കേരളം

തിരുവമ്പാടിയുടെ മെസി കുട; ഇനിയെന്ത് വേണം! ഇളകിമറിഞ്ഞ് പൂരനഗരി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് വര്‍ണക്കുടകളുയര്‍ത്തി ആവേശം കൊഴിപ്പിച്ചപ്പോള്‍ തൃശൂര്‍ പൂരത്തിനെത്തിയ ജനക്കൂട്ടം ഉന്‍മാദാവസ്ഥയിലെത്തി. പൂര നഗരി അങ്ങനെ ആവേശത്തില്‍ ആഴ്ന്നു നില്‍ക്കുമ്പോള്‍ ദേ വരുന്നു മെസി! തിരുവമ്പാടിയാണ് ലോകകപ്പും ഉയര്‍ത്തി നില്‍ക്കുന്ന ഇതിഹാസത്തിന്റെ കുട ഉയര്‍ത്തിയത്. പിന്നെ പറയണോ പൂരം!ആവേശം അണപൊട്ടിയ ജനക്കൂട്ടം ആര്‍ത്തുവിളിച്ചു. ആരാധകര്‍ ടീ ഷര്‍ട്ട് മുകളിലുയര്‍ത്തി ആവേശത്തിലാറാടി. 

ഗുരുവായൂര്‍ നന്ദനാണ് പാറമേക്കാവിന്റെ ഗജനിരയെ നയിച്ചത്. തിരുവമ്പാടിയുടെ തിടമ്പേറ്റിയത് തിരുവമ്പാടി ചന്ദ്രശേഖരനാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമാണ് തേക്കിന്‍കാട് മൈതാനത്തേക്ക് ഒഴുകിയെത്തിയത്. 

കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തിയതോടെയാണ് തൃശ്ശൂര്‍ പൂരത്തിനാരംഭം കുറിച്ചത്.
പിന്നാലെ പൂരം ആവേശത്തെ കൊടുമുടി കയറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂര നഗരിയില്‍ എത്തി. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയാണ് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരനഗരയില്‍ എത്തിയത്. ആയിരങ്ങളാണ് നെയ്ത്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ ഗജവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വരവ് കാത്തുനിന്നത്.

പൂരത്തെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് നയിച്ച് ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി. ഇത്തവണ പെരുവനം കുട്ടന്‍ മാരാരിന് പകരം മേള പ്രമാണിയായ കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം കൊട്ടിക്കയറിയപ്പോള്‍ താളം പിടിക്കാന്‍ ആയിരങ്ങളാണ് തൃശൂരിലേക്ക് ഒഴുകിയെത്തിയത്. വടക്കുംനാഥ ക്ഷേത്രത്തിലെ ഇലഞ്ഞി മരത്തിന്റെ ചുവട്ടില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്.

രാത്രി 10.30ന് പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പ മാരാര്‍ പ്രമാണിയാകും. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടു കൂടി ആകാശക്കാഴ്ചകള്‍ക്ക് തുടക്കം കുറിക്കും. ആദ്യം തിരുവമ്പാടിയും തുടര്‍ന്ന് പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തും. പകല്‍പ്പൂരത്തിന് ശേഷം ദേവിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂരത്തിന് പരിസമാപ്തിയാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്