കേരളം

'മുഖ്യമന്ത്രിക്ക് ആരെയാണ് ഭയം?; കാണുന്നതെല്ലാം കറുപ്പായി തോന്നുന്നു; പുറത്തിറങ്ങാതിരിക്കുന്നതാണ് ജനങ്ങള്‍ക്ക് നല്ലത്‌'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി നിരപരാധിയാണെങ്കില്‍ എന്തിനാണ് ഭയക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേസുമായി ബന്ധപ്പെട്ട് ഓരോദിവസവും ദുരൂഹത വര്‍ധിക്കുകയാണ്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭീതിയും വെപ്രാളവും പരിഭ്രാന്തിയും ഓട്ടവും കണ്ടിട്ട് ഇതില്‍ എന്തോ ഉണ്ടെന്ന് ജനങ്ങളും സംശയിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് സതീശന്‍ പറഞ്ഞു. 

കേരള ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും ഇതുപോലെ ഒരു സുരക്ഷാ സംവിധാനത്തില്‍ സഞ്ചരിച്ചിട്ടില്ല. എന്തിനാണ് മുഖ്യമന്ത്രി ഭയപ്പെടുന്നത്?. മുഖ്യമന്ത്രിയുടെ സുരക്ഷാവ്യൂഹം ഞെട്ടിക്കുന്നതാണ്. 40 വാഹനങ്ങളുടെ അകമ്പടിയിലാണ് മുഖ്യമന്ത്രിയുടെ സഞ്ചാരം. 20 മീറ്റര്‍ അകലം പാലിച്ച് പൊലീസ് നില്‍ക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസിനെയും വിന്യസിച്ചാണ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. 

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുപ്പ് കാണാനേ പാടില്ല. എന്താണ് കേരളത്തില്‍ സംഭവിക്കുന്നത്?. നേരത്തെ മോദി പൂനെയില്‍ ഒരു പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോഴാണ് കറുപ്പ് കാണാനേ പാടില്ലെന്ന നിലപാട് രാജ്യത്ത് ആദ്യമായി കണ്ടത്‌. മുണ്ടുടുത്തമോദിയാണെന്ന് തങ്ങള്‍ പറഞ്ഞത് ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ നടപടികളെന്നും സതീശന്‍ പറഞ്ഞു. 

കറുത്ത ചുരിദാര്‍ ധരിച്ച് പോകുന്ന പെണ്‍കുട്ടികളെ പോലും പൊലീസ് വണ്ടിയില്‍ പിടിച്ചുകൊണ്ടുപോകുന്നു. ജനുസ് വേറെയാണ് ഇങ്ങോട്ട് വേണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി നാട്ടുകാരെ വെല്ലുവിളിക്കുകയാണ്. ഒരു മുഖ്യമന്ത്രി സഞ്ചരിക്കുന്നതിന്റെ ആഘോഷം കണ്ട് ജനം സ്തംബ്ധരായിരിക്കുകയാണ്. ഇക്കണക്കിന് മുഖ്യമന്ത്രി പുറത്തിറങ്ങാത്തതാണ് നാടിനും മുഖ്യമന്ത്രിക്കും നല്ലത് സതീശന്‍ പറഞ്ഞു. 

മുഖ്യമന്ത്രിക്ക് എല്ലാത്തിനെയും ഭയമാണ്. അദ്ദേഹത്തിന്റെ കണ്ണിലും മനസിലും ഇരുട്ടാണ്. അതുകൊണ്ടാണ് നോക്കുന്നതെല്ലാം കറുപ്പായി തോന്നുന്നത്. ഇനി സംസ്ഥാനത്ത് കറുപ്പ് നിരോധിക്കുമോ എന്നാണ് ഭയപ്പെടുന്നത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പായി ഒരു അവതാരങ്ങളെയും വച്ച് പുറപ്പിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അവതാരങ്ങളെ മുട്ടിയിട്ട് ഈ ഭരണകാലത്ത് നടക്കാന്‍ കഴിയുന്നില്ല. 9ാമത്തെ അവതാരമാണ് പഴയ മാധ്യമപ്രവര്‍ത്തകന്‍. എന്തുകൊണ്ടാണ് പുതിയ അവതാരത്തെ ചോദ്യം ചെയ്യാത്തതെന്നും സതീശന്‍ ചോദിച്ചു.

കരിങ്കൊടി കാണിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് കോടതി വരെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കരിങ്കൊടി കാണിച്ചവരെ പാന്റ്‌സും ഷര്‍ട്ടും ഊരി ലോക്കപ്പില്‍ നിര്‍ത്തുകയാണ് ഈ ഏകാധിപതിയായ മുഖ്യമന്ത്രി ചെയ്യുന്നത്. അങ്ങനെയൊന്നും വിരട്ടാന്‍ വരണ്ടേ. സുരക്ഷാസന്നാഹത്തിന് നടുവില്‍ നിന്നല്ല പ്രതിപക്ഷം പറയുന്നത്. രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്