കേരളം

കൗണ്ടറിൽ നിന്നെടുത്ത ടിക്കറ്റ് ഓൺലൈനായി റദ്ദായി, യാത്രക്കാരിയെ ട്രെയിനിൽ നിന്ന് ഇറക്കിവിട്ടു; പരാതിയുമായി യുവതി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൗണ്ടറിൽ നിന്ന് നേരിട്ടെടുത്ത ട്രെയിൻ റിസർവേഷൻ ടിക്കറ്റ് ഓൺലൈനായി റദ്ദാക്കിയെന്ന് പറ‍ഞ്ഞ് യാത്രക്കാരിയെ ഇറക്കിവിട്ടെന്ന് പരാതി. യാത്രക്കാരി റെയിൽവേ സ്റ്റേഷൻ കൗണ്ടറിലെത്തി പണം നൽകി എടുത്ത ടിക്കറ്റ് മറ്റൊരാൾ റദ്ദാക്കി. ഇതറിയാതെ ട്രെയിനിൽ കയറിയ യാത്രക്കാരിയെ ടിടിഇമാരും ആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്ന് ഇറക്കിവിട്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. 

ജൂലൈ 30ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിലാണു സംഭവം നടന്നത്. തൃശൂർ വടക്കാഞ്ചേരി സ്വദേശിനി കെ ജയ സ്മിതയാണ് റെയിൽവേ ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർക്കു പരാതി നൽകിയത്. തിരുവനന്തപുരത്തു സോഫ്റ്റ്‌വെയർ എൻജിനീയറാണ് സ്മിത. അതേസമയം സ്മിതയെ ട്രെയിനിൽ നിന്ന് ഇറക്കിവിട്ടെന്ന ആരോപണം റെയിൽവേ നിഷേധിച്ചു. 

ജൂലൈ 22ന് റെയിൽവേ സ്റ്റേഷനിൽ എത്തിയാണ് സ്മിത ജൂലൈ 30നു  വടക്കാഞ്ചേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കു വരാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തത്. എസ് 4 കംപാർട്മെന്റിലെ 41–ാം നമ്പർ സീറ്റാണ് ലഭിച്ചത്. ഇതനുസരിച്ച് 30-ാം തിയതി രാത്രി ഒൻപതരയോടെ വടക്കാഞ്ചേരിയിൽ നിന്നു ട്രെയിനിൽ കയറി സീറ്റിലെത്തിയപ്പോൾ അവിടെ മറ്റൊരാൾ കിടക്കുന്നതു കണ്ടു. ഇതോടെ സ്മിത ടിടിഇയെ വിളിച്ചു. അപ്പോഴാണ് ടിക്കറ്റ് റദ്ദാക്കിയതായി കാണിക്കുന്നുവെന്നും പിഴ അടച്ചുമാത്രമേ യാത്ര തുടരാനാകൂ എന്നും ടിടിഇ അറിയിച്ചത്. ടിക്കറ്റ് റദ്ദാക്കിയിട്ടില്ലെന്നും പിഴ അടയ്ക്കാൻ തയാറല്ലെന്നും സ്മിത പറഞ്ഞതോടെ മറ്റ് ടിടിഇമാരും ആർപിഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇവർ മോശമായി സംസാരിച്ചെന്നും സ്മിത പരാതിയിൽ ആരോപിച്ചു. 

ട്രെയിൻ ആലുവയിലെത്തിയപ്പോൾ എന്നെ വലിച്ചിറക്കി സ്റ്റേഷനിൽ കൊണ്ടുപോയി അനധികൃത യാത്രക്കാരിയാണെന്ന് ആരോപിച്ചു കേസെടുത്തു, സ്മിത പറഞ്ഞു. മറ്റൊരു ട്രെയിനിൽ കയറിയാണ് ഇവർ തിരുവനന്തപുരത്തെത്തിയത്. ഇതേതുടർന്നാണ് സ്മിത ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർക്കു പരാതി നൽകിയത്. ടിക്കറ്റെടുത്തപ്പോൾ സേമിത നൽകിയ ഫോൺ നമ്പർ തെറ്റായി വായിച്ച് എന്റർ ചെയ്ത ജീവനക്കാരൻ ഫോൺ നമ്പറിലെ മൂന്ന് എന്ന അക്കത്തിന് പകരം അഞ്ച് എന്ന് ടൈപ്പ് ചെയ്തെന്നും ആ നമ്പറിലേക്ക് കൺഫർമേഷൻ മെസേജ് അയച്ചപ്പോൾ ടിക്കറ്റ് റദ്ദാക്കിയതാകാമെന്നുമാണ് അധികൃതര്‌ പറയുന്നത്. എന്നാൽ താൻ എഴുതിയ സ്ലിപ്പിൽ വ്യക്തമായി നമ്പർ എഴുതിയിട്ടുണ്ടെന്ന് സ്മിത പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മറ്റൊരു ഇന്ത്യൻ പൗരനും അറസ്റ്റിൽ

കൊച്ചി മെട്രോ ഫീഡര്‍ ഓട്ടോ 'ഡിജിറ്റലായി'; തിങ്കളാഴ്ച മുതല്‍ സേവനം

കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി വരുന്നു?; തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന നേതൃത്വത്തിനും വെല്ലുവിളി, റിപ്പോര്‍ട്ട്

നിർണായക പോരിന് പന്ത് ഇല്ല; ‍ഡൽഹിയെ അക്ഷർ പട്ടേൽ നയിക്കും

ആരോഗ്യനില മോശമായി; എസ് എം കൃഷ്ണ ഐസിയുവില്‍