കേരളം

ഉമ്മന്‍ ചാണ്ടിയെ മറയാക്കി പിന്നില്‍ ഒളിക്കരുത്; ചെന്നിത്തലയ്‌ക്കെതിരെ തിരുവഞ്ചൂര്‍ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം:  കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തുവന്ന രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. തീ കെടുത്താന്‍ ശ്രമിക്കുമ്പോള്‍ ചെന്നിത്തല പന്തംകുത്തി ആളിക്കത്തിക്കരുതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ മറയാക്കി പുറകില്‍ ഒളിക്കരുതെന്ന്, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി തിരുവഞ്ചൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോട്ടയം ഡിസിസിയില്‍ നടന്ന ചടങ്ങില്‍ ചെന്നിത്തല നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതില്‍ ചെന്നിത്തല പശ്ചാത്തപിക്കും എന്നാണ് കരുതുന്നതെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു. പരസ്യ പ്രതികരണത്തിന് പരിധിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നാവില്ലാത്തതു കൊണ്ടോ വാക്കില്ലാത്തതു കൊണ്ടോ അല്ല ഒന്നും പറയാത്തത്. ഉമ്മന്‍ചാണ്ടിയെ അവഗണിക്കുന്ന പ്രശ്‌നമില്ല. എല്ലാ പാര്‍ട്ടിയിലും പ്രതികരിക്കുന്നതിന് പരിധിയുണ്ട്. പ്രവര്‍ത്തകരുടെ മനസ്സില്‍ മുറിവേല്‍പ്പിക്കുന്ന നടപടി നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല.

ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞ് രമേശ് പറഞ്ഞ കാര്യങ്ങളൊന്നും അംഗീകരിക്കാനാവില്ല. ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് ചെന്നിത്തല പ്രസംഗിച്ചത് എന്ന് വിശ്വസിക്കുന്നില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. 

പുതിയ നേതൃത്വത്തിന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുക അല്ലേ വേണ്ടത്. അതിനുപകരം കണ്ണുകെട്ടി കല്ലെടുത്ത് എറിയുകയല്ല വേണ്ടത്. പ്രതിപക്ഷ നേതാവ് പറഞ്ഞ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. കോണ്‍ഗ്രസ് ഇത്രയും ദുര്‍ബലമായിരിക്കുന്ന കാലത്ത് പിന്നെയും പക വച്ചുപുലര്‍ത്തുന്നത് പ്രവര്‍ത്തകരോടുള്ള വെല്ലുവിളിയാണ്. ഹൈക്കമാന്‍ഡിലും ഇപ്പോഴത്തെ സംസ്ഥാന നേതൃത്വത്തിലും പരിപൂര്‍ണ വിശ്വാസമുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ