കേരളം

ഒന്‍പത് ജില്ലകളുടെ ഭരണചക്രം ഇനി വനിതകള്‍ തിരിക്കും, ചരിത്രത്തില്‍ ആദ്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയനാട്, കൊല്ലം ജില്ലകളുടെ ഭരണസാരഥ്യം വനിതകളെ ഏല്‍പ്പിച്ചതോടെ, സംസ്ഥാനത്ത് ഒന്‍പത് ജില്ലകളുടെ ഭരണചക്രം തിരിക്കുക സ്ത്രീകള്‍. കൊല്ലം ജില്ലയുടെ കളക്ടറായി എറണാകുളം ജില്ലാ വികസന കമ്മീഷണര്‍ ആയിരുന്ന അഫ്‌സാന പര്‍വീണ്‍ വരുന്നതില്‍ മറ്റൊരു സവിശേഷത കൂടിയുണ്ട്. സംസ്ഥാനത്ത് ഭാര്യയും ഭര്‍ത്താവും ഒരേസമയം കളക്ടര്‍മാരാകുന്നു എന്നതാണ് പ്രത്യേകത. എറണാകുളം കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ ഭാര്യയാണ് അഫ്‌സാന പര്‍വീണ്‍. നേരത്തെ ഒരേ സമയം എട്ടു വനിതകള്‍ വരെ ജില്ലകളുടെ ഭരണസാരഥ്യം ഏറ്റെടുത്തിട്ടുണ്ട്.

എന്‍ട്രന്‍സ് കമ്മീഷണറായിരുന്ന എ ഗീതയാണ് പുതിയ വയനാട് കളക്ടര്‍. നവ്ജ്യോത് ഖോസ (തിരുവനന്തപുരം),  അഫ്സാന പര്‍വീണ്‍ (കൊല്ലം), ഡോ.ദിവ്യാ എസ് അയ്യര്‍ (പത്തനംതിട്ട),ഡോ.പി കെ ജയശ്രീ (കോട്ടയം), ഷീബ ജോര്‍ജ് ( ഇടുക്കി), ഹരിത വി കുമാര്‍ ( തൃശൂര്‍), മൃണ്‍മയി ജോഷി ( പാലക്കാട്), എ ഗീത ( വയനാട്), ഭണ്ഡാരി സ്വാഗത് രണ്‍ബീര്‍ചന്ദ്( കാസര്‍കോട്) എന്നിവരാണ് ഒന്‍പത് ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍.

ജാഫര്‍ മാലിക് എറണാകുളത്ത് എത്തുന്നതിന് ഒരു വര്‍ഷം മുമ്പേ കളക്ടറേറ്റിലെത്തിയതാണ് അഫ്സാന. ജില്ലയുടെ ഡെവലപ്‌മെന്റ് കമ്മിഷണറായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയായിരുന്നു ജാഫര്‍ മാലിക് കളക്ടറായെത്തിയത്. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ പദവിയില്‍നിന്നു ഭര്‍ത്താവ് കളക്ടറായപ്പോള്‍ സ്മാര്‍ട്ട് മിഷന്റെ അധികച്ചുമതല അഫ്‌സാനയ്ക്കായിരുന്നു. ഇതിനൊപ്പം മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെയും ചുമതലയുണ്ടായിരുന്നു.

ഒരു വര്‍ഷത്തിലേറെയായി കാക്കനാടാണ് ഇരുവരും താമസം. ഇനി കൊല്ലത്തും എറണാകുളത്തുമായി ഇരുവരും വേവ്വേറെ താമസിക്കേണ്ടതായി വരും.കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ പദവിയിലേക്ക് മുന്‍ തൃശ്ശൂര്‍ കളക്ടറായിരുന്ന എസ് ഷാനവാസ് നിയമിതനായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷന്‍ ഡയറക്ടറാണ് നിലവില്‍. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെയും മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെയും മാനേജിങ് ഡയറക്ടറുടെ പൂര്‍ണ ചുമതലയും ഷാനവാസിന് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി