കേരളം

സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിക്ക് ഇന്ന് തുടക്കം;  നടപ്പാക്കുക 15896.03 കോടി രൂപയുടെ പദ്ധതികള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള മൂന്നാം നൂറുദിന കര്‍മപരിപാടിക്ക് ഇന്ന് തുടക്കം. ഫെബ്രുവരി 10 മുതല്‍ നൂറു ദിവസം കൊണ്ട് 15896.03 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുട്ടത്തറയില്‍ 400 വീടുകളുടെ ശിലാസ്ഥാപനത്തോടെ പദ്ധതികള്‍ക്ക് തുടക്കമാകും. 

ആകെ 1284 പ്രോജക്റ്റുകള്‍ നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15896.03 കോടി രൂപ അടങ്കലും 4,33,644 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും ഈ നൂറുദിന പരിപാടിയില്‍ ലക്ഷ്യമിടുന്നു. സംസ്ഥാന വികസനത്തിന് ഗതിവേഗം കൂട്ടുന്ന പദ്ധതികള്‍ ഇതിലൂടെ യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

പശ്ചാത്തല വികസന പരിപാടികളും നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പുതലത്തിലുള്ള വിശദ വിവരങ്ങള്‍ പരിപാടിയുടെ ഭാഗമായുള്ള വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. നൂറുദിനങ്ങളില്‍ പുനര്‍ഗേഹം പദ്ധതി പ്രകാരം വിവിധ ജില്ലകളില്‍ ആയിരത്തോളം ഭവനങ്ങളുടെ താക്കോല്‍ദാനവും നടത്തും. ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂര്‍ത്തീകരണം നൂറുദിന പരിപാടിയില്‍ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 

മെയ് 17 ന് കുടുംബശ്രീ സ്ഥാപക ദിനം ആചരിക്കും. കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കും. വ്യവസായ വകുപ്പിന്റെ പദ്ധതിയായ  ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 2,80,934 പ്രത്യക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ജലവിഭവ വകുപ്പ് 1879.89 കോടിയുടെയും, പൊതുമരാമത്ത് വകുപ്പില്‍ 2610.56 കോടിയുടെയും, വൈദ്യുതി വകുപ്പില്‍ 1981.13 കോടിയുടെയും, തദ്ദേശസ്വയംഭരണ വകുപ്പ് 1595.11 കോടിയുടെയും അടങ്കലുള്ള പരിപാടികളാണ് നടപ്പിലാക്കുന്നത്. 

പച്ചക്കറി ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് അത്യുല്‍പ്പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉല്‍പ്പാദനവും വിതരണവും ആരംഭിക്കും. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി വയനാട് സെന്റര്‍ ഓഫ് എക്‌സലന്‍സ് കാര്‍ഷിക വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കും. ബ്രഹ്മപുരം സൗരോര്‍ജജ പ്ലാന്റിന്റെ ഉദ്ഘാടനം ഈ കാലയളവില്‍ നടത്തും. 275 മെഗാവട്ട് വൈദ്യുതി ഉല്‍പ്പാദനശേഷിയുള്ള പദ്ധതിയാണിത്.

പാലക്കാട് ജില്ലയിലെ നടുപ്പതി ആദിവാസി മേഖലകളില്‍ വിദൂര ആദിവാസി കോളനികളില്‍ മൈക്രോ ഗ്രിഡ് പദ്ധതി ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 500 ഏക്കര്‍ തരിശുഭൂമിയില്‍ 7 ജില്ലകളില്‍ ഒരു ജില്ലക്ക് ഒരു വിള അനുയോജ്യമായ പദ്ധതി നടപ്പാക്കുന്നതാണ്. ഫ്‌ളോട്ടിംഗ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി ഏകജാലക അനുമതി സംവിധാനം ഏര്‍പ്പെടുത്തും. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു