കേരളം

വിധി എഴുതിക്കഴിഞ്ഞു; ഇപ്പോള്‍ നടക്കുന്നത് നാടകം; വിചാരണക്കോടതിക്കെതിരെ ഭാഗ്യലക്ഷ്മി- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വിധി എഴുതിവച്ച് കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്നത് നാടകമാണ്. ഉന്നതരോട് ഒരുനീതി, സാധാരണക്കാരനോട് ഒരുനീതി എന്നതാണ് സമീപനമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. 

'അവര്‍ ആദ്യമേ വിധിയെഴുതിവച്ച് കഴിഞ്ഞു. ഇനി അത് പ്രഖ്യാപിക്കേണ്ട ദിവസം മാത്രമെയുള്ളു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് മുഴുവനും മറ്റുപലനാടകമാണ്. അവിടെ കൊണ്ടുപോയി പേപ്പര്‍ കൊടുക്കുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുഭവിക്കുന്ന പരിഹാസമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മാറിയിട്ടുപോലും നമ്മുടെ ജ്യൂഡീഷ്യറി ചോദിക്കുന്നില്ല.എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. അതിന് ഒരുകാരണം ഉണ്ടാകും. ഉന്നതന്‍ കോടതിയില്‍ പോയി നില്‍ക്കുമ്പോള്‍ കോടതി ചോദിക്കുന്നത് എന്താണ്. നിങ്ങള്‍ക്ക് ഇത് ചെയ്തൂകൂടെ എന്നാണ്. ഇത് സാധാരണക്കാരനോട് ചോദിച്ചാല്‍ കുറെക്കൂടി ബഹുമാനം ഉണ്ടാകും'-
ഭാഗ്യലക്ഷ്മി പറഞ്ഞു.

ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് ദിലീപ്
 

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന ക്രൈംബ്രാഞ്ചിന്റെ ആരോപണം തെറ്റാണ്. ഫോണുകള്‍ പിടിച്ചെടുക്കാനുള്ള നീക്കം തടയണം. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും ദിലീപ് കോടതിയില്‍ എതിര്‍ത്തു. 

ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലം മൂന്നുമാസം മുന്‍പ് ക്രൈംബ്രാഞ്ചിനു കിട്ടിയതാണ്. അത് ഇതുവരെ പരിശോധിച്ചില്ലെന്ന ക്രൈംബ്രാഞ്ചിന്റെ വാദം വിശ്വസിക്കരുത്. വിവരങ്ങള്‍ മുഴുവന്‍ മുംബൈയിലെ ലാബില്‍ നിന്നു ലഭിച്ചതാണെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. 

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കരുതെന്ന് അതിജീവിത ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. ആദ്യം മുതല്‍ ഈ കേസ് പരിഗണിക്കുന്നതിനാല്‍ തനിക്ക് നിയമപരമായി ഈ കേസില്‍ നിന്ന് പിന്മാറുക സാധ്യമല്ലെന്ന് അതിജീവിതയുടെ ആവശ്യം നിരസിച്ചുകൊണ്ട് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. 

തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിലപാട് അറിയിച്ചത്. മുമ്പ് തുടരന്വേഷണത്തിന് സമയം നീട്ടിനൽകിയത് ജസ്റ്റിസ് കൗസർ എടപ്പ​ഗത്തിന്റെ കോടതിയാണ്.  അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്കൊപ്പമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന നടിയുടെ ആവശ്യത്തില്‍ അനുകൂല നിലപാട് ആണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിജീവിത നല്‍കിയ ഹര്‍ജിയില്‍ നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുവട്ടം തുറന്നു എന്നുള്ള ഫോറന്‍സിക് സയന്‍സ് ലാബിലെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2018 ല്‍ കോടതി ആവശ്യത്തിനല്ലാതെ, മെമ്മറി കാര്‍ഡിന്റെ ഹാര്‍ഷ് വാല്യു രണ്ടു വട്ടം മാറിയെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. 2018 ജനുവരി 09, ഡിസംബര്‍ 13 നുമാണ് മെമ്മറി കാര്‍ഡുകള്‍ തുറന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി കോടതി തള്ളിക്കളയുകയാണ് ചെയ്തത്. 

ഹര്‍ജി തള്ളിയ കാര്യം രഹസ്യമാക്കി വെച്ചെന്നും, അന്വേഷണ ഉദ്യോഗസ്ഥരെയോ പ്രോസിക്യൂഷനെയോ അറിയിച്ചില്ലെന്നും സര്‍ക്കാര്‍ മറുപടിയില്‍ പറയുന്നു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമുണ്ടെന്ന വാദവും ആവർത്തിച്ചിട്ടുണ്ട്. ദിലീപിന്റെ ഫോണില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി