കേരളം

'അനുഭവിച്ചോ' എന്ന് ശാപം പോലെ; ഇനി ഒരുനിമിഷം പോലും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ല'

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്:ഗാര്‍ഹിക പീഡനത്തെക്കുറിച്ചു പരാതിപ്പെട്ട സ്ത്രീയോടു മോശമായി പെരുമാറിയെന്ന  ആരോപണത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരെ കെകെ രമ എംഎല്‍എ. പൊലീസും കോടതിയുമടക്കമുള്ള നീതി നിര്‍വഹണ സംവിധാനങ്ങള്‍ ഇവിടെയുള്ളപ്പോള്‍ തന്നെയാണ് വനിതാ കമ്മിഷന്‍ രൂപീകരിച്ചതെന്നും പരാതിക്കാരിയെ അവഹേളിക്കുന്ന തരത്തില്‍ പെരുമാറിയ എംസി ജോസഫൈനെ അധ്യക്ഷപദവിയില്‍നിന്നു നീക്കണമെന്നും രമ ആവശ്യപ്പെട്ടു.

കെ.കെ. രമയുടെ കുറിപ്പ്

'ഭര്‍ത്താവ് നിങ്ങളെ ഉപദ്രവിക്കാറുണ്ടോ ?''ഉണ്ട് . '' അമ്മായിയമ്മ ? ''ഭര്‍ത്താവും അമ്മായിയമ്മയും ചേര്‍ന്നാണ്...''എന്നിട്ട് നിങ്ങള്‍ എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടില്ല''ഞാന്‍... ആരെയും അറിയിച്ചില്ലായിരുന്നു. ''ആ... എന്നാ അനുഭവിച്ചോ 'ഗാര്‍ഹിക പീഡനത്തിന്റെ ദുരനുഭവം വിവരിക്കുന്ന ഒരു സ്ത്രീയോട് കേരളത്തിലെ ബഹുമാനപ്പെട്ട വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞ മറുപടിയാണിത്. സിപിഎം നേതാവിനെതിരായ പീഡനാരോപണത്തില്‍ പാര്‍ട്ടിക്കു സമാന്തരമായി പൊലീസും കോടതിയുമുണ്ടെന്നു മുമ്പൊരിക്കല്‍ പറഞ്ഞ നേതാവാണ് ജോസഫൈന്‍.ഇരകളാക്കപ്പെടുന്ന മനുഷ്യര്‍ക്ക് ഒട്ടും ആശ്വാസമോ പിന്തുണയോ തോന്നാത്തത്ര ധാര്‍ഷ്ട്യവും നിര്‍ദ്ദയവുമായ ശബ്ദത്തിലാണ് തുടക്കം മുതല്‍ ജോസഫൈന്‍ സംസാരിക്കുന്നത്. അതിനും പുറമേയാണ് താനിരിക്കുന്ന പദവിയുടെ അന്തസ്സത്ത എന്ത് എന്ന് പോലുമറിയാത്ത ഇത്തരം തീര്‍പ്പുകള്‍. പൊലീസും കോടതിയുമടക്കമുള്ള നീതി നിര്‍വഹണ സംവിധാനങ്ങള്‍ ഇവിടെയുള്ളപ്പോള്‍ തന്നെയാണ് വനിതാ കമ്മിഷന്‍ രൂപവല്‍ക്കരിച്ചത്.നിരന്തരമായ അവഹേളനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും വിധേയമാക്കപ്പെടുന്ന അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും നീതി ലഭിക്കാന്‍ നമ്മുടെ നീതി നിര്‍വഹണ സംവിധാനങ്ങള്‍ക്കു പരിമിതികള്‍ ഉണ്ടെന്ന ബോധ്യത്തില്‍നിന്നാണ് പട്ടികജാതി/ പട്ടികവര്‍ഗ കമ്മിഷനുകളും വനിതാ കമ്മിഷനും മനുഷ്യാവകാശ കമ്മീഷനുമടക്കമുള്ള സംവിധാനങ്ങള്‍ നാം രൂപവല്‍ക്കരിച്ചത്. നിയമക്കുരുക്കകളും നീതി നിര്‍വ്വഹണത്തിലെ സാങ്കേതിക സമ്പ്രദായങ്ങളും കോടതി വ്യവഹാരങ്ങള്‍ക്കാവശ്യമായ ഭാരിച്ച സാമ്പത്തിക ബാധ്യതയും ദുര്‍ബല ജനവിഭാഗങ്ങളില്‍ ഭയവും ആത്മവിശ്വാസക്കുറവും സൃഷ്ടിക്കുന്നുണ്ട്. കുടുംബത്തില്‍ നീതി നിഷേധിക്കപ്പെടുന്ന സ്ത്രീകളില്‍, തങ്ങളനുഭവിക്കുന്നത് ഒരു അനീതിയാണെന്നു പോലും തിരിച്ചറിയാനാവാത്തവരുണ്ട്. അത്ര ശക്തമാണ് കുടുംബങ്ങള്‍ക്കകത്തെ പുരുഷാധിപത്യ പൊതുബോധം. പരാതിപ്പെടാനും പൊരുതാനുമൊക്കെ ഒരു സാധാരണ സ്ത്രീക്ക് ആരെങ്കിലുമൊക്കെ ഒപ്പമുണ്ട് എന്ന ബോധ്യവും ആത്മവിശ്വാസവും പകര്‍ന്നു നല്‍കുക എന്നത് വനിതാ കമ്മിഷന്റെ ബാധ്യതയാണ്.ഇതിനു വിരുദ്ധമായി ഒരു സ്ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങള്‍ക്ക് മുന്നില്‍ നിസ്സാരമായി 'അനുഭവിച്ചോ' എന്ന് ശാപം പോലെ പറയുകയും ചെയ്ത ജോസഫൈന്‍ ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ല. എം.സി. ജോസഫൈനെ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ പദവിയില്‍നിന്നും നീക്കം ചെയ്യണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു