കേരളം

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസ്സുകാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് അപ്പീല്‍ ഹര്‍ജി പരിഗണിക്കുക. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് സര്‍ക്കാരിന്റെ വാദം

പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യത ഇല്ല. അതിനാല്‍ സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെടുന്നു. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണയ്ക്ക് വിധേയയായ കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. 

കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി പി രജിതയെ ക്രമസമാധാനച്ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. ഡിസംബര്‍ 22 നായിരുന്നു കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പിങ്ക് പൊലീസ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥ സിപി രജിതയാണ് തോന്നയ്ക്കല്‍ സ്വദേശിയായ ജയചന്ദ്രനെയും മകളെയും മൊബൈല്‍ മോഷ്ടാക്കളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. 

മൊബൈല്‍മോഷ്ടിച്ചുവെന്ന ആരോപണം, അന്ന് സംഭവിച്ചത്...

കഴിഞ്ഞ ഓഗസ്റ്റ് 27നാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. ഐഎസ്ആര്‍ഒയുടെ വലിയ വാഹനം കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും എട്ടുവയസ്സുകാരി മകളെയുമാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചത്. അച്ഛനും മകളും തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത ആരോപിച്ചത്.

ഒടുവില്‍ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് മൊബൈല്‍ കണ്ടുകിട്ടി. എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി പെരുമാറിയെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. വിഷയത്തില്‍ ഇടപെട്ട ബാലാവകാശ കമ്മീഷന്‍, പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥയെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് ഡിവൈഎസ്പി നല്‍കിയത്.

തുടര്‍ന്ന് ജയചന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കി. ഓഗസ്റ്റ് 31ന് ഐജി ഹര്‍ഷിത അട്ടല്ലൂരിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപിയുടെ ഉത്തരവിട്ടു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന നിലപാടാണ് ഐജിയും റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ചത്. ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ഐജി പറഞ്ഞത്.

പൊലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ധരിച്ചുള്ള ജോലികളില്‍ നിന്നും ഒഴിവാക്കണമെന്ന് പട്ടികജാതിപട്ടികവര്‍ഗ കമ്മീഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി. എന്നാല്‍ സ്ഥലംമാറ്റത്തില്‍ പൊലീസ് നടപടി അവസാനിപ്പിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍