കേരളം

ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ല, സുരേന്ദ്രന്‍ ആളും തരവും നോക്കി കളിക്കണം: കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ലെന്നും മരിച്ചു കഴിഞ്ഞാലും അയാളുടെ ഓര്‍മ്മകള്‍ ബിജെപിക്കെതിരെ ശബ്ദിച്ചു കൊണ്ടിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനൊപ്പമാണെങ്കിലും തന്റെ മനസ് ബിജെപിയോടൊപ്പമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു കെ സുധാകരന്‍.

തന്റെ മനസ്സ് ബിജെപിക്കൊപ്പം എന്ന സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവര്‍ ഇപ്പോഴും ചിരി നിര്‍ത്തിക്കാണില്ലെന്നും സുരേന്ദ്രന്‍ ആളും തരവും നോക്കി കളിക്കണമെന്നും സുധാകരന്‍ പറഞ്ഞു. എകെജി സെന്ററില്‍ നിന്ന് തന്നെയാണ് സുരേന്ദ്രനും പ്രസ്താവനകള്‍ എഴുതി നല്‍കുന്നത് എന്നതിനുള്ള തെളിവാണ് ഇതെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ നേതാക്കളുടെ മനസിലെ അരക്ഷിതബോധമാണ് സുധാകരന്റെ പ്രസ്താവനയിലൂടെ പുറത്തുവരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ സുധാകരന് എത്രകാലം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നും സുരേന്ദ്രന്‍ ചോദിച്ചു. കെ സുധാകരനെ പോലെ നിരവധി ആളുകള്‍ക്ക് ഈ അഭിപ്രായമുണ്ട്. അവര്‍ ഇക്കാര്യം തുറന്ന് പറയുന്നില്ലേന്നെയുള്ളൂ. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞടുപ്പ് കഴിയുമ്പോള്‍ കേരളത്തിലെ ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളുടെ മനസ് സുധാകരന്റെ മനസ് പോലെയാകുമെന്നും സുരേന്ദ്രന്‍ ചൊവ്വാഴ്ച കോഴിക്കോട്ട് പറഞ്ഞു. ഇതിന് മറുപടി പറയുകയായിരുന്നു കെ സുധാകരന്‍.

'കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കിത്തീര്‍ത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകളെന്ന് സമകാലിക കേരള രാഷ്ട്രീയം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. എന്റെ മനസ്സ് കേരള ജനതയ്‌ക്കൊപ്പമാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെയും പിണറായിയുടെയും സീറ്റുകള്‍ വലിയ തോതില്‍ നഷ്ടപ്പെട്ടു. തൃക്കാക്കരയില്‍ അതിദയനീയമായി രണ്ടുപേരും തോറ്റു. ജോഡോ യാത്രയില്‍ വന്‍ ജനാവലി രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഹൃദയം ചേര്‍ന്നു നടന്നു. ഇതിനെയെല്ലാം സിപിഎമ്മും ബിജെപിയും ഒരു പോലെ ഭയന്നു. ബിജെപിയുടെ സംഹാരാത്മക രാഷ്ട്രീയത്തിനെതിരെ ഇന്ത്യന്‍ മനസ്സാക്ഷിയുണര്‍ത്താനുള്ള രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തോല്‍പ്പിക്കാന്‍ പിണറായി  സുരേന്ദ്ര കക്ഷികളുടെ നെട്ടോട്ടം കേരളം കണ്ടതാണ്. ഇതില്‍നിന്നെല്ലാം മുഖം രക്ഷിക്കാന്‍ എന്റെ പ്രസംഗങ്ങളിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തു രണ്ടുകൂട്ടരും ഒരുമിച്ചു നടത്തുന്ന പന്ത് തട്ടിക്കളിയാണ് കേരളം കാണുന്നത്. കോണ്‍ഗ്രസുകാരെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്ന സുരേന്ദ്രന്റെ വിടുവായിത്തം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു'- സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

'ഇ.ഡിയോട് പോയി പണി നോക്കാന്‍ പറഞ്ഞ സോണിയയുടെയും രാഹുലിന്റെയും അനുയായികളാണ് ഞങ്ങള്‍, അവരെ കണ്ടാല്‍ മുട്ട് വിറക്കുന്നവരല്ല. ബിജെപിയെ സുഖിപ്പിക്കാന്‍ അമിത് ഷായെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള വള്ളംകളിയ്ക്ക് ഞങ്ങള്‍ ക്ഷണിച്ചിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രഥമാതിഥിയായി ഇറക്കിയിട്ടില്ല. ഭരണമികവ് പഠിക്കാന്‍ ന്യൂനപക്ഷ വേട്ടയുടെ നാട്ടിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ അയച്ചിട്ടില്ല. ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ നരേന്ദ്രമോദിയ്ക്കുമുന്നില്‍ ശിരസ്സ് കുനിച്ചിട്ടില്ല. ഇതെല്ലാം ചെയ്ത പിണറായിയും സഖാക്കളുമാണ് സംഘി മനസ്സുള്ളവര്‍ എന്ന് കേരളത്തില്‍ ആര്‍ക്കാണറിയാത്തത്' -സുധാകരന്‍ ആരാഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്