കേരളം

അധ്യാപകര്‍ മുതല്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ വരെ; മയക്കുമരുന്നിന് എതിരെ 'യോദ്ധാക്കളെ' അണിനിരത്താന്‍ പൊലീസ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി പുതിയ പദ്ധതിയുമായി പൊലീസ്. വിദ്യാഭ്യാസ, ആരോഗ്യ, എക്സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹായത്തോടെ സ്‌കൂള്‍, കോളജ്, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് 'യോദ്ധാവ്' എന്ന പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. മയക്കുമരുന്നിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍ മുതലായവരും പദ്ധതിയുടെ ഭാഗമാകും. മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്താനും മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. 

ഇതിന്റെ ഭാഗമായി മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ള ഒരു അദ്ധ്യാപകനെ വീതം എല്ലാ വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കും. ഇത്തരം അധ്യാപകര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം നല്‍കിയശേഷം മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്താനും മയക്കുമരുന്നിനെതിരെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും അവരുടെ സേവനം വിനിയോഗിക്കും. യോദ്ധാവ് എന്നറിയപ്പെടുന്ന ഇത്തരം അദ്ധ്യാപകരുടെ യോഗം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മാസത്തിലൊരിക്കല്‍ വിളിച്ചു ചേര്‍ക്കും. നര്‍ക്കോട്ടിക് സെല്ലിന്റെ ചുമതലയുള്ള ഡിവൈഎസ്പി ആയിരിക്കും നോഡല്‍ ഓഫീസര്‍. 

ജനമൈത്രി വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ പരിശീലനം നല്‍കി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ആയിരം സ്‌കൂളുകളിലെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 88,000 സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സേവനം വിനിയോഗിക്കും.

ജനമൈത്രി പൊലീസിന്റെ സഹായത്തോടെ റസിഡന്‍സ് അസോസിയേഷനുകളില്‍ ആന്റി നര്‍ക്കോട്ടിക് ക്ലബുകള്‍ രൂപീകരിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുമുള്ള ബോധവല്‍ക്കരണത്തിനായി ലഘു ചിത്രങ്ങളും വീഡിയോയും നിര്‍മ്മിക്കും. സൈക്കിള്‍ റാലി, വാക്കത്തോണ്‍, മാരത്തോണ്‍ എന്നിവയിലൂടെയും ബോധവല്‍ക്കരണം നടത്തും. നാടകം, ഫ്‌ലാഷ്‌മോബ്, മാജിക് മുതലായ മാര്‍ഗ്ഗങ്ങളിലൂടെയും മയക്കുമരുന്നിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. വിവിധ സന്നദ്ധസംഘടനകള്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുതലായവയുടെ സഹകരണവും ഇതിനായി തേടും.

മയക്കുമരുന്നിന്റെ ഉപയോഗവും കടത്തും സംബന്ധിച്ച വിവരങ്ങള്‍ സ്വകാര്യമായി പങ്കു വെക്കാനായി ഒരു ഹെല്‍പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തും. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കും. 

ബസ്, ട്രെയിന്‍ മാറ്റുവാഹനങ്ങള്‍ എന്നിവയിലൂടെ മയക്കുമരുന്ന് കടത്തുന്നത് കണ്ടെത്താനായി പൊലീസ് നായ്ക്കളെ ഉപയോഗിച്ച് പരിശോധന നടത്തും. മയക്കുമരുന്ന് കേസില്‍ പെടുന്നവരുടെ ഡാറ്റാബേസ് തയ്യാറാക്കി എല്ലാ പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവെയ്ക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി