കേരളം

ജോജു മദ്യപിച്ച് ബഹളം വെച്ചു, വനിതകളോട് അസഭ്യംപറഞ്ഞു; ആരോപണവുമായി കോണ്‍ഗ്രസ്, കാറിന്റെ ചില്ല് തകര്‍ത്തു, കോണ്‍ഗ്രസ് ഉപരോധത്തില്‍ നാടകീയരംഗങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ധനവിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ദേശീയ പാത ഉപരോധത്തില്‍ നാടകീയരംഗങ്ങള്‍. വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തടഞ്ഞുനിര്‍ത്തുകയും ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തിനിടെ, സിഐ വാഹനം ഓടിച്ചാണ് ജോജുവിനെ സ്ഥലത്ത് നിന്ന് രക്ഷിച്ചത്. ജനങ്ങളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായതോടെ കോണ്‍ഗ്രസ് സമരം പിന്‍വലിച്ചു.

ദേശീയപാതയില്‍ ഇടപ്പള്ളി മുതല്‍ വൈറ്റില വരെ വാഹന ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ച സാഹചര്യത്തിലാണ് ജോജു പ്രതിഷേധവുമായി രംഗത്തുവന്നത്. ജോജു കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.കോവിഡ് കാലത്ത് ജീവിക്കാന്‍ വേണ്ടി നെട്ടോട്ടം ഓടുന്നവരെയാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് ജോജു പ്രതികരിച്ചു. അതേസമയം ജോജു മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്നും വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു. സമരം ജനങ്ങളെ ബുദ്ധിമുട്ടിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ' ഒരു വനിതാപ്രവര്‍ത്തകയെയും കണ്ടിട്ടില്ല. അപമാനിച്ചിട്ടുമില്ല. ചെയ്തതില്‍ ഒരു തെറ്റുമില്ല, ആരോടും മാപ്പ് പറയില്ല' -ഇതിന് മറുപടിയായി ജോജു പറഞ്ഞു. ജോജുവിന്റെ പ്രതിഷേധം നാട്ടുകാരും ഏറ്റെടുത്തതോടെയാണ് കോണ്‍ഗ്രസ് സമരം പിന്‍വലിച്ചത്.

ഇന്ധനവില വര്‍ധന

ദിനംപ്രതിയെന്നോണം ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ദേശീയ പാത ഉപരോധിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതിനെ തുടര്‍ന്നാണ് ദേശീയ പാതയില്‍ ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള ഭാഗത്ത് വാഹനഗതാഗതം സ്തംഭിച്ചത്. ഗതാഗതകുരുക്ക് രൂക്ഷമായതോടെ വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. ഇതില്‍ കുടുങ്ങിയതോടെയാണ് ജോജു പ്രതിഷേധവുമായി രംഗത്തുവന്നത്. ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ നടുറോഡില്‍ രൂക്ഷമായ വാക്കുതര്‍ക്കമാണ് ഉണ്ടായത്.

ദേശീയപാത ഉപരോധത്തില്‍ നാടകീയ രംഗങ്ങള്‍

'ഞാന്‍ കോണ്‍ഗ്രസിനെതിരെല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ നാണം കെടുത്താന്‍ വിവരം ഇല്ലാത്തവര്‍ ചെയ്തതാണ് ഈ സമരം'  - ജോജു മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഡെയിലി ലൈഫാണ്. കോവിഡ് കാലത്ത് ജീവിക്കാന്‍ വേണ്ടി നെട്ടോട്ടം ഓടുകയാണ്. ഞാന്‍ കോണ്‍ഗ്രസിനെതിരെല്ല. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ നാണം കെടുത്താന്‍ വിവരം ഇല്ലാത്ത ചിലരാണ് ഇത് ചെയ്യുന്നത്. ഇത് കണ്ട് മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ല. സ്‌കൂളില്‍ പോകേണ്ട കുട്ടികള്‍ ഉള്‍പ്പെടെയാണ് കുടുങ്ങി കിടക്കുന്നത്. ഈ വെയിലത്ത് മണിക്കൂറുകളോളം ഓട്ടോറിക്ഷയില്‍ എസിയില്ലാതെ എങ്ങനെയാണ് ഇരിക്കാന്‍ സാധിക്കുക. പണിയെടുത്ത് ജീവിക്കാന്‍ അനുവദിച്ചാല്‍ മതി.പെട്രോള്‍ വില എത്ര വേണമെങ്കിലും കൂട്ടട്ടെ. പണിയെടുത്ത് ജീവിക്കാന്‍ മാത്രം അനുവദിച്ചാല്‍ മതി, ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്'- ജോജുവിന്റെ വാക്കുകള്‍ ഇങ്ങനെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല