കേരളം

ദേവിയുടെ ശരീരത്തിൽ 33 വെട്ടുകൾ; അച്ഛനെയും അമ്മയെയും തുരുതുരെ വെട്ടി;  മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചു; മൃതദേഹത്തിന് അടുത്തിരുന്ന് ആപ്പിള്‍ കഴിച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് അച്ഛനെയും അമ്മയെയും അതിക്രൂരമായാണ് മകൻ സനൽ കൊലപ്പെടുത്തിയതെന്ന് പൊലീസ്. അമ്മ ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകള്‍ ഏറ്റിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.  നടുവിന് പരിക്കേറ്റ് കിടപ്പിലായിരുന്ന അച്ഛന്‍ ചന്ദ്രൻ നിലവിളിച്ചതിനെ തുടര്‍ന്ന് സനൽ ഇദ്ദേഹത്തെയും വെട്ടി. ചന്ദ്രന്‍റെ ശരീരത്തില്‍ 26 വെട്ടുകളേറ്റു. ഇരുവരും പിടയുമ്പോള്‍  സനൽ  മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചുവെന്ന് പൊലീസ് പറഞ്ഞു. 

മരിച്ച ചന്ദ്രന്റെയും ദേവിയുടേയും മുഖത്ത് നിരവധി വെട്ടേറ്റിരുന്നു. കൊല നടത്തിയ ശേഷം സനൽ രക്തം കഴുകിക്കളഞ്ഞത് അച്ഛന്‍ മരിച്ചു കിടന്ന മുറിയില്‍ വച്ചാണ്. ഇതിന് ശേഷം അമ്മയുടെ മൃതദേഹത്തിനടുത്തിരുന്ന് ആപ്പിള്‍ കഴിച്ചുവെന്നും സനൽ പൊലീസിന്  മൊഴി  നൽകി. വിഷം കയറുന്നതിനാണ് മുറിവുകളില്‍ കീടനാശിനി ഒഴിച്ചതെന്നും സനല്‍ പൊലീസിനോട് പറഞ്ഞു.

അമ്മയെ ആദ്യം വെട്ടിവീഴ്ത്തി

കൊല നടന്ന ദിവസം രാവിലെ അമ്മ ദേവി വെള്ളം ചോദിച്ചതിനെ തുടര്‍ന്ന് സനലുമായി തര്‍ക്കമുണ്ടായി. തുടർന്ന്  അടുക്കളയില്‍ നിന്ന് കൊണ്ടുവന്ന അരിവാളും കൊടുവാളും ഉപയോഗിച്ച് സനൽ അമ്മയെ വെട്ടിവീഴ്ത്തി. കൈകളിലും കഴുത്തിലും തലയിലും കവിളിലും വെട്ടിയെന്നും പൊലീസ് പറയുന്നു. ഇതുകണ്ട് നിലവിളിച്ചപ്പോഴാണ് അച്ഛന്‍ ചന്ദ്രനെയും വെട്ടിയത്.

വീട്ടില്‍ നിന്നും സിറിഞ്ചുകള്‍ കണ്ടെടുത്തു

ചോദ്യം ചെയ്യല്‍ ഘട്ടത്തില്‍ യാതൊരു  കുറ്റബോധമില്ലാതെയാണ് സനൽ പ്രതികരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിയ്ക്കും. കൊലപാതകം നടന്ന വീട്ടിൽ നിന്ന് കണ്ടെടുത്ത സിറിഞ്ചുകൾ സനൽ മയക്കുമരുന്ന് ഉപയോഗിച്ചതാണെന്ന് പൊലീസിന് സംശയമുണ്ട്.   ഇതിൽ വ്യക്തത വരുത്തുന്നതിനായി ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൊഴിയെടുക്കും. സനൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പൊലീസ് സൂചിപ്പിച്ചു. 

മൈസൂരുവിലേക്ക് മുങ്ങി

നേരത്തെ മുംബെയിൽ സ്വർണ്ണാഭരണ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സനൽ ലോക്ഡൗൺ സമയത്താണ് നാട്ടിലെത്തിയത്. കൊലപാതകത്തിന് ശേഷം സനൽ ബം​ഗളൂരുവിലേക്കും അവിടെ നിന്നും മൈസൂരുവിലേക്കും കടന്നു.  പ്രതിയെ  സഹോദരൻ പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടില്‍ കള്ളന്‍ കയറിയെന്നും മാതാപിതാക്കള്‍ കൊല്ലപ്പെട്ടെന്നും പറഞ്ഞു. സംസ്കാരച്ചടങ്ങുകള്‍ നടത്താന്‍ നാട്ടിലെത്തണമെന്ന് സനലിനോട് ആവശ്യപ്പെട്ടു. രാവിലെ ഏഴരയോടെയാണ് സനല്‍ പുതുപ്പരിയാരത്തെ വീട്ടിലെത്തിയത്. പുതുപ്പരിയാരത്തെ വീട്ടിലെത്തിയ സനലിനെ നാട്ടുകാരുടെ സഹായത്താലാണ് പൊലീസ് പിടികൂടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി