കേരളം

ഐടി പാര്‍ക്കുകളില്‍ ചുമട്ടുതൊഴിലാളികള്‍ക്ക് പരിശീലനം; പ്രശ്‌നപരിഹാരത്തിന് തൊഴില്‍ സേവ ആപ്പ്, 'കേരള സവാരി' കൊച്ചിയിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ചുമട്ടുതൊഴില്‍ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി തൊഴില്‍ സേവ ആപ്പ് എന്ന പേരില്‍ മൊബൈല്‍ ആപ്പ് കൊണ്ടുവരുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച പദ്ധതികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.

മാറിയ തൊഴില്‍ വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ചുമട്ടു തൊഴിലാളി സമൂഹത്തെ പരിഷ്‌കരിക്കുന്നതിനും പൊതുസമൂഹത്തിനിടയില്‍ ചുമട്ടു തൊഴിലാളികളോടുള്ള മനോഭാവത്തില്‍ കാതലായ മാറ്റം ഉണ്ടാക്കാനും പദ്ധതി നടപ്പിലാക്കും. ഐടി പാര്‍ക്കുകള്‍, കിന്‍ഫ്ര പാര്‍ക്കുകള്‍, വ്യവസായ എസ്റ്റേറ്റുകള്‍ എന്നിവിടങ്ങളിലെ 25-50 പ്രായ പരിധിയിലുള്ള ചുമട്ടു തൊഴിലാളികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് ത്രിതല പരിശീലനവും പ്രത്യേക യൂണിഫോമും നൂതന സുരക്ഷാ ഉപകരണങ്ങളും നല്‍കും.

കോവിഡ് പശ്ചാത്തലത്തില്‍ സമസ്ത മേഖലയിലും തൊഴില്‍ നഷ്ടവും സാമ്പത്തിക മാന്ദ്യവും സംഭവിക്കുന്ന സാഹചര്യത്തില്‍ പ്രവാസി ക്ഷേമം മുന്‍നിര്‍ത്തി പ്രവാസികള്‍ക്കായി ആരംഭിക്കുന്ന വെര്‍ച്വല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഉദ്ഘാടനം ഉടന്‍ നിര്‍വ്വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയിലെ ഉദ്യോഗദായകര്‍ക്ക് അവരുടെ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന തൊഴിലവസരങ്ങള്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിനും യോഗ്യരായ തൊഴിലന്വേഷകര്‍ക്ക് പ്രസ്തുത അവസരങ്ങള്‍ വിനിയോഗിക്കുന്നതിനും സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം സൃഷ്ടിക്കും.

ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളുടെ ഒന്നാം വാല്യം മേയ് 15നുള്ളില്‍ വിതരണം പൂര്‍ത്തീകരിക്കണമെന്ന് കെബിപിഎസിന് മന്ത്രി നിര്‍ദേശം നല്‍കി. അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ആരോഗ്യ സുരക്ഷാ സൗകര്യങ്ങള്‍ നടപ്പിലാക്കുന്നതിനുമുള്ള പോര്‍ട്ടലിനോടൊപ്പം മൊബൈല്‍ ആപ്ലിക്കേഷനും കൊണ്ടു വരും. കേരളാ സവാരി ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് രണ്ടാം ഘട്ടം എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി