കേരളം

ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നെന്ന് നാട്ടുകാര്‍; ബസ് എത്തിയത് വേളാങ്കണ്ണി ട്രിപ്പിന് ശേഷം; മരിച്ചവരില്‍ അഞ്ചു വിദ്യാര്‍ത്ഥികളും

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍. വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്‌റ്റോപ്പിന് സമീപം വെച്ചാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറിയത്. ബസില്‍ ഇടിച്ചശേഷം ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു.

രണ്ടു മണിക്കൂര്‍ വൈകിയാണ് ബസ് സ്‌കൂളില്‍ നിന്നും യാത്ര പുറപ്പെട്ടതെന്ന് വിനോദയാത്രാസംഘത്തിലുണ്ടായിരുന്ന കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. അഞ്ചു മണിയ്ക്ക് പോകുമെന്ന് പറഞ്ഞ ബസ് സ്‌കൂളില്‍ എത്തിയത് രണ്ടു മണിക്കൂര്‍ വൈകിയാണ്. ശ്രദ്ധിച്ചുപോകണമെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നതായും അപകടത്തില്‍പ്പെട്ട കുട്ടിയുടെ അമ്മ പറഞ്ഞു. വേളാങ്കണ്ണി ട്രിപ്പിന് ശേഷം ബസ് നേരെ സ്‌കൂളിലേക്ക് വിനോദയാത്ര പോകാനായി എത്തുകയായിരുന്നു. ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു. 

ബസ് അമിതവേഗതയിലാണ് പോയതെന്നും, ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ സാരമില്ലെന്ന് ഡ്രൈവര്‍ പറഞ്ഞതായും കുട്ടികള്‍ സൂചിപ്പിച്ചു. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്ന് കെഎസ്ആര്‍ടിസി ഡ്രൈവറും പറഞ്ഞു. അപകടത്തില്‍ അഞ്ചു കുട്ടികളും അധ്യാപകനും കെഎസ്ആര്‍ടിസി ബസിലെ മൂന്നു യാത്രക്കാരുമാണ് മരിച്ചത്.

എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 41 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരും അടക്കം 48 പേരാണ് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസിലുണ്ടായിരുന്നത്. കെഎസ്ആര്‍ടിസി ബസില്‍ 49 യാത്രക്കാരുണ്ടായിരുന്നു.

അപകടത്തിൽ മരിച്ചവർ

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ എല്‍ന ജോസ് ക്രിസ്‌വിന്റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവല്‍, എന്നിവരാണ്. വിഷ്ണു (33) ആണ് മരിച്ച അധ്യാപകന്‍. ദീപു, അനൂപ്, രോഹിത എന്നീ കെഎസ്ആര്‍ടിസിയി ബസിലെ യാത്രക്കാരും അപകടത്തില്‍ മരിച്ചു. 38 പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പരിക്കേറ്റ മറ്റുള്ളവര്‍ പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂര്‍, നെന്മാറ എവൈറ്റീസ്, ക്രസന്റ് ആശുപത്രികളിലും ചികിത്സയിലാണ്. 

ചികിത്സയിലുള്ളവർ

ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളവർ: മുഹമ്മദ് ഹാഷിം (പന്തളം), മനോജ് (കല്ലേപ്പുള്ളി), പ്രവീൺ വർഗീസ് (തിരുപ്പൂർ), വിഷ്ണു (മൂവാറ്റുപുഴ), അബ്ദുൾ റൗഫ് (പൊന്നാനി). തൃശ്ശൂരിൽ ചികിത്സയിലുള്ളവർ: ഹരികൃഷ്ണൻ (22), അമേയ (17), അനന്യ (17), ശ്രദ്ധ (15), അനീജ (15), അമൃത (15), തനുശ്രീ (15), ഹിൻ ജോസഫ് (15), ജനീമ (15), അരുൺകുമാർ (38), ബ്ലെസ്സൻ (18), എൽസിൽ (18), എൽസ (18) തുടങ്ങിയവരാണ്. മന്ത്രിമാരായ കെ രാധാകൃഷ്ണനും എം ബി രാജേഷും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)