മലയാളം വാരിക

ലയിച്ചില്ലാതായത് 38,000 തൊഴില്‍; കേരളത്തില്‍ പൂട്ടുന്നത് 394 ശാഖകള്‍

സമകാലിക മലയാളം ഡെസ്ക്

ഏപ്രില്‍ ഒന്നിനു സ്റ്റേറ്റ് ബാങ്കുകള്‍ ലയിച്ചതോടെ ഒറ്റയടിക്കു നഷ്ടപ്പെട്ടത് 38,000 തൊഴില്‍ സാധ്യതകള്‍. കേരളത്തില്‍ മാത്രം ഒരു വര്‍ഷത്തിനിടെ പൂട്ടാന്‍ പോകുന്നത് 394 ബാങ്ക് ശാഖകള്‍. രാജ്യത്തൊട്ടാകെ ഇല്ലാതാകുന്നത് 1600 ശാഖകള്‍. തൊഴില്‍ നഷ്ടപ്പെടില്ലെന്നും ഒരു ശാഖപോലും പൂട്ടില്ലെന്നുമുള്ള മുന്‍ പ്രചാരണങ്ങള്‍ക്കു വിരുദ്ധമായ നീക്കങ്ങള്‍ എസ്.ബി.ഐ സ്വീകരിക്കുകയാണെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. 
എസ്.ബി.ഐയിലേയും അസോഷ്യേറ്റ് ബാങ്കുകളിലേയുമായി 12,000 പേര്‍ക്കു സ്വയം വിരമിക്കല്‍ (വി.ആര്‍.എസ്) കത്ത് നല്‍കുമെന്നു സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ സ്ഥിരീകരിച്ചു. ഇതു ജീവനക്കാരുടെ സംഘടനകളെ അറിയിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. ഇതിനു പുറമെ ഈ വര്‍ഷം 13,000 പേര്‍ വിരമിക്കും. അവര്‍ക്കു പകരം നിയമനം ഉണ്ടാകില്ല. അടുത്ത ഒരു വര്‍ഷത്തേക്കു പുതിയ നിയമനവും ഉണ്ടാകില്ലെന്നും എസ്.ബി.ഐ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. 
എസ്.ബി.ഐ ഓരോ തവണയും 2,000 പ്രോബേഷണറി ഓഫിസര്‍മാരേയും 12,000 വരെ കഌക്കുമാരേയുമാണ് നിയമിച്ചു വന്നിരുന്നത്. അസോഷ്യേറ്റ് ബാങ്കുകള്‍ എല്ലാം ചേര്‍ന്നും ഇതിന്റെ പകുതിനിയമനം ഒരു വര്‍ഷം നടത്തിയിരുന്നു. ഫലത്തില്‍ 38,000 ജീവനക്കാരുടെ എണ്ണമാണ് ഒറ്റവര്‍ഷം കൊണ്ട് എസ്.ബി.ഐ വെട്ടിക്കുറയ്ക്കുന്നത്. എസ്.ബി.ഐക്കു മാത്രം 2.07 ലക്ഷം ജീവനക്കാരാണ് ഉള്ളത്. ലയിക്കുന്ന അഞ്ച് അസോഷ്യേറ്റ് ബാങ്കുകള്‍ക്കു ചേര്‍ന്ന് 75,000 ജീവനക്കാരുമുണ്ട്. ആകെ 2.82 ലക്ഷം ജീവനക്കാര്‍ എന്നത് ഒരു വര്‍ഷം കൊണ്ട് 2.44 ലക്ഷമായി കുറയുമെന്നാണ് എസ്.ബി.ഐയുടെ കണക്ക്. 
ജീവനക്കാരുടെ എണ്ണം കുറയുന്നതിനു പുറമെ ശാഖകളുടെ എണ്ണവും കുത്തനെ കുറയും. എസ്.ബി.ഐക്കു മാത്രം 16,784 ശാഖകള്‍ ഉണ്ട്. അസോഷ്യേറ്റ് ബാങ്കുകള്‍ക്ക് എല്ലാം ചേര്‍ന്ന് 7,000. ഇതില്‍ 1,600 ശാഖകള്‍ ഒരു വര്‍ഷം കൊണ്ട് ഇല്ലാതാകുമെന്ന് എസ്.ബി.ഐ മാനേജിങ് ഡയറക്ടര്‍ രജനീഷ് കുമാര്‍ പറഞ്ഞു. പക്ഷേ, എണ്ണം കുറയ്ക്കുന്നതിനെ വെട്ടിച്ചുരുക്കലായി എടുക്കേണ്ടതില്ലെന്നും രജനീഷ് വിശദീകരിച്ചു. ഭാവിയില്‍ വികസനത്തിന്റെ ഭാഗമായി എസ്.ബി.ഐ കൂടുതല്‍ ശാഖകള്‍ തുറക്കുന്നതോടെ എണ്ണത്തില്‍ കുറവുണ്ടാകില്ലെന്നാണ് വിശദീകരണം. കേരളത്തില്‍ മാത്രം എസ്.ബി.ടിയുടെ 204 ശാഖകള്‍ പൂട്ടേണ്ടി വരുമെന്നു ജീവനക്കാരുടെ സംഘടനകളെ ബാങ്ക് നേരത്തെ അറിയിച്ചിരുന്നു. മൂന്നു മാസം മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇവ പൂട്ടുമെന്നായിരുന്നു വിശദീകരണം. എന്നാല്‍, യഥാര്‍ത്ഥത്തില്‍ കേരളത്തിലെ 394 ബാങ്ക് ശാഖകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇല്ലാതാക്കുന്നതിനുള്ള പദ്ധതിയാണ് എസ്.ബി.ഐ ആസ്ഥാനത്തു തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടു മാത്രം നാലായിരത്തോളം തൊഴില്‍ അവസരങ്ങളാണ് കുറയുന്നത്. 

കേരളത്തില്‍ പൂട്ടുന്ന 
ശാഖകളില്‍ തീരുമാനം

ബാങ്ക് ലയനത്തെ തുടര്‍ന്നു കേരളത്തില്‍ 204 ശാഖകള്‍ ഇല്ലാതാകും എന്ന വിവരം മാത്രമാണ് ഇതുവരെ ചര്‍ച്ചയായത്. അത് എസ്.ബി.ടി ജീവനക്കാരുടെ സംഘടനയെ എസ്.ബി.ഐ മാനേജ്‌മെന്റ് അറിയിച്ച വിവരമായിരുന്നു. 204 എന്നതു കേരളത്തില്‍ അടയ്‌ക്കേണ്ടി വരുന്ന എസ്.ബി.ടി ശാഖകളുടെ മാത്രം എണ്ണമാണ്. ഇതിനു പുറമെ എസ്.ബി.ഐയുടെ തന്നെയും മറ്റ് അസോഷ്യേറ്റ് ബാങ്കുകളുടേയും 190 ശാഖകള്‍ കൂടി കേരളത്തില്‍ പൂട്ടും. നിലവില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിനു കേരളത്തില്‍ ഒന്‍പതു ശാഖകള്‍ ഉണ്ട്. എറണാകുളത്ത് മൂന്ന്, കോഴിക്കോട് രണ്ട്, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഒന്നുവീതം എന്നിങ്ങനെയാണവ. സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാലയ്ക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനീര്‍ ആന്‍ഡ് ജയ്പ്പൂരിനും രണ്ടു ശാഖകള്‍ വീതം കേരളത്തിലുണ്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിനു 15 ശാഖകള്‍ ആണുള്ളത്. ഇവയ്‌ക്കെല്ലാം പുറമെ എസ്.ബി.ഐയുടെ ശാഖകളില്‍നിന്നു കൂടി പൂട്ടാന്‍ തീരുമാനിച്ചതോടെയാണ് 394 എണ്ണത്തിന്റെ കുറവു വരുന്നത്.
സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിനു കേരളത്തില്‍ 1368 ശാഖകളാണ് ഉള്ളത്. അതില്‍ 394 എണ്ണം പൂട്ടാന്‍ തീരുമാനിച്ചതോടെ ശാഖകളുടെ എണ്ണത്തില്‍ വരുന്ന കുറവ് 28 ശതമാനമാണ്. ആറുമാസത്തിനുശേഷം കൂടുതല്‍ ശാഖകള്‍ പൂട്ടിയേക്കും എന്ന സൂചനയും എസ്.ബി.ഐ മാനേജ്‌മെന്റ് നല്‍കുന്നുണ്ട്. 394 എണ്ണം അടയ്ക്കുന്നതോടെ സ്‌റ്റേറ്റ് ബാങ്ക് ശാഖകളുടെ എണ്ണം കേരളത്തില്‍ 974 ആയി കുറയും. 

ശാഖകളും നിക്ഷേപവും
(കേരളത്തിലുള്ള സ്‌റ്റേറ്റ് ബാങ്ക് ശാഖകളും അവയിലെ നിക്ഷേപവും. 2016 ഡിസംബര്‍ 31 വരെയുള്ള കണക്ക്. നിക്ഷേപം കോടി രൂപയില്‍)

ബാങ്ക്     ശാഖകള്‍   നിക്ഷേപം
സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനിര്‍ ആന്‍ഡ് ജയ്പൂര്‍293.63
സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്9363.68
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ48347534.36
സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍15421.93
സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല22.46
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍85785371.53
ആകെ1368133807.59

(അവലംബം: സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി)

സ്റ്റേറ്റ് ബാങ്ക് ലയനത്തോടെ ബാങ്കിങ് രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങളില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ടെങ്കിലും തൊഴില്‍രംഗത്തു വലിയ തിരിച്ചടി ഉണ്ടാകും എന്നുതന്നെയാണ് കണക്കുകള്‍ പറയുന്നത്. എസ്.ബി.ഐയിലും എസ്.ബി.ടിയിലും കേരളത്തില്‍ ജോലിചെയ്തിരുന്ന മലയാളികളെയും ഇതു കാര്യമായി ബാധിക്കും. ഇത്രയും കാലം ഉറപ്പുള്ള തൊഴില്‍ എന്നു കരുതിയിരുന്ന ബാങ്കിങ് രംഗത്തുനിന്നു പ്രത്യക്ഷത്തില്‍ത്തന്നെ അയ്യായിരത്തോളം തൊഴില്‍ കേരളത്തില്‍ കുറയും. വരുംവര്‍ഷങ്ങളിലെ നിയമനത്തില്‍ ഉണ്ടാകുന്ന കുറവുകള്‍ ഇതിനു പുറമെ വരും. ലേ ഓഫ് പോലുള്ള നടപടികള്‍ ബാങ്ക് സ്വീകരിക്കുന്നില്ലെങ്കിലും വി.ആര്‍.എസ് പ്രഖ്യാപനം തന്നെ പിരിച്ചുവിടല്‍ തന്നെയാണ്. അന്‍പതു വയസ്സുകഴിഞ്ഞവര്‍ക്കും 20 വര്‍ഷത്തിനുമേല്‍ സര്‍വ്വീസ് ഉള്ളവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ പിരിഞ്ഞുപോകാനുള്ള നിര്‍ദ്ദേശം പോയിരിക്കുന്നത്. 12,000 ജീവനക്കാരാണ് ഇപ്പോള്‍ ഈ പരിധിയില്‍ വരുന്നത്. ഇവര്‍ വിരമിക്കുന്നതോടെ പുതിയ തൊഴില്‍ സാധ്യത സൃഷ്ടിക്കപ്പെടുന്നില്ല എന്നതാണ് വലിയ പ്രതിസന്ധിയെന്ന് എസ്.ബി.ടി എംപ്‌ളോയീസ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന കെ.എസ്. കൃഷ്ണ പറയുന്നു. 
എസ്.ബി.ടിയുടെ 204 ശാഖകള്‍ കേരളത്തില്‍ അടയ്ക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ 59 ശാഖകളാണ് പൂട്ടുന്നത്. തമിഴ്‌നാട്ടില്‍ എസ്.ബി.ടിക്കുള്ള മൊത്തം 160 ശാഖകളില്‍ മൂന്നിലൊന്നിലേറെയാണ് പൂട്ടാന്‍ തീരുമാനിച്ചത്. ബാങ്ക് ലയനം പൂര്‍ത്തിയാകുന്നതോടെ തൊഴില്‍രംഗത്തുണ്ടാകുന്ന പ്രതിസന്ധിക്കു പുറമെയാണ് സാമ്പത്തികരംഗത്ത് ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍. സ്‌റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന് ആകെ കേരളത്തില്‍ ഉള്ള 1368 ശാഖകളില്‍ ഉള്ള നിക്ഷേപം 1.33 ലക്ഷം കോടി രൂപയാണ്. മറ്റെല്ലാ ദേശസാല്‍കൃത ബാങ്കുകള്‍ക്കും കൂടി കേരളത്തില്‍ 2233 ശാഖകള്‍ ഉണ്ട്. അവയ്ക്കുള്ള നിക്ഷേപം പക്ഷേ, 1.05 ലക്ഷം കോടി രൂപമാത്രമാണ്. കേരളത്തിലെ ദേശസാല്‍കൃത ബാങ്കുകളിലെ നിക്ഷേപത്തിന്റെ പകുതിയിലേറെ ഇനി എസ്.ബി.ഐ എന്ന ഒറ്റ ബാങ്കിലേക്കു വരികയാണ്. അതാണ് സാമ്പത്തികരംഗത്തെ പുതിയ ആശങ്കയ്ക്കു കാരണമാകുന്നതും. എസ്.ബി.ഐയുടെ വായ്പകളും സാമ്പത്തിക ഉല്‍പ്പന്നങ്ങളും ദേശീയ കാഴ്ചപ്പാടിലുള്ളതാണ്. വായ്പകളില്‍ ഏറെയും കോര്‍പ്പറേറ്റ് വായ്പകളുമാണ്. എന്നാല്‍ കേരളത്തിന്റെ ഗ്രാമീണ മേഖലയെ താങ്ങിനിര്‍ത്തിയിരുന്നത് എസ്.ബി.ടി ആയിരുന്നു. 

വായ്പയിലെ അന്തരം
(കേരളത്തില്‍ എസ്.ബി.ടിയും എസ്.ബി.ഐയും നല്‍കിയിരുന്ന വായ്പകള്‍. 2016 ഡിസംബര്‍ 31-ലെ കണക്ക് കോടി രൂപയില്‍)

വായ്പഎസ്.ബി.ടിഎസ്.ബി.ഐ
ചെറുകിട വ്യവസായ വായ്പ2315.52308.64
സൂക്ഷ്മവ്യവസായ വായ്പ2245.89598.46

 എസ്.ബി.ടിയുടെ വായ്പാ മുന്‍ഗണനയും എസ്.ബി.ഐയുടെ വായ്പാ മുന്‍ഗണനയും തമ്മിലുള്ള വ്യത്യാസമാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെറുകിട വ്യവസായങ്ങള്‍ക്ക് എസ്.ബി.ടി നല്‍കിയിരുന്നതിന്റെ നാലിലൊന്നു തുക മാത്രമാണ് കേരളത്തില്‍ എസ്.ബി.ഐ നല്‍കിയിരുന്നത്. സംയോജിത എസ്.ബി.ഐ അതിന്റെ ബാങ്കിങ് നയത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുമെന്നു പ്രഖ്യാപിച്ചിട്ടുമില്ല. ലയനത്തോടെ ലോകത്തെ അന്‍പതു ബാങ്കുകളില്‍ ഒന്ന് എന്ന നിലയിലേക്ക് എസ്.ബി.ഐ എത്തും. ശാഖകളുടെ എണ്ണത്തില്‍ ചൈനയിലെ ഐ.സി.ബി.സിക്കു ശേഷം രണ്ടാമത് എത്തുകയും ചെയ്യും. രാജ്യാന്തരവിപണി തന്നെയാണ് എസ്.ബി.ഐ ഇതോടെ ലക്ഷ്യമിടുന്നത്. കേരളം പോലുള്ള ചെറുകിട സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്നതും ഇതുതന്നെയാണ്. 

ലയനം പൂര്‍ത്തിയാകാന്‍
45 ദിവസം

എസ്.ബി.ടിയുടെ മുഴുവന്‍ ശാഖകളിലും വായ്പാ വിതരണം ഒരു മാസത്തോളമായി നിലച്ചമട്ടായിരുന്നു. ഏപ്രില്‍ 15 മുതല്‍ പുതിയ ശാഖകളില്‍നിന്നു വായ്പകള്‍ വിതരണം ചെയ്യും എന്നാണ് പ്രഖ്യാപനമെങ്കിലും അവ എസ്.ബി.ഐ നയങ്ങള്‍ക്ക് അനുസരിച്ചുള്ളതാകും എന്നാണു വ്യക്തമായ സൂചന. അസോഷ്യേറ്റ് ബാങ്കുകളുടെ എല്ലാ വായ്പാ ഉല്‍പ്പപന്നങ്ങളും ശാഖകളില്‍ തുടരും എന്നാണ് എസ്.ബി.ഐ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, എസ്.ബി.ഐയുടെ ബാങ്കിങ് ഉല്‍പ്പന്നങ്ങള്‍ തന്നെയാകും ഇനി ലഭ്യമാവുക എന്നു രേഖകള്‍ വ്യക്തമാക്കുന്നു. ഇത് ഇടപാടുകാര്‍ക്ക് ഒരേസമയം ഗുണവും ദോഷവും ഉണ്ടാക്കുന്ന തീരുമാനമാണ്. പലിശയുടെ കാര്യത്തിലുള്ള ഇളവാണ് ഗുണകരമായി വരിക. എസ്.ബി.ടി ഉള്‍പ്പെടെയുള്ള അസോഷ്യേറ്റ് ബാങ്കുകള്‍ ഈടാക്കുന്നതിനേക്കാള്‍ അരശതമാനം വരെ കുറഞ്ഞ പലിശയ്ക്കാണ് എസ്.ബി.ഐ വായ്പ നല്‍കുന്നത്. നിലവില്‍ അസോഷ്യേറ്റ് ബാങ്കുകളില്‍നിന്നു വായ്പ എടുത്തിട്ടുള്ളവര്‍ക്ക് അതു പുതുക്കുന്ന ഘട്ടത്തില്‍ കുറഞ്ഞ പലിശ നിരക്കിലേക്കു മാറാന്‍ കഴിയും. ദേശവ്യാപകമായ സാന്നിധ്യം ഉണ്ട് എന്നതിനാല്‍ രാജ്യത്തെവിടെയും സ്വാതന്ത്ര്യത്തോടെ ബാങ്കിങ് നടത്താം എന്നതാണ് രണ്ടാമത്തെ നേട്ടം. പക്ഷേ, ഇവയെല്ലാം കൃത്യമായി മാസശമ്പളമോ വരുമാനമോ ഉള്ള ആളുകള്‍ക്കു മാത്രം ഗുണകരമായ കാര്യമാണ്. സാധാരണക്കാര്‍ ആശ്രയിക്കുന്ന വായ്പകള്‍ വ്യാപകമായി വിതരണം ചെയ്തിരുന്ന എസ്.ബി.ടിയുടെ നയം തുടരും എന്നു പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് പുതിയ നയപ്രഖ്യാപനം വ്യക്തമാക്കുന്നത്. കോര്‍പ്പറേറ്റ് വായ്പകള്‍ ലക്ഷ്യമിട്ടുള്ള പ്രചാരണം ബാങ്ക് ആരംഭിക്കുകയും ചെയ്തു.
ഇപ്പോഴത്തെ സമയക്രമം അനുസരിച്ച് അതിവേഗമാകും ലയന നടപടികള്‍ പൂര്‍ത്തിയാവുക. റിസര്‍വ്വ് ബാങ്ക് മൂന്നു മാസമാണ് എസ്.ബി.ഐക്ക് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, മൂന്നാഴ്ചകൊണ്ടുതന്നെ 90 ശതമാനം ജോലികളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് എസ്.ബി.ഐ ഡപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ മൃത്യുഞ്ജയ മഹാപാത്ര പറഞ്ഞു. നിലവില്‍ 100 കോടി അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് എസ്.ബി.ഐ സര്‍വറിന് ഉള്ളത്. ഇപ്പോഴത്തെ കണക്ക് അനുസരിച്ചു ലയിച്ചുവന്ന ബാങ്കില്‍ 75 കോടി അക്കൗണ്ടുകള്‍ ഉണ്ട്. ഇതിന്റെ ഇരട്ടി കൈകാര്യം ചെയ്യാനുള്ള ശേഷി ഒരുക്കുന്നതിന്റെ ഭാഗമായി 200 കോടി അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന സര്‍വറാണ് സ്ഥാപിക്കുന്നത്. ഏപ്രില്‍ 20–നും 25–നും ഇടയിലുള്ള ദിവസങ്ങളില്‍ അസോഷ്യേറ്റ് ബാങ്കുകളുടേയും എസ്.ബി.ഐയുടേയും സര്‍വറുകള്‍ യോജിപ്പിക്കുന്ന ജോലി പൂര്‍ത്തിയാകും. മേയ് 15 ആകുന്നതോടെ പൂര്‍ണതോതില്‍ ഒറ്റബാങ്കായി പ്രവര്‍ത്തനം തുടങ്ങും. ഒക്‌ടോബര്‍ ഒന്നുമുതല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പൂട്ടല്‍ പ്രാവര്‍ത്തികമാകും. പൂട്ടുക എന്നതിനു പകരം റീ ലൊക്കേഷന്‍ എന്നാണ് എസ്.ബി.ഐ ഇതിനു പേരിട്ടിരിക്കുന്നത്. അസോഷ്യേറ്റ് ബാങ്കുകള്‍ക്കും എസ്.ബി.ഐക്കും ശാഖകളുള്ള സ്ഥലങ്ങളില്‍ ഒരെണ്ണം നിലനിര്‍ത്തി ബാക്കിയുള്ളവയാണ് പൂട്ടുക. പൂട്ടുന്ന ശാഖകള്‍ പ്രവര്‍ത്തനം ഇല്ലാത്ത മേഖലയില്‍ ഭാവിയില്‍ തുടങ്ങും എന്ന പദ്ധതി വിവരിച്ചാണ് റീ ലൊക്കേഷന്‍ അഥവാ സ്ഥാനചലനം എന്ന പേര് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ ശാഖകള്‍ രണ്ടുവര്‍ഷത്തിനകം തുടങ്ങാനുള്ള പദ്ധതികളൊന്നും എസ്.ബി.ഐ പ്രഖ്യാപിച്ചിട്ടില്ല. 
എറണാകുളം എം.ജി റോഡില്‍ എസ്.ബി.ടിക്കും എസ്.ബി.ഐക്കും എല്ലാ സൗകര്യങ്ങളുമുള്ള വിശാലമായ ശാഖകളുണ്ട്. എസ്.ബി.ഐയുടെ ശാഖ എം.ജി റോഡ് എന്ന പേരില്‍ത്തന്നെ നിലനിര്‍ത്തിയ ശേഷം എസ്.ബി.ടി ശാഖ ഇപ്പോള്‍ എസ്.ബി.ഐ മെട്രോ സ്‌റ്റേഷന്‍ ശാഖ എന്നു പേരുമാറ്റിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഈ രണ്ടു ശാഖകളില്‍ ഒന്ന് പൂട്ടാനുള്ള പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. എസ്.ബി.ഐക്കു നിലവിലുള്ള ശാഖയാണോ പേരുമാറ്റിയ എസ്.ബി.ടി ശാഖയാണോ പൂട്ടുക എന്ന കാര്യത്തില്‍ ജീവനക്കാര്‍ക്കും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എസ്.ബി.ടിയിലെ ഇപ്പോഴത്തെ ഭൂരിപക്ഷം ജീവനക്കാരെയും സംബന്ധിച്ചിടത്തോളം ലയനം നീണ്ടകാലമായി തലയ്ക്കു മുകളില്‍ തൂങ്ങിക്കിടന്ന ഒരു വാളായിരുന്നു. 1984–ല്‍ ആണ് ആദ്യ ലയനനീക്കം നടക്കുന്നത്. 33 വര്‍ഷത്തിനുശേഷം ലയനം പൂര്‍ത്തിയാകുമ്പോള്‍ ഇപ്പോഴുള്ള ജീവനക്കാരിലേറെയും ഏതു സമയവും ഈ തീരുമാനം പ്രതീക്ഷിച്ചു കഴിഞ്ഞവര്‍ തന്നെയാണ്. ഇപ്പോഴുള്ള ജീവനക്കാര്‍ക്കു ലയനംകൊണ്ടു കാര്യമായ നഷ്ടമില്ല; അപൂര്‍വ്വം ചിലര്‍ക്കു ദൂരസ്ഥലത്തേക്കു മാറ്റത്തിന്റെ ഭീഷണി ഒഴിച്ചുനിര്‍ത്തിയാല്‍. എസ്.ബി.ടിയേക്കാള്‍ മെച്ചപ്പെട്ട സേവനവ്യവസ്ഥകള്‍ ഉള്ള സ്ഥാപനത്തിലേക്കാണ് അവര്‍ ചേരുന്നത്. മാത്രമല്ല, സാധാരണക്കാര്‍ക്കു വായ്പ നല്‍കി അതു തിരിച്ചുപിടിക്കാന്‍ നടത്തേണ്ടിവന്നിട്ടുള്ള പൊല്ലാപ്പുകളും അത്ര തീവ്രതയില്‍ എസ്.ബി.ഐയില്‍ ഉണ്ടാകില്ല. കാരണം, അവിടെ കൂടുതല്‍ കോര്‍പ്പറേറ്റ് വായ്പകളാണ്. നഷ്ടം വലിയ പൊതുമേഖലാ ബാങ്കില്‍ തൊഴില്‍ പ്രതീക്ഷിച്ചിരുന്ന തലമുറയ്ക്കാണ്, ഒപ്പം എന്താവശ്യത്തിനും ധൈര്യപൂര്‍വ്വം വായ്പയെടുത്തിരുന്ന സാധാരണക്കാര്‍ക്കും. 

(സമകാലിക മലയാളം വാരിക ഏപ്രില്‍ 10 ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി