കേരളം

പദ്മജ, ലിജു, ശ്രീനിവാസന്‍ കൃഷ്ണന്‍?: കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്കു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സുധാകരന്‍ ഇക്കാര്യം അറിയിച്ചത്. 

കെപിസിസിയുടെ സാധ്യതാ പട്ടിക നാളെ ഹൈക്കമാന്‍ഡിനു കൈമാറും. നാളെത്തന്നെ പ്രഖ്യാപനം വരുമെന്നാണ് കരുതുന്നത്. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനു മാനദണ്ഡം തീരുമാനിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റവരെ സ്ഥാനാര്‍ഥി ആക്കരുതെന്ന കെ മുരളീധരന്റെ അഭിപ്രായം ചൂണ്ടിക്കാട്ടിയപ്പോള്‍, മുരളിക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നായിരുന്നു പ്രതികരണം. മുരളീധരന്‍ സോണിയാ ഗന്ധിക്കു കത്തുകൊടുത്തതില്‍ തെറ്റില്ല. കോണ്‍ഗ്രസില്‍ എല്ലാകാലത്തും എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.

പദ്മജ വേണുഗോപാല്‍, എം ലിജു എന്നിവരാണ് കേരളത്തില്‍നിന്നുള്ള പട്ടികയില്‍ ഉള്‍പ്പെടുക എന്നാണ് അറിയുന്നത്. ഹൈക്കമാന്‍ഡിന്റെ പരിഗണനയില്‍ ശ്രീനിവാസന്‍ കൃഷ്ണനും ഉണ്ട്. ഇവരില്‍ ഒരാളെയായിരിക്കും സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയെന്നാണ് സൂചനകള്‍. 

തോറ്റവര്‍ വേണ്ടെന്നു മുരളീധരന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റവരെ രാജ്യസഭാ സ്ഥാനാര്‍ഥികളായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ കത്ത് നല്‍കി. എം ലിജുവിനായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തില്‍ നീക്കം സജീവമായിരിക്കുന്നതിനിടെയാണ്, ലിജുവിനെതിരായ പരോക്ഷ നിലപാട് സ്വീകരിച്ച് മുരളീധരന്‍ രംഗത്തുവന്നത്.

തെരഞ്ഞെടുപ്പില്‍ തോറ്റവരെ രാജ്യസഭയിലേക്കു പരിഗണിക്കരുതെന്ന് മുരളീധരന്‍ കത്തില്‍ പറയുന്നു. തോറ്റവര്‍ അതതു മണ്ഡലങ്ങളില്‍ പോയി പ്രവര്‍ത്തിക്കട്ടെ. രാജ്യസഭയില്‍ ക്രിയാത്മകമായി ചര്‍ച്ചകളില്‍ പങ്കെടുക്കാനാവുന്നവര്‍ ആവണം അംഗങ്ങള്‍ ആവേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു. താന്‍ ലിജുവിന് എതിരല്ലെന്നും എന്നാല്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ പൊതുവായ മാനദണ്ഡം വേണമെന്നും മുരളീധരന്‍ പ്രതികരിച്ചു.

2011ലും 2021ലും അമ്പലപ്പുഴയിലും 2006ല്‍ കായംകുളത്തും നിയമസഭയിലേക്കു മത്സരിച്ചു പരാജയപ്പെട്ട ലിജുവിന് എതിരായ നീക്കമായാണ് മുരളീധരന്റെ നടപടി വിലയിരുത്തപ്പെടുന്നത്.

ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച ശ്രീനിവാസന്‍ കൃഷ്ണനെ എതിര്‍ത്തുകൊണ്ടാണ് സുധാകരന്റെ നേതൃത്വത്തില്‍ ലിജുവിന്റെ പേരു നിര്‍ദേശിച്ചിട്ടുള്ളത്. ഇന്നലെ കെ സുധാകരനൊപ്പം ലിജു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യസഭാ സ്ഥാനാര്‍ഥിയെ സംബന്ധിച്ച തീരുമാനം ഹൈക്കമാന്‍ഡ് അറിയിക്കുമെന്ന് ലിജു ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

യുവാക്കളുമായി സിപിഎമ്മും സിപിഐയും

ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹിമാണ് സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് കൂടി കണക്കിലെടുത്താണ് റഹിമിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. നേരത്തെ 2006 ല്‍ എ എ റഹിം വര്‍ക്കലയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാല്‍ പരാജയപ്പെട്ടു. ഇതിന് ശേഷം റഹിം സംഘടനാ രംഗത്തു പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഇടതുപക്ഷത്തിന് ലഭിക്കുന്ന രണ്ടാമത്തെ സീറ്റില്‍ പി സന്തോഷ്‌കുമാറിനെ സിപിഐ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍.

കേരളത്തില്‍ നിന്നും മൂന്നു പേരാണ് രാജ്യസഭയില്‍ നിന്നും വിരമിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, എല്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാര്‍, സിപിഎമ്മിലെ കെ സോമപ്രസാദ് എന്നിവരാണ് ഒഴിയുന്നത്. ഈ മാസം 31 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്