കേരളം

'ഇത്രയും കാലത്തിനിടെ ​ഗവർണർ ഒരു നല്ല കാര്യം ചെയ്തു'; സ്വാ​ഗതം ചെയ്ത് വി ഡി സതീശൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിന് നിയമനം നല്‍കിയത് സ്റ്റേ ചെയ്ത ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത്രയും കാലത്തിനിടെ ഗവര്‍ണര്‍ ഇപ്പോഴാണ് ശരിയായ കാര്യം ചെയ്തത്. 

സ്വന്തം ബന്ധുക്കളായതിന്റെ പേരില്‍ അര്‍ഹതയില്ലാത്ത ആളുകള്‍ക്ക് സര്‍ക്കാര്‍ നിയമനം നല്‍കുകയാണ്. കഴിഞ്ഞ ആറു വര്‍ഷത്തെ ബന്ധുനിയമനങ്ങളെക്കുറിച്ചും മുഴുവന്‍ അന്വേഷണം നടത്തി, ആ നിയമനങ്ങളെല്ലാം റദ്ദാക്കാന്‍ ഗവര്‍ണര്‍ മുന്‍കൈ എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

യുജിസി നിബന്ധന അനുസരിച്ച് ഒരാള്‍ക്ക് കിട്ടിയ സ്‌കോര്‍ 651. യുജിസി നിബന്ധന അനുസരിച്ചുള്ള അധ്യാപനപരിചയം ഇല്ലാത്തയാള്‍ക്ക് കിട്ടിയ സ്‌കോര്‍ 156. പക്ഷെ ഇന്റര്‍വ്യൂവില്‍ 156 സ്‌കോറുള്ളയാള്‍ക്ക് 32 മാര്‍ക്ക് കൊടുത്തു. മറ്റേയാള്‍ക്ക് 30 മാര്‍ക്കും നല്‍കി. പരസ്യമായിട്ടാണ് ഒരാളുടെ അവസരം നിഷേധിച്ചത്. 

ഇതിലാണോ നീതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോകുമെന്ന് പറയുന്നത്. ഇത് അനീതിയെ പുനസ്ഥാപിക്കാന്‍ വേണ്ടി പോകുന്നതാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷവും നിയമപരമായ വഴികള്‍ തേടും. ഇനിയും കേരളത്തില്‍ ഇത് ആവര്‍ത്തിക്കാന്‍ പാടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

അധ്യാപക നിയമനം കൂടി പിഎസ് സിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവും മന്ത്രി കത്തെഴുതിയും തെറ്റാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. പിന്നീട് ഇത് ഗവര്‍ണര്‍ ശരിവെച്ചു. അധ്യാപകനിയമനത്തില്‍ നടന്നത് അനീതിയാണെന്നും, അതിനെ രാഷ്ട്രീയം പറഞ്ഞ് വഴിതിരിച്ചുവിടാന്‍ നോക്കേണ്ടെന്നും  പ്രതിപക്ഷനേതാവ് പറഞ്ഞു. 

'കോടതി പരാമർശം ഞെട്ടിക്കുന്നത്'

സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ അതിജീവിതക്കെതിരായ കോടതിയുടെ പരാമര്‍ശം ഞെട്ടിക്കുന്നതാണ്. നീതി കൊടുക്കേണ്ട സ്ഥാപനങ്ങള്‍ ഇങ്ങനെ ചെയ്താല്‍ നീതി തേടി മനുഷ്യര്‍ എവിടെ പോകും. ഇത് ഏതുകാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത്?. 19-ാം നൂറ്റാണ്ടിലെ സ്‌പെയിനിലാണോ അദ്ദേഹം ജീവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 

നീതി നിഷേധിക്കപ്പെടുമ്പോള്‍ നമ്മള്‍ ഉറ്റുനോക്കുന്നത് ജുഡീഷ്യറിയെയാണ്. ഇതുപോലുള്ള വളരെ ദൗര്‍ഭാഗ്യകരമായ പരാമര്‍ശം നടത്തിയ കോടതിക്കെതിരെ ഹൈക്കോടതി നടപടി സ്വീകരിക്കുമെന്നാണ് വിചാരിക്കുന്നത്. ഹൈക്കോടതിക്ക് സൂപ്പര്‍വൈസറി ജൂറിസ്ട്രിക്ഷനുണ്ട്. ഹൈക്കോടതി ഇക്കാര്യത്തില്‍ ഇടപെടുമെന്ന് പ്രത്യാശിക്കുന്നു.

പട്ടികജാതി നിയമം പാര്‍ലമെന്റ് പാസ്സാക്കിയത്, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍, അവരുടെ ഭൂമി നഷ്ടപ്പെടാതിരിക്കാന്‍, അവര്‍ ചവിട്ടിയരയ്ക്കപ്പെടാതിരിക്കാന്‍ ഉണ്ടാക്കിയ നിയമമാണ്. അതിനെ ജുഡീഷ്യറി തന്നെ ചവിട്ടിയരയ്ക്കുന്ന പരിഹാസ്യമായ കാഴ്ചയാണ് നമ്മളിപ്പോള്‍ കണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ