്കേണ്ടതുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു. പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയാണ് നാം കണ്ടത്. കള്ളവാര്‍ത്ത പറയാന്‍ അപാര തൊലിക്കട്ടി വേണമെന്നും കെ സുധാകരന്‍ പറഞ്ഞു. 

വിദേശ കറന്‍സി  ഇടപാട് നടത്തിയത് താനല്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ്. കള്ളക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. അത് ജനങ്ങള്‍ക്കെല്ലാം അറിയാവുന്നതല്ലേ. മുഖ്യമന്ത്രിയുെട നേതൃത്വത്തിലാണ് ഡോളര്‍ കടത്ത് നടന്നതെന്ന് ജനങ്ങള്‍ക്കറിയാം. വിദേശത്ത് പോയപ്പോഴെല്ലാം സ്വപ്‌ന സുരേഷും കൂടെയുണ്ടായിരുന്നു. എന്നിട്ട് വിവാദമുയര്‍ന്നപ്പോള്‍ സ്വപ്ന സുരേഷിനെ അറിയില്ലെന്ന് പറഞ്ഞയാളാണ് പിണറായി. എങ്ങനെ ഇത് പറയാന്‍ സാധിച്ചു. 

പിണറായി വിജയന്‍ വെടിയുണ്ട കൊണ്ടുനടന്നത് പുഴുങ്ങിത്തിന്നാനാണോ? . തോക്കു കൊണ്ടു നടന്ന പിണറായി വിജയനാണോ മാഫിയ അതോ തോക്കില്ലാത്ത താനാണോ മാഫിയയെന്നും കെ സുധാകരന്‍ ചോദിച്ചു. 

നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ അന്വേഷണ സംഘത്തെ നിയോഗിക്കുകയാണ് വേണ്ടത്. ചീഞ്ഞളിഞ്ഞ വിദ്വേഷമുള്ള മനസ്സല്ല, തുറന്ന മനസ്സാണ് മുഖ്യമന്ത്രിക്ക് വേണ്ടത്.  തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നു. എതെങ്കിലും ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്