കേരളം

അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു; ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കുമളി: ഷട്ടര്‍ തുറന്നിട്ടും ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.10 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140.30 അടിയായി ഉയര്‍ന്നിട്ടുണ്ട്. 

വൃഷ്ടിപ്രദേശങ്ങളില്‍ ഇടവിട്ട് പെയ്യുന്ന മഴയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിപ്പിക്കുന്നത്. ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് കൂടുതല്‍ ഷട്ടറുകള്‍ തുറന്ന് വെള്ളം തുറന്നു വിട്ടേക്കും. ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. 

ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട്

ചെറുതോണിയും മൂഴിയാറും പെരിങ്ങല്‍ക്കുത്തും അടക്കം ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ജലസേചന അണക്കെട്ടുകളിലും റെഡ് അലര്‍ട്ട് ആണ്. ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ ഇന്നലെ 40 സെന്റിമീറ്റര്‍ തുറന്നിരുന്നു. 30 മുതല്‍ 40 വരെ ക്യുമെക്‌സ് ജലം ഒഴുക്കി വിട്ടു. 

പമ്പ, അച്ചന്‍ കോവിലാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം നിരോധിച്ചു. 

മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മ്മിക്കുക, നിര്‍മ്മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നവംബര്‍ 18 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 

കുട്ടനാട് മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 

കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളായ പള്ളാത്തുരുത്തി, നെടുമുി, കാവാലം, നീരേറ്റുപുറം, കിടങ്ങറ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ശബരിമലയിലേക്കുള്ള പ്രധാന പാതകളിലൊന്നായ പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കോന്നി വാകയാറില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. 
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി