കേരളം

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ എട്ടുമാസം കൂടി വേണം; വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയില്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ എട്ട് മാസം കൂടി സമയം അനുവദിക്കണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീംകോടതിയില്‍. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിക്ക് കത്ത് നല്‍കി. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം വെള്ളിയാഴ്ച ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പരിഗണിക്കും.

വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയപരിധി ജൂലൈ 31ന് അവസാനിച്ചിരുന്നു. ഇനിയും ആറ് സാക്ഷികളെ വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുള്ളത്. ഇതിലൊന്ന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റിന്റേതാണ്. ഇതിന് പുറമെ രണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ അഞ്ചു പേരേക്കൂടി വിസ്തരിക്കേണ്ടതുണ്ട്. വിസ്താരം പൂര്‍ത്തിയാകാന്‍ ഏറ്റവും ചുരുങ്ങിയത് മൂന്നു മാസം കൂടി ആവശ്യമെന്നാണ് രേഖകളില്‍നിന്ന് മനസിലാകുന്നതെന്നും വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീം കോടതി നിഷ്‌കര്‍ഷിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ എല്ലാ ശ്രമങ്ങളും കോടതി നടത്തിയിരുന്നതായി കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി എന്ന നിലയില്‍ ഭരണപരമായ മറ്റ് കര്‍ത്തവ്യങ്ങള്‍ കൂടി തനിക്ക് നിര്‍വഹിക്കേണ്ടതുണ്ടെന്ന് ജില്ലാ ജഡ്ജി ഹണി എം വര്‍ഗീസ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അപ്പലേറ്റ് ട്രിബ്യൂണല്‍, എറണാകുളം ജില്ലയിലെ കൊമേഷ്യല്‍ അപ്പലേറ്റ് ഡിവിഷന്‍ എന്നീ ഉത്തരവാദിത്വങ്ങളും ഈ കോടതിക്കുണ്ട്. ഇതിന് പുറമെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി കൂടിയാണ് തന്റേതെന്നും ഹണി എം വര്‍ഗീസ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ വിസ്താരം പൂര്‍ത്തിയായാലും വിധിയെഴുതാന്‍ സമയം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എട്ട് മാസത്തെ സമയം കൂടി തേടുന്നതെന്നും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ആ സീറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല'; രാജ്യസഭ സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ; അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും

നിങ്ങള്‍ വാഹനം ഓടിക്കുന്നവരാണോ? എന്താണ് 'ടെയില്‍ ഗേറ്റിങ്', 3 സെക്കന്‍ഡ് റൂള്‍ അറിയാമോ?

'മമ്മൂട്ടി, മോഹൻലാൽ, തിലകൻ... ഈ ശ്രേണിയിലാണ് ടൊവിനോയും'; പിന്തുണയുമായി മധുപാൽ

മാഞ്ചസ്റ്ററിനെ വീഴ്ത്തി, ഗണ്ണേഴ്‌സ് പ്രീമിയര്‍ ലീഗ് കിരീടത്തിന് അരികെ; തൊട്ടു പിന്നാലെ സിറ്റി

ഇന്ത്യന്‍ സേന പിന്‍വാങ്ങി; ഇപ്പോള്‍ വിമാനം പറത്താന്‍ ആളില്ല: മാലദ്വീപ്