കേരളം

'പലസ്തീന്‍ പുഴുങ്ങി ഉരുട്ടി കഴിക്കാന്‍ പറ്റുമോ?'; സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമമെന്ന് കെ സുരേന്ദ്രന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീടില്ലാത്തവര്‍ക്കെല്ലാം വീടു കൊടുക്കുമെന്നു പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ തട്ടിപ്പു നടത്തുകയണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കുട്ടനാട്ടില്‍ കടക്കെണിയില്‍പ്പെട്ട കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കെ.സുരേന്ദ്രന്റെ ആരോപണം. ലൈഫ് പദ്ധതിയില്‍ വീടിനുള്ള പണം സര്‍ക്കാര്‍ നല്‍കാത്തതിനാല്‍ ഓമല്ലൂരില്‍ ഗോപി എന്നയാള്‍ ജീവനൊടുക്കിയത് പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ കര്‍ഷകര്‍ക്കും പാവങ്ങള്‍ക്കും രക്ഷയില്ലെന്നു തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

വീടിനു വേണ്ടിയുള്ള ഏഴു ലക്ഷം പേരുടെ അപേക്ഷകളാണ് സര്‍ക്കാരിന്റെ കയ്യില്‍ കെട്ടിക്കിടക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് അപേക്ഷകള്‍ ആവര്‍ത്തിച്ചു വാങ്ങിക്കുന്നതല്ലാതെ ആര്‍ക്കും സര്‍ക്കാര്‍ വീടു കൊടുക്കുന്നില്ല. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി (അര്‍ബന്‍) പ്രകാരം 1,66,752 വീട് അനുവദിച്ചതില്‍ 1,16,116 പൂര്‍ത്തിയായി. റൂറലില്‍ 14,812 വീട് അനുവദിച്ചു. എന്നാല്‍ സംസ്ഥാനം പിഎംഎവൈ പദ്ധതി അട്ടിമറിക്കുകയും ലൈഫ് പദ്ധതി പ്രകാരം പണം കൊടുക്കാതിരിക്കുകയും ചെയ്യുന്നു സുരേന്ദ്രന്‍ പറഞ്ഞു. 

''കേരളീയം, ഹെലികോപ്റ്റര്‍, വിദേശയാത്രകള്‍ എന്നൊക്കെ പറഞ്ഞ് കോടികള്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കുകയാണ്. നെല്‍കര്‍ഷകന് നെല്ലിന്റെ സംഭരണത്തിലെ 75 ശതമാനം തുകയും കേന്ദ്ര സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ സംസ്ഥാന വിഹിതം നല്‍കാത്ത പിണറായി സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പണം നല്‍കുന്നുമില്ല. കര്‍ഷകര്‍ക്ക് ബാങ്ക് ലോണ്‍ പോലും കിട്ടാത്തതിനു കാരണം ഇതാണ്. ഭവന നിര്‍മാണ പദ്ധതിയിലും ആയുഷ്മാന്‍ ഭാരതിന്റെ കാര്യത്തിലും ഇതു തന്നെയാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ ചില്ലിക്കാശില്ല. എന്നാല്‍ കേന്ദ്രം അനുവദിക്കുന്ന തുക ചെലവഴിക്കുന്നുമില്ല. ഏറ്റവും കൂടുതല്‍ റെവന്യൂ ഡെഫിസിറ്റി ഗ്രാന്‍ഡ് ലഭിച്ചത് കേരളത്തിനാണ്. കേന്ദ്ര സഹായം ഇല്ലെങ്കില്‍ കേരളം പട്ടിണിയാവും. കേരളത്തില്‍ ധനകാര്യ മിസ് മാനേജ്‌മെന്റാണ്. 40,000 കോടിയെങ്കിലും സംസ്ഥാനം നികുതി പിരിക്കാനുണ്ട്. മാസപ്പടി കൊടുക്കുന്നവരായതു കൊണ്ടാണ് വന്‍കിടക്കാരില്‍ നിന്നും നികുതി പിരിക്കാത്തത്. എന്നാല്‍ സാധാരണക്കാരന്റെ നെഞ്ചത്തു കയറുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതെല്ലാം മറച്ചുവയ്ക്കാനാണ് പിണറായി കോഴിക്കോട് പലസ്തീന്‍ സമ്മേളനം നടത്തിയത്. പലസ്തീന്‍ പുഴുങ്ങി ഉരുട്ടി കഴിക്കാന്‍ പറ്റുമോ? ഹമാസ് ഉരുട്ടി വിഴുങ്ങാന്‍ പറ്റുമോ?'' സുരേന്ദ്രന്‍ വിമര്‍ശിച്ചു.

പലസ്തീന്‍, ഹമാസ് എന്നൊക്കെ പറഞ്ഞാല്‍ പാവപ്പെട്ടവര്‍ക്ക് അരിവാങ്ങാനാവില്ല. കര്‍ഷകര്‍ക്ക് ലോണ്‍ ലഭിക്കില്ല. ഹമാസ് നടത്തിയ ആക്രമണങ്ങളെ എന്താണ് മുഖ്യമന്ത്രി കാണാത്തത്? ഇസ്ലാമിക ഭീകരവാദം ലോകത്ത് മുഴുവനുണ്ട്. എന്നാല്‍ പ്രീണന രാഷ്ട്രീയം മാത്രം പറയുന്ന മുഖ്യമന്ത്രി അത് കാണുന്നില്ല. പാലസ്തീന്‍ സമ്മേളനങ്ങള്‍ എന്താണ് കോഴിക്കോട് മാത്രം നടത്തുന്നത്? എന്തുകൊണ്ടാണ് മറ്റ് മതസ്ഥരായ പുരോഹിതരെ ഇതിലേക്ക് വിളിക്കാത്തത്? ജനവിരുദ്ധ നയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമമാണ് ഇത്തരം സമ്മേളനങ്ങളിലൂടെ സര്‍ക്കാര്‍ നടത്തുന്നതെന്നും സുരേന്ദന്‍ പറഞ്ഞു. 

കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിയുടെ നവകേരളയാത്രയ്ക്കു കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ ബിജെപി തടയും. സിപിഎമ്മിന്റെ അജണ്ടയില്‍ വീഴുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. തലയില്‍ ആള്‍ത്താമസമില്ലാത്ത പ്രതിപക്ഷമാണ് കോണ്‍ഗ്രസിന്റേതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്