കേരളം

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139.5 അടിയായി നിജപ്പെടുത്തണം; അടുത്ത വാദം നവംബര്‍ 11ന് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139.5 അടിയായി നിജപ്പെടുത്താന്‍ സുപ്രീം കോടതി നിര്‍ദേശം. ഇതുസംബന്ധിച്ച മേല്‍നോട്ട സമിതി ശുപാര്‍ശ കോടതി അംഗീകരിച്ചു. കേസ് ഇനി നവംബര്‍ പതിനൊന്നിനു പരിഗണിക്കും.

മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ പ്രതികരണം കുറിപ്പായി എഴുതി നല്‍കിയിട്ടുണ്ടെന്ന് സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത അറിയിച്ചു. ജലനിരപ്പ് നിശ്ചയിക്കുന്നതിന് തമിഴ്‌നാട് പിന്തുടരുന്ന റൂള്‍ കര്‍വില്‍ എതിര്‍പ്പ് അറയിിച്ച കേരളം ഇക്കാര്യത്തില്‍ വിശദ സത്യവാങ്മൂലം നല്‍കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടു. 

തുലാവര്‍ഷം തുടങ്ങിയതിനാല്‍ കൂടുതല്‍ മഴ പെയ്യാനിടയുണ്ടെന്നും ജലനിരപ്പ് ഉയരുമെന്നും ജയദീപ് ഗുപ്ത പറഞ്ഞു. വെള്ളം തുറന്നുവിടുന്നത് കേരളത്തില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കും. അതിനാല്‍ ജലനിരപ്പ് 139 അടിയില്‍ നിജപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. 2018ല്‍ സുപ്രീം കോടതി സമാനമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗുപ്ത ചൂണ്ടിക്കാട്ടി. 

നവംബര്‍ 11 വരെ 139 അടിയാക്കി നിജപ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് തമിഴ്‌നാടിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ശേഖര്‍ നാഫഡെ പറഞ്ഞു. ജലനിരപ്പ് 142 അടിയില്‍ താഴെ നിര്‍ത്തുന്നതിനാണ് കേരളം ഓരോ വര്‍ഷവും ഹര്‍ജിയുമായി എത്തുന്നതെന്ന് തമിഴ്‌നാടിന്റെ അഭിഭാഷകന്‍ കുറ്റപ്പെടുത്തി. 

മേല്‍നോട്ട സമിതി 139.5 അടിയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും സാങ്കേതിക കാര്യമായതിനാല്‍ അതില്‍ കോടതി ഇടപെടുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. അടുത്ത വാദം കേള്‍ക്കല്‍ 11നോ 16നോ ആവാമെന്ന് കോടതി ആരാഞ്ഞപ്പോള്‍ തമിഴ്‌നാട് 11 നിര്‍ദേശിച്ചു. 

നവംബര്‍ എട്ടിനകം കേരളം വിശദ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.  അടുത്ത വാദം കേള്‍ക്കല്‍ വരെ ജലനിരപ്പ് മേല്‍നോട്ട സമിതി നിര്‍ദേശിച്ച 139.5 അടിയായി നിജപ്പെടുത്തും. മേല്‍നോട്ട സമിതിക്ക് ഇതില്‍ പുനപ്പരിശോധനയ്ക്ക് അധികാരമുണ്ടായിരിക്കുമെന്നും കോടതി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി