കേരളം

'സപ്ലൈക്കോയെക്കുറിച്ച് നടക്കുന്നത് കുപ്രചാരണം; സാധനങ്ങളില്ലെന്നു ബോധപൂർവം തെറ്റിദ്ധാരണ പരത്തുന്നു'- മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സപ്ലൈക്കോയുടെ പ്രവർത്തനത്തെക്കുറിച്ച് വലിയ കുപ്രചാരണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സാധനങ്ങളില്ലെന്ന പേരിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഏത് കടയിലും ചില സാധനങ്ങൾ ചില ദിവസങ്ങളിൽ ഉണ്ടായില്ലെന്നു വരാം. ഇക്കാര്യത്തിൽ ബോധപൂർവം തെറ്റിദ്ധാരണ പരത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. സപ്ലൈക്കോ ഓണം മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ജനോപകാരപ്രദമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സപ്ലൈക്കോ. അതു ജനങ്ങൾക്കു അറിയാം. എന്നാൽ അങ്ങനെയല്ല എന്നു വരുത്തേണ്ടത് ചിലരുടെ ആവശ്യമാണ്. ചില നിക്ഷിപ്ത താത്പര്യക്കാർ ഇതിനായി കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്. സപ്ലൈക്കോയുടെ പ്രവർത്തനത്തെക്കുറിച്ചു അവമതിപ്പ് ഉണ്ടാക്കുന്നതിനായി വലിയ തോതിലുള്ള കുപ്രചാരണമാണ് അഴിച്ചു വിടുന്നത്. അതിന്റെ ഭാ​ഗമാണ് ഔട്ട്ലെറ്റിൽ സാധനങ്ങളില്ലെന്ന പ്രചാരണം. പ്രതിപക്ഷത്തിന്റെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തന്നെയാണ് ഇതു ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

2016 മുതൽ സപ്ലൈക്കോയിൽ 13 ഇനങ്ങൾക്കു ഒരേ വില നിലനിർക്കുകയാണ്. ഇവ നിത്യോപയോ​ഗ സാധനങ്ങളാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ സംസ്ഥാനത്താണ് ഏറ്റവും കുറഞ്ഞ വിലക്കയറ്റ തോത് നിലനിൽക്കുന്നത്. ഫലപ്രദമായ ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചു നിർത്താൻ സംസ്ഥാനത്തിനു കഴിഞ്ഞു. എന്നാൽ വില തീരെ കയറിയില്ല എന്നല്ല. ദേശീയ തലത്തിൽ ചില്ലറ വിൽപ്പന അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തിന്റെ തോത് ജൂലൈ മാസത്തിൽ 7.44 ശതമാനം എന്ന അസാധാരണ നിലയിലേക്ക് ഉയർന്നു. വില വർധന തടുത്തു നിർത്താൻ ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ കേന്ദ്ര സർക്കാർ നടത്തുന്നില്ല. 

ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളത്തിൽ ഈ വിലക്കയറ്റത്തിന്റെ വലിയ പ്രതിഫലനം ഉണ്ടാകേണ്ടതാണ്. എന്നാൽ വിലക്കയറ്റ തോത് ദേശീയ ശരാശരിയേക്കാൾ താഴ്ന്ന തോതിൽ നിർത്താൻ സംസ്ഥാനത്തിനു കഴിയുന്നു എന്നത് എല്ലാ കണക്കുകളും വ്യക്തമാക്കുന്നു. ജനങ്ങൾക്കു ആശ്വാസം നൽകുന്നതിനായി നിരന്തരം സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ ഫലമാണ് വിലക്കയറ്റ തോത് ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ നിലയിൽ നിലനിർത്താൻ സാധിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ

കാണാതായത് ഒരാഴ്ച മുൻപ്; ആളൂരിലെ പൊലീസുകാരനെ ത‍ഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

കുഴിനഖം നിസാരമല്ല; അണുബാധയ്‌ക്ക് വരെ കാരണമാകാം, വീട്ടിലെ പൊടിക്കൈകൾ അറിയാം

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; മുമ്പ് വന്നവരും വരാത്തവരും ഒരുപോലെ ശ്രദ്ധിക്കണം