കൊച്ചി: കേരള സര്‍ക്കാരിന്റെ പ്രഥമ കേരള ശ്രീ പുരസ്കാരം ലഭിച്ചയാള്‍ താനല്ലെന്ന് ചലച്ചിത്ര സംവിധായകന് ഡോ. ബിജു. പുരസ്കാരം ലഭിച്ചത് ശാസ്ത്രകാരനായ ഡോ. ബിജുവിനാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. മാധ്യമങ്ങളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ കോളുകള്‍ നിരന്തരം വരുന്നത് കൊണ്ടാണ് താന്‍ ഇത് പറഞ്ഞതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
'ആളുകളുടെയും മാധ്യമങ്ങളുടെയും വിളിയും അഭിനന്ദനങ്ങളും ഒട്ടേറെ വരുന്നുണ്ട്. ആ കേരള ശ്രീ ഞാനല്ല എന്ന വിവരം അറിയിച്ചുകൊള്ളട്ടെ അത് വേറെ ഒരു ഡോ ബിജു ആണ്, ശാസ്ത്രകാരന്...ദേശീയ അവാര്‍ഡ് ഒക്കെ കുറെ തവണ കിട്ടിയിട്ടുണ്ടെന്നേ ഉള്ളൂ പക്ഷേ ഒരു സംസ്ഥാന പുരസ്കാരം പോലും ജീവിതത്തില്‍ ഇതേവരെ കിട്ടിയിട്ടില്ലാത്ത ആളാണ്...അപ്പോഴാ സംസ്ഥാനത്തിന്റെ കേരള ശ്രീ...'-അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജുവിന്റെ പ്രതികരണം.
എംടി വാസുദേവന്‍ നായര്‍ക്കാണ് പ്രഥമ കേരള ജ്യോതി പുരസ്കാരം. ഓംചേരി എന്‍എന്‍ പിള്ള, ടി മാധവ മേനോന്, മമ്മൂട്ടി എന്നിവര്‍ കേരള പ്രഭ പുരസ്കാരത്തിനും ഡോ. ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എംപി പരമേശ്വരന്, വെക്കം വിജയലക്ഷ്മി എന്നിവര്‍ കേരള ശ്രീ പുരസ്കാരത്തിനും അര്‍ഹരായി.
വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ടു പേര്‍ക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ചു പേര്‍ക്കുമാണ് നല്‍കുന്നത്. പ്രാഥമിക പരിശോധനാ സമിതി ദ്വിതീയ പരിശോധനാ സമിതി, അവാര്‍ഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് പുരസ്കാര നിര്‍ണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അടൂര്‍ ഗോപാലകൃഷ്ണന്, ടികെഎ നായര്‍, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാര്‍ഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്കാരങ്ങള്‍ക്കായി സര്‍ക്കാരിനു നാമനിര്‍ദേശം നല്‍കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ ഷാരോണ്‍ വധം: ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പ്രതിചേര്‍ത്തു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ