കേരളം

ചാലക്കുടിയില്‍ പൊടിക്കാറ്റ്, പകല്‍ ചൂടിന്റെ കാഠിന്യമേറുന്നു

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും ചൂട് വര്‍ധിച്ചുവരികയാണ്. രാത്രിയില്‍ തണുപ്പും അനുഭവപ്പെടുന്നുണ്ട്. കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റം തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞദിവസം ആലപ്പുഴയില്‍ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. 36 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. 

ഇപ്പോള്‍ കനത്ത ചൂടിനിടെ ചുഴലിക്കാറ്റിന് സമാനമായി പൊടിക്കാറ്റ് വീശുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. പകല്‍ ചൂടിന്റെ കാഠിന്യം വ്യക്തമാക്കുന്ന ചാലക്കുടി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാലാവസ്ഥ നിരീക്ഷകന്‍ രാജീവന്‍ എരിക്കുളമാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. 

37 ഡിഗ്രിയാണു ശരീരത്തിന്റെ ഊഷ്മാവ്. രണ്ടോ മൂന്നോ ഡിഗ്രി ചൂടുയര്‍ന്നാല്‍തന്നെ ശരീരത്തിനു താങ്ങാന്‍ സാധിക്കില്ല. നിര്‍ജലീകരണം, വിശപ്പ് കുറയല്‍, ശാരീരിക പ്രവര്‍ത്തനങ്ങളുടെ മന്ദത എന്നിവയ്ക്ക് വേനല്‍ കാരണമാകും. ചര്‍മരോഗങ്ങളും വര്‍ധിക്കുന്ന കാലമാണ്.


കരുതല്‍

പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍  തുടങ്ങിയവര്‍ക്ക് സൂര്യാതപം ഏല്‍ക്കാനും ചര്‍മരോഗങ്ങള്‍ വര്‍ധിക്കാനും സാധ്യതയുണ്ട്. കുട്ടികള്‍ മണിക്കൂറുകളോളം തുടര്‍ച്ചയായി കളിക്കുന്നത് ഒഴിവാക്കണം. വെയിലത്തു പാര്‍ക്കു ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ടു പോകരുത്.

അമിത വ്യായാമം വേണ്ട

കാലാവസ്ഥയിലെ മാറ്റം കോവിഡ് രോഗികള്‍ക്കും കോവിഡ് വന്നു മാറിയവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ശ്വാസകോശരോഗങ്ങള്‍, ന്യുമോണിയ, കിതപ്പ്, ക്ഷീണം, ഫംഗസ് രോഗങ്ങള്‍ എന്നിവ ഉണ്ടാക്കാം. രാത്രി തണുപ്പ് കൂടുന്നതിനാല്‍ ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കോവിഡ് വന്നവര്‍ വേനല്‍ക്കാലത്ത് അമിത വ്യായാമം ചെയ്യുന്നത് താപശരീര ശോഷണത്തിന് ഇടയാക്കും.

ശരീരത്തില്‍നിന്ന് ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണിത്. വിയര്‍പ്പിലൂടെ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങള്‍ നഷ്ടപ്പെടും. തന്മൂലം ക്ഷീണവും തളര്‍ച്ചയും ഉണ്ടാകും. കരിക്കിന്‍വെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം, ചൂടുവെള്ളം എന്നിവ ക്ഷീണം മാറാനും ശരീരത്തിലെ ലവണനഷ്ടം പരിഹരിക്കാനും സഹായിക്കും. 

സൂര്യാതപത്തെ സൂക്ഷിക്കണം

ചൂടു കൂടിയതോടെ സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയും കൂടി. ചൂടു കൂടുമ്പോള്‍ ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാകുന്നതാണു സൂര്യാതപത്തിനു കാരണം. സൂര്യാതപം എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കാം. വൃക്കകളുടെയും തലച്ചോറിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ട്.

കനത്ത വെയിലത്തു ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും രക്താതിമര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവരിലുമാണ് ഇത് അധികമായി കണ്ടുവരുന്നത്. 11 മണി മുതല്‍ 3 മണിവരെയുള്ള സമയത്ത് നേരിട്ടു സൂര്യപ്രകാശം ഏല്‍ക്കുന്ന  സാഹചര്യം ഒഴിവാക്കണം. ചുവന്ന നിറമോ കുമിളകളോ പ്രത്യക്ഷപ്പെട്ടാല്‍ അവ പൊട്ടിക്കരുത്. ഉടന്‍ വൈദ്യസഹായം തേടണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം