ലേഖനം

നടന്നു തീര്‍ത്ത വഴികളിലൂടെ വീണ്ടും നടക്കുമ്പോള്‍: യുകെ കുമാരന്‍ എഴുതുന്നു

യു.കെ. കുമാരന്‍

    1973 മാര്‍ച്ചിലെ  ഏതോ ഒരു ദിവസത്തിലെ  വൈകുന്നേരമാണ്  എന്റെ ജനനമെന്ന്  തോന്നുന്നു. അന്ന് എനിക്ക് ഇരുപത്തിമൂന്ന് വയസ്സായിരുന്നു. എറണാകുളം എം.ജി. റോഡിലെ  കോണ്‍ഗ്രസ്സ് ഹൗസിലെ ഒരു മുറിയിലിരുന്നു പുറത്തേക്കു നോക്കുമ്പോള്‍ മഹാരാജാസ് കോളേജിന്റെ ഗ്രൗണ്ട് വ്യക്തമായി കാണാന്‍  കഴിയും. ഗ്രൗണ്ട് മുഴുവന്‍ വൈകുന്നേരത്തെ  മഞ്ഞവെയില്‍ പരന്നുകിടപ്പുണ്ട്. അന്നതിന് പ്രത്യേകമായ ഒരു തിളക്കമുണ്ടെന്നും എനിക്ക് തോന്നി.  ആ തിളക്കം എന്റെ ഉള്ളിലേക്ക് കൂടി നീണ്ടെത്തുന്നുണ്ടായിരുന്നു. അതാണ് ഒരു പുതിയ ജനനത്തിലേക്ക് എന്നെ എത്തിച്ചത്.

ആ മുറി ഞാന്‍ ഒരിക്കല്‍ക്കൂടി വീക്ഷിച്ചു. മനോഹരമായ കയറിന്റെ പരവതാനി നിലത്തു വിരിച്ചിരിക്കുന്നു.  ഒരു ചാരുകസേര. കൊതുകുവലയിട്ട കട്ടില്‍. ഫൈബറിന്റെ മെത്ത. ഇനി മുതല്‍ എനിക്ക് ഉറങ്ങുവാനുള്ള മുറി. എനിക്കപ്പോഴും  വിശ്വസിക്കുവാന്‍ കഴിയുമായിരുന്നില്ല.  ഇന്നലെ വരെ എന്തായിരുന്നു എന്റെ അവസ്ഥ? സദാ കൊതുകുകള്‍ പാറിനടക്കുന്ന, ദുര്‍ഗന്ധം നിറഞ്ഞ ഒരു ലോഡ്ജ്മുറിയില്‍ വിദൂരസൗഹൃദമുള്ള ഒരു സുഹൃത്തിന്റെ  കാരുണ്യത്തില്‍ ഏതാണ്ട് വെറും നിലത്താണ് ഞാന്‍ കിടന്നിരുന്നത്. ആ സാഹചര്യത്തില്‍ ഞാന്‍ എത്തിപ്പെടുകയായിരുന്നു. ബിരുദം പൂര്‍ത്തിയാക്കിയപ്പോള്‍ തുടര്‍പഠനം എന്തുവേണമെന്ന് എനിക്ക് ചിന്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പത്രപ്രവര്‍ത്തനം പഠിക്കണമെന്ന് മുന്‍പേ തീരുമാനിച്ചിരുന്നതാണ്.  അതില്‍ എന്തെങ്കിലും ചിലത് ചെയ്യാന്‍ കഴിയുമെന്ന്  ഞാന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ അച്ഛനോ വീട്ടിലുള്ള മറ്റുള്ളവര്‍ക്കോ എന്റെ നാട്ടുകാര്‍ക്കോ അതില്‍ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. പത്രപ്രവര്‍ത്തനം അങ്ങനെ പഠിക്കേണ്ട ഒന്നാണെന്ന് അവര്‍ക്കറിയില്ലായിരുന്നു.  നാട്ടില്‍ അതിനുള്ള മാതൃകകളുമില്ല.  എറണാകുളത്ത്  മാത്രമേ അക്കാലത്ത് പത്രപ്രവര്‍ത്തന കോഴ്സുള്ളൂ. പത്രപ്രവര്‍ത്തനകോഴ്സിലേക്ക് എന്നെ തെരഞ്ഞെടുത്തപ്പോള്‍ വളരെ വാശിപിടിച്ചപ്പോള്‍ മാത്രമാണ് അച്ഛന്‍ എന്നെ പോകാന്‍ അനുവദിച്ചത്. മാതൃഭൂമിയില്‍ അക്കാലത്ത് ജോലി ചെയ്തിരുന്ന സി.എച്ച്. ഹരിദാസ് മാതൃഭൂമി സ്റ്റഡിസര്‍ക്കിള്‍ കോ-ഓര്‍ഡിനേറ്ററായിരുന്നു.  നല്ല സാഹിത്യരുചിയുണ്ട് അദ്ദേഹത്തിന്. യൂത്ത് കോണ്‍ഗ്രസ്സിന്റെ  സംസ്ഥാനനേതാവു കൂടിയാണ്. പത്രപ്രവര്‍ത്തനകോഴ്സ് തെരഞ്ഞെടുക്കാന്‍ എന്റെ സുഹൃത്ത് കൂടിയായ ഹരിദാസിന്റെ പ്രേരണകൂടിയുണ്ടായിരുന്നു. പത്രപ്രവര്‍ത്തനക്ലാസ്സ് വൈകീട്ടാണ്. പകല്‍നേരങ്ങളില്‍ എന്തുചെയ്യുമെന്ന ചിന്ത എന്നെ വല്ലാതെ അലട്ടുകയുണ്ടായി. ഹരിദാസ് അപ്പോഴും ഒരു മാര്‍ഗ്ഗം പറഞ്ഞുതന്നു. ''കെ.പി.സി.സി. പുതിയൊരു പ്രസിദ്ധീകരണം ആരംഭിക്കാന്‍ പോകുന്നു. അവിടെ എന്തെങ്കിലും സാധ്യത ഉണ്ടോ എന്ന് അന്വേഷിക്കാം. കെ.പി.സി.സി. പ്രസിഡന്റ് ആന്റണിക്ക് കത്തെഴുതാം.  നീ പോയി കണ്ടാല്‍ മതി.''  എനിക്ക് ആശ്വാസമായി.
    എറണാകുളത്തേക്ക് പോകാന്‍ പുറപ്പെട്ടപ്പോള്‍ അച്ഛന്‍ പറഞ്ഞു: ''പോകുന്നതൊക്കെ ശരിതന്നെ. പക്ഷേ കാശൊന്നും ഞാന്‍ തരില്ല.''
    അച്ഛന്‍ എന്നെ നിരുത്സാഹപ്പെടുത്തുകയാണ് എന്ന് മനസ്സിലായി. ഹരിദാസിന്റെ ഒരു കത്തില്‍ വിശ്വാസമര്‍പ്പിച്ചു ഞാന്‍ പറഞ്ഞു: ''അച്ഛനെ ഞാന്‍ ബുദ്ധിമുട്ടിക്കില്ല. ചെലവിനൊക്കെ ഞാന്‍ വഴി കണ്ടെത്തിക്കൊള്ളാം.'' വീട്ടില്‍നിന്നും ഇറങ്ങുമ്പോള്‍പ്പോലും എന്റെ ഭാവിയെക്കുറിച്ച് എനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല.  എങ്കിലും ഒന്നുറപ്പിച്ചിരുന്നു, ''ഇനി അച്ഛനെ ആശ്രയിക്കില്ല.''
    എന്നെ അത്ഭുതപ്പെടുത്തി എന്നോടൊപ്പം അച്ഛനും എറണാകുളത്തേക്ക്  യാത്ര തിരിച്ചു. മലബാര്‍ എക്സ്പ്രസ്സിന്റെ തിങ്ങിനിറഞ്ഞ കമ്പാര്‍ട്ടുമെന്റില്‍ എറണാകുളം വരെ നിന്നാണ്  ഞങ്ങള്‍ യാത്ര ചെയ്തത്. ഉറക്കമിളച്ച്.  എറണാകുളത്ത് എന്താണ് ഞാന്‍ ചെയ്യുന്നതെന്ന് അറിയാനാകും അച്ഛന്‍ വന്നതെന്ന്  തോന്നി. പത്രപ്രവര്‍ത്തനക്ലാസ്സ്  നടക്കുന്ന ഭാരതീയ വിദ്യാഭവനില്‍ അച്ഛന്‍ വന്നു. വൈകീട്ട് തിരിച്ചു നാട്ടിലേക്ക് പോകുമ്പോള്‍ കുറേ പണം എടുത്ത് അച്ഛന്‍ എന്റെ കയ്യിലേക്ക് വെച്ചു തന്നു. 
''ഇതിരിക്കട്ടെ.''
പെട്ടെന്ന്  ഒട്ടും ആലോചിക്കാതെ ഞാന്‍ അതു വാങ്ങി. എന്നിട്ട് പറഞ്ഞു:
''ഇനി ചോദിക്കില്ല.''
അപ്പോള്‍ അച്ഛന്റെ കണ്ണുകള്‍ നിറയുന്നതായി ഞാന്‍ കണ്ടു. കോഴിക്കോട്ടേക്കുള്ള ബസ്സില്‍ കയറുന്നതുവരെ ഞങ്ങളൊന്നും സംസാരിച്ചില്ല. ബസ് കയറുന്നതിന് മുന്‍പായി അച്ഛന്‍ എന്റെ തോളില്‍ ഒന്നമര്‍ത്തിപ്പിടിച്ചു. പിന്‍വശത്തെ വാതിലിലൂടെ അകത്തേക്ക്  കയറുമ്പോള്‍, തോളിലിട്ട രണ്ടാംമുണ്ട് കൊണ്ട് മുഖം തുടയ്ക്കുന്നതും കണ്ടു. സൈഡ് സീറ്റിലാണ് അച്ഛന്‍ ഇരുന്നത്.  അപ്പോള്‍ പടിഞ്ഞാറുനിന്നും സൂര്യപ്രകാശം അച്ഛന്റെ മുഖത്തേക്കടിക്കുന്നുണ്ടായിരുന്നു.  അന്നേരം കണ്ണുകളില്‍ നനവിന്റെ തിളക്കം- അച്ഛന്‍ കരയുകയാണ്.

യുകെ കുമാരന്‍


    തനിച്ചായപ്പോള്‍ ഞാന്‍ ഒറ്റപ്പെട്ടതുപോലെ തോന്നി.  എനിക്ക് തീരെ പരിചയമില്ലാത്ത ഒരു നഗരത്തിലാണ് ഞാനുള്ളത്. ഇനിയുള്ള കുറച്ചുകാലം ഇവിടെത്തന്നെ. അച്ഛനെ ആശ്രയിക്കില്ല എന്നു ഞാന്‍ തീരുമാനിച്ചതാണ്. അത് പാലിക്കണമെന്നും നിര്‍ബന്ധമുണ്ട്. ഹരിദാസിന്റെ വാക്കുകളാണ് മുമ്പിലുള്ള ഏക ആശ്രയം. കെ.പി.സി.സി. പ്രസിഡന്റിന് അയാള്‍ കത്തയച്ചു കാണും.  പ്രസിഡന്റിനെ പോയി കാണുക എന്നതാണ്  അടുത്ത പരിപാടി.  മഹാരാജാസ് കോളേജ് ഗ്രൗണ്ടിന്റെ തെക്ക് വശത്താണ്  കെ.പി.സി.സി. ഓഫീസ്. കോണ്‍ഗ്രസ് ഹൗസ് എന്നാണ് അറിയപ്പെടുക. അവിടെ ചെന്നു അദ്ദേഹത്തെ കാണുക. ചെല്ലുമ്പോള്‍ പ്രസിഡന്റ് ഓഫീസില്‍ ഉണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ പോയിരിക്കുകയാണ്. എന്നു വരുമെന്ന് ആര്‍ക്കും പറയാനും കഴിഞ്ഞില്ല. എന്തുചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി. നിരാശയോടെ മടങ്ങുമ്പോള്‍ മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല.  ജെട്ടിക്കടുത്ത കാനന്‍ഷെഡ് റോഡിലെ മാരുതിവിലാസം ലോഡ്ജിലാണ്  ഞാന്‍ മുറിയെടുത്തത്. താരതമ്യേന ചെറിയ വാടകയുള്ള ഒരിടമായിരുന്നു അത്. സ്വാതന്ത്ര്യസമരക്കാലത്ത് പ്രമുഖരായ പലരും താമസിച്ചിരുന്ന ഒരു സ്ഥലമായിരുന്നു അതെന്ന്  ഞാന്‍ പിന്നീട് മനസ്സിലാക്കി. അച്ഛന്‍ പോകുമ്പോള്‍ തന്ന പണം മാത്രമേ കയ്യിലുള്ളൂ. അതു തീര്‍ന്നുകഴിഞ്ഞാല്‍ എന്തു ചെയ്യണമെന്ന് അറിയില്ല. കെ.പി.സി.സി. പ്രസിഡന്റിനെ കാണുന്നതുവരെ  അതുകൊണ്ട് ഒപ്പിക്കണം.  കണ്ടു കഴിഞ്ഞാല്‍ ഒരു വഴി തെളിയുമെന്ന്  മനസ്സ് മന്ത്രിക്കുന്നു. എറണാകുളം നഗരത്തിന് ചുറ്റും ധാരാളം  ദ്വീപുകളുണ്ട്. അവിടേക്കൊക്കെ ബോട്ടുകളും. ചുരുങ്ങിയ യാത്രാനിരക്കേയുള്ളൂ.  എല്ലായിടവും ചുറ്റിക്കാണാന്‍ ഞാന്‍ തീരുമാനിച്ചു. കായലിലൂടെയുള്ള യാത്ര അതീവ സുന്ദരമായിരുന്നു. കാലത്ത് മുഴുവന്‍, മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്  ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. ജെട്ടിയില്‍ കാണുന്ന ഒരു ബോട്ടില്‍ കയറും. വൈകീട്ട് ക്ലാസ്സ്  തുടങ്ങാറാവുമ്പോള്‍ തിരിച്ചെത്തും. ക്ലാസ്സ് വിട്ടു കഴിഞ്ഞാല്‍ ചിലപ്പോള്‍ കെ.പി.സി.സി. ഓഫീസിലേക്ക് പോകും.  പ്രസിഡന്റ് ഉണ്ടോ എന്നറിയാന്‍. ഒരു നാള്‍ അവിടെയുള്ള പ്രായമായ ഒരാള്‍ എന്നോടു പറഞ്ഞു: ''നിങ്ങളിങ്ങനെ ദിവസവും വരണമെന്നില്ല. ഒരു കത്തും അഡ്രസ്സും തന്നാല്‍ മതി. പ്രസിഡന്റിന് കൊടുക്കാം.  അദ്ദേഹം വന്നാല്‍ അറിയിക്കും'' അങ്ങനെ ചെയ്താല്‍ മറുപടി ലഭിക്കുമോ? വിശ്വാസമുണ്ടായിരുന്നില്ല. എങ്കിലും പറഞ്ഞത് അനുസരിക്കാമെന്ന് വിചാരിച്ചു.  പ്രസിഡന്റിന്  ഒരു കത്തെഴുതി.  ഭാരതീയ വിദ്യാഭവന്റെ മേല്‍വിലാസവും കൊടുത്തു.
    

കയ്യിലുള്ള പണം തീര്‍ന്നുവരികയായിരുന്നു. ലോഡ്ജില്‍ ഇനി ഇങ്ങനെ  അധികകാലം താമസിക്കാന്‍ കഴിയില്ല. പ്രസിഡന്റിനെ കാണുന്നതുവരെ പിടിച്ചുനിന്നേ പറ്റൂ. അദ്ദേഹത്തെ കണ്ടിട്ടും മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും തുറന്നു കിട്ടുന്നില്ലെങ്കിലോ? അതിനപ്പുറത്തേക്ക്  ആലോചിക്കാന്‍ തുനിഞ്ഞില്ല.  ക്ലാസ്സ് അവസാനിപ്പിച്ചു തിരിച്ചു നാട്ടിലേക്ക് പോകുന്ന അവസ്ഥ എനിക്ക് സങ്കല്പിക്കാന്‍പോലും കഴിയുന്നില്ല.  ഇപ്പോള്‍ എന്റെ മുന്‍പിലുള്ള ഏക അത്താണി കെ.പി.സി.സി. പ്രസിഡന്റാണ്.  അദ്ദേഹത്തെ  കാണുന്നതുവരെ എങ്ങനെയെങ്കിലും  പിടിച്ചു നില്‍ക്കണം.  ഒരു ദിവസം ക്ലാസ്സ്  കഴിഞ്ഞു, രാത്രി സുഭാഷ് പാര്‍ക്കിലിരിക്കുമ്പോള്‍ യാദൃച്ഛികമായി നാട്ടുകാരനായ ഒരു സുഹൃത്തിനെ കണ്ടുമുട്ടി.  അയാള്‍ ട്രാന്‍സ്പോര്‍ട്ടില്‍ ക്ലാര്‍ക്കാണ്.  കലൂരിലെ ഒരു ലോഡ്ജില്‍ താമസം. ഒരു നാണവും കൂടാതെ ഞാന്‍ ചോദിച്ചു: ''നിങ്ങളുടെ കൂടെ വരട്ടെ. കുറച്ചു ദിവസത്തേക്ക് മുറിയില്‍ തങ്ങാന്‍ അനുവദിക്കണം.''
വിസമ്മതഭാവത്തില്‍ തെല്ലു നേരം അയാള്‍ മിണ്ടാതിരുന്നു.  എന്നാല്‍ എന്റെ  ദയനീയമായ അവസ്ഥ തിരിച്ചറിഞ്ഞിട്ടാകാം അയാള്‍ പറഞ്ഞു:
''എന്റെ മുറിയിലുള്ള ആള് നാട്ടില്‍ പോയിരിക്ക്യാണ്. അയാള്‍ വരുന്നതുവരെ അവിടെ കൂടാം''

ആശ്വാസമായി. ലോഡ്ജില്‍നിന്നും കുറച്ചു ദിവസത്തേക്ക് മാറി നില്‍ക്കണമെന്നേ ആഗ്രഹിച്ചിരുന്നുള്ളൂ.  അത്രയും ദിവസത്തെ വാടക കൊടുക്കേണ്ടതില്ലല്ലോ. കലൂര്‍ ആസാദ് റോഡില്‍ പശുത്തൊഴുത്തുകള്‍ക്കടുത്തായിരുന്നു അയാളുടെ ലോഡ്ജ്. വളരെ ഇടുങ്ങിയ  ഒരു മുറി. അതില്‍ രണ്ടു കട്ടിലുകള്‍.  നിന്നുതിരിയാന്‍ സ്ഥലമില്ല. എന്നാല്‍ അതിന്റെ  പരിമിതികളെക്കുറിച്ചൊന്നും ഞാനോര്‍ത്തതേയില്ല.  തല്‍ക്കാലത്തേക്കെങ്കിലും ഒരാശ്വാസമായല്ലോ.  ഓരോ ദിവസവും ക്ലാസ്സിലേക്ക്  പോകുമ്പോള്‍ ഞാന്‍ വിചാരിക്കും കെ.പി.സി.സി. ഓഫീസില്‍നിന്നും ഇന്ന് കത്ത് വന്നിട്ടുണ്ടാകും. എന്നാല്‍ തപാല്‍ വെക്കുന്നിടത്ത് എനിക്ക് ഒരു കത്തുപോലും  ഉണ്ടായിരുന്നില്ല. ഓരോ ദിവസം കഴിയുന്തോറും എന്റെ കയ്യിലുള്ള പണം കുറഞ്ഞുവരികയുമാണ്. പണം ഇല്ലാതായാല്‍ കടം ചോദിക്കാന്‍ പറ്റിയ ഒരാള്‍പോലും എറണാകുളത്തില്ല. തിരിച്ചു നാട്ടിലേക്കു പോയേ പറ്റൂ. അതോര്‍ത്തപ്പോള്‍ ചങ്കിടിപ്പ് കൂടിവന്നു. എന്നാല്‍ ഒരു വിസ്മയം പോലെ ഒരു ദിവസം ക്ലാസ്സില്‍ ചെന്നപ്പോള്‍ അമ്പരപ്പിച്ചുകൊണ്ട്  എനിക്കൊരു കത്ത് കണ്ടു. പുറത്ത് കെ.പി.സി.സി. ഓഫീസിന്റെ മുദ്രയുണ്ട്. ഞാന്‍ കവര്‍ വലിച്ചു കീറി.  വെള്ള ലെറ്റര്‍ പാഡില്‍ നീലമഷിയില്‍ കുനുകുനാ കയ്യക്ഷരം ''എന്നെ വന്നു കാണുക, ആന്റണി'' - വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അന്ന് ക്ലാസ്സിലിരിക്കാതെ ഞാന്‍ കെ.പി.സി.സി. ഓഫീസിലേക്കോടി. പ്രസിഡന്റ് അവിടെ ഉണ്ടായിരുന്നു.  അകത്തെന്തോ കാര്യമായ ചര്‍ച്ച നടക്കുകയാണ്. അതു കഴിഞ്ഞാലേ കാണാനാവൂ. അദ്ദേഹത്തെ കാണാന്‍ ഞാന്‍ മുറിക്കു പുറത്തു നിന്നപ്പോള്‍ എന്റെ മനസ്സില്‍ പലതരം വികാരങ്ങള്‍ തിളച്ചുമറിയുകയായിരുന്നു. എന്തായിരിക്കും അദ്ദേഹം പറയുക? ആദ്യമായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. എനിക്ക് ഏറെ ആദരവു തോന്നിയ അപൂര്‍വ്വം ചില കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. സി.എച്ച്. ഹരിദാസ് അടക്കമുള്ള കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ അദ്ദേഹത്തെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ ഒരു യഥാര്‍ത്ഥ ഗാന്ധിയന്‍ എന്ന പ്രതീതിയാണ് എന്നില്‍ സൃഷ്ടിച്ചത്. എനിക്ക് വന്ന കത്ത് അദ്ദേഹം സ്വന്തം കയ്യക്ഷരത്തില്‍ എഴുതിയതാണെന്ന് വ്യക്തം.  വായിച്ചാല്‍ മനസ്സിലാകാത്ത കുനുകുനയുള്ള കയ്യക്ഷരത്തെക്കുറിച്ച് എവിടെയോ വായിച്ചതോര്‍മ്മിക്കുന്നു.  എന്നെപ്പോലെ ഒരാള്‍ക്ക്  സ്വന്തം കയ്യക്ഷരത്തില്‍ കത്തെഴുതാന്‍ കാണിച്ച മനോഭാവത്തില്‍നിന്നും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മഹത്വം വെളിപ്പെടുന്നതായും തോന്നി. മുറിക്കുള്ളിലെ ചര്‍ച്ച അവസാനിക്കുന്നില്ല. എന്നിലെ ഉല്‍ക്കണ്ഠ വര്‍ദ്ധിച്ചുവരികയുമാണ്.  അവിടെ ഒരു സാധ്യതയുമില്ല എന്ന മറുപടിയാണ്  പറയുന്നതെങ്കില്‍ എന്റെ അവസ്ഥ എന്തായിരിക്കും? എന്നാല്‍ അങ്ങനെ  സംഭവിക്കില്ല എന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം എന്നെ നിരാശപ്പെടുത്തില്ല. പിന്നെ ഞാന്‍ ആലോചിച്ചത് എന്നെക്കുറിച്ചാണ്. എനിക്കവിടെ അവസരം കിട്ടുകയാണെങ്കില്‍ കോണ്‍ഗ്രസ്  പാര്‍ട്ടിയുടെ  ആസ്ഥാനത്താണ്  ഞാന്‍ പ്രവര്‍ത്തിക്കേണ്ടിവരിക. കോണ്‍ഗ്രസ്സുമായുള്ള എന്റെ ബന്ധമെന്താണ്? ഞാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനല്ല. ആകപ്പാടെ എനിക്കുള്ള ബന്ധം കോളേജില്‍ കെ.എസ്.യുവിന്റെ മാഗസിന്‍ എഡിറ്ററായി മത്സരിച്ചു എന്നത് മാത്രമാണ്.  കോണ്‍ഗ്രസ്സിനോട് എനിക്ക് ഏറെ ആഭിമുഖ്യവുമുണ്ട്. എന്നാല്‍ കമ്യൂണിസത്തോട് എനിക്ക് അത്രയേറെ എതിര്‍പ്പില്ലതാനും. ഗാന്ധിജിയുടേയും നെഹ്റുവിന്റേയും വായനകളാണ് എന്നെ കോണ്‍ഗ്രസ്സിലേക്കടുപ്പിച്ചത്. ഇന്ത്യയുടെ വിശാലമായ മതേതര ജനാധിപത്യസംസ്‌ക്കാരത്തിന് ഇണങ്ങുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനം കോണ്‍ഗ്രസ്സാണെന്ന്  ഞാന്‍ വിശ്വസിക്കുന്നു.  അതുകൊണ്ട് അത് രാജ്യത്ത് നിലനില്‍ക്കേണ്ടതുമാണ്. മാത്രവുമല്ല, എന്റെ നാട്ടില്‍  സഹൃദയരായ നല്ല കുറേ കോണ്‍ഗ്രസ്സുകാരുണ്ടായിരുന്നു. അവിടെ വന്നു പ്രസംഗിച്ചിട്ടുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ പലരും രാഷ്ട്രീയത്തെക്കാള്‍ ഉപരി സാഹിത്യത്തെക്കുറിച്ചാണ്  അധികവും പറഞ്ഞിരുന്നത്. ഒരുപക്ഷേ, അതുകൊണ്ടാകാം കോണ്‍ഗ്രസ്സിനോട് എനിക്ക് ആഭിമുഖ്യം തോന്നാന്‍ കാരണം. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ചില നിലപാടുകളോട് എനിക്ക് വിയോജിപ്പുമുണ്ടായിരുന്നു.  കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥിതിസമത്വം എന്ന ആശയത്തോടാണ്  എനിക്ക് ആഭിമുഖ്യം തോന്നിയത്. എന്നാല്‍ പല സന്ദര്‍ഭങ്ങളിലും അവര്‍ സ്വീകരിച്ചിട്ടുള്ള അയവില്ലാത്ത ചട്ടക്കൂടും  അവസരവാദപരമായ ചില നിലപാടുകളും ഏകാധിപത്യ രീതിയും എനിക്ക് അത്രമാത്രം യോജിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല.  എന്നാല്‍ ഒരു തിരുത്തല്‍ ശക്തി എന്ന നിലയില്‍ കമ്യൂണിസത്തിന്റെ പ്രസക്തി ഏറെയാണെന്നും ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.  എന്റെ നാട്ടിലെ കമ്യൂണിസ്റ്റുകാര്‍ അത്രയൊന്നും സഹൃദയര്‍ അല്ലാത്തതും ആ പ്രസ്ഥാനത്തോടുള്ള എന്റെ അകല്‍ച്ചയ്ക്ക് കാരണമാകാം.  ഇടതുപക്ഷം എന്ന ആശയത്തെ ഏതെങ്കിലും ഒരു രാഷ്ട്രീയപ്രസ്ഥാനത്തോടു ചേര്‍ത്തുനിര്‍ത്തി നിര്‍വ്വചിക്കാനും എനിക്ക് കഴിയുമായിരുന്നില്ല.  യഥാര്‍ത്ഥ മാനവികപക്ഷത്തു നില്‍ക്കുന്ന എല്ലാവരും ഇടതുപക്ഷമാണെന്ന് ഞാന്‍ വിശ്വസിച്ചു. കെ.പി.സി.സി. പ്രസിഡന്റിന്റെ മുറിക്ക് പുറത്തിരിക്കുന്ന ഞാന്‍ എന്നെത്തന്നെ അപഗ്രഥിക്കുകയായിരുന്നു. അദ്ദേഹവും ഒരു യഥാര്‍ത്ഥ ഇടതുപക്ഷമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കേട്ടറിഞ്ഞ കാര്യങ്ങള്‍ വെച്ചുള്ള എന്റെ നിഗമനമായിരുന്നു അത്. അതുകൊണ്ടു കൂടിയാണ് അദ്ദേഹത്തെ നേരില്‍ കാണാന്‍ എനിക്ക് ഏറെ താല്പര്യമുണ്ടായിരുന്നു.  തെല്ലിട കഴിഞ്ഞപ്പോള്‍ വാതില്‍ തുറക്കുന്നതു കണ്ടു. അകത്തുനിന്നും ആളുകള്‍ പുറത്തിറങ്ങുന്നു.  കോണ്‍ഗ്രസ് നേതാക്കളാണ്.  ചിലരുടെ മുഖം നല്ല പരിചയം.  അവര്‍ ആരൊക്കെയാണെന്ന്  ഓര്‍ത്തെടുക്കാനുള്ള സമയമായിരുന്നില്ല അത്. എന്നെ  അകത്തേക്ക്  ഉടന്‍ വിളിപ്പിച്ചേക്കാം. അകത്തുനിന്നും ആരെയൊ വിളിക്കുന്നതും കേട്ടു.  വാതിലിനടുത്ത മേശക്ക് പിറകില്‍ ഇരുന്ന പ്രായം ചെന്ന ആള്‍ ഭവ്യതയോടെ അകത്തേക്ക്  പോവുന്നതു കണ്ടു. അയാള്‍ പുറത്തിറങ്ങി. എന്റെ നേരെ നോക്കി പറഞ്ഞു:
''മുറിയിലേക്ക് ചെല്ല്.''

മുറിയില്‍ കെ.പി.സി.സി.  പ്രസിഡന്റ്, എനിക്ക് ഏറെ പരിചയമുള്ള മുഖം. അദ്ദേഹം താടിക്ക് കൈ കൊടുത്ത് അങ്ങനെ ഇരിക്കുകയാണ്.  എന്നോട് ആദ്യം ചോദിച്ചത് ക്ലാസ്സിനെക്കുറിച്ചായിരുന്നു.  ഞാനതിനെക്കുറിച്ച് വിശദമായി പറഞ്ഞു.  അതുകഴിഞ്ഞു വീട്ടുകാര്യങ്ങള്‍, എന്റെ അഭിരുചികള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദമായി ചോദിച്ചു. ഏറ്റവും ഒടുവിലാണ് ഞാന്‍ കാത്തിരുന്ന വിഷയത്തിലേക്ക് അദ്ദേഹം കടന്നത്.
''വീക്ഷണം വാരിക തുടങ്ങിയിട്ട് ഒരാഴ്ചയെ ആയിട്ടുള്ളൂ. അത് നന്നായി നടത്തിക്കൊണ്ടുപോകണമെന്നുണ്ട്.  കുമാരനിവിടെ എന്തുചെയ്യാന്‍ കഴിയുമെന്ന് അറിയില്ല.  വാരികയുടെ എഡിറ്റര്‍ വിവേകാനന്ദനാണ്. നാളെ വിവേകാനന്ദനുമായി സംസാരിച്ചിട്ട് അക്കാര്യം തീരുമാനിക്കാം.''  ഒടുവിലായി അദ്ദേഹം  എന്റെ താമസക്കാര്യം ചോദിച്ചു.  അപ്പോള്‍ എന്റെ അവസ്ഥയെക്കുറിച്ചു ഞാന്‍ ഓര്‍ത്തു. നാട്ടുകാരായ എന്റെ സുഹൃത്തിന്റെ കൂടെയാണ് താമസം. അയാളുടെ കൂട്ടുകാരന്‍ മുറിയില്‍ തിരിച്ചെത്തിയിട്ട് രണ്ടു ദിവസമായി. കിടന്നിരുന്ന കട്ടില്‍ ഞാന്‍ ഒഴിഞ്ഞുകൊടുത്തു. ഇപ്പോള്‍ വെറും നിലത്ത് പത്രക്കടലാസ് വിരിച്ചാണ് കിടത്തം.  എന്നാല്‍ അത്തരം കാര്യങ്ങളൊന്നും പറയാന്‍ ഞാന്‍ പോയില്ല.  എന്റെ മൗനം കണ്ടിട്ടാകാം മറ്റു കാര്യങ്ങളെക്കുറിച്ചൊന്നും തിരക്കാതെ അദ്ദേഹം ഒന്നമര്‍ത്തി മൂളുക മാത്രം ചെയ്തു.  പിന്നീട് എന്തോ ആലോചനയിലാണ്ടു.  അപ്പോള്‍ ഞാന്‍ ഓര്‍ത്തു എന്തായിരിക്കും അദ്ദേഹം ചിന്തിക്കുന്നത്? കേരളത്തിലെ  കോണ്‍ഗ്രസ്സിന്റെ ആസ്ഥാനത്താണ്  ഞാന്‍ നില്‍ക്കുന്നത്.  ചിലപ്പോള്‍, പത്രപ്രവര്‍ത്തനകോഴ്സു കഴിയുന്നതുവരെ  എനിക്ക് പിടിച്ചുനില്‍ക്കാന്‍ ഒരിടം ഇവിടെ കിട്ടുമായിരിക്കാം.  അതുകൊണ്ടുതന്നെ എന്നെക്കുറിച്ചും  എന്റെ  രാഷ്ട്രീയ നിലപാടിനെക്കുറിച്ചും എല്ലാം അദ്ദേഹം അറിയേണ്ടതല്ലേ? അറിയണമെന്ന് തന്നെയാണ്  എനിക്ക് തോന്നിയത്.  അറിയിക്കേണ്ട ബാദ്ധ്യത എനിക്കുണ്ടെന്നും. ഞാന്‍ കോണ്‍ഗ്രസ്സിന്റെ സജീവപ്രവര്‍ത്തകനല്ല. പാര്‍ട്ടിയെ  ഇഷ്ടപ്പെടുന്ന ഒരാള്‍ മാത്രം.  പല കാര്യങ്ങള്‍ കൊണ്ടും രാജ്യത്ത് കോണ്‍ഗ്രസ് നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. അതേ സമയം  പാര്‍ട്ടി സ്വീകരിച്ചു വരുന്ന പല നിലപാടുകളോടും കടുത്ത വിയോജിപ്പുകളുമുണ്ട്. കോണ്‍ഗ്രസ്സിന്റെ ആസ്ഥാനത്ത് നില്‍ക്കേണ്ടതുള്ളതുകൊണ്ട് അദ്ദേഹം ഇതൊക്കെ നേരത്തെ അറിയേണ്ടതുണ്ടെന്ന്  ഞാന്‍ വിചാരിച്ചു.  അതേക്കുറിച്ചു പറയാന്‍ തുടങ്ങുന്നതിന് മുന്‍പ് അദ്ദേഹം ആരുടേയോ പേര്‍ വിളിച്ചു. വിളിച്ചയാള്‍ വാതില്‍ക്കല്‍ വന്നു നിന്നു. ''കൂടെ ചെല്ലൂ...'' അദ്ദേഹം പറഞ്ഞു.  അപ്പോഴും ഞാന്‍ അമ്പരക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന്  ഒരു രൂപവുമില്ല. പുറത്തു നില്‍ക്കുന്നയാളുടെ കൂടെ പോവുന്നതിന് മുന്‍പ് ഞാന്‍ പ്രസിഡന്റിനോട് പറഞ്ഞു: ''എനിക്കൊരു കാര്യം പറയാനുണ്ട്. അത് പറയേണ്ടതാണെന്ന് എനിക്കു തോന്നുന്നു.''
''എന്ത് കാര്യം?''


''ഞാന്‍ കോണ്‍ഗ്രസ്സിന്റെ  സജീവ പ്രവര്‍ത്തകനൊന്നുമല്ല, മാത്രവുമല്ല പാര്‍ട്ടിയുടെ  പല നിലപാടുകളുമായും യോജിപ്പും തോന്നുന്നില്ല.''
എന്റെ സംസാരത്തെ ഒട്ടും ഗൗനിക്കാതെ  അദ്ദേഹത്തിന്റെ ഉറച്ച മറുപടി: ''അക്കാര്യമൊന്നും ഞാന്‍ ചോദിച്ചില്ലല്ലോ, കൂടെ ചെല്ലൂ.''
ഞാന്‍ അയാളോടൊപ്പം നടന്നു. അപ്പുറത്തെ ഒരു മുറിയുടെ വാതില്‍ തുറന്നു. നല്ല കാറ്റും വെളിച്ചവും നിറഞ്ഞ മുറി. എനിക്കൊന്നും മനസ്സിലാവുന്നില്ല. ഞാന്‍ അയാളുടെ മുഖത്തേക്ക് അമ്പരപ്പോടെ  നോക്കി. അയാള്‍ പറഞ്ഞു:
''നിങ്ങള്‍ക്ക് താമസിക്കാന്‍ വേണ്ടിയുള്ളതാണ്. പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്.''
എന്നെ തനിച്ചാക്കി അയാള്‍ പോയി.  അപ്പോഴും എന്റെ  അമ്പരപ്പ് മാറിയിരുന്നില്ല.  എന്തൊക്കെയാണ് സംഭവിക്കുന്നത്.  നഗരത്തില്‍ ഒരു ഇരിപ്പിടം കിട്ടിയതിന് പുറമെ താമസിക്കാന്‍ ഒരു മുറിയും ലഭിച്ചിരിക്കുന്നു.  ഇരുപത്തിമൂന്നാം വയസ്സില്‍ എനിക്ക് ഒരു പുതിയ ജന്മം കിട്ടുകയാണോ?

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍