കേരളം

'സുരക്ഷാ ഗ്യാരണ്ടികൾക്കായുള്ള റഷ്യൻ ആവശ്യം ന്യായം': എം എ ബേബി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണത്തിൽ പ്രതികരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി.  അമേരിക്കയുടെയും പടിഞ്ഞാറൻ യൂറോപ്പിൻറെയും താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള നാറ്റോ സഖ്യത്തിൽ യുക്രൈനെ ചേർക്കുന്നതിനുള്ള ശ്രമങ്ങൾ റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാകും എന്നത് വസ്തുതയാണ്. യുക്രൈൻ നാറ്റോയിൽ ചേരാത്തതുൾപ്പെടെയുള്ള സുരക്ഷാ ഗ്യാരണ്ടികൾക്കായുള്ള റഷ്യൻ ആവശ്യം ന്യായമാണ്. എംഎ ബേബി സമൂഹമാധ്യമ കുറിപ്പിൽ വ്യക്തമാക്കി.

ഇറാക്കിലും ലിബിയയിലും സിറിയയിലും അഫ്ഘാനിസ്ഥാനിലും അടക്കം അമേരിക്കയും നാറ്റോയും അടുത്ത കാലത്ത് നടത്തിയ സൈനിക അക്രമങ്ങൾ ലോകസമാധാനത്തെക്കുറിച്ചുള്ള അവരുടെ വാചാടോപങ്ങളെ പരിഹാസ്യമാക്കുന്നു. പടിഞ്ഞാറൻ ഏഷ്യയിലെ രാജ്യങ്ങളുടെ മേൽ നിയന്ത്രണം ഉറപ്പാക്കി ലോക പെട്രോളിയം കമ്പോളത്തിൽ നിയന്ത്രണം പുലർത്തുന്ന അമേരിക്കയ്ക്ക് യുക്രൈനിലെ ജനങ്ങളുടെ സ്വയംഭരണമല്ല റഷ്യൻ എണ്ണയുടെ മേലുള്ള നിയന്ത്രണമാണ് ലക്ഷ്യം എന്നത് വ്യക്തമാണ്. യുക്രൈനിലും ലോകത്തും സമാധാനമാണ് വേണ്ടതെന്നും എംഎ ബേബി കുറിപ്പിൽ പറഞ്ഞു. 

കുറിപ്പിന്റെ പൂർണരൂപം: 

യുക്രൈനിലും ലോകത്തും സമാധാനമാണ് വേണ്ടത്
യുക്രൈനും റഷ്യയും തമ്മിൽ ഉണ്ടായിരിക്കുന്ന സായുധപോരാട്ടം കടുത്ത ആശങ്ക ഉളവാക്കുന്നതാണ്. റഷ്യ യുക്രൈനെതിരെ സ്വീകരിച്ച സൈനിക നടപടി ദൌർഭാഗ്യകരമാണ്. അവിടെ സായുധപോരാട്ടങ്ങൾ ഉടൻ അവസാനിപ്പിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും വേണം.
സോവിയറ്റ് യൂണിയൻറെ പിരിച്ചുവിടൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യം തങ്ങളുടെ സാമ്രാജ്യത്വതാല്പര്യങ്ങൾ കിഴക്കോട്ട് വികസിപ്പിക്കുന്നതിനുള്ള ഒരു അവസരമായാണ് കണ്ടത്. ഇത് റഷ്യയ്ക്ക് നല്കിയ വാഗ്ദാനത്തിനു വിരുദ്ധമാണ്. ഇത് ലോകസമാധാനത്തിനോ കിഴക്കൻ രാജ്യങ്ങളുടെ താല്പര്യത്തിനോ ചേരുന്ന നടപടിയല്ല.

അമേരിക്കയുടെയും പടിഞ്ഞാറൻ യൂറോപ്പിൻറെയും താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള നാറ്റോ സഖ്യത്തിൽ യുക്രൈനെ ചേർക്കുന്നതിനുള്ള ശ്രമങ്ങൾ റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാകും എന്നത് വസ്തുതയാണ്. കിഴക്കൻ യൂറോപ്പിലെ അതിർത്തികളിൽ നാറ്റോ സേനയുടെയും മിസൈലുകളുടെയും സാന്നിധ്യത്തിൻറെ ഭീഷണി കാരണം റഷ്യയ്ക്ക് സ്വന്തം സുരക്ഷയിൽ ഇപ്പോൾത്തന്നെ ആശങ്കയുണ്ട്. അതിനാൽ യുക്രൈൻ നാറ്റോയിൽ ചേരാത്തതുൾപ്പെടെയുള്ള സുരക്ഷാ ഗ്യാരണ്ടികൾക്കായുള്ള റഷ്യൻ ആവശ്യം ന്യായമാണ്. ഇറാക്കിലും ലിബിയയിലും സിറിയയിലും അഫ്ഘാനിസ്ഥാനിലും അടക്കം അമേരിക്കയും നാറ്റോയും അടുത്ത കാലത്ത് നടത്തിയ സൈനിക അക്രമങ്ങൾ ലോകസമാധാനത്തെക്കുറിച്ചുള്ള അവരുടെ വാചാടോപങ്ങളെ പരിഹാസ്യമാക്കുന്നു. പടിഞ്ഞാറൻ ഏഷ്യയിലെ രാജ്യങ്ങളുടെ മേൽ നിയന്ത്രണം ഉറപ്പാക്കി ലോക പെട്രോളിയം കമ്പോളത്തിൽ നിയന്ത്രണം പുലർത്തുന്ന അമേരിക്കയ്ക്ക് യുക്രൈനിലെ ജനങ്ങളുടെ സ്വയംഭരണമല്ല റഷ്യൻ എണ്ണയുടെ മേലുള്ള നിയന്ത്രണമാണ് ലക്ഷ്യം എന്നത് വ്യക്തമാണ്.

റഷ്യയുടെ സുരക്ഷാ ആവശ്യങ്ങൾ നിറവേറ്റാൻ യുഎസും നാറ്റോയും വിസമ്മതിച്ചതും മേഖലയിലേക്ക് സൈന്യത്തെ അയക്കുന്നതിലെ യുഎസിന്റെ വ്യഗ്രതയും സംഘർഷം കൂടുതൽ വഷളാക്കിയിട്ടുണ്ട്.  സമാധാനം സ്ഥാപിക്കപ്പെടുന്നതിന്, യുക്രൈനിലെ ഡോൺബാസ് മേഖലയിലെ ഉൾപ്പെടെ എല്ലാ ജനങ്ങളുടെയും യഥാർത്ഥ ആശങ്കകൾ പരിഹരിക്കപ്പെടണം.  ചർച്ചകൾ പുനരാരംഭിക്കുകയും ഇരുകക്ഷികളും നേരത്തെ ഉണ്ടാക്കിയ കരാറുകൾ പാലിക്കുകയും വേണം.

യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യൻ പൗരരുടെ സുരക്ഷ ഉറപ്പാക്കാൻ ഉടൻ ഇന്ത്യാ സർക്കാർ ഉടൻ നടപടിയെടുക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ