കേരളം

എന്നും വിമര്‍ശിച്ചതുകൊണ്ട് കാര്യമില്ല; കോണ്‍ഗ്രസിന് തലമുറ മാറ്റം മാത്രമാണ് മൃതസഞ്ജീവനി; സക്കറിയ

സമകാലിക മലയാളം ഡെസ്ക്


കോണ്‍ഗ്രസിന് ആവശ്യം വെറും ബലപ്പെടുത്തലല്ല, ഘടനാപരമായ നവീകരണമാണെന്ന് എഴുത്തുകാരന്‍ സക്കറിയ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളെയും പ്രവര്‍ത്തനങ്ങളെയും ശരിയായ കാരണങ്ങളോടെയാണെങ്കില്‍ പോലും ദൈനംദിനം വിമര്‍ശിച്ചത് കൊണ്ട് മാത്രം പാര്‍ട്ടി പുനരുജ്ജീവിക്കപ്പെടില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിമര്‍ശിക്കാനായുള്ള വിമര്‍ശനത്തിന്റെ കാര്യമാണെങ്കില്‍, അതിന്റെ ഗുണഭോക്താക്കള്‍ മാധ്യമങ്ങള്‍ മാത്രമാണ്. മാധ്യമ പ്രതിച്ഛായകളെ വിശ്വസിച്ചു പ്രവര്‍ത്തിക്കുന്നത് എത്രമാത്രം ആത്മഹത്യാപരമാണെന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ പഠിപ്പിച്ചിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സക്കറിയയുടെ കുറിപ്പ്

കോണ്‍ഗ്രസിന് ഇത് സംഭവിച്ചു കൂടാ

കോണ്‍ഗ്രസ്മുക്തമായ ഒരു കേരളം അതിന്റെ ശത്രുക്കള്‍ പോലും ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. അത് കേരളത്തിന് ആവശ്യമുള്ള പാര്‍ട്ടിയാണ്. കാരണം അതിന്റെ അടിസ്ഥാന പാരമ്പര്യം അഥവാ ചരിത്രപരമായ തിരിച്ചറിയല്‍ കാര്‍ഡ് മൂല്യമേന്മയുള്ളതാണ്. 
കേരളത്തിലെ മൂന്ന് പ്രധാന സമുദായങ്ങളിലുംപെട്ട ഒരു നല്ല പങ്ക് പൗരന്മാര്‍ കോണ്‍ഗ്രസ്സിന്റെ കേരളത്തിലെ  സജീവമായ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ട്. കോണ്‍ഗ്രസ് ബിജെപിക്ക്  ഒരു തടയാണ് എന്ന് പറയുന്നതില്‍ സത്യമുണ്ടാവാം. പക്ഷേ അതിനുമപ്പുറത്ത് - നരേന്ദ്ര മോഡിയുടെ കോണ്‍ഗ്രസ് മുക്തഭാരതസ്വപ്നം സജീവമായി നില്‍ക്കുമ്പോളും-   കോണ്‍ഗ്രസ് ആണ് പ്രതീക്ഷകള്‍ക്ക് വകയുള്ള ഒരേയൊരു ദേശീയ പാര്‍ട്ടി. അഖിലേന്ത്യാസ്വഭാവം ഇപ്പോളും നിലനിര്‍ത്തുന്ന ഒരു പ്രസ്ഥാനം. ബിജെപി അടക്കം മറ്റൊരു പാര്‍ട്ടിക്കും അത് സാധിച്ചിട്ടില്ല. 


കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി ആ ഇടം പിടിച്ചെടുക്കും എന്ന അഭിപ്രായം മലയാളികളുടെ സാമുദായികമായ കെട്ടുറപ്പിനെ കണക്കിലെടുക്കാത്ത ഒന്നാണ്. കോണ്‍ഗ്രസിന് വേണ്ടിയുള്ള ഏറ്റവും ബലഹീനമായ വാദമാണത്. എന്ന് മാത്രമല്ല കോണ്‍ഗ്രസ്സിന്റെ തട്ടകവും ബിജെപിയുടെതും പലരും കരുതുന്നത് പോലെ ഒറ്റ തട്ടകമല്ല. കോണ്‍ഗ്രസിന്റെത് വിവിധ സമുദായങ്ങളില്‍ രൂഢമൂലമാണ്. ബിജെപിയുടെത് അലഞ്ഞു നടക്കുന്ന ഒന്നാണ് എന്ന് വേണം പറയാന്‍. 

കോണ്‍ഗ്രസിന് ആവശ്യം വെറും ബലപ്പെടുത്തലല്ല - നവീകരണമാണ്. ചിന്തയിലും, പ്രവര്‍ത്തിയിലും ലക്ഷ്യങ്ങളിലുമുള്ള നവീകരണം. സംഘടനയുടെ ഘടനാപരമായ നവീകരണം. ആദര്‍ശങ്ങളെ ഓര്‍ത്തെടുത്ത് നവീകരിക്കുക. മാധ്യമങ്ങളുടെ അന്നന്നത്തെ ഇരതേടലുകളനുസരിച്ച് നയങ്ങള്‍ സൃഷ്ടിക്കാതിരിക്കുക. എല്‍ ഡി എഫ് സര്‍ക്കാരിന്റെ നയങ്ങളെയും പ്രവര്‍ത്തനങ്ങളെയും - ശരിയായ കാരണങ്ങളോടെയാണെങ്കില്‍ പോലും - ദൈനംദിനം വിമര്‍ശിച്ചത് കൊണ്ട് മാത്രം പാര്‍ട്ടി പുനരുജ്ജീവിക്ക പെടുന്നില്ല. വിമര്‍ശിക്കാനായുള്ള വിമര്‍ശനത്തിന്റെ കാര്യമാണെങ്കില്‍, അതിന്റെ ഗുണഭോക്താക്കള്‍ മാധ്യമങ്ങള്‍ മാത്രമാണ്. മാധ്യമ പ്രതിച്ഛായകളെ വിശ്വസിച്ചു പ്രവര്‍ത്തിക്കുന്നത് എത്രമാത്രം ആത്മഹത്യാപരമാണെന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ പഠിപ്പിച്ചിരിക്കണം. 

സംഘടനയെ ഒരു പുതിയ തലമുറയുടെ കൈകളില്‍ പൂര്‍ണമായി - സമ്പൂര്‍ണമായി - ഏല്‍പ്പിക്കുക എന്നത് മാത്രമാണ് കോണ്‍ഗ്രസിന്റെ മൃതസഞ്ജീവനി. അവര്‍ അതിനെ വളര്‍ത്തുകയൊ തളര്‍ത്തുകയോ ചെയ്യട്ടെ. തീര്‍ച്ചയായും ഇപ്പോളത്തെ വെന്റിലേറ്റര്‍ ജീവിതത്തില്‍ നിന്ന് ഒരു മാറ്റമായിരിക്കും അത്. 

കോണ്‍ഗ്രസ് കേരളത്തിലെ ഒരു പോസിറ്റിവ് ഫോഴ്‌സ് ആണെന്ന് സാമാന്യ ബുദ്ധിയുള്ള ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ കോണ്‍ഗ്രസ് അത് തിരിച്ചറിയാതെയായി. കുറച്ചു നേതാക്കളുടെ മാധ്യമസാന്നിധ്യം സൃഷ്ടിക്കുന്ന മതിവിഭ്രമത്തില്‍ നിന്ന് അവര്‍ തന്നെയും മറ്റു പ്രവര്‍ത്തകരും രക്ഷപെടേണ്ടത് അത്യാവശ്യമാണ്.  എല്ലാ മാധ്യമ വിഗ്രഹങ്ങളും ജീവിക്കുന്നത് ഒരു അരക്കില്ലത്തില്‍ ആണ് എന്ന് അവര്‍ മനസ്സിലാക്കേണ്ടതുണ്ട്. കോണ്‍ഗ്രസിനെ ആഗ്രഹിക്കുന്ന ലക്ഷ ക്കണക്കിന് ജനങ്ങളുടെ ലോകത്തെ അഭിമുഖീകരിക്കാന്‍ അതിനു കഴിയണം. കണക്കുകള്‍ അനുസരിച്ച് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ലഭിച്ച വോട്ട് ശതമാനം 25.12 ഉം സിപിഎമ്മിന്റെത് 25.38 ഉം ആണ്. തമ്മിലുള്ള വ്യത്യാസം .26 മാത്രമാണ്. ഈ സാധ്യത മുന്നില്‍ വച്ച് കൊണ്ടാണ് പിണറായി വിജയന്‍ തന്റെ മുന്നണി കരുപ്പിടിപ്പിച്ചത് എന്ന് കരുതണം. കോണ്‍ഗ്രസ് ഈ അവസ്ഥ തിരിച്ചറിഞ്ഞില്ല എന്നും സംശയിക്കണം. 

(അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് ഇല്ലാതായി എന്ന് പറയാറുണ്ട്. ബിജെപിയുടെ ഏതാണ്ട് 38 ശതമാനം വോട്ടിനെതിരെ കോണ്‍ഗ്രസിന് ലഭിച്ചത് ഏതാണ്ട് 20 ശതമാനമാണ്. പക്ഷേ വാസ്തവം എന്തെന്നാല്‍ ഇന്ത്യയിലെ എല്ലാ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെയും വോട്ട് ചേര്‍ത്ത് പിടിച്ചാല്‍ 20 ശത മാനത്തില്‍ എത്തുന്നില്ല എന്നതാണ്. മറ്റു വാക്കുകളില്‍, അഖിലേന്ത്യാ തലത്തില്‍ ഇന്ത്യന്‍ പ്രതിപക്ഷത്തെ ഏറ്റവും വോട്ട് ശേഖരണ ശേഷിയുള്ള പാര്‍ട്ടി കോണ്‍ഗ്രസ് ആണ്.)

തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ഓടിക്കൂടുന്ന ഒരു സംഘം ആളുകളുടെ മോബ് - ആള്‍ക്കൂട്ടം - ആണ് കോണ്‍ഗ്രസ് എന്ന അവസ്ഥക്ക് മാറ്റം വരണം. കോണ്‍ഗ്രസ്സിനെ ഒരു ധനാഗമമാര്‍ഗം - അതിലുമേറെ ആര്‍ത്തിപൂര്‍ത്തീകരണ ഉപകരണം - ആയി കാണുന്നവരെ എന്ത് വില കൊടുത്തും മാറ്റി നിര്‍ത്തണം. കോണ്‍ഗ്രസിന്റെ കൂറ് മലയാളികളോട് ആയിരിക്കണം, മാധ്യമങ്ങളുടെ തലക്കെട്ടുകളോട് ആവരുത്. ഞാന്‍ ഒരു കോണ്‍ഗ്രസ് കാരന്‍ അല്ല. പക്ഷേ കേരളത്തില്‍ കോണ്‍ഗ്രസിനെ ആവശ്യമുണ്ട് എന്ന് ഒരു പൗരന്‍ എന്ന നിലയില്‍ ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും ആവശ്യമുണ്ട്. അതുകൊണ്ട് മാത്രമാണ് ഈ കുറിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി