ലേഖനം

ഡല്‍ഹിയിലേക്ക് ആരൊക്കെ? 

പി.എസ്. റംഷാദ്

''എന്നെക്കുറിച്ച് ജനങ്ങള്‍ക്കു നന്നായി അറിയാം. എന്നെ മനസ്സിലാക്കുന്ന അവര്‍ കൈവിടില്ല. ആ ഉറപ്പാണ് എന്റെ പ്രതീക്ഷ.'' തെരഞ്ഞടുപ്പു രംഗത്ത് പൊതുവെ കേള്‍ക്കുന്ന വാചകമാണിത്. എല്ലാ സ്ഥാനാര്‍ത്ഥികളും ആത്മവിശ്വാസത്തോടെ ആവര്‍ത്തിക്കുന്ന കാര്യം. പക്ഷേ, വോട്ടു ചെയ്യുന്നതിനു മുന്‍പ് സ്ഥാനാര്‍ത്ഥിയെ കൃത്യമായി മനസ്സിലാക്കിയിട്ടാണോ നിങ്ങള്‍ തീരുമാനമെടുക്കുന്നത്.? ഈ ചോദ്യത്തിന് ഉത്തരം തേടാന്‍ ശ്രമിക്കുകയല്ല; മറിച്ച്, ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പതിവുരീതികള്‍ വിട്ട് പരിചയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഓരോരുത്തരും സമകാലിക സാമൂഹിക പ്രശ്‌നങ്ങളില്‍ സ്വീകരിച്ച നിലപാട്, ചുറ്റുപാടുകളോടും ജനകീയ പ്രശ്‌നങ്ങളോടും അവര്‍ പ്രതികരിക്കുന്ന ശൈലി, അവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും അവരെ സ്വീകാര്യരാക്കുന്ന വ്യക്തിത്വ സവിശേഷതകള്‍. എന്നിങ്ങനെ പലതും. തീപാറുന്ന പോരാട്ടങ്ങള്‍ നടക്കുന്നിടങ്ങളില്‍ മാത്രമാണ് മൂന്നു സ്ഥാനാര്‍ത്ഥികളേയും ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്. അല്ലാത്തിടങ്ങളില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളിലൂടെ മാത്രം.

ശശി തരൂര്‍ 
(മണ്ഡലം-തിരുവനന്തപുരം. യു.ഡി.എഫ് - കോണ്‍ഗ്രസ്സ് )

നിലപാട് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും എതിരെ മാത്രമല്ല, സ്വന്തം പാര്‍ട്ടിയിലെ ഗ്രൂപ്പു രാഷ്ട്രീയത്തിനും സമുദായ സംഘടനകളിലൊന്നായ എന്‍.എസ്.എസ്സിനും എതിരെ വിമര്‍ശനമുന്നയിക്കും. പെരുന്നയില്‍ പോകാത്ത അപൂര്‍വ്വം നേതാക്കളിലൊരാള്‍. ഡല്‍ഹി നായരെന്ന വിശേഷണമാണ് സുകുമാരന്‍ നായര്‍ തരൂരിനു നല്‍കിയത്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ തരൂര്‍ പാര്‍ട്ടിക്കൊപ്പം. അതേസമയം പുരോഗമനവാദികളെ നിരാശരാക്കിയുമില്ല. സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കുന്ന വിധിയെന്നായിരുന്നു ആദ്യ പരാമര്‍ശം. ആഗ്രഹം ഉള്ളവര്‍ പോകട്ടെ അല്ലാത്തവര്‍ മാറിനില്‍ക്കട്ടെ. അതായിരുന്നു നിലപാട്. വിമാനത്താവളം സ്വകാര്യവത്കരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരാണ് തരൂരിന്റെ നിലപാട്. 

ശശി തരൂര്‍ 


ശൈലി : flopcinaucinihilipihipication എന്ന വാക്ക് ഉപയോഗിച്ച് മാധ്യമങ്ങളേയും ഭാഷാപണ്ഡിതരേയും വായനക്കാരേയും ഞെട്ടിച്ചു. 'പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍: നരേന്ദ്ര മോദി ആന്റ് ഹിസ് ഇന്ത്യ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് ആ വാക്ക് ഉപയോഗിച്ചത്. പുസ്തകത്തിന്റെ പ്രചാരണത്തിനു വേണ്ടിയാണ് ചര്‍ച്ചയാകാന്‍ സാധ്യതയുള്ള കടുത്ത വാക്ക് ഉപയോഗിച്ചത് എന്ന് അദ്ദേഹംതന്നെ പിന്നീട് വ്യക്തമാക്കി. ദേശീയഗാനം ആലപിക്കുമ്പോള്‍ നെഞ്ചില്‍ കൈവച്ചു നില്‍ക്കണം എന്ന് ഉപദേശിക്കുകയും അങ്ങനെ ചെയ്യുകയും ചെയ്തതിന്റെ പേരില്‍ തരൂരിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി വന്നിരുന്നു. ഒടുവില്‍ മാപ്പ് പറഞ്ഞാണ് വിവാദം അവസാനിപ്പിച്ചത്. 

പ്രതിച്ഛായ: 2009ല്‍ ആദ്യമായി ലോക്സഭയിലേക്കു മത്സരിച്ച് രാഷ്ട്രീയക്കാരനാകുന്നതിനു മുന്‍പുതന്നെ ശ്രദ്ധേയന്‍. എഴുത്തുകാരനും ഐക്യരാഷ്ട്ര സഭയിലെ ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായിരുന്നു തരൂര്‍. Why I am Hindu എന്ന പുസ്തകത്തിലൂടെ സ്വന്തം നിലപാടുകളില്‍ മതേതരത്വത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്നു വിശദമാക്കി. ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കുറേക്കാലം സംശയനിഴലിലായി.രുന്നു. സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ കടന്നുവന്ന രാഷ്ട്രീയക്കാരനല്ലാത്തതിന്റെ പരിമിതി ഇപ്പോഴും തരൂരിന്റെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളിലും പ്രതികരണങ്ങളിലും പ്രകടമാണ്. പൊതുജനങ്ങളുമായി ബന്ധമുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരല്ല അദ്ദേഹത്തിന്റെ ഓഫീസിനെ നിയന്ത്രിക്കുന്നത് എന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഉണ്ട്. തരൂരിനെ പൊതുപരിപാടികളില്‍ അനുഗമിക്കുന്നതും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെക്കാള്‍ കൂടുതല്‍ അംഗരക്ഷകരുടെ ശരീരഭാഷയുള്ള സംഘമാണ്. 

അനുകൂല ഘടകങ്ങള്‍: വിദ്യാസമ്പന്നരില്‍ ജനകീയന്‍. ഗ്ലോബല്‍ ഇമേജ് നേട്ടം. സ്തീവോട്ടര്‍മാരില്‍ സ്വാധീനം. ത്രികോണ മത്സരം ബി.ജെ.പി വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിന് ഇടയാക്കാനുള്ള സാധ്യത. 

പ്രതികൂല ഘടകങ്ങള്‍: സി. ദിവാകരന്‍ മികച്ച രാഷ്ട്രീയ എതിരാളി. ശബരിമല വിഷയത്തിന്റെ പേരില്‍ ലഭിക്കേണ്ട വിശ്വാസികളുടെ വോട്ട് ബി.ജെ.പിക്കും യു.ഡി.എഫിനും ഇടയിലായി ചിതറിപ്പോകുന്നത് തിരിച്ചടിയാകും. 
 

സി. ദിവാകരന്‍ 
(മണ്ഡലം-തിരുവനന്തപുരം. എല്‍.ഡി.എഫ് - സി.പി.ഐ)

നിലപാട് : സി.പി.ഐ നേതാവും മുന്‍ ഭക്ഷ്യമന്ത്രിയുമായ സി. ദിവാകരന്‍ ഏതെങ്കിലും പ്രധാന സാമൂഹിക വിഷയത്തില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ട നിലപാടിലൂടെ സാന്നിധ്യം അറിയിച്ചിട്ടുള്ള ആളല്ല. 2006-2011 ലെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ഭക്ഷ്യമന്ത്രി ആയപ്പോഴാണ് സംസ്ഥാനതലത്തില്‍ പൊതുശ്രദ്ധ നേടുന്നത്. അതിനു മുന്‍പ് എ.ഐ.ടി.യു.സിയുടെ സംസ്ഥാന നേതാക്കളിലൊരാളായിരുന്നു. തിരുവനന്തപുരമായിരുന്നു പ്രധാന പ്രവര്‍ത്തന മേഖല. വി.എസ്. സര്‍ക്കാരിലെ നാല് മന്ത്രിമാരില്‍ മുതിര്‍ന്ന നേതാവായിരുന്നിട്ടും നിയമസഭാകക്ഷി നേതാവാക്കാതിരുന്നത് പാര്‍ട്ടിയിലെ ശാക്തിക ചേരിപ്പോരിന്റെ ഭാഗം. ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട വാങ്ങലുകളില്‍ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകളുണ്ടാകുന്നു എന്നു പ്രതിപക്ഷവും ഭരണപക്ഷത്തെത്തന്നെ ചില നേതാക്കളും പറഞ്ഞിരുന്നു. 

ശൈലി: ഉത്സവകാലത്ത് ക്ഷേത്രങ്ങളില്‍ തൊഴുതും പ്രസാദം വാങ്ങിയും ഭക്തരുടെ വോട്ടുറപ്പിക്കുന്നു. കൊഞ്ചിറവിള ദേവീക്ഷേത്രത്തിലെ പൊങ്കാല ദിവസം ദേവിയെ തൊഴുതാണ് പ്രചരണത്തിന് തുടക്കമിട്ടത്. ഇടതുപക്ഷക്കാരിലും കമ്യൂണിസ്റ്റുകാരിലും 90 ശതമാനം പേരും ദൈവവിശ്വാസികളാണെന്നായിരുന്നു മറുപടി. അരിക്ക് വില കൂടുതലാണെങ്കില്‍ ചിക്കന്‍ വാങ്ങിക്കഴിക്കൂ എന്ന ഭക്ഷ്യമന്ത്രി സി. ദിവാകരന്റെ പ്രതികരണം വലിയ വാര്‍ത്തയും വിവാദവുമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ കരുനാഗപ്പള്ളിയില്‍ പാര്‍ട്ടി മത്സരിപ്പിക്കാതെ വന്നപ്പോള്‍ സ്വാധീനമുള്ള ജില്ലാ കമ്മിറ്റി വഴി നെടുമങ്ങാട്ട് നിന്ന് വിജയിച്ചു. 

സി. ദിവാകരന്‍ 


പ്രതിച്ഛായ: ഏതു സീറ്റിന്റെ പേരില്‍ ആക്ഷേപത്തിനു വിധേയനായോ അതേ സീറ്റില്‍ മത്സരിക്കാനുള്ള നിയോഗമാണ് ദിവാകരന്. മികച്ച സംഘാടകന്‍. ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എം നേതൃത്വവുമായി നല്ല ബന്ധം. പാര്‍ട്ടിയില്‍ തരംതാഴ്ത്തല്‍ നേരിട്ടിട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലോടു മണ്ഡലത്തില്‍ മത്സരിക്കാനും ജയിക്കാനും ഇപ്പോള്‍ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയാകാനും ഈ അടുപ്പം ഗുണം ചെയ്തു.  2014-ലെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ പാര്‍ട്ടിക്കാരനല്ലാത്ത, സ്വാശ്രയ കോളേജ് മുതലാളിയായ ബെന്നറ്റ് എബ്രഹാമിനെ സി.പി.ഐയുടെ പേരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയത് പണം വാങ്ങിയാണെന്ന ആരോപണത്തില്‍ ദിവാകരനും പെട്ടു. പാര്‍ട്ടി അദ്ദേഹത്തിന്റെ സംസ്ഥാന നിര്‍വ്വാഹക സമിതിയില്‍നിന്നു സംസ്ഥാന കൗണ്‍സിലിലേക്കു തരംതാഴ്ത്തി. പിന്നീട് തിരിച്ച് നിര്‍വ്വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ദേശീയ നിര്‍വ്വാഹക സമിതിയില്‍ ഉള്‍പ്പെടുത്തുന്നതിന്  ഈ വിവാദം തടസ്സമായി.

അനുകൂല ഘടകങ്ങള്‍: തൊഴിലാളി, സര്‍വീസ് വോട്ടുകളില്‍ പ്രതീക്ഷ. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരായ വിശ്വാസികളുടെ വോട്ട് ബി.ജെ.പിക്കും യു.ഡി.എഫിനും ഇടയിലായി ചിതറിപ്പോകുന്നത്. 

പ്രതികൂല ഘടകങ്ങള്‍ : ശശി തരൂരിന്റെ ഗ്ലോബല്‍ ഇമേജ്. കുമ്മനം രാജശേഖരന്റെ പരാജയം ഉറപ്പാക്കാന്‍ ബി.ജ.പി വിരുദ്ധ വോട്ടുകളുടെ ഏകീകരണം ശശി തരൂരിന് അനുകൂലമാകാനുള്ള സാധ്യത.
 

കുമ്മനം രാജശേഖരന്‍ 
(മണ്ഡലം-തിരുവനന്തപുരം. എന്‍.ഡി.എ - ബി.ജെ.പി)

നിലപാട് : 'നിലയ്ക്കല്‍ പ്രശ്‌നം' മുതല്‍ തീവ്രഹിന്ദുത്വ നിലപാടുകളുടെ പേരിലാണ് കുമ്മനം അറിയപ്പെടുന്നത്. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്ക് പൊതുസമൂഹത്തിന്റെ സ്വീകാര്യത ഉണ്ടായിരുന്നില്ല. പക്ഷേ, മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധത്തിനു മുന്നില്‍നിന്ന് കുമ്മനത്തിന് എ.കെ. ആന്റണി സര്‍ക്കാരിനെ ഭാഗികമായി തങ്ങളുടെ വഴിക്കു കൊണ്ടുവരാന്‍ സാധിച്ചു. ആറന്മുള വിമാനത്താവളത്തിനെതിരായ പ്രക്ഷോഭത്തിലെ നേതൃത്വം പരിസ്ഥിതി സംരക്ഷകന്റേയും ജനകീയ നേതാവിന്റേയും മുഖം നല്‍കി. പിന്നീട് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായത് ഈ സ്വീകാര്യതയുടെ തുടര്‍ച്ച. 

ശൈലി : സൗമ്യന്‍, സാത്വികന്‍. നിലപാടുകളുടെ തുടര്‍ച്ചയായി സംഭവിക്കുന്ന വിശ്വാസക്കുറവാണ്. കൊച്ചി മെട്രോ റെയില്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പം മെട്രോ ട്രെയിനില്‍ 'ഇടിച്ചുകയറി' ആണ് സഞ്ചരിച്ചത് എന്ന് ആരോപിച്ച് കടന്നാക്രമിച്ചപ്പോഴും കുമ്മനം അക്ഷോഭ്യനായിരുന്നു. ട്രോളുകളില്‍ ഇഷ്ടതാരമായതോടെ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി കുമ്മനം നില്‍ക്കുന്നു.  

കുമ്മനം രാജശേഖരന്‍ 

പ്രതിച്ഛായ : ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹം ഗ്രൂപ്പുകള്‍ക്ക് അതീതന്‍. സ്വന്തം നിലയില്‍ ഗ്രൂപ്പുകള്‍ക്ക് അതീതനായി നിലകൊണ്ടെങ്കിലും പാര്‍ട്ടി കേരള ഘടകത്തില്‍ ഗ്രൂപ്പ് പോര് മൂര്‍ച്ഛിക്കുന്നത് തടയാനോ നിയന്ത്രിക്കാനോ കഴിഞ്ഞില്ല. 2016-ല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. മെഡിക്കല്‍ കോഴ വിവാദം ഉണ്ടായതും ഗ്രൂപ്പ് വൈരത്തിന്റെ ഭാഗമായിരുന്നു. ഒടുവില്‍, സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ അദ്ദേഹം വിജിലന്‍സിനു മൊഴി നല്‍കാന്‍ കയറിയിറങ്ങേണ്ട ഗതികേടുണ്ടായി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ മിസോറാം ഗവര്‍ണ്ണറായി പോകേണ്ടിവന്നു. പിന്നീട് ഗവര്‍ണ്ണര്‍ സ്ഥാനം രാജിവച്ച് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ വന്നു. ആദ്യം സംസ്ഥാന അധ്യക്ഷപദവി ഉപേക്ഷിച്ച് അധികാരസ്ഥാനത്തിനു പിന്നാലെയാണ് പോയതെങ്കില്‍ ഇപ്പോള്‍ പാര്‍ലമെന്ററി മോഹം കൊണ്ട് തെരഞ്ഞെടുപ്പു രംഗത്തേക്കു വന്നുവെന്നായി മാറി. 

അനുകൂല ഘടകം : കുമ്മനം സ്ഥാനാര്‍ത്ഥിയായതോടെ കടുത്ത ആര്‍.എസ്.എസ്സിനും ബി.ജെ.പിയിലെ വലിയൊരു വിഭാഗത്തിനും ഉണ്ടായിരിക്കുന്ന ആവേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് എത്താനുള്ള സാധ്യത.

പ്രതികൂല ഘടകങ്ങള്‍ : ബി.ജെ.പിക്കുള്ളിലെ ഗ്രൂപ്പു പോര്. സംഘപരിവാറിനു പുറത്തെ സ്വീകാര്യതകുറവ്. ശശി തരൂരിന്റെ ഗ്ലോബല്‍ ഇമേജ്. ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കാന്‍ ബി.ജെ.പി വിരുദ്ധ വോട്ടുകളുടെ ഏകീകരണം ശശി തരൂരിന് അനുകൂലമായി ഉണ്ടാകാനുള്ള സാധ്യത.
 

എ. സമ്പത്ത്  
(മണ്ഡലം-ആറ്റിങ്ങല്‍. എല്‍.ഡി.എഫ് - സി.പി.എം)

നിലപാട് : എ. അനിരുദ്ധന്റെ മകനായ സമ്പത്തിന്റെ നിലപാടുകള്‍  എന്നും പാര്‍ട്ടിക്കൊപ്പമാണ്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ മുതല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരെ ലോക്സഭയില്‍ ചര്‍ച്ചയാക്കി. ഹാജര്‍ നിലയിലും ചോദ്യം ഉന്നയിക്കുന്നതിലും റെക്കോഡിട്ടു. കേരളം നേരിട്ട പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. പുനര്‍നിര്‍മാണത്തിന് ആവശ്യമായ തുക ലഭ്യമാക്കുന്നതു മുതല്‍ ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതു വരെയുള്ള നിര്‍ദേശങ്ങളും ലോക്സഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 

ശൈലി : സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ് സമ്പത്ത്. സിഐടിയു സംസ്ഥാന സമിതിയംഗം, ദേശീയ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1990ല്‍ തിരുവനന്തപുരം ലോകോളേജില്‍ നിന്ന് ഒന്നാംറാങ്കില്‍ എല്‍എല്‍എം നേടി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, എസ്എഫ്ഐ മുഖമാസിക സ്റ്റുഡന്റിന്റെ പ്രത്രാധിപസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ) ചെയര്‍മാനായിരുന്നു. കേരള സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗമായും രണ്ടുതവണ സെനറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. മയക്കുമരുന്ന് നിരോധന നിയമത്തില്‍ കേരള സര്‍വകലാശലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. തിരുവനന്തപുരം ബാറില്‍ 31 വര്‍ഷമായി അഭിഭാഷകനാണ്. ലോ കോളേജ് അധ്യാപകനായും നിയമനം ലഭിച്ചു. എന്നാല്‍ പൊതു പ്രവര്‍ത്തനത്തിനായി ജോലി ഉപേക്ഷിച്ചു. 

എ. സമ്പത്ത്  


പ്രതിച്ഛായ : മണ്ഡലത്തില്‍ ഒരു എം.പിയുടെ സാന്നിധ്യമുണ്ട് എന്നതാണ് പ്രധാനം. തിരുവനന്തപുരം ലോ കോളേജില്‍ വളരെക്കുറച്ചു കാലം മാത്രമേ അധ്യാപകനായിരുന്നുള്ളു എങ്കിലും അത് സമ്പത്ത് ഗംഭീരമാക്കി. പാര്‍ലമെന്റില്‍ ഗഹനമായ ഏതു വിഷയത്തേയും ലളിതമാക്കി അവതരിപ്പിക്കാന്‍ കഴിഞ്ഞതും നിയമനിര്‍മ്മാണത്തെ മനുഷ്യജീവിതവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാനും ഇടപെടാനും കഴിഞ്ഞതും അതിന്റെ തുടര്‍ച്ച. 

അനുകൂല ഘടകങ്ങള്‍ : വികസന പ്രവര്‍ത്തനങ്ങള്‍. സി.പി.എമ്മിന്റെ സംഘടനാമികവ്. എതിര്‍ സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിനെതിരെയുള്ള ആരോപണങ്ങള്‍. 

പ്രതികൂല ഘടകങ്ങള്‍ : യു.ഡി.എഫ് നടത്തുന്ന ചിട്ടയായ പ്രവര്‍ത്തനം. ഭരണവിരുദ്ധ വികാരത്തിനുള്ള സാധ്യത. 

അടൂര്‍ പ്രകാശ്  
(ആറ്റിങ്ങല്‍-നിയോജകമണ്ഡലത്തിലെ  യു.ഡി.എഫ് സ്ഥാനാര്‍ത്ഥി)

നിലപാട് : ഏതെങ്കിലും സാമൂഹിക പ്രശ്‌നത്തില്‍ സ്വന്തം നിലയില്‍ വേറിട്ട നിലപാട് പ്രകടിപ്പിച്ചിട്ടില്ല. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സ്വാഭാവികമായും കോണ്‍ഗ്രസ്സ് നിലപാടിനൊപ്പം നിന്നു.

ശൈലി : നാലു തവണ മത്സരിച്ച കോന്നിയില്‍ നിന്ന് ആറ്റിങ്ങലേക്കാണ് അടൂര്‍ പ്രകാശ് ചുവടുമാറുന്നത്. ഈഴവ സമുദായത്തിന് കാര്യമായ സ്വാധീനമുള്ള മണ്ഡലമാണ് ഇത്. ശബരിമല വിവാദവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ രാഷ്ട്രീയ സാഹചര്യം അനുകൂലമാകുമെന്ന് പ്രകാശ് കണക്കുകൂട്ടുന്നു. വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. യൂത്ത് കോണ്‍ഗ്രസിന്റെ കൊല്ലം- പത്തനംതിട്ട ജില്ലാ കമ്മിറ്റികളുടെ സെക്രട്ടറിയും പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

അടൂര്‍ പ്രകാശ്


പ്രതിച്ഛായ : ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ റവന്യൂ മന്ത്രിയായിരുന്നു. സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിതാ നായരുടെ ലൈംഗിക പീഡന ആരോപണത്തില്‍പ്പെട്ടു. അതുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ പേരുണ്ടായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പത്തനംതിട്ടയിലെ ക്രിസ്ത്യന്‍ പള്ളിക്ക് ഭൂമി കൊടുക്കാന്‍ റവന്യൂമന്ത്രി എന്ന നിലയില്‍ ഇടപെട്ടെന്ന ആരോപണം നേരിട്ടു. 

അനുകൂല ഘടകങ്ങള്‍ : യു.ഡി.എഫിന്റെ ചിട്ടയായ പ്രവര്‍ത്തനം. സംസ്ഥാന സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരത്തിനുള്ള സാധ്യത. വെള്ളാപ്പള്ളി നടേശനുമായുള്ള വ്യക്തിബന്ധം.

പ്രതികൂല ഘടകങ്ങള്‍ : സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തികവ്. സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയായാലുണ്ടാകുന്ന തിരിച്ചടി. 
 

ശോഭാ സുരേന്ദ്രന്‍ 
(മണ്ഡലം-ആറ്റിങ്ങല്‍. എന്‍.ഡി.എ - ബി.ജെ.പി )

നിലപാട് : സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയം പറഞ്ഞു വിജയിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ ശോഭാ സുരേന്ദ്രന് എതിര്‍വാദങ്ങളിലെ വസ്തുതകളൊന്നും പ്രസക്തമല്ല. ടി.വി ചാനല്‍ ചര്‍ച്ചകളിലായാലും പൊതുവേദികളിലായാലും കേരളത്തിലെ ബി.ജെ.പിയുടെ ഏറ്റവും ശക്തമായ നാവ്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നത് വിശ്വാസികളുടെ വികാരത്തിനും ആചാരത്തിനും എതിരാണ് എന്ന വാദത്തില്‍ മാത്രം കടുകിട മാറാതെ നിന്നു. 

ശോഭാ സുരേന്ദ്രന്‍ 

ശൈലി : തീവ്രവര്‍ഗ്ഗീയതയും പച്ചയായ വെറുപ്പിന്റെ രാഷ്ട്രീയവും പറയാതിരിക്കാന്‍ ശ്രദ്ധിക്കുന്നു. അതേസമയം, പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കാനും നേതൃത്വത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനും ഗവര്‍ണര്‍ക്കെതിരെപ്പോലും അതിരൂക്ഷമായി പ്രതികരിച്ചു. ഗവര്‍ണര്‍ സി.പി.എമ്മിന് അനുകൂലമായി നിലകൊള്ളുന്നു എന്നായിരുന്നു വിമര്‍ശനമെങ്കിലും അത് പ്രകടിപ്പിച്ചത് സൗമ്യമായല്ല. 

പ്രതിച്ഛായ : ബി.ജെ.പിക്ക് അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ശോഭാ സുരേന്ദ്രന്‍ ലളിതമായി ജീവിച്ചു കാണിക്കുന്നു. രാഷ്ട്രീയമായി വിരുദ്ധ നിലപാടുകളുള്ള പാര്‍ട്ടികളിലെ സമപ്രായക്കാരായ വനിതാ നേതാക്കളില്‍ പലരുമായും മികച്ച ബന്ധം. കേരളത്തിലെ ബി.ജെ.പിയുടെ ഗ്രൂപ്പ് കുരുക്കില്‍നിന്നു സ്വതന്ത്രയല്ല. രാഷ്ട്രീയ എതിരാളികളുടെ നാവടപ്പിക്കാനുള്ള ആവേശത്തില്‍ വസ്തുതാപരമല്ലാത്ത കാര്യങ്ങളും ശരിയായി മനസ്സിലാക്കാത്ത കാര്യങ്ങളും പറഞ്ഞു കുടുങ്ങുന്ന അനുഭവം. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍, ഇത് കേരളത്തിന്റെ അധികാര പരിധിയില്‍പ്പെടാത്ത കണ്‍കറന്റ് ലിസ്റ്റിലാണ് എന്ന് പറയുകയും അത് വിശദീകരിക്കാനാകാതെ കുഴങ്ങുകയും ചെയ്തത് ഉദാഹരണം. 

അനുകൂല ഘടകങ്ങള്‍ : ശക്തയായ വനിതാ സ്ഥാനാര്‍ത്ഥി എന്ന പ്രതിച്ഛായ. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് എത്താനുള്ള സാധ്യത. 

പ്രതികൂല ഘടകങ്ങള്‍ : തിരുവനന്തപുരം ജില്ലയിലെ ബി.ജെ.പിയുടെ സംഘടനാ സംവിധാനം കുമ്മനം രാജശേഖരനെ വിജയിപ്പിക്കാന്‍ അവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ശബരിമല വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ വോട്ട് അടൂര്‍ പ്രകാശുമായി പങ്കിട്ടു പോകാനുള്ള സാധ്യത.
 

എന്‍.കെ. പ്രേമചന്ദ്രന്‍ 
(മണ്ഡലം-കൊല്ലം. യു.ഡി.എഫ് - ആര്‍.എസ്.പി)

നിലപാട് : ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുക, മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ ബില്ലിനെതിരെ അതിശക്തമായി പ്രതികരിക്കുക; ലോക്സഭയില്‍ സമീപകാലത്ത് എന്‍.കെ. പ്രേമചന്ദ്രന്‍ ശ്രദ്ധ നേടിയ രണ്ടു സന്ദര്‍ഭങ്ങളാണ് ഇവ. രണ്ടും രണ്ടു മതവിശ്വാസികളുടെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗം എന്നാണ് വാദം. സ്ത്രീതുല്യതയെ അംഗീകരിക്കുന്നുവെങ്കിലും ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കരുത് എന്ന യു.ഡി.എഫ് നിലപാടിനൊപ്പം. മുത്തലാഖ് എന്ന ദുരാചാരത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും സ്ത്രീയെ മുത്തലാഖ് ചെയ്യുന്ന പുരുഷനെതിരെ ക്രിമിനല്‍ കേസെടുക്കുന്നത് അംഗീകരിക്കാനാകില്ല എന്ന നിലപാട്. ആദ്യത്തേത് ആര്‍.എസ്.പിയുടെ ദേശീയതലത്തിലെ നിലപാടിനെതിരും കേരളത്തിലെ നിലപാടിന് അനുകൂലവുമാണ്. രണ്ടാമത്തേത് ദേശീയതലത്തിലും ഇവിടെയും ആര്‍.എസ്.പി ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളുടെ നിലപാടുതന്നെ. പക്ഷേ, ദേശീയ തലത്തില്‍ ഇടതുപക്ഷ സഖ്യത്തിന്റെ ഭാഗമായ ആര്‍.എസ്.പി, കേരളത്തില്‍ യു.ഡി.എഫിനൊപ്പമായതുതന്നെ പ്രേമചന്ദ്രന്റെ സീറ്റു നിലനിര്‍ത്താനായതുകൊണ്ട് യു.ഡി.എഫ് പറയുന്നതാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെയും നിലപാട്. 

എന്‍.കെ. പ്രേമചന്ദ്രന്‍ 

ശൈലി : നാവായിക്കുളത്ത് നിന്നെത്തി കൊല്ലംകാരനായ ആളാണ് പ്രേമചന്ദ്രന്‍. ഉരുളയ്ക്കുപ്പേരി പോലെ രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തുമെങ്കിലും വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് അങ്ങനെയല്ല മറുപടി നല്‍കാറ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പിണറായി വിജയന്‍ 'പരനാറി' പരാമര്‍ശം നടത്തിയപ്പോഴും ഇതായിരുന്നു രീതി. നേരിട്ടു മറുപടി പറയാതിരുന്നതുകൊണ്ട് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടായി. വ്യക്തിത്വം മുന്‍നിര്‍ത്തിയുള്ള പോരാട്ടത്തിനാണ് മുന്‍തൂക്കം. 

പ്രതിച്ഛായ : വിഷയങ്ങള്‍ പഠിക്കുന്നയാള്‍ എന്ന പേരും പെരുമയും പ്രേമചന്ദ്രനു മുന്‍പേയുണ്ട്. ജലവിഭവ മന്ത്രിയായിരുന്നപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ടു നടത്തിയ ഇടപെടലുകളാണ് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്. ഇത് നിയമസഭയിലും പുറത്തും ഒരേസമയം ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും അഭിനന്ദനങ്ങള്‍ നേടി. 2014-ലെ ലോക്സഭാ സീറ്റ് തര്‍ക്കത്തേത്തുടര്‍ന്ന് ആര്‍.എസ്.പി, എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് പോകാന്‍ ഇടയായതില്‍ പ്രേമചന്ദ്രനു മുഖ്യ പങ്കുണ്ട്. കൊല്ലം സി.പി.എം എടുത്ത് പകരം പത്തനംതിട്ട സീറ്റു നല്‍കാം എന്നത് ആര്‍.എസ്.പിക്ക് സ്വീകാര്യമാകാതിരുന്നത് സ്വാഭാവികം. എന്നാല്‍, രണ്ടു പാര്‍ട്ടികളുടേയും ദേശീയ നേതാക്കള്‍ ഇടപെട്ടാല്‍ പ്രശ്‌നപരിഹാരത്തിനു സാധ്യത ഉണ്ടായിരുന്നു. എല്‍.ഡി.എഫില്‍നിന്ന് ആര്‍.എസ്.പിയെ അടര്‍ത്തി അതേ സീറ്റ് പ്രേമചന്ദ്രനു കൊടുക്കാം എന്ന യു.ഡി.എഫ് വാഗ്ദാനത്തിനു വഴങ്ങിയത് മണിക്കൂറുകള്‍ക്കുള്ളിലാണ്. 

അനുകൂല ഘടകങ്ങള്‍ : മണ്ഡലത്തിലും പാര്‍ലമെന്റിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍. ശബരിമല, മുത്തലാഖ് വിഷയങ്ങളിലെ നിലപാട്, ജനകീയത

പ്രതികൂല ഘടകങ്ങള്‍ : യു.ഡി.എഫിന്റെ സംഘടനാ സംവിധാനത്തിന്റെ ദൗര്‍ബല്യം. 
 

കെ.എന്‍. ബാലഗോപാല്‍ 
(മണ്ഡലം-കൊല്ലം. എല്‍.ഡി.എഫ്-സി.പി.എം)

നിലപാട് : പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിയാണ് ബാലഗോപാല്‍. മുന്‍ രാജ്യസഭാംഗം. പാര്‍ട്ടിയില്‍ കവിഞ്ഞ നിലപാടുകളൊന്നും പറയാത്ത വ്യക്തിത്വം. സമുദായങ്ങളുമായി നല്ല അടുപ്പമുള്ള ബാലഗോപാല്‍ സര്‍വസമ്മതനുമാണ്.  എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ദേശീയ ഭാരവാഹിയായിരുന്നു. 2006 മുതല്‍ 2010 വരെ കേരള മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു.

ശൈലി : ഒരു തവണ രാജ്യസഭാംഗം മാത്രമായ ബാലഗോപാലിന്റെ ഏതെങ്കിലും വിഷയത്തിലെ പ്രതികരണം ചര്‍ച്ചയോ വാര്‍ത്തയോ ആയിട്ടില്ല. പക്ഷേ, ചടുലമായ പ്രവര്‍ത്തനങ്ങളുടെ വിദ്യാര്‍ത്ഥി, യുവജന സംഘടനാ പ്രവര്‍ത്തനകാലം പഴയ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. സി.പി.എം ജില്ലാ സെക്രട്ടറി എന്ന നിലയിലും ശ്രദ്ധേയന്‍

കെ.എന്‍. ബാലഗോപാല്‍ 


പ്രതിച്ഛായ : പാര്‍ട്ടിക്കൂറു തന്നെ ഏറ്റവും വലിയ മികവ്. കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തുകയും പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായ എ.കെ.ജി സെന്ററിന്റെ ചുമതല നല്‍കുകയും ചെയ്തത് ആ മികവിനുള്ള അംഗീകാരം. ചൂണ്ടിക്കാണിക്കാവുന്ന പിഴവുകള്‍ സംഭവിക്കാത്ത പൊതുജീവിതം. 

അനുകൂല ഘടകങ്ങള്‍ : ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും വരുന്ന സാഹചര്യമുണ്ടായാല്‍ എന്‍.കെ. പ്രേമചന്ദ്രന്‍ അതിനു പിന്തുണ നല്‍കും എന്ന വ്യാപക പ്രചരണം. സി.പി.എമ്മിന്റെ സംഘടനാ മികവ്. സാമുദായികവോട്ടുകളില്‍ കണ്ണ്

പ്രതികൂല ഘടകങ്ങള്‍ : എം.പി എന്ന നിലയില്‍ പ്രേമചന്ദ്രന്‍ മണ്ഡലത്തിലും പാര്‍ലമെന്റിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍. ശബരിമല, മുത്തലാഖ് വിഷയങ്ങളിലെ നിലപാട്.
 

ഷാനിമോള്‍ ഉസ്മാന്‍ 
(മണ്ഡലം-ആലപ്പുഴ. യു.ഡി.എഫ്- കോണ്‍ഗ്രസ്സ്)

നിലപാട് : ജന്മനാട്ടിലാണ് ഇത്തവണ പോരാട്ടം. വിവാദങ്ങളുടെ പേരിലല്ല യുഡിഎഫ് മത്സരിക്കുന്നതെന്നാണ് ഷാനിമോളുടെ നിലപാട് ഞങ്ങള്‍ വോട്ട് ബാങ്കിനു വേണ്ടി നിലപാടെടുത്തിട്ടില്ല. സംവാദമാണു മുന്നോട്ടു വയ്ക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ആരാധനാസ്വാതന്ത്ര്യവും മറ്റും അതിലുണ്ട്. കേരളത്തില്‍ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമം സിപിഎം നടത്തുന്നു. എതിര്‍ശബ്ദങ്ങളോടു സഹിഷ്ണുത കാട്ടാന്‍ നരേന്ദ്ര മോദിക്കും പിണറായി വിജയനും കഴിയുന്നില്ല. വിശ്വാസത്തിന്റെ കാര്യത്തില്‍ സമൂഹത്തിനു മേല്‍ നമ്മുടെ രാഷ്ട്രീയം അടിച്ചേല്‍പിക്കരുതെന്നാണ് നിലപാട്. ആലപ്പുഴയുടെ വികസനത്തിന് മാസ്റ്റര്‍ പ്ലാനാണ് ലക്ഷ്യം.  വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ പി.ജെ. ജോസഫ് വിമാനത്തില്‍ സഹയാത്രക്കാരിയോടു മോശമായി പെരുമാറിയെന്ന വിവാദം ആദ്യം പുറത്തുകൊണ്ടുവന്നു. അത് മന്ത്രിയുടെ രാജിയില്‍ എത്തിച്ചു.

ഷാനിമോള്‍ ഉസ്മാന്‍ 


ശൈലി : 2009-ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ മത്സരിക്കാന്‍ നിയോഗിച്ചെങ്കിലും സ്വീകരിച്ചില്ല. തോല്‍ക്കാനായി മാത്രം കാസര്‍ഗോട്ടേയ്ക്കു പോകാന്‍ തയ്യാറല്ല എന്നു നേതൃത്വത്തെ അറിയിച്ചു. ഇത് വിശദീകരിച്ച് അന്നത്തെ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതുകയും ചെയ്തു. സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ഇഷ്ടക്കേടിന് ഇടയാക്കിയ ഈ സംഭവത്തോടെ രാഷ്ട്രീയഭാവി തീര്‍ന്നു എന്നു പാര്‍ട്ടിക്കുള്ളില്‍ പ്രചാരണമുണ്ടായി. എന്നാല്‍, കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മുഹ്സിനാ കിദ്വായിയുമായുള്ള അടുപ്പം തുണയായി. മുഹ്സിനാ കിദ്വായി മുഖേന സോണിയ ഗാന്ധിയുമായി നേരിട്ടു കാണാനും സ്വന്തം ഭാഗം വിശദീകരിക്കാനും അവസരം ലഭിച്ചു. ഐ ഗ്രൂപ്പ് പ്രതിനിധിയായി മഹിളാ കോണ്‍ഗ്രസ്സ് അധ്യക്ഷയാക്കിയത് കെ. കരുണാകരന്‍. എന്നാല്‍, പിന്നീട് കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കെ.പി.സി.സി തെരഞ്ഞെടുപ്പു സമിതി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു കരുണാകരന്റെ അപ്രീതി നേടി. ആലപ്പുഴ എം.പി കെ.സി. വേണുഗോപാലിനെതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നപ്പോള്‍ കെ.പി.സി.സി നിര്‍വ്വാഹക സമിതി യോഗത്തില്‍ ഉന്നയിച്ചു. അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ അത് പുറത്തു പറയുകയും സ്വന്തം പാര്‍ട്ടിയുടെ എം.പിയുടെ കുടുംബവും അന്തസ്സും പരിഗണിക്കാതെ പാര്‍ട്ടിക്കകത്ത് വിമര്‍ശനം ഉന്നയിച്ചതിന് കുറ്റപ്പെടുത്തുകയും ചെയ്തു.

പ്രതിച്ഛായ : ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആയിരിക്കെ ടി.പി. ഷാനി എന്ന പേരില്‍ ശ്രദ്ധേയയായ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്. അന്നേ മികച്ച സംഘാടകയും പ്രസംഗകയും. കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് അതിക്രമവും നന്ദാവനം പൊലീസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ഭീകര മര്‍ദ്ദനമേറ്റതും കേരളത്തെ പിടിച്ചുകുലുക്കിയ സംഭവങ്ങള്‍. അന്ന് ടി.പി. ഷാനിക്ക് അതിക്രൂര മര്‍ദ്ദനമാണേറ്റത്. ആലപ്പുഴ നഗരസഭയുടെ ആദ്യ വനിതാ അധ്യക്ഷ. കോണ്‍ഗ്രസ്സ് ഗ്രൂപ്പു പോരിന്റെ ഭാഗമായി സ്വന്തം മുന്നണിയുടെ അവിശ്വാസത്തില്‍ പുറത്ത്. പക്ഷേ, ദിവസങ്ങള്‍ക്കുള്ളില്‍ അവരെത്തന്നെ വീണ്ടും അധ്യക്ഷയാക്കേണ്ടിവന്നു.  സംസ്ഥാന മഹിളാ കോണ്‍ഗ്രസ്സിനെ സമരസംഘടനയാക്കി മാറ്റിയ അധ്യക്ഷ. എ.ഐ.സി.സി സെക്രട്ടറി എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ കോര്‍ടീമില്‍ ഉള്‍പ്പെട്ടു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ റജീനയുടെ വെളിപ്പെടുത്തല്‍ വന്‍ വിവാദമായപ്പോള്‍ നിശ്ശബ്ദത പാലിച്ചു. അത് അവരുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്പിച്ചു. പാര്‍ട്ടിയില്‍ തനിക്കു താഴെയുള്ള സഹപ്രവര്‍ത്തകരോട് മതിപ്പും മമതയുമില്ലാതെ അതിരൂക്ഷമായി പ്രതികരിക്കുന്ന രീതി ശത്രുക്കളെ സൃഷ്ടിച്ചു.

അനുകൂല ഘടകങ്ങള്‍ : എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഏറ്റവുമധികം വ്യക്തിബന്ധമുള്ള കോണ്‍ഗ്രസ്സ് നേതാക്കളിലൊരാള്‍, ജന്മനാടായ തകഴി ഉള്‍പ്പെടുന്ന ജില്ല, ദീര്‍ഘകാലമായി പ്രവര്‍ത്തന മണ്ഡലം. കോണ്‍ഗ്രസ്സിന്റെ തലയെടുപ്പുള്ള വനിതാ നേതാവ്.

പ്രതികൂല ഘടകങ്ങള്‍ : സിറ്റിംഗ് എം.പി കെ.സി. വേണുഗോപാല്‍ മത്സരിക്കാന്‍ മടിച്ച മണ്ഡലം. ജില്ലയിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പൂര്‍ണ്ണ പിന്തുണയില്ല.
 

എ.എം. ആരിഫ്  
(മണ്ഡലം-ആലപ്പുഴ. എല്‍.ഡി.എഫ്-സി.പി.എം)

നിലപാട് : പാര്‍ട്ടി നിലപാടുകളുടെ മാത്രം പ്രചാരകന്‍. ജില്ലയില്‍നിന്നുതന്നെയുള്ള പ്രമുഖ നേതാക്കളായ ടി.എം. തോമസ് ഐസക്, ജി. സുധാകരന്‍ എന്നിവര്‍ തമ്മിലുള്ള പോരില്‍ പക്ഷം ചേരാതെ നില്‍ക്കുന്നു. ഇരുപക്ഷങ്ങള്‍ക്കും അനഭിമതനല്ല. 
ശൈലി : ഒരു പതിറ്റാണ്ട് മുന്‍പു കൈവിട്ടു പോയ മണ്ഡലം തിരിച്ചുപിടിക്കാനാണ് അരൂര്‍ എം.എല്‍.എയായ ആരിഫ് ഇറങ്ങുന്നത്. മത്സരിക്കുന്നില്ലെന്ന് നിലവിലെ എം.പി കെ.സി. വേണുഗോപാല്‍ പ്രഖ്യാപിച്ചതോടെ പാതിജയം ഉറച്ച മട്ടിലാണ് ഇടതുമുന്നണി. 

എ.എം. ആരിഫ്  

പ്രതിച്ഛായ : ആലപ്പുഴ തിരിച്ചുപിടിക്കാന്‍ ആര് എന്ന് സി.പി.എം നേതൃത്വം ആലോചിച്ചപ്പോള്‍ അധികം കൂട്ടിക്കിഴിക്കലുകള്‍ കൂടാതെ തന്നെ എ.എം. ആരിഫില്‍ എത്തിയത് മികച്ച പ്രതിച്ഛായയ്ക്കു തെളിവ്. കെ.ആര്‍. ഗൗരിയമ്മയെ തോല്പിച്ച് 2011-ലെ തെരഞ്ഞെടുപ്പില്‍ താരമായി. തെക്കന്‍ കേരളത്തില്‍ സി.പി.എമ്മിന്റെ എണ്ണംപറഞ്ഞ മുസ്ലിം നേതാക്കളിലൊരാള്‍. സമുദായ നേതാക്കളുമായും മികച്ച ബന്ധം. വാക്‌സിനേഷനടക്കം ചില വിഷയങ്ങളില്‍ ആരിഫിന്റെ നിലപാട് ചര്‍ച്ചയും പിന്നാലെ വിവാദവുമായി. 

അനുകൂല ഘടകങ്ങള്‍ : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂരില്‍ വിജയിച്ചത് 38,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍. ലോക്സഭയിലേക്ക് 2014-ല്‍ ജയിച്ച കെ.സി. വേണുഗോപാലിന്റെ ഭൂരിപക്ഷം 19,400 മാത്രം. ജില്ലയില്‍ പരക്കെ സ്വീകാര്യന്‍. ആലപ്പുഴ തിരിച്ചുപിടിക്കാന്‍ സി.പി.എമ്മിന്റെ സംഘടനാ സംവിധാനം ഇഞ്ചോടിഞ്ച് കൂടെ നില്‍ക്കുന്നു. 

പ്രതികൂല ഘടകം : എസ്.എന്‍.ഡി.പി യോഗം നേതൃത്വത്തിന്റെ മനോഭാവം മറ്റു മണ്ഡലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇവിടെ യു.ഡി.എഫിന് അനുകൂലമാകാനുള്ള സാധ്യത. ഭരണവിരുദ്ധ വികാരമുണ്ടെങ്കില്‍ അതും ദോഷമാകും. 
 

വി.എന്‍. വാസവന്‍ 
(കോട്ടയം-എല്‍.ഡി.എഫ്-സി.പി.എം)

നിലപാട് : യുവതീപ്രവേശനവും റബര്‍ വിലയിടിവും ചര്‍ച്ച് ആക്റ്റുമൊക്കെ ചര്‍ച്ചയാകുമ്പോള്‍ വാസവന്‍ പാര്‍ട്ടി നിലപാടില്‍ ഉറച്ചു നില്‍ക്കും. ശബരിമല വിഷയത്തില്‍ യു.ഡി.എഫും ബി.ജെ.പിയും ഒരേ തൂവല്‍പക്ഷികളാണെന്നാണ് വാസവന്‍ പറയുക. ചര്‍ച്ച് ആക്റ്റിന്റെ പേരില്‍ സഭകളെ നിയന്ത്രിക്കാനില്ലെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. കര്‍ഷകരെ സിറ്റിങ് എം.പിയായ ജോസ് കെ.മാണി വഞ്ചിക്കുകയായിരുന്നുവെന്നാണ് വാസവന്റെ നിലപാട്. പാര്‍ട്ടി സംസ്ഥാനതലത്തില്‍ എന്തു തീരുമാനിച്ചാലും കോട്ടയത്ത് വാസവനാണു താരം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പാര്‍ട്ടിക്ക് മുകളില്‍ വ്യക്തിപ്രഭാവം കാണിക്കുന്ന ഒരു വാക്കും പ്രവൃത്തിയും പരസ്യമായി ഉണ്ടാകാതിരിക്കാനുള്ള  ജാഗ്രത.

വി.എന്‍. വാസവന്‍ 

ശൈലി : നടപ്പിലും ഇരുപ്പിലും കോണ്‍ഗ്രസ്സ് ശൈലിക്ക് ഇഷ്ടക്കാര്‍ ഏറെയുണ്ട്. ആരേയും കൈവിടില്ല എന്നു തോന്നിപ്പിക്കുന്ന പെരുമാറ്റം. സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്ത് മുന്‍ഗാമികളെക്കാള്‍ വാസവന്‍ സ്വീകാര്യനായത് അങ്ങനെയാണ്. സാധാരണ ഷാപ്പു ജീവനക്കാരനായി, തൊഴിലാളിവര്‍ഗ്ഗ പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്നുവന്ന ജീവചരിത്രം. ഒട്ടേറെ സാമൂഹ്യസന്നദ്ധ പരിപാടികളുടെ അമരക്കാരന്‍

പ്രതിച്ഛായ : വാസവന്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് കുപ്രസിദ്ധമായ ഇളങ്കുളം സഹകരണ ബാങ്ക് കുംഭകോണം ഉണ്ടായത്. അതിന്റെ അലയൊലികള്‍ അദ്ദേഹത്തെയും കുലുക്കി. ആരോപണം വന്നപ്പോള്‍ പാര്‍ട്ടി കമ്മിഷനെ വച്ച് അന്വേഷിച്ചു. കണ്ടെത്തല്‍ വാസവന് അനുകൂലമായിരുന്നു. അതിനുശേഷം പേരുദോഷം വരാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുന്നുണ്ട്. ഇടതുമുന്നണി ഭരിക്കുമ്പോള്‍ പ്രത്യേകിച്ചും. 

അനുകൂല ഘടകം : കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ഉണ്ടായ തര്‍ക്കം ഗുണകരമായി; തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കിയതിനോട് യോജിപ്പില്ലാത്തവര്‍ കോണ്‍ഗ്രസ്സിലും കേരള കോണ്‍ഗ്രസ്സിലുമുണ്ട്. 

പ്രതികൂല ഘടകം : ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ്സും സി.പി.എമ്മും തമ്മിലുണ്ടായ അകല്‍ച്ച.
 

തോമസ് ചാഴിക്കാടന്‍ 
(കോട്ടയം നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി)

നിലപാട് : യൂത്ത് ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന സഹോദരന്‍ ബാബു ചാഴിക്കാടന്റെ അപ്രതീക്ഷിത നിര്യാണത്തെത്തുടര്‍ന്ന് 1991-ല്‍ ബാങ്ക് ഉദ്യോഗം ഉപേക്ഷിച്ച് രാഷ്ട്രീയക്കാരനായ തോമസ് ചാഴിക്കാടന് അന്നുമിന്നും കെ.എം. മാണി പറയുന്നതിനപ്പുറം പ്രത്യേക നിലപാടുകളൊന്നുമില്ല. നാല് തവണ എം.എല്‍.എ ആക്കിയ ഏറ്റുമാനൂര്‍ നിവാസികളോ നിയമസഭാ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരോ അങ്ങനെ എന്തെങ്കിലുമൊന്ന് അദ്ദേഹത്തിന്റേതായി കേട്ടിട്ടുമില്ല. ഏറ്റുമാനൂര്‍ താലൂക്ക് ആക്കണം എന്ന ആവശ്യം അതിശക്തമായി ഉയര്‍ന്ന് എം.എല്‍.എയും കേരള കോണ്‍ഗ്രസ്സിനേയും പ്രതിക്കൂട്ടിലാക്കിയപ്പോള്‍ അന്നത്തെ റവന്യൂ മന്ത്രി കെ.എം. മാണിയോട് നേരിട്ട് ആവശ്യപ്പെടാവുന്ന താലൂക്കിനുവേണ്ടി നിരാഹാര സമരം നടത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ മാണി പറന്നെത്തി നാരങ്ങാവെള്ളം കൊടുത്ത് സമരം അവസാനിപ്പിച്ചു; താലൂക്ക് വരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാം നാടകമായിരുന്നു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാഴിക്കാടനു സീറ്റ് നല്‍കാതിരിക്കാനുള്ള നീക്കത്തെ എതിര്‍ത്താണ് പി.സി. തോമസ് ആദ്യം മാണിക്ക് അനഭിമതനാകുന്നത്. പക്ഷേ, തോമസിനു പുറത്തു പോകേണ്ടിവന്നപ്പോള്‍ കൂടെ നില്‍ക്കാന്‍ ചാഴിക്കാടനുണ്ടായില്ല.

തോമസ് ചാഴിക്കാടന്‍ 

ശൈലി : താഴേക്കിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താത്ത ആളായതുകൊണ്ടുള്ള പരിചയക്കുറവ് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും മാറിയിട്ടില്ല. എം.എല്‍.എ ആയിരിക്കെ അത് കേരള കോണ്‍ഗ്രസ്സ് നേരിട്ടാണ് കാര്യങ്ങള്‍ നടത്തിയിരുന്നത്. എം.എല്‍.എ കാഴ്ചക്കാരന്‍ മാത്രമായി. അതേസമയം പതിവു രാഷ്ട്രീയക്കാരുടെ ശൈലിയില്‍ എല്ലാവര്‍ക്കും സ്വീകാര്യനാകുന്ന വിധമുള്ള പെരുമാറ്റ ലാളിത്യം നിലനിര്‍ത്തുകയും ചെയ്യുന്നു. 

പ്രതിച്ഛായ : അഴിമതി തൊട്ടുതീണ്ടിയിട്ടില്ല. 

അനുകൂല ഘടകം : കോട്ടയം കൂടുതല്‍ക്കാലവും യു.ഡി.എഫ് മണ്ഡലമായിരുന്നു. 

പ്രതികൂല ഘടകങ്ങള്‍ : പി.ജെ. ജോസഫ് കോട്ടയം സീറ്റ് ആഗ്രഹിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടിയിലും മുന്നണിയിലുമുണ്ടായ പ്രശ്‌നങ്ങളുടെ അലയൊലി ജോസഫ് വിഭാഗത്തിന്റേയും കോണ്‍ഗ്രസ്സിന്റേയും അതൃപ്തിയായി നിലനില്‍ക്കുന്നു. മുന്‍ കേരള കോണ്‍ഗ്രസ്സ് നേതാവ് പി.സി. തോമസ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.
 

പി.സി. തോമസ് 
(കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി)

നിലപാട് : കേരള കോണ്‍ഗ്രസ്സില്‍ കെ.എം. മാണിക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്ന പി.സി. തോമസ് മാണിയുടെ അപ്രീതി നേടിയത് സഹപ്രവര്‍ത്തകര്‍ക്കു വേണ്ടിയാണ്. പക്ഷേ, അവരില്‍ ഭൂരിപക്ഷം പേരും കൂടെ നിന്നില്ലെങ്കിലും കേരള കോണ്‍ഗ്രസ്സ് വിട്ട് ഐ.എഫ്.ഡി.പി രൂപീകരിച്ചു. കേരള കോണ്‍ഗ്രസ്സിന്റെ പേരില്‍ ലഭിച്ച ലോക്സഭാംഗത്വം രാജിവച്ചില്ലെന്നു മാത്രമല്ല, എന്‍.ഡി.എ സര്‍ക്കാരില്‍ പത്തുമാസക്കാലം നിയമ സഹമന്ത്രിയുമായി. എന്‍.ഡി.എയ്ക്ക് അധികാരം നഷ്ടപ്പെട്ട ശേഷം ഇടതുമുന്നണിയില്‍. പക്ഷേ, സി.പി.എം നേതൃത്വവുമായി അടുപ്പിച്ച സ്‌കറിയാ തോമസുമായി പിണങ്ങി വേറെ പാര്‍ട്ടിയായി എല്‍.ഡി.എഫില്‍ തുടരാനുള്ള ആഗ്രഹം സി.പി.എം നുള്ളിക്കളഞ്ഞു. വീണ്ടും എന്‍.ഡി.എയില്‍. വേറിട്ട സമരങ്ങളിലൂടെ ശ്രദ്ധ നേടി. പക്ഷേ, രാഷ്ട്രീയ നിലനില്‍പ്പില്‍ അസ്ഥിരത. 

പി.സി. തോമസ് 

ശൈലി : ജനകീയന്‍. ആര്‍ക്കും ഉപകാരങ്ങള്‍ ചെയ്തുകൊടുക്കാന്‍ എം.പി ആയിരിക്കുമ്പോഴും മന്ത്രി ആയിരിക്കുമ്പോഴും മടിച്ചിട്ടില്ല. പ്രത്യേകിച്ചും കേരളത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടിയും റബര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയും കേരളത്തിലെ എം.പിമാരെ ഏകോപിപ്പിക്കുന്നതിനു മുന്‍കൈയെടുത്തു.

പ്രതിച്ഛായ : 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇടതുമുന്നണി തൂത്തുവാരിയപ്പോഴും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.സി. തോമസ് അന്നത്തെ മൂവാറ്റുപുഴ മണ്ഡലത്തില്‍ പിടിച്ചുനിന്നത് പഴയ കേരള കോണ്‍ഗ്രസ്സ് ബന്ധങ്ങള്‍ നന്നായി ഉപയോഗിച്ചും ക്രൈസ്തവസഭയുടെ പിന്തുണകൊണ്ടുമാണ്. ഒന്നാം യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആ തെരഞ്ഞെടുപ്പിനു ശേഷം എന്‍.ഡി.എയുമായി അകന്നത് അവസരവാദി എന്ന പ്രതിച്ഛായയ്ക്ക് ഇടയാക്കി. മതത്തെ തെരഞ്ഞെടുപ്പു നേട്ടത്തിന് ഉപയോഗിച്ചു എന്ന കേസില്‍ അയോഗ്യത കല്പിച്ചതിനാല്‍ പിന്നീട് മത്സരിക്കാനായില്ല. അതിനിടയിലാണ് ഇടതുമുന്നണിയില്‍ എത്തിയത്. അവിടെയും ഉറച്ചുനില്‍ക്കാതെ വീണ്ടും എന്‍.ഡി.എയിലേക്കു പോയത് തോമസിന്റെ വിശ്വാസ്യതയ്ക്ക് വലിയ തോതില്‍ മങ്ങലേല്പിച്ചു. അഴിമതിക്കാരനല്ല.

അനുകൂല ഘടകങ്ങള്‍ : കേരള കോണ്‍ഗ്രസ്സ് തട്ടകമായ കോട്ടയത്ത് പഴയ പാര്‍ട്ടി ബന്ധങ്ങളും സഭയുമായുള്ള ബന്ധവും ഉപകാരപ്പെടാനുള്ള സാധ്യത. കേരള കോണ്‍ഗ്രസ്സ് മാണിയിലെ പോരും പി.ജെ. ജോസഫിന്റെ അസംതൃപ്തിയും. 

പ്രതികൂല ഘടകം : ബി.ജെ.പിക്ക് കോട്ടയത്ത് കാര്യമായ ശേഷിയില്ല.
 

ഇ.ടി. മുഹമ്മദ് ബഷീര്‍ 
(മണ്ഡലം-പൊന്നാനി. യു.ഡി.എഫ് - മുസ്ലിം ലീഗ്) 

നിലപാട് : ലീഗിലെ വിശ്വാസ്യതയുള്ള നേതാവ്. സമുദായ പാര്‍ട്ടി ആയിരിക്കെത്തന്നെ ലീഗ് നിലനിര്‍ത്തുന്ന അതിശക്തമായ മതേതര അടിത്തറയ്ക്ക് ഇളക്കം തട്ടുന്ന ഒന്നും പറയാറും ചെയ്യാറുമില്ല. മുത്തലാഖ് ബില്ലിനെ മാത്രമല്ല, മുത്തലാഖിനേയും എതിര്‍ക്കുന്നു. പക്ഷേ, അതു തുറന്നു പറഞ്ഞാല്‍ പൗരോഹിത്യത്തിന്റെ അപ്രീതിയാകും ഫലം. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംവരണ പാക്കേജ് നടപ്പാക്കിയതിന്റെ ചുക്കാന്‍ പിടിച്ചു. സഹായിച്ചത് പിന്നീട് പോപ്പുലര്‍ ഫ്രണ്ടായി മാറിയ എന്‍.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ നാസറുദ്ദീന്‍ എളമരവും ഇ.എം. അബ്ദുറഹിമാനും.

ഇ.ടി. മുഹമ്മദ് ബഷീര്‍ 

ശൈലി : നാലു തവണ എംഎല്‍എ, രണ്ടു തവണ എംപി, മൂന്നു തവണ സംസ്ഥാനമന്ത്രി എന്നിങ്ങനെ രാഷ്ട്രീയത്തില്‍ തലമുതിര്‍ന്നയാളാണ് ഇ.ടി. പക്വതയോടെയുള്ള പെരുമാറ്റവും പ്രതികരണവുമാണ് ശൈലി. 
പ്രതിച്ഛായ : എസ്.ഡി.പി.ഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നത് ക്ഷീണമായി. മുസ്ലിം സമുദായത്തിലെ മതമൗലികവാദികള്‍ക്കും തീവ്ര നിലപാടുകാര്‍ക്കും ലീഗുമായുള്ള കണ്ണിയാണ് അദ്ദേഹം എന്നു നേരത്തേ പ്രചരണമുണ്ട്. ജമാഅത്തെ ഇസ്ലാമിയും സലഫികളും മഅ്ദനിയും പോപ്പുലര്‍ ഫ്രണ്ടുമൊക്കെയായുള്ള നല്ല ബന്ധത്തിനു ലഭിക്കുന്ന വ്യാഖ്യാനമാണ് അതെന്ന് ഇ.ടിയെ അടുത്തറിയാവുന്നവര്‍ പറയുന്നു. അഴിമതിയോ മറ്റു കുഴപ്പങ്ങളോ അടുത്തുകൂടിപ്പോലും പോയിട്ടില്ല. 

അനുകൂല ഘടകങ്ങള്‍ : പൊന്നാനി എന്നും ലീഗ് കോട്ട തന്നെ. കേന്ദ്രത്തില്‍ സര്‍ക്കാര്‍ ഏതായാലും ഇ.ടി. മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റില്‍ ഉണ്ടാകണം എന്ന പൊതുവികാരം മുസ്ലിം സമുദായത്തിലെ ഒട്ടു മിക്ക വിഭാഗങ്ങള്‍ക്കുമുണ്ട്. 

പ്രതികൂല ഘടകങ്ങള്‍ : എതിര്‍ സ്ഥാനാര്‍ത്ഥിയുടെ കോണ്‍ഗ്രസ്സ് പശ്ചാത്തലവും ബന്ധങ്ങളും. ഇടതുമുന്നണി മുന്‍പില്ലാത്ത വിധം സംഘടനാ മികവോടെ പ്രവര്‍ത്തിക്കുന്നു. എസ്.ഡി.പി.ഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ മജീദ് ഫൈസിയുടെ സ്ഥാനാര്‍ത്ഥിത്വം. 
 

പി.വി. അന്‍വര്‍ 
(മണ്ഡലം-പൊന്നാനി. എല്‍.ഡി.എഫ് - സി.പി.എം സ്വതന്ത്രന്‍)

നിലപാട് : പരിസ്ഥിതിക്കു ദോഷമുണ്ടാക്കുന്ന നിയമവിരുദ്ധ അമ്യൂസ്മെന്റ് പാര്‍ക്കും തടയണയുമൊക്കെ നാട് മുഴുവന്‍ എതിര്‍ത്തിട്ടും കുലുങ്ങിയില്ല. സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന ഉപ്പുപ്പയേയും കോണ്‍ഗ്രസ്സ് നേതാവായിരുന്ന ബാപ്പയേയും പിന്തുടര്‍ന്ന് ആ വഴിക്കു പോകാതിരുന്നത് ഇടതുപക്ഷ ആശയങ്ങളോടുള്ള പ്രത്യേക പ്രതിബദ്ധത കൊണ്ടൊന്നുമല്ല. അവിടെയല്ല, ഇപ്പുറത്താണ് മലപ്പുറം ജില്ലയില്‍ ആളും അര്‍ത്ഥവും ആവശ്യമുള്ളത് എന്നു തിരിച്ചറിഞ്ഞു. പി.വി. അന്‍വര്‍ ഏതെങ്കിലും സാമൂഹിക കാര്യത്തില്‍ നിലപാടുകൊണ്ട് ശ്രദ്ധ നേടിയിട്ടില്ല. വിവാദങ്ങളുടെ സമയത്തും അതുതന്നെയായിരുന്നു സ്ഥിതി. വര്‍ത്തമാനം പറഞ്ഞുകൂടി കുഴപ്പത്തിലാക്കരുത് എന്ന് സി.പി.എം നേതൃത്വം മുന്‍പേ ഉപാധി വച്ചിട്ടുണ്ട് എന്നാണ് നിലമ്പൂരിലെ സംസാരം.

പി.വി. അന്‍വര്‍ 

ശൈലി : അധികം വര്‍ത്തമാനം നിയമസഭയിലും പുറത്തുമില്ല. പക്ഷേ, നിലമ്പൂര്‍ എം.എല്‍.എ എന്ന നിലയ്ക്ക് ആര്‍ക്കും സമീപിക്കാം. മണ്ഡലത്തിന്റെ കാര്യങ്ങളില്‍ പാര്‍ട്ടിയും പാര്‍ട്ടി നിയോഗിച്ച സ്റ്റാഫും നടത്തുന്ന ഇടപെടലുകളില്‍ തൃപ്തന്‍. പണംകൊണ്ട് ആവശ്യമുള്ളപ്പോഴൊക്കെ ജില്ലയിലെ പാര്‍ട്ടിയെയാകെ സഹായിക്കുന്നു. ഈ വിധേയത്വത്തിനും സഹായത്തിനുമുള്ള പ്രതിഫലം കൂടിയാണ് നിയമസഭയില്‍നിന്നു പാര്‍ലമെന്റിലേക്ക് 'സ്ഥാനക്കയറ്റം' നല്‍കാനുള്ള ശ്രമം. 

പ്രതിച്ഛായ : നിലമ്പൂര്‍ നിയമസഭാമണ്ഡലം കുടുംബസ്വത്താണെന്നു ധരിച്ചു പെരുമാറിയിരുന്ന ആര്യാടന്‍ മുഹമ്മദിനും മകന്‍ ഷൗക്കത്തിനും തിരിച്ചടി നല്‍കിയ വിജയത്തോടെ പി.വി. അന്‍വര്‍ താരമായി. അതിന്റെ തിളക്കം കെടും മുന്‍പാണ് അമ്യൂസ്മെന്റ് പാര്‍ക്ക് വിവാദമുണ്ടായത്. അത് പ്രതിച്ഛായയ്ക്ക് ചില്ലറ കോട്ടമല്ല ഉണ്ടാക്കിയത്. സി.പി.എം നേതൃത്വത്തിന് അന്‍വര്‍ ബാധ്യതയായി മാറിയ കാലം. പക്ഷേ, അന്‍വറും പാര്‍ട്ടിയും അതില്‍ തളര്‍ന്നില്ല. ആരോപണങ്ങളിലും തുടര്‍ച്ചയായി വരുന്ന വാര്‍ത്തകളിലും വസ്തുത മാത്രമല്ല, രാഷ്ട്രീയവുമുണ്ട് എന്ന് ഇപ്പോള്‍ ആളുകള്‍ക്ക് മനസ്സിലായി. 

അനുകൂല ഘടകങ്ങള്‍ : കുടുംബത്തിന്റെ കോണ്‍ഗ്രസ്സ് പശ്ചാത്തലം. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസിയുടെ സ്ഥാനാര്‍ത്ഥിത്വം ലീഗ് വോട്ടുകളില്‍ ഉണ്ടാക്കാവുന്ന വിള്ളല്‍.

പ്രതികൂല ഘടകങ്ങള്‍ : ഇ.ടി. മുഹമ്മദ് ബഷീറിന്റെ വ്യക്തിപ്രഭാവം, ലീഗിന്റെ സംഘടനാ ശേഷിയും പൊന്നാനി നിലനിര്‍ത്താനുള്ള കഠിനപ്രയത്‌നവും. 
 

പി.കെ. കുഞ്ഞാലിക്കുട്ടി 
(മണ്ഡലം-മലപ്പുറം. യു.ഡി.എഫ്- മുസ്ലിം ലീഗ്)

നിലപാട് : നിലപാടുകളെക്കാള്‍ നിലനില്പിലാണ് കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധ. ഇ. അഹമ്മദിന്റെ ഒഴിവിലുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ ലോക്സഭയിലേക്ക് മത്സരിച്ചു ജയിച്ചതും അതിന്റെ ഭാഗം. അല്ലാതെ ദേശീയ തലത്തില്‍ മുസ്ലിം ലീഗിനു വേരുണ്ടാക്കുക എന്നതൊന്നും ദേശീയ ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ അജന്‍ഡയില്‍ വരുന്ന കാര്യമല്ല. ദേശീയ രാഷ്ട്രീയം കുറച്ചൊക്കെ അടുത്തു നിന്നു കണ്ടു. ഇനി ജയിച്ചുവരികയും കേന്ദ്രത്തില്‍ ബി.ജെ.പി വിരുദ്ധ സഖ്യം അധികാരത്തിലെത്തുകയും ചെയ്താല്‍ മന്ത്രിയാകാനുള്ള സാധ്യത കണക്കുകൂട്ടുന്നു. നിര്‍ണ്ണായക വേളയില്‍ പാര്‍ലമെന്റില്‍ പോകുന്നതിനെക്കാള്‍ പ്രാധാന്യം സുഹൃത്തിന്റെ കുടുംബത്തിലെ വിവാഹത്തിനു നല്‍കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയത്തിന്റെ കാമ്പും കഴമ്പും. തനിക്കും പാര്‍ട്ടിക്കും പ്രതിസന്ധി ഉണ്ടാകുമ്പോള്‍ സമുദായ ഐക്യ ശ്രമങ്ങള്‍ക്ക് ആളെക്കൂട്ടും.

പി.കെ. കുഞ്ഞാലിക്കുട്ടി 

നിയമസഭയിലോ പാര്‍ലമെന്റിലോ പുറത്തോ കുഞ്ഞാലിക്കുട്ടി ഏതെങ്കിലുമൊരു സാമൂഹിക വിഷയത്തില്‍ മൗലിക നിലപാട് വെളിപ്പെടുത്തി ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവായിട്ടില്ല. കൃത്യമായി കാര്യം പറയുന്നതിലല്ല, ഒഴിഞ്ഞുമാറുന്നതിലാണ് സാമര്‍ത്ഥ്യം കാണിക്കാറ്. ഹജ്ജ് കമ്മിറ്റിയിലും വഖഫ് ബോര്‍ഡിലും കാന്തപുരം വിഭാഗത്തെ ഉള്‍പ്പെടുത്താതിരിക്കാനും ജമാഅത്തെ ഇസ്ലാമി പ്രതിനിധിയെ ഉള്‍പ്പെടുത്താനും 2001-ലെ ആന്റണി സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ സൂത്രധാരന്‍. കാന്തപുരം നേരിട്ട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും കുഞ്ഞാലിക്കുട്ടി എതിരു നിന്നു. 2004-ലെ മഞ്ചേരി ( ഇന്നത്തെ മലപ്പുറം ലോക്സഭാ മണ്ഡലം) പരാജയത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം കാന്തപുരത്തിന്  അന്നുണ്ടായ അപമാനം. 

ശൈലി : മധ്യസ്ഥന്‍ ശൈലിയിലാണ് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയം. യു.ഡി.എഫിലെ മീഡിയേറ്റര്‍. യു.ഡി.എഫിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്ന മധ്യസ്ഥന്റെ റോളില്‍ സ്ഥിരമായി വിജയിക്കുന്ന കുശാഗ്ര ബുദ്ധി. മുന്നണി വിട്ട കേരള കോണ്‍ഗ്രസ്സ് മാണിയെ തിരിച്ചുകൊണ്ടുവന്നതും അതിന് കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ സീറ്റ് ബലികൊടുത്തതും ഇതിന് ഉദാഹരണം. കോണ്‍ഗ്രസ്സിനു ഘടക കക്ഷികള്‍ക്കുമിടയില്‍ കുഞ്ഞാലിക്കുട്ടി പാലമായതിനു വേറെയുമുണ്ട് ഉദാഹരണങ്ങള്‍. പ്രതിസന്ധികളില്‍ അക്ഷോഭ്യനാകാറുണ്ട്

പ്രതിച്ഛായ :  എ.കെ. ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും സര്‍ക്കാരുകളുടെ കാലത്ത് കേരളത്തില്‍ ഐ.ടി രംഗത്ത് ഉണ്ടായ ഉണര്‍വ്വാണ് മികച്ച ഭരണാധികാരി എന്ന പ്രതിച്ഛായ നേടിക്കൊടുത്തത്. വ്യവസായ-ഐടി മന്ത്രി ആയിരുന്നു. 2001-ലെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് ആഘോഷത്തോടെ നടത്തിയ ആഗോള നിക്ഷേപക സംഗമം കേരളത്തിലേക്ക് നിക്ഷേപത്തിന്റെ ഒഴുക്കുണ്ടാക്കും എന്ന അവകാശവാദം പൊളിഞ്ഞുപോയി. ഐസ്‌ക്രീം പാര്‍ലര്‍ പീഡനക്കേസ് കുഞ്ഞാലിക്കുട്ടിയെ അടിമുടി ഉലച്ചെങ്കിലും ഒരാള്‍ക്കും സാധിക്കാത്തവിധം അദ്ദേഹം തിരിച്ചെത്തി. മന്ത്രിപദവയില്‍ നിന്നു രാജി, ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു പടിയിറക്കം, കുടുംബത്തിലും സമൂഹത്തിലും പേരുദോഷം ഇതെല്ലാമുണ്ടായി. നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിച്ചെങ്കിലും ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ കരിനിഴല്‍ എന്നുമുണ്ട് കൂടെ. അതില്‍ വിടാതെ പിന്തുടരുന്നതുകൊണ്ടാണ് വി.എസ്. അച്യുതാനന്ദനോട് മറ്റാരോടുമില്ലാത്ത വിരോധം. അത് നിയമസഭയിലും പുറത്തും മറയില്ലാതെ പ്രകടിപ്പിച്ചിട്ടുണ്ട് കുഞ്ഞാലിക്കുട്ടി.

അനുകൂല ഘടകം : മലപ്പുറം മണ്ഡലം മുസ്ലിം ലീഗിന്റെ കോട്ട. 

പ്രതികൂല ഘടകങ്ങളൊന്നുമില്ല.
 

വി.പി. സാനു

നിലപാട് : പിതാവ് നേരിട്ട സ്ഥാനാര്‍ഥിയെ വര്‍ഷങ്ങള്‍ക്കു ശേഷം മകനും നേരിടാനൊരുങ്ങുന്ന കാഴ്ചയാണ് മലപ്പുറത്ത്. 1991ല്‍ കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിക്കുമ്പോള്‍ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന വി.പി.സക്കറിയയുടെ മകന്‍ വി.പി.സാനുവാണ് ഇത്തവണ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുന്നത്. എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായ സാനു പാര്‍ട്ടി നിലപാടില്‍ നിന്ന് വിട്ടുവീഴ്ച ചെയ്യാറില്ല. 

വി.പി. സാനു

ശൈലി : സ്വന്തം പ്രവര്‍ത്തനശൈലിയും രീതികളും രൂപപ്പെട്ടു വരുന്നതേയുള്ളു. പാര്‍ട്ടി നയിക്കുന്നതിനൊപ്പിച്ചാണ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനം. വിദ്യാര്‍ത്ഥി നേതാവ് എന്ന നിലയില്‍ എല്ലാവര്‍ക്കും സ്വീകാര്യനാക്കുന്ന ലാളിത്യവും രാഷ്ട്രീയ ബോധവും.

പ്രതിച്ഛായ : പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി.പി. സാനു മുസ്ലിമാണ് എന്ന് പലര്‍ക്കും അറിയില്ല. സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായ വി.പി. സക്കരിയ മാസ്റ്ററുടെ മകന് പേരും സമുദായ പ്രതിച്ഛായയും പ്രധാനമല്ല.

അനുകൂല ഘടകം : യുവ നേതാവിന്റെ വാക്കുകള്‍ പൊതുയോഗങ്ങളില്‍ ജനം ശ്രദ്ധിക്കുന്നു. ഇടതുപക്ഷത്തിന്റെ പ്രസക്തി വിശദീകരിക്കാന്‍ ലഭിക്കുന്ന അവസരം നഷ്ടപ്പെടുത്തുന്നില്ല.

പ്രതികൂല ഘടകം : മലപ്പുറം മണ്ഡലം മുസ്ലിം ലീഗിന്റെ കോട്ട. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവം
 

പി.കെ. ശ്രീമതി 
(മണ്ഡലം-കണ്ണൂര്‍. എല്‍.ഡി.എഫ്-സി.പി.എം)

നിലപാട് : മുതിര്‍ന്ന നേതാവാണെങ്കിലും പാര്‍ട്ടിയെ അലോസരപ്പെടുത്തുന്ന ഒരു വാക്കുപോലും ശ്രീമതി ടീച്ചറില്‍നിന്നുണ്ടാകാറില്ല. ഉള്ളില്‍ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിലല്ലേ പറയാന്‍ പറ്റൂ. പക്ഷേ, കോട്ടയം കിളിരൂരില്‍ ശാരി എന്ന പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉന്നതരുടെ മക്കളുടെ ലൈംഗിക പീഡനത്തിന് ഇരയായി ഗര്‍ഭിണിയായി പ്രസവിച്ചശേഷം മരിച്ച സംഭവത്തില്‍ എങ്ങനെയോ ടീച്ചറുടെ പേരു ചെന്നുപെട്ടു. കുറേക്കാലം പാര്‍ട്ടിവിരുദ്ധര്‍ അത് ആഘോഷിച്ചെങ്കിലും എവിടെയുമെത്തിയില്ല. ആശുപത്രിയില്‍ ദിവസങ്ങളോളം മരണത്തോടു മല്ലടിച്ചു കിടന്നിട്ടാണ് ശാരി മരിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവായിരുന്ന ശ്രീമതി ആശുപത്രിയില്‍ച്ചെന്നു ശാരിയെ കണ്ടതു ശരിയാണ്.

പി.കെ. ശ്രീമതി 

പിന്നീട് വി.എസ്. അച്യുതാനന്ദന്‍ ആശുപത്രിയില്‍ പോയി. വി.ഐ.പികളുടെ സന്ദര്‍ശനം പെണ്‍കുട്ടിക്ക് അലോസരമുണ്ടാക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ വി.എസിനോടു പറഞ്ഞു. വി.എസ്. അത് പുറത്തു പറഞ്ഞപ്പോള്‍ ഒരു വി.ഐ.പിയുടെ സന്ദര്‍ശനത്തിലേക്കായി ഊന്നല്‍. അങ്ങനെയാണ് സംശയമുന നീണ്ടത്. അതിനു പിന്നാലെയായിരുന്നു കവിയൂരിലെ കൂട്ട ആത്മഹത്യ. അതിനേക്കുറിച്ചു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതു മരിച്ച പെണ്‍കുട്ടിക്ക് എതിരാണെന്ന വ്യാഖ്യാനമുണ്ടായി, വിവാദവുമായി. അതിനുശേഷം ടീച്ചര്‍ സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്.

ശൈലി : ഉന്നത വിദ്യാഭ്യാസമൊന്നുമില്ലാത്ത പാവപ്പെട്ട സ്‌കൂള്‍ ക്രാഫ്റ്റ് ടീച്ചറുടേയും ഗ്രാമീണ സ്ത്രീയുടേയും നന്മയും നിഷ്‌കളങ്കതയുമാണ് ടീച്ചറുടെ പെരുമാറ്റരീതിയുടെ മുഖമുദ്ര. അറിയാവുന്ന ഇംഗ്ലീഷില്‍ പറയാനുള്ള കാര്യങ്ങള്‍ ഒരു മടിയും കൂസലുമില്ലാതെ പാര്‍ലമെന്റില്‍ പറയാന്‍ പ്രേരിപ്പിച്ച ആര്‍ജ്ജവം അതിന്റെ തുടര്‍ച്ച. ജനകീയ നേതാവ്. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിക്കാര്‍ക്കു മാത്രമല്ല, പുറത്തുള്ളവര്‍ക്കും ഇഷ്ടം. ജില്ലാ പഞ്ചായത്ത് അധ്യക്ഷയും പയ്യന്നൂര്‍ എം.എല്‍.എയും ആരോഗ്യമന്ത്രിയും എം.പിയുമായിരിക്കുമ്പോഴും അതുതന്നെ രീതി. പ്രസന്നഭാവത്തിലല്ലാതെ ശ്രീമതി ടീച്ചറെ കാണാനാകില്ല. ഏതു കൊമ്പത്തെത്തിയപ്പോഴും തറയില്‍ച്ചവിട്ടിത്തന്നെയാണ് നടപ്പ്. 

പ്രതിച്ഛായ : ആരോഗ്യമന്ത്രിയായി പ്രവര്‍ത്തിച്ച മികവ്. ഇത്തവണത്തെ എല്‍.ഡി.എഫ് സര്‍ക്കാരില്‍ ഇ.പി. ജയരാജന്റെ രാജിക്കു കാരണം ശ്രീമതിയുടെ മകന്‍ സുധീറിനെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഇയില്‍ മാനേജിംഗ് ഡയറക്ടറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം. ബന്ധുനിയമനത്തിന്റെ പേരില്‍ ശ്രീമതിക്കും കിട്ടി പാര്‍ട്ടിയുടെ കൊട്ട്. പക്ഷേ, വേറെ നടപടിയൊന്നുമുണ്ടായില്ല. 

അനുകൂല ഘടകങ്ങള്‍ : മികച്ച എം.പി. രണ്ടാം തവണയും ധൈര്യത്തോടെ പാര്‍ട്ടി സീറ്റ് നല്‍കിയത് ജയസാധ്യതയെക്കുറിച്ച് സംശയിക്കാതെ. എതിര്‍ സ്ഥാനാര്‍ത്ഥി കെ. സുധാകരനു കോണ്‍ഗ്രസ്സിന്റെ പരിപൂര്‍ണ്ണ പിന്തുണ ഇല്ലെന്ന പ്രതീതി.

പ്രതികൂല ഘടകങ്ങള്‍ : സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമുണ്ടെങ്കില്‍ അത്. കെ. സുധാകരന്റെ ഇളക്കിമറിക്കുന്ന പ്രചാരണ രീതിയും സി.പി.എമ്മിന്റെ 'അക്രമ രാഷ്ട്രീയ'ത്തിനെതിരായ ഊന്നലും.
 

കെ. സുധാകരന്‍ 
(മണ്ഡലം-കണ്ണൂര്‍. യു.ഡി.എഫ് - കോണ്‍ഗ്രസ്സ്)

നിലപാട് : വേണമെങ്കില്‍ ബി.ജെ.പിയില്‍ പോകാനും കെ. സുധാകരന്‍ ഒരു ഘട്ടത്തില്‍ തയ്യാറായി എന്നു വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത് കണ്ണൂരിലെ ഡി.സി.സി ഭാരവാഹികളിലൊരാള്‍ തന്നെയാണ്. വീഡിയോ ദൃശ്യങ്ങളൊന്നും തല്‍ക്കാലം ലഭ്യമല്ലെങ്കിലും സുധാകരന്‍ ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നതും ബി.ജെ.പി സംസ്ഥാന നേതാക്കളും പ്രമുഖ ദേശീയ നേതാവും അതില്‍ പങ്കാളികളായി എന്നതും ശക്തമായ ആരോപണമായി നിലനില്‍ക്കുന്നു. സുധാകരന്റെ ഉപാധികളില്‍ ചിലത് അംഗീകരിക്കാനാകാതെ ബി.ജെ.പി ചര്‍ച്ച അവസാനിപ്പിച്ചു, അല്ലെങ്കില്‍ സുധാകരനായിരുന്നേനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എന്നിങ്ങനെ പോകുന്നു അതിന്റെ രണ്ടാം ഭാഗം.

കെ. സുധാകരന്‍ 


ശബരിമല യുവതീപ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നപ്പോള്‍ അതിനെതിരെ പരസ്യമായി രംഗത്തിറങ്ങാന്‍ അമിതാവേശം കാണിച്ച കോണ്‍ഗ്രസ്സ് നേതാക്കളില്‍ ഒന്നാമന്‍. അതിന്റെ ഭാഗമായി രഥയാത്രയും നടത്തി. പക്ഷേ, ശബരിമല വിഷയത്തില്‍ ഒരു വിധത്തിലും കക്ഷികളല്ലാത്ത ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ സുധാകരന്‍ പറഞ്ഞുതുടങ്ങിയതോടെ കോണ്‍ഗ്രസ്സ് നേതൃത്വത്തിനു വിലക്കേണ്ടിവന്നു. 

ശൈലി : എല്ലാക്കാലത്തും സുധാകരനെ തലയെടുപ്പോടെ നിലനിര്‍ത്തിയത് കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മിനെതിരെ കോണ്‍ഗ്രസ്സ് അണികള്‍ക്കു ധൈര്യം പകരുന്ന കൈക്കരുത്തിന്റെ ശൈലിതന്നെ. വാക്കില്‍ മാത്രമല്ല, പ്രവൃത്തിയിലും 'ആരെട വീരാ പോരിനു വാടാ' എന്ന രീതി. സുധാകരന്റെ ഈ ശൈലി കോണ്‍ഗ്രസ്സിനു ചേര്‍ന്നതല്ല എന്ന് പറയുന്നവരുണ്ട്. പക്ഷേ, കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സ് ബാക്കിയുള്ളത് സുധാകരന്റെ ഈ ശൈലികൊണ്ടാണ് എന്നു മറുവാദം. പക്ഷേ, അതു ചിലപ്പോഴൊക്കെ കൈവിട്ടുപോയിട്ടുമുണ്ട്. സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗം ഇ.പി. ജയരാജനെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ സുധാകരന്‍ ഗൂഢാലോചന കേസ് പ്രതിയായത് ഉദാഹരണം. സി.പി.എം പ്രവര്‍ത്തകന്‍ നാല്‍പ്പാടി വാസുവിനെ സുധാകരന്റെ ഗണ്‍മാന്‍ വെടിവച്ചു കൊന്ന കേസിലും സുധാകരന്‍ പ്രതിയായിരുന്നു. 

പ്രതിച്ഛായ : ഒരു വിഭാഗം കോണ്‍ഗ്രസ്സുകാര്‍ക്ക് ആവേശം നല്‍കുന്ന തീപ്പൊരി നേതാവിന്റെ പ്രതിച്ഛായ. എതിരിടുന്നത് കരുത്തരായ സി.പി.എമ്മിനോടായതുകൊണ്ട് വാക്കിലും പ്രവൃത്തിയിലും മല്ലിടാന്‍ സുധാകരന്‍ വേണം എന്ന് വാദം. 

അനുകൂല ഘടകം : കേരളത്തില്‍ ഇത്തവണ യു.ഡി.എഫ് നേട്ടമുണ്ടാക്കും എന്ന പൊതുപ്രചരണം. വ്യക്തിപ്രഭാവം.

പ്രതികൂല ഘടകം : പി.കെ. ശ്രീമതിയുടെ ജനപ്രീതി.
 

പി. ജയരാജന്‍ 
(മണ്ഡലം-വടകര. എല്‍.ഡി.എഫ്-സി.പി.എം)

നിലപാട് : പി. ജയരാജനാണ് കണ്ണൂര്‍ ജില്ലയിലെ സി.പി.എം എന്ന തരത്തിലുള്ള പ്രചാരണങ്ങളൊക്കെ സമീപകാലത്തുണ്ടായതാണ്. അതിനു മുന്‍പേ ജയരാജനും പാര്‍ട്ടിയുമുണ്ട്. 'ജയരാജ പ്രകീര്‍ത്തനങ്ങള്‍' പാട്ടായും ഫ്‌ലക്‌സായും വന്നു വിനയായപ്പോള്‍ ആ കുരുക്കില്‍ തലയിട്ടു കൊടുക്കാതെ മാറിനില്‍ക്കാനുള്ള വിവേകം കാണിച്ചു. സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സംസ്ഥാന സെക്രട്ടറിയെക്കാള്‍ അതിശക്തനാണ് എന്നു മാധ്യമങ്ങളാണ് പ്രചരിപ്പിക്കുന്നത്. കാര്യം കുറേയൊക്കെ ശരിയാണെങ്കിലും പാര്‍ട്ടിക്കതീതമായ ഒന്നും ജയരാജനില്‍നിന്ന് സഖാക്കളും എതിരാളികളും കേട്ടിട്ടില്ല. അങ്ങനെ വല്ലതും വീണുകിട്ടിയിരുന്നെങ്കില്‍ അതാകും ആഘോഷം എന്നു തികഞ്ഞ ബോധ്യം. 

പി. ജയരാജന്‍ 

ശൈലി : ജയരാജന്‍ ശൈലിയുടെ ബുദ്ധിമുട്ട് കണ്ണൂരിലെ മാത്രമല്ല, കേരളത്തിലാകെ സി.പി.എം അനുഭവിക്കുന്നു എന്നു ചൂണ്ടിക്കാണിക്കുന്നവരില്‍ മുന്‍ പാര്‍ട്ടിക്കാരുമുണ്ട്. കൊലപാതക രാഷ്ട്രീയത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് നേരിടുന്ന പ്രധാന വിമര്‍ശനം. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ പ്രതിയാക്കിയത് സ്ഥാനാര്‍ത്ഥിയാകുന്നതിനു തൊട്ടുമുന്‍പ്. അതില്‍ മാത്രമല്ല, മറ്റൊരു കേസിലും കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടില്ല. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പി. ജയരാജന്റെ അടുത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. എങ്കിലും ജയരാജന്‍ കൊലയാളിയാണ് എന്നാണ് ആര്‍.എം.പി നേതാവും ടി.പി. ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമ ആരോപിച്ചത്. അതിനെതിരെ തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയിരിക്കുകയാണ് ജയരാജന്‍. 

പ്രതിച്ഛായ : സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജയരാജന്‍ കറതീര്‍ന്ന പാര്‍ട്ടിക്കാരനാണ്. തനിത്തങ്കം. അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് വിമര്‍ശകരും എതിരാളികളും ചാര്‍ത്തുന്ന കളങ്കങ്ങളൊന്നും അവരെ ബാധിക്കുന്നില്ല. സ്വന്തം നിലയില്‍ത്തന്നെ ജയരാജന്‍ ആര്‍.എസ്.എസ് ആക്രമണത്തിന്റെ ഇരയാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. 1999-ലെ തിരുവോണ ദിനത്തില്‍ വീട്ടില്‍ക്കയറി വെട്ടിയത് കൊല്ലാന്‍ ഉദ്ദേശിച്ചാണ്. പക്ഷേ, മുറിഞ്ഞ കൈ തുന്നിച്ചേര്‍ത്ത്, മാംസക്കഷ്ണങ്ങളില്‍നിന്നു തിരിച്ചുവന്നത് കൂടുതല്‍ ശക്തനായ ജയരാജന്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ജയരാജന്‍ നല്‍കുന്ന നേതൃത്വവും ശ്രദ്ധേയം.

അനുകൂല ഘടകം : സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തികവും ജയരാജനുവേണ്ടി പാര്‍ട്ടിയും മുന്നണിയും നടത്തുന്ന അതിശക്തമായ പ്രവര്‍ത്തനവും.

പ്രതികൂല ഘടകങ്ങള്‍ : കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതോടെ യു.ഡി.എഫിനുണ്ടായ ഉണര്‍വ്വ്. മണ്ഡലത്തിലെ ബി.ജെ.പി വോട്ടുകള്‍ എങ്ങോട്ടു മറിയും എന്ന സംശയവും ആര്‍.എം.പിയുടെ പ്രചാരണ പരിപാടികളും.
 

കെ. മുരളീധരന്‍ 
(മണ്ഡലം-വടകര. യു.ഡി.എഫ് - കോണ്‍ഗ്രസ്സ്)

നിലപാട് : കോണ്‍ഗ്രസ്സിന്റെ മൂന്നു രൂപാ അംഗത്വം മതി, സ്ഥാനങ്ങളൊന്നും വേണ്ട എന്നായിരുന്നു കോണ്‍ഗ്രസ്സ് വിട്ട് ഡി.ഐ.സി രൂപീകരിക്കുകയും പിന്നീട് എന്‍.സി.പിയില്‍ ലയിക്കുകയും ചെയ്തിട്ടും രക്ഷപ്പെടാതെ വഴിയാധാരമായ കാലത്ത് കെ. മുരളീധരന്റെ ഒരേയൊരു നിലപാട്. അതൊക്കെ പഴയകാലം. പക്ഷേ, അത്രയ്ക്കങ്ങു പഴയതുമല്ല. പക്ഷേ, ഒന്നുണ്ട്. കെ. കരുണാകരന്റെ മകന്‍ ഒരുകാലത്തും ബി.ജെ.പിയോട് ഒരു പുഞ്ചിരികൊണ്ടുപോലും മൃദുനയം സ്വീകരിച്ചിട്ടില്ല. ചാരക്കേസിന്റെ പേരില്‍ മുഖ്യമന്ത്രിക്കസേരയില്‍നിന്ന് കെ. കരുണാകരനെ ഇറക്കിയ എ.കെ. ആന്റണിയോടും ഉമ്മന്‍ ചാണ്ടി സംഘത്തോടും അച്ഛനുവേണ്ടി കലഹിച്ച് പാര്‍ട്ടി വിട്ടത് നിസ്സാര കാര്യമായിരുന്നില്ല. ആദ്യം കെ.പി.സി.സി അധ്യക്ഷ പദവി ഹൈക്കമാന്റ് നിര്‍ദ്ദേശപ്രകാരം രാജിവച്ചു. വൈദ്യുതിമന്ത്രിയായി വടക്കാഞ്ചേരിയില്‍ ഐ ഗ്രൂപ്പ് എം.എല്‍.എയെ രാജിവയ്പിച്ച് മത്സരിച്ചു. പക്ഷേ, ജയിച്ചില്ല. പിന്നെയാണ് ഡി.ഐ.സി രൂപീകരണവും തുടര്‍ സംഭവങ്ങളും. 

കെ. മുരളീധരന്‍ 

ശൈലി : ഇന്നിപ്പോള്‍ വീണ്ടും കോണ്‍ഗ്രസ്സിലെ എണ്ണപ്പെട്ട നേതാക്കളുടെ നിരയില്‍ എത്തിയത് ഒന്നാന്തരം രാഷ്ട്രീയ പ്രവര്‍ത്തനശൈലിയുടെ മികവില്‍. അനുഭവങ്ങളില്‍നിന്നു പഠിച്ചതുകൊണ്ട് സ്വന്തമായി ഗ്രൂപ്പുണ്ടാക്കാതെ ആദ്യം രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പിലും പിന്നീട് ഉമ്മന്‍ ചാണ്ടിയുടെ ഗ്രൂപ്പിലുമായി. പണ്ട് കരുണാകരന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട് എം.പിയായി ജനപ്രീതി നേടിയ അതേ ശൈലി വട്ടിയൂര്‍ക്കാവ് എം.എല്‍.എ എന്ന നിലയിലും വിജയിക്കാന്‍ മുതല്‍ക്കൂട്ടായി. ആര്‍ക്കും എപ്പോഴും സമീപിക്കാം. ഡി.ഐ.സിയെ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്താന്‍ തടസ്സം നിന്ന വി.എസിനോടുള്ളത്ര വിരോധം പിണറായി വിജയനോടില്ല. അന്നു മുന്നണിയിലെടുക്കാന്‍ പിണറായി ശ്രമിച്ച് പരാജയപ്പെട്ടതാണ് എന്നു നന്നായി അറിയാവുന്നതാണ് കാരണം. പക്ഷേ, പ്രസംഗത്തിലൊക്കെ പിണറായിക്കെതിരെ ആഞ്ഞടിക്കും. 

പ്രതിച്ഛായ : കെ. കരുണാകരന്‍ മകനെ അനര്‍ഹമായി പാര്‍ട്ടിയില്‍ വളര്‍ത്തുന്നു എന്ന് ആക്ഷേപമുണ്ടായിരുന്ന എ ഗ്രൂപ്പുകാര്‍ മുരളീധരന് അക്കാലത്ത് ഇട്ട പേരാണ് കിങ്ങിണിക്കുട്ടന്‍ എന്നത്. എന്നാല്‍, ആ മുരളീധരനല്ല ഇന്നത്തെ മുരളീധരന്‍. അതിഗംഭീരമായി രാഷ്ട്രീയം മനസ്സിലാകും, പറയും. എതിരാളികളുടെ കുറിക്കുകൊള്ളുന്ന കടന്നാക്രമണമാണ് നിയമസഭയിലും പുറത്തും രീതി. അതുകൊണ്ട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ഇടയില്‍ മികച്ച പ്രതിച്ഛായയുടെ ഉടമ. നല്ല സാമാജികനായതുകൊണ്ട് മാധ്യമങ്ങളുടേയും മണ്ഡലത്തിലെ ജനങ്ങളുടേയും പ്രിയങ്കരന്‍. ഇതൊക്കെക്കൊണ്ടാണ് വടകരയില്‍ മുരളിയുടെ സ്ഥാനാര്‍ത്ഥിത്വം മാസ് എന്‍ട്രിയായി ആഘോഷിക്കപ്പെട്ടത്.

അനുകൂല ഘടകങ്ങള്‍ : മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇടതുമുന്നണിയില്‍നിന്ന് 2009-ല്‍ പിടിച്ചെടുത്ത് 2014-ലും നിലനിര്‍ത്തിയ മണ്ഡലം. മുല്ലപ്പള്ളി മാറിയപ്പോള്‍ പകരം ശക്തനായ സ്ഥാനാര്‍ത്ഥിയെത്തന്നെ കിട്ടി എന്ന യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആവേശം. 

പ്രതികൂല ഘടകം : പി. ജയരാജനുവേണ്ടി സി.പി.എം നേരത്തേതന്നെ തുടങ്ങിയ ചിട്ടയായ പ്രവര്‍ത്തനം. ജയരാജന്റെ വ്യക്തിപ്രഭാവം.
 

കെ.പി. സതീഷ് ചന്ദ്രന്‍

നിലപാട് : നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായി തുടങ്ങിയ കെ.പി. സതീഷ് ചന്ദ്രനെ പാര്‍ട്ടി വിശ്വസിച്ച് ഏല്പിച്ച ദൗത്യങ്ങളുടെ വിജയകരമായ പൂര്‍ത്തീകരണം തന്നെയാണ് നിലപാട്. ആ എസ്.എഫ്.ഐയുടെ അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റി അംഗം. ബദല്‍രേഖയില്‍ കുരുങ്ങി പുറത്തായ എം.വി. രാഘവനൊപ്പം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും പാര്‍ട്ടി വിട്ടപ്പോള്‍ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയായി യുവജനങ്ങളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ ലഭിച്ച ചുമതലയില്‍ നൂറില്‍ നൂറായിരുന്നു വിജയം. പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവായി.

കെ.പി. സതീഷ് ചന്ദ്രന്‍

ശൈലി : ഗാന്ധിയന്‍ കമ്യൂണിസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന പ്രകൃതം. ശാന്തമായി മാത്രം സംസാരിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന നേതാവ്. ഖദറും കൈത്തറിയും മാത്രമേ ധരിക്കുകയുള്ളു. പക്ഷേ, വെള്ള ഷര്‍ട്ട് വെള്ളയല്ലെന്നു മാത്രം. സതീഷ് ചന്ദ്രന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ് ഈ വസ്ത്രധാരണ രീതി. രാഷ്ട്രീയം മാത്രമല്ല, സാഹിത്യവും ധാരാളം വായിക്കുന്നയാള്‍. പരിഭാഷകന്‍. അതിന്റെ പ്രതിഫലനം പ്രസംഗങ്ങളില്‍ ഉണ്ടാകാറുമുണ്ട്. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം വന്നപ്പോള്‍ പരാജയപ്പെട്ട ലീഗ് നേതാവ് ചെര്‍ക്കളം അബ്ദുല്ല കൈകൊടുത്തത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പു ക്യാംപെയിന്‍ മാനേജരായിരുന്ന സതീഷ് ചന്ദ്രനാണെന്ന് അതിനു സാക്ഷികളായവര്‍ ഓര്‍ക്കുന്നു. ''മോനേ നീ പണി പറ്റിച്ചല്ലോടാ'' എന്നായിരുന്നു ചെര്‍ക്കളത്തിന്റെ വാക്കുകള്‍. 

പ്രതിച്ഛായ : തൊഴിലാളിവര്‍ഗ്ഗ കുടുംബത്തില്‍ നിന്നല്ല വരവ്. അച്ഛന്‍ നായര്‍ തറവാട്ടിലെ ജന്മി. പക്ഷേ, പുരോഗനകാരിയും കമ്യൂണിസ്റ്റ് ആശയങ്ങളോട് അടുപ്പമുള്ളയാളും. അതാണ് മകനേയും സ്വാധീനിച്ചത്. പത്തു വര്‍ഷം തൃക്കരിപ്പൂര്‍ എം.എല്‍.എ. പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്നതിനെക്കാള്‍ മികവു പ്രകടിപ്പിച്ചത് ജനപ്രതിനിധി എന്ന നിലയില്‍. മൂന്നു തവണ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് ഒമ്പതര വര്‍ഷം ജില്ലയില്‍ സി.പി.എമ്മിനെ നയിച്ചു. വിവാദങ്ങള്‍ക്ക് അതീതന്‍. കറകളഞ്ഞ മൂല്യാധിഷ്ഠിത പൊതുപ്രവര്‍ത്തനം. അതുകൊണ്ട് പൊതുസ്വീകാര്യതയുണ്ട്. മികച്ച സംഘാടകന്‍. 

അനുകൂല ഘടകങ്ങള്‍ : പൊതുവേ ഉറച്ച ഇടതു മണ്ഡലം. എതിര്‍ സ്ഥാനാര്‍ത്ഥികളായ രാജ്മോഹന്‍ ഉണ്ണിത്താനും എന്‍.ഡി.എയുടെ രവീശ തന്ത്രിക്കും മണ്ഡലത്തില്‍ വലിയ ചലനമുണ്ടാക്കാന്‍ കഴിയുന്നില്ല. മുഖ്യ എതിരാളിയായ ഉണ്ണിത്താനു വ്യക്തിപ്രഭാവമുണ്ടെങ്കിലും കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയില്ല.

പ്രതികൂല ഘടകങ്ങള്‍ : രണ്ടു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടായാല്‍ അത്. 
 

രാജ്മോഹന്‍ ഉണ്ണിത്താന്‍ 
(മണ്ഡലം-കാസര്‍ഗോഡ്. യു.ഡി.എഫ് - കോണ്‍ഗ്രസ്സ്)

നിലപാട് : ഏതെങ്കിലും സാമൂഹിക വിഷയത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്റേതായി ചര്‍ച്ച ചെയ്യപ്പെടുന്ന നിലപാട് കേരളം കേട്ടിട്ടില്ല. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ്സ് നിലപാടിന്റെ ശക്തനായ പ്രചാരകനായി. ടി.വി ചാനല്‍ ചര്‍ച്ചകളില്‍ ജീവിക്കുന്നതിനിടെയാണ് കാസര്‍ഗോഡ് സീറ്റു കിട്ടിയത്.

ശൈലി : പണ്ടേ പ്രസംഗവേദികളില്‍ തിളങ്ങി. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്ത രോഷം പരസ്യമായി പ്രകടിപ്പിച്ച് ഉണ്ണിത്താന്‍ അന്നത്തെ കെ.പി.സി.സി അധ്യക്ഷന്‍ കെ. മുരളീധരനെതിരെ ഉന്നയിച്ച ആരോപണമാണ് ചില സീറ്റുകള്‍ 'പേയ്മെന്റ് സീറ്റുകളാണ്' എന്നത്. അതു പിന്നീട് ഹിറ്റായി. കെ. മുരളീധരനെതിരായ പരസ്യ വിമര്‍ശനം ആവര്‍ത്തിച്ചതോടെ കായിക ആക്രമണമുണ്ടായി. തിരുവനന്തപുരത്ത് ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളില്‍ കെ.പി.സി.സി യോഗം നടക്കാനിരിക്കെ അവിടെ കാറില്‍ എത്തിയ രാജ്മോഹന്‍ ഉണ്ണിത്താനേയും ശരത് ചന്ദ്രപ്രസാദിനേയും ആക്രമിച്ച് മുണ്ടുരിയുകയായിരുന്നു. 'മുണ്ടുരിയല്‍' പിന്നീട് കോണ്‍ഗ്രസ്സിലും കേരള രാഷ്ട്രീയത്തിലും ശ്രദ്ധേയമായ വാക്കായി മാറി.

രാജ്മോഹന്‍ ഉണ്ണിത്താന്‍ 

പ്രതിച്ഛായ : കൊല്ലം എസ്.എന്‍ കോളജിലെ കെ.എസ്.യു നേതാവും യൂണിയന്‍ ചെയര്‍മാനുമായിരുന്നു. രാഷ്ട്രീയത്തില്‍ തുടക്കകാലം മുതല്‍ വാക്കുപോലെ ചടുലമായ പ്രവര്‍ത്തന രീതി. അത് കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസ്സിലും തിളങ്ങാനും കെ.പി.സി.സി ജനറല്‍ സെക്രട്ടറി, വക്താവ് എന്നീ നിലകളില്‍ മികവു പ്രകടിപ്പിക്കാനും സഹായകമായി. സിനിമയില്‍ മുഖ്യമന്ത്രിയായി അഭിനയിച്ച നേതാവിന് ജീവിതത്തില്‍ തെരഞ്ഞെടുപ്പു വിജയങ്ങളുടെ മധുരാനുഭവമില്ല. തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണനോടും കുണ്ടറയില്‍ ജെ. മേഴ്സിക്കുട്ടിയമ്മയോടും പരാജയപ്പെട്ടെങ്കിലും മികച്ച രണ്ട് തെരഞ്ഞെടുപ്പ് അനുഭവങ്ങളായി അവ മാറി. സി.പി.എം പി.ബി അംഗം എം.എ. ബേബിയെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തോല്പിച്ചിട്ടുണ്ട്. 
അനുകൂല ഘടകം : കാസര്‍ഗോട്ട് രണ്ടു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് സി.പി.എമ്മിന് തെരഞ്ഞെടുപ്പു രംഗത്ത് വിനയാകാനുള്ള സാധ്യത.
പ്രതികൂല ഘടകം : വ്യക്തിപ്രഭാവം. 'പുറത്തുനിന്നുള്ള' സ്ഥാനാര്‍ത്ഥിയോട് പ്രാദേശിക കോണ്‍ഗ്രസ്സിനുള്ള താല്പര്യക്കുറവ്. 
 

കൊടിക്കുന്നില്‍ സുരേഷ്  
(മണ്ഡലം മാവേലിക്കര. യു.ഡി.എഫ്- കോണ്‍ഗ്രസ്സ്)

നിലപാട് : മൂന്നു ജില്ലകളിലൂടെ പല ഭൂപ്രകൃതികള്‍ ഉള്‍പ്പെട്ട മാവേലിക്കര മണ്ഡലത്തില്‍ 10 വര്‍ഷം എം.പിയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്. പ്രളയവും ശബരിമലയും നിര്‍ണ്ണായക വിഷയമാകുന്ന തെരഞ്ഞെടുപ്പില്‍ സിറ്റിങ് എം.പിയുടെ നിലപാട് നിര്‍ണ്ണായകമാകും. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ ഉന്നയിക്കുന്നത് ശരിയാണെന്നാണ് എം.പിയുടെ വാദം. കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വത്തിന്റെ നിലപാടിനെ വരെ ഒരു ഘട്ടത്തില്‍ അദ്ദേഹം തള്ളിപ്പറയുകയും ചെയ്തു. വിശ്വാസത്തിനും വിശ്വാസികള്‍ക്കും മുറിവേല്പിച്ചവരേയും ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ കൂട്ടുനിന്നവരേയും ജനമധ്യത്തില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചയാളാണ് കൊടിക്കുന്നില്‍. 

കൊടിക്കുന്നില്‍ സുരേഷ്  


ശൈലി : ജനിച്ചത് തിരുവനന്തപുരത്തെ കൊടിക്കുന്നില്‍ ഗ്രാമത്തില്‍. കേന്ദ്രനേതൃത്വത്തിനു സ്വീകാര്യന്‍. കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രധാന ദളിത് മുഖം. 1989-ല്‍ കന്നി അങ്കത്തിനിറങ്ങിയപ്പോഴാണ് കര്‍ഷക തൊഴിലാളി ദമ്പതികളായിരുന്ന കുഞ്ഞന്റേയും തങ്കമ്മയുടേയും മകന്‍ ജെ. സുരേഷിന്റെ പേരിലെ ജെ. അപ്രത്യക്ഷമായതും പകരം കൊടിക്കുന്നില്‍ എന്നു ചേര്‍ന്നതും. കുട്ടിക്കാലത്തുതന്നെ പിതാവിനെ നഷ്ടമായി. പുല്ലരിഞ്ഞ് വിറ്റും മറ്റും ഏറെ കഷ്ടപ്പെട്ടാണ് അമ്മ തന്നെ വളര്‍ത്തിയതെന്ന് സുരേഷ് തന്നെ പറഞ്ഞിട്ടുണ്ട്. ജാതി സര്‍ട്ടിഫിക്കറ്റ് വിവാദത്തെ തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷിന്റെ 2009-ലെ തെരഞ്ഞെടുപ്പ് വിജയം കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ആളാണ് കൊടിക്കുന്നില്‍ സുരേഷ് എന്ന ഹര്‍ജിയിലായിരുന്നു കോടതി നടപടി. എന്നാല്‍, താന്‍ പിന്നീട് പുനഃമതപരിവര്‍ത്തനം നടത്തി ഹിന്ദുമതം സ്വീകരിച്ചെന്നതിനുള്ള രേഖകള്‍ സുപ്രീംകോടതി ഹാജരാക്കിയതോടെ സുരേഷിനെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി അസാധുവാക്കി.

പ്രതിച്ഛായ : കുട്ടനാട് പാക്കേജിന്റെ പേരില്‍ കേട്ട പേരുദോഷം മാറിയിട്ടില്ല. പാക്കേജ് നിലനിര്‍ത്താനോ ഫലപ്രദമായി പൂര്‍ത്തീകരിക്കാനോ ഒന്നു ചെയ്തില്ല എന്നാണ് വിമര്‍ശനം. ജൂലൈയിലേയും ആഗസ്റ്റിലേയും പ്രളയകാലത്തും പ്രളയാനന്തരവും എം.പിയെ കണ്ടില്ല എന്ന ആക്ഷേപം ഉന്നയിക്കുന്നുണ്ട് കുട്ടനാട്ടുകാര്‍. അതു കുട്ടനാടിന്റെ കാര്യം. അഴിമതി ആരോപണവും മറ്റെന്തെങ്കിലും കുരുക്കുകളുമൊന്നും വന്നു പെട്ടിട്ടില്ല. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റാക്കി കെ.പി.സി.സിയുടെ പ്രതിച്ഛായാ മിനുക്കലിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു. 27-ാം വയസ്സില്‍ ആദ്യം ലോക്സഭാംഗമായതു മുതല്‍ ആറു വട്ടം എം.പിയായി. ഒന്‍പതു തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. രണ്ടാം യു.പി.എ സര്‍ക്കാരില്‍ തൊഴില്‍ സഹമന്ത്രിയായിരുന്നു. കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായും കേരളത്തില്‍നിന്നുള്ള എം.പി കൂട്ടായ്മയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചു. 

അനുകൂല ഘടകങ്ങള്‍ : പാര്‍ട്ടിയിലും കേന്ദ്രനേതൃത്വത്തിലുമുള്ള സ്വാധീനം, വികസനപ്രവൃത്തികള്‍, ശബരിമല വിഷയത്തിലെ നിലപാട്

പ്രതികൂല ഘടകങ്ങള്‍ : ദളിത്, പിന്നാക്ക സമുദായ സംഘടനകളും നേതാക്കളുമായി മുന്‍പത്തേക്കാള്‍ എല്‍.ഡി.എഫിനുള്ള അടുത്ത ബന്ധം. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കൊടിക്കുന്നില്‍ സുരേഷിന്റെ പ്രചാരണ വിഭാഗം അധ്യക്ഷനായിരുന്ന ആര്‍. ബാലകൃഷ്ണ പിള്ള എതിര്‍ സ്ഥാനാര്‍ത്ഥിയുടെ കൂടെ. 


ചിറ്റയം ഗോപകുമാര്‍ 
( മണ്ഡലം മാവേലിക്കര. എല്‍.ഡി.എഫ്-സി.പി.ഐ)

നിലപാട് : കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാറിനെ മത്സരിപ്പിച്ച് മണ്ഡലം പിടിച്ചെടുക്കാനായിരുന്നു ആദ്യം സി.പി.ഐ ആലോചിച്ചത്. ഒടുവില്‍ മാവേലിക്കര മണ്ഡലത്തിനു പുറത്ത് അടൂരിലെ എം.എല്‍.എ ചിറ്റയം ഗോപകുമാറിനെ സി.പി.ഐക്ക് ഇറക്കേണ്ടിവന്നു. നവോത്ഥാന ചര്‍ച്ചകളുടേയും ശബരില യുവതീപ്രവേശന സംവാദങ്ങളുടേയും പശ്ചാത്തലത്തില്‍ ജനപ്രീതിയുള്ള സ്ഥാനാര്‍ത്ഥിയെത്തന്നെ നിര്‍ത്താനായി അന്തിമ തീരുമാനം. ആദര്‍ശത്തില്‍ അടിയുറച്ചു നില്‍ക്കുന്ന ഗോപകുമാര്‍ പാര്‍ട്ടിക്കും മുന്നണിക്കും പുറത്തു സ്വീകാര്യന്‍. പിന്നാക്ക ക്ഷേമസമിതി അധ്യക്ഷന്‍. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും കശുവണ്ടി തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും. കര്‍ഷകത്തൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്‍മാനായിരുന്നു. 

ചിറ്റയം ഗോപകുമാര്‍ 


ശൈലി : പെരുമാറ്റത്തിലും പ്രവര്‍ത്തനങ്ങളിലും മാന്യന്‍, ജനകീയന്‍. അതുതന്നെയാണ് സഖാക്കളും സാധാരണക്കാരും കാണുന്ന പ്രധാന യോഗ്യതയും. 2011-ല്‍ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ പന്തളം സുധാകരനെതിരെ ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കായിരുന്നു ചിറ്റയത്തിന്റെ വിജയം. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പായപ്പോള്‍ ഭൂരിപക്ഷം ഇരുപത്തയ്യായിരത്തിലെത്തി. 

പ്രതിച്ഛായ : വഹിച്ച പദവികളൊന്നും പണസമ്പാദനത്തിനുള്ള വഴിയാക്കിയില്ലെന്നു രാഷ്ട്രീയ എതിരാളികള്‍പോലും സമ്മതിക്കും. 

അനുകൂല ഘടകം : വ്യക്തിപരമായ പ്രതിച്ഛായ; കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കൊടിക്കുന്നില്‍ സുരേഷിനൊപ്പമുള്ള ആര്‍. ബാലകൃഷ്ണപിള്ള ഇപ്പോള്‍ എല്‍.ഡി.എഫിനൊപ്പമാണെന്നത്. 

പ്രതികൂല ഘടകം : മണ്ഡലത്തിന്റെ പൊതുവായ യു.ഡി.എഫ് അനുകൂല സ്വഭാവം. 
 

ആന്റോ ആന്റണി 
(മണ്ഡലം-പത്തനംതിട്ട. യു.ഡി.എഫ്- കോണ്‍ഗ്രസ്സ്)

നിലപാട് : ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കേണ്ടതില്ല എന്ന നിലപാടാണ് സിറ്റിങ് എം.പി സ്വീകരിച്ചത്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നിലപാട് അതായതുകൊണ്ട് മറ്റൊരു വാദം സാധ്യമായിരുന്നില്ല. പക്ഷേ, ജനപ്രതിനിധി എന്ന നിലയില്‍ അഞ്ചു വര്‍ഷം പാര്‍ട്ടിയേയും നാട്ടുകാരേയും അവഗണിച്ചു എന്ന ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ വിമര്‍ശനം ശക്തമാണ്. കോണ്‍ഗ്രസ്സിന്റെ മറ്റൊരു സ്ഥാനാര്‍ത്ഥിക്കും സ്വന്തം മണ്ഡലം ഉള്‍പ്പെടുന്ന ഡി.സി.സിയില്‍നിന്ന് ഇത്ര ശക്തമായ എതിര്‍പ്പുണ്ടായിട്ടുമില്ല. 2004-ല്‍ കോട്ടയത്ത് പരാജയപ്പെട്ട് 2009-ല്‍ പത്തനംതിട്ടയിലേക്കു മാറി ജയിച്ചു. ആ തവണയും അടുത്ത തവണയും ജയിച്ചു. 

ആന്റോ ആന്റണി 


ശൈലി : എം.പി എന്ന നിലയില്‍ മണ്ഡലത്തില്‍ കൊണ്ടുവന്ന വികസനങ്ങളാണ് തുറുപ്പുചീട്ട്. ഹാട്രിക് വിജയത്തിനിറങ്ങുന്ന ആന്റോയ്ക്ക് മണ്ഡലത്തിലുടനീളമുള്ള ബന്ധങ്ങള്‍ ഗുണകരമായേക്കും. 

പ്രതിച്ഛായ : ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ്മാ തര്‍ക്കത്തില്‍ ആന്റോ സ്വീകരിച്ച സമീപനം മൂലം ഒരു വിഭാഗത്തിന്റെ എതിര്‍പ്പുണ്ടായി. കോട്ടയം ഡി.സി.സി പ്രസിഡന്റായിരുന്നപ്പോഴും സഹപ്രവര്‍ത്തകരുടെ വിമര്‍ശനവും പൂര്‍ണ്ണ പിന്തുണ കിട്ടാതിരിക്കലും ആന്റോ ആന്റണിയുടെ 'തലവിധി' ആയിരുന്നു. യു.ഡി.എഫ് കോട്ടയം ജില്ലാ അധ്യക്ഷനായും കെ.പി.സി.സി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കേരള, എം.ജി സര്‍വ്വകലാശാല സെനറ്റുകളില്‍ അംഗമായി. ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിലെ ലോക്സഭാ പ്രതിനിധി. 
അനുകൂല ഘടകം : ശബരിമല യുവതീപ്രവേശന വിഷയത്തില്‍ യു.ഡി.എഫ് സ്വീകരിച്ച നിലപാട്. 

പ്രതികൂല ഘടകം : ഡി.സി.സിയുടെ സഹകരണക്കുറവ്. കെ. സുരേന്ദ്രന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി വന്നതോടെ എന്‍.എസ്.എസ് പിന്തുണയും ശബരിമലയുടെ പേരില്‍ ലഭിക്കേണ്ട വോട്ടുകളും ഭിന്നിച്ചുപോകാനുള്ള സാധ്യത.
 

വീണാ ജോര്‍ജ്ജ്  
(മണ്ഡലം-പത്തനംതിട്ട. എല്‍.ഡി.എഫ്-സി.പി.എം)

നിലപാട് : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ നേടിയ മികച്ച വിജയവും മൂന്നു വര്‍ഷമായി ഓര്‍ത്തഡോക്‌സ് സഭയുമായുള്ള ബന്ധവുമാണ് മുതല്‍ക്കൂട്ട്. പാര്‍ട്ടിയുടെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി, ഒരു വാക്കുപോലും പറയാതിരിക്കാനുള്ള സൂക്ഷ്മതയുണ്ട്. പരമാവധി രാഷ്ട്രീയം പറയാതിരിക്കാന്‍ ശ്രമിക്കുന്നു. 

വീണാ ജോര്‍ജ്ജ്  


ശൈലി : എതിരാളികളെ രാഷ്ട്രീയമായി കടന്നാക്രമിക്കുന്നവയായിരുന്നു വീണയുടെ സഭാപ്രസംഗങ്ങള്‍. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ ഉള്‍പ്പെടെ സ്വീകരിച്ചത് അതേ ശൈലി. 

പ്രതിച്ഛായ : രണ്ടു വര്‍ഷം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അധ്യാപികയായിരുന്നു. മികച്ച അധ്യാപിക എന്നു പേരെടുത്തു വരുമ്പോഴേയ്ക്കും ദൃശ്യമാധ്യമലോകം വിളിച്ചു. ഇന്ത്യാ വിഷന്‍, റിപ്പോര്‍ട്ടര്‍ ചാനലുകളില്‍ അവതാരക എന്ന നിലയില്‍ ശ്രദ്ധേയയായി. 
അനുകൂല ഘടകങ്ങള്‍ : എതിര്‍ സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്ക് പ്രാദേശിക കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പൂര്‍ണ്ണ പിന്തുണ ഇല്ലാത്തത്. സി.പി.മ്മിന്റെ സംഘടനാ സംവിധാനം മികവോടെ കൂടെ നില്‍ക്കുന്നു. 
പ്രതികൂല ഘടകങ്ങള്‍ : ശബരിമല യുവതീപ്രവേശന വിഷയം ഏതു വിധത്തിലുള്ള പ്രതികരണമാണ് പോളിംഗില്‍ ഉണ്ടാക്കുക എന്ന ആശങ്ക.
 

കെ. സുരേന്ദ്രന്‍ 
(മണ്ഡലം-പത്തനംതിട്ട. എന്‍.ഡി.എ-ബി.ജെ.പി)

നിലപാട് : നീണ്ട ആശയക്കുഴപ്പത്തിനൊടുവിലാണ് സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി പത്തനംതിട്ടയിലെത്തിയത്. ക്രിസ്ത്യന്‍ വോട്ടുകളും പാര്‍ട്ടിവോട്ടുകളും നിര്‍ണ്ണായകമാണെങ്കിലും ശബരിമല യുവതീപ്രവേശനം നല്‍കുന്ന ആത്മവിശ്വാസം ഏറെ. എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളുടെ നിലപാട് സുരേന്ദ്രന് അനുകൂലമാണ്. ശബരിമലയിലെ ആചാര സംരക്ഷണത്തിന്റെ പേരില്‍ ജയിലുകളിലും കോടതികളിലും കയറിയിറങ്ങിയ സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന കോടതിവിലക്കുമുണ്ടായിരുന്നു. 22 ദിവസത്തെ ജയില്‍വാസത്തിനൊടുവില്‍ കിട്ടിയതാണ് ഈ സ്ഥാനാര്‍ത്ഥിത്വം. 

കെ. സുരേന്ദ്രന്‍ 


ശൈലി : ബി.ജെ.പിയുടെ കേരളത്തിലെ ആറ് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍. സോഷ്യല്‍ മീഡിയയില്‍ സജീവം. കോഴിക്കോട് സാമൂതിരി കോളേജിലെ എ.ബി.വി.പി നേതാവായിരുന്നു സുരേന്ദ്രന്‍. പാര്‍ട്ടി പദവികള്‍ വഹിച്ച സുരേന്ദ്രനെ പിന്നെ കാണുന്നത് കാസര്‍ഗോട്ടാണ്. തുളു, കന്നഡ ഭാഷകള്‍ പഠിച്ചെടുത്ത സുരേന്ദ്രന്‍ 2009-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഒന്നേകാല്‍ ലക്ഷം വോട്ടുകള്‍ നേടിയ സുരേന്ദ്രന്‍ നിയമസഭയിലേക്കും മത്സരിച്ചു.

2011-ല്‍ സി.പി.എം സ്ഥാനാര്‍ത്ഥി സി.എച്ച്. കുഞ്ഞമ്പുവിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി. വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.ബി. അബ്ദുള്‍ റസാഖിനെക്കാള്‍ 5,828 വോട്ടുകള്‍ മാത്രമായിരുന്നു സുരേന്ദ്രന് കുറവ്. 2014-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാകുന്നതിന് മുന്‍പ് മുന്‍ ബി.ജെ.പി ദേശീയ പ്രസിഡന്റ് വെങ്കയ്യ നായിഡു സുരേന്ദ്രനെ കാസര്‍ഗോഡ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് വിവാദമായിരുന്നു. വിമര്‍ശനങ്ങളെയെല്ലാം അതിജീവിച്ച് കാസര്‍ഗോഡ് തന്നെ മത്സരിച്ച സുരേന്ദ്രന്‍ 1.72 ലക്ഷം വോട്ടുകളാണ് പിടിച്ചത്. 2016-ല്‍ മഞ്ചേശ്വരം തന്നെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. അബ്ദുള്‍ റസാഖ് ജയിച്ചെങ്കിലും വെറും 89 വോട്ടുകള്‍ക്ക് മാത്രമാണ് സുരേന്ദ്രന്‍ പിന്നിലായത്. തിരിമറികള്‍ ആരോപിച്ച് ഈ ഫലം റദ്ദാക്കണമെന്ന് സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും അബ്ദുള്‍ റസാഖിന്റെ മരണത്തോടെ മഞ്ചേശ്വരം സീറ്റില്‍ ഒഴിവു വന്നു. ലോക്സഭ തെരഞ്ഞെടുപ്പും അടുത്ത് വന്നതോടെ സുരേന്ദ്രന്‍ കേസില്‍നിന്നു പിന്‍മാറുകയും ചെയ്തു.

പ്രതിച്ഛായ : സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ സുരേന്ദ്രന്‍ ഒരുപക്ഷേ, കേരളത്തില്‍ ഏറ്റവുമധികം ട്രോളപ്പെടുന്ന ബി.ജെ.പി നേതാവായിരിക്കും. കാര്യഗൗരവത്തോടെ അഭിപ്രായവും നിലപാടുകളും പറഞ്ഞാലും അനന്തരഫലം പരിഹാസരൂപേണയാകും. ഉള്ളിക്കറി മുതല്‍ ചെടിച്ചട്ടിയിലെ കൊടിമരം വരെ ചര്‍ച്ചയാകും. നിരാഹാരസമരം നടത്തിയാല്‍ അത് നീരാഹാര സമരമാകും. ശബരിമല ആചാരസംരക്ഷണത്തിനു കെട്ടുമുറുക്കിയെത്തിയ സുരേന്ദ്രന്‍, ഏറ്റവുമൊടുവില്‍ നിലയ്ക്കലില്‍ വച്ച് അറസ്റ്റ് ചെയ്തപ്പോള്‍ ഇരുമുടിക്കെട്ട് മനപ്പൂര്‍വം താഴെയിട്ടു എന്നുവരെയുള്ള 'സത്യം' ട്രോളന്മാര്‍ കണ്ടെത്തി. 

അനുകൂല ഘടകങ്ങള്‍ : ശബരിമല സമരം. ആര്‍.എസ്.എസിന്റെ രാഷ്ട്രീയ പിന്തുണ. എന്‍.എസ്. എസ് ഉള്‍പ്പെടെയുള്ളവരുടെ സമുദായവോട്ടുകള്‍. 

പ്രതികൂല ഘടകങ്ങള്‍ : ശബരിമല സമരം. സി.പി.എമ്മിന്റെ ശക്തമായ സംഘടനാ സംവിധാനവും എതിര്‍ പ്രചാരണവും. ബി.ജെ.പിയുടെ സംഘടനാ ദൗര്‍ബ്ബല്യം.
 

ജോയ്സ് ജോര്‍ജ്ജ്  
(മണ്ഡലം-ഇടുക്കി. എല്‍.ഡി.എഫ്-സി.പി.എം)

നിലപാട് : കഴിഞ്ഞ തവണ ജോയ്സ് ജോര്‍ജ്ജിന്റെ വിജയത്തെ സഹായിച്ച മുഖ്യ ഘടകം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഇടുക്കിയിലെ കര്‍ഷകരിലും സാധാരണക്കാരിലും സൃഷ്ടിച്ച ഭയവും ആശങ്കയുമായിരുന്നു. ഹൈറേഞ്ച് സംരക്ഷണസമിതിയും ക്രൈസ്തവസഭയും ആ ആശങ്കയ്‌ക്കൊപ്പം നിന്നു. വന്‍ പ്രക്ഷോഭവും ജനമുന്നേറ്റവുമുണ്ടായി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന ചങ്കൂറ്റമുള്ള നിലപാടിന് സി.പി.എം നല്‍കിയ പിന്തുണയുടെ തുടര്‍ച്ചയായിരുന്നു സ്ഥാനാര്‍ത്ഥിത്വം. ഡീന്‍ കുര്യാക്കോസ് തന്നെയായിരുന്നു അന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

ജോയ്സ് ജോര്‍ജ്ജ്  

പക്ഷേ, കത്തോലിക്കാ സഭയും സമുദായ വ്യത്യാസമില്ലാതെ കര്‍ഷകരും ജോയ്സ് ജോര്‍ജ്ജിനെ പിന്തുണച്ചു. യു.ഡി.എഫ് നിലപാടും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന് എതിരായിരുന്നു. പക്ഷേ, പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് പി.ടി. തോമസ് ബിഷപ്പിനും സഭയ്ക്കും എതിരെ നടത്തിയ ചില പരസ്യ പരാമര്‍ശങ്ങളിലെ വിരോധം അവര്‍ തീര്‍ത്തത് ഡീന് എതിരെ വോട്ടു ചെയ്താണ്. 

ശൈലി : സഭയെ പ്രകോപിപ്പിച്ചെങ്കിലും പാര്‍ട്ടിക്ക് എതിരാകുന്ന ഒരു വാക്കും പറഞ്ഞിട്ടില്ല. സി.പി.എം സ്വതന്ത്രനായാണ് എം.പി ആയതെങ്കിലും ഈ അഭിഭാഷകന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിലല്ല, കെ.എസ്.യുവിലാണ് തുടങ്ങിയത്. 1990-ല്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ കെ. എസ്.യുവിന്റെ ബാനറില്‍ ചെയര്‍മാനായിരുന്നു. 

പ്രതിച്ഛായ : ജോയ്സ് അഞ്ചു വര്‍ഷംകൊണ്ട് അടിത്തറ ബലപ്പെടുത്തി. നിലപാട് മാറ്റിയില്ല. സഭയുടെ വിധേയനായി നിന്നുകൊടുത്തില്ല എന്നതാണ് ജോയ്സിനെക്കുറിച്ച് ഏവരും പറയുക. കഴിഞ്ഞ തവണ ജോയ്സിനെ സഹായിച്ച രണ്ടു പ്രധാന ഘടകങ്ങളായ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ബിഷപ്പ് ആനിക്കുഴിക്കാട്ടിലിനെതിരെ  പി.ടി. തോമസ് നടത്തിയ കടന്നാക്രമണങ്ങളും ഇപ്പോള്‍ പ്രസക്തമല്ലാത്തതുകൊണ്ടാണ് സഭയുടെ പരസ്യ പിന്തുണ കാണാത്തത് എന്നാണ് സി.പി.എം കരുതുന്നത്. ബിഷപ്പ് മാറി വേറെ ബിഷപ്പ് വരികയും ചെയ്തു. പുതിയ ആള്‍ രാഷ്ട്രീയത്തില്‍ പരസ്യ പ്രതികരണം നടത്തുന്നില്ല. ജോയ്സ് ജോര്‍ജ്ജില്‍ സി.പി.എം ഇപ്പോഴും പ്രതീക്ഷ വയ്ക്കുന്നു എന്നതാണ് പ്രധാനം. 

അനുകൂല ഘടകം : അഞ്ചു വര്‍ഷം കൊണ്ട് മണ്ഡലത്തില്‍ ഉണ്ടാക്കിയെടുത്ത അടിത്തറ. 

പ്രതികൂല ഘടകം : കഴിഞ്ഞ തവണ പൂര്‍ണ്ണ പിന്തുണ നല്‍കിയ ഹൈറേഞ്ച് സംരക്ഷണ സമിതി പരസ്യമായി നിലപാട് പറയാത്തത്. ബിഷപ്പ് ആനിക്കുഴിക്കാട്ടില്‍ മാറി.


ഡീന്‍ കുര്യാക്കോസ് 
(മണ്ഡലം-ഇടുക്കി. യു.ഡി.എഫ്- കോണ്‍ഗ്രസ്സ്)

നിലപാട് : സാഹചര്യങ്ങള്‍ വ്യത്യസ്തമായതുകൊണ്ട് ഇപ്പോള്‍ വിജയിക്കും എന്നതാണ് ഡീന്‍ കുര്യാക്കോസിന്റെ ആത്മവിശ്വാസം. പക്ഷേ, യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് എന്ന നിലയില്‍ മോശമല്ലാത്ത സമരവീര്യമുള്ള ചെറുപ്പക്കാരന്‍. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മെറിറ്റ് സീറ്റുകളില്‍ ഫീസ് കുത്തനേ കൂട്ടിയപ്പോള്‍ ഡീന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ നിരാഹാരം തെരുവുയുദ്ധത്തിലാണ് അവസാനിച്ചത്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി, സമരപ്പന്തലില്‍ സഹപ്രവര്‍ത്തകര്‍ താങ്ങിപ്പിടിച്ചിരിക്കുന്ന ഡീന്‍ കുര്യാക്കോസിന്റെ ദൃശ്യം രാഷ്ട്രീയത്തില്‍ ആ യുവാവിനെ ഒറ്റയടിക്ക് ഒരുപാട് ഉയര്‍ത്തി. 

ഡീന്‍ കുര്യാക്കോസ് 


പ്രതിച്ഛായ : കാസര്‍ഗോട്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടപ്പോള്‍ മുന്‍പിന്‍ നോക്കാതെ മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ഹൈക്കോടതിയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തി. പൊളിറ്റിക്കല്‍ മൈലേജ് ലഭിച്ചെങ്കിലും കോടതിക്കു മുന്നില്‍ പ്രതിക്കൂട്ടിലായി. 

ശൈലി : വളരുന്ന യുവനേതാക്കളില്‍ സൗമ്യതയുടെ മുഖമായിരുന്നു ഡീന്‍. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റാകുന്നതിനു മുന്‍പ് കെ.എസ്.യു സംസ്ഥാന സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. എ ഗ്രൂപ്പിനോടുള്ള അമിതമായ കൂറു മാത്രമാണ് അധികപ്പറ്റ്. പക്ഷേ, അതില്ലാതെ നിലനില്‍പ്പില്ലാത്ത വിധമാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് രാഷ്ട്രീയം. അത് മനസ്സിലാക്കി നില്‍ക്കുന്ന ശൈലിയും വ്യക്തിത്വത്തിലെ മാന്യതയും കൈവിടുന്നില്ല ഡീന്‍. 

അനുകൂല ഘടകങ്ങള്‍ : എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജ്ജിനോട് കത്തോലിക്കാ സഭയ്ക്ക് പഴയ താല്പര്യമില്ല എന്ന സൂചന. കോണ്‍ഗ്രസ്സിനോട് കഴിഞ്ഞ തവണത്തെയത്ര വിരോധവുമില്ല.
പ്രതികൂല ഘടകം : ജോയ്സ് ജോര്‍ജ്ജ് അഞ്ചു വര്‍ഷംകൊണ്ട് ഉണ്ടാക്കിയെടുത്ത അടിത്തറ. സഭ പരസ്യമായി നിലപാട് പറയാത്തത്.
 

പി. രാജീവ്  
( മണ്ഡലം-എറണാകുളം. എല്‍.ഡി.എഫ്- സി.പി.എം)

നിലപാട് : ഇത്തവണ വിജയം രാജീവിന് അനിവാര്യമാണ്. കഴിഞ്ഞതവണ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ മത്സരിപ്പിച്ച് വന്‍ പരാജയം ഏറ്റുവാങ്ങിയത് മറക്കണമെങ്കില്‍ ഇത്തവണ വിജയിച്ചേ മതിയാകൂ. രാഷ്ട്രീയത്തിനപ്പുറത്തെ സ്വീകാര്യതയാണ് കൈമുതല്‍. സാമൂഹ്യപരിപാടികളില്‍ സജീവം. നല്ല പാര്‍ലമെന്റേറിയന്‍ എന്ന ബഹുമതി. രാജ്യസഭാംഗം എന്ന നിലയില്‍ ലഭിച്ച സ്വീകാര്യത വോട്ടായാല്‍ ചരിത്രം ഇത്തവണ വഴിമാറും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ രാജീവിന്റെ ലോക്സഭയിലേക്കുള്ള ആദ്യ മത്സരം. കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ വന്നാലും ഇച്ഛാശക്തിയോടെ മുന്നോട്ടു പോകാന്‍ ഇടപെടല്‍ ആവശ്യമാണെന്നാണ് രാജീവിന്റെ നിലപാട്. 

പി. രാജീവ്  


ശൈലി : വടക്കേക്കര മണ്ഡലത്തില്‍നിന്നു നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. യു.എന്‍ പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രസംഗിച്ചു. നല്ല വായനക്കാരനും നന്നായി എഴുതുന്നയാളും. നോം ചോംസ്‌കിയുടെ 'മാനുഫാക്ചറിംഗ് കണ്‍സന്റ്' എന്ന പുസ്തകത്തിന്റെ പരിഭാഷ ഉദാഹരണം. പുസ്തകത്തിന്റെ പേരിന്റെ പരിഭാഷതന്നെ രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തകര്‍ക്കു ലഭിച്ച മികച്ച ഒരു പ്രയോഗമായി: സമ്മത നിര്‍മ്മിതി. 50-ാം വയസ്സില്‍ ദേശാഭിമാനിയുടെ തലപ്പത്തെത്തി. പിണറായി വിജയനുമായി വളരെ അടുപ്പമുള്ളയാളാണെങ്കിലും 'എം.എ. ബേബി സ്‌കൂള്‍' ആണ് രാജീവ് എന്നു പറയുന്നവരുണ്ട്. അതായത് ആരുമായും 'സംഘട്ടന'ത്തിനു നില്‍ക്കില്ല; അമിത അടുപ്പം കാണിക്കാറുമില്ല. 

പ്രതിച്ഛായ : രാജ്യസഭാംഗം എന്ന നിലയിലുള്ള കാലാവധി അവസാനിച്ചപ്പോള്‍ വിവിധ പാര്‍ട്ടികളില്‍പ്പെട്ട സഹപ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് രാജീവിനു നല്‍കിയ ഊഷ്മളമായ യാത്രയയപ്പ് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ത്തന്നെ അപൂര്‍വ്വം. ഇടപഴകുന്നവര്‍ക്ക് എത്രത്തോളം സ്വീകാര്യനായി അദ്ദേഹം മാറി എന്നതിനു വിശദീകരണം വേണ്ടാത്ത ഉദാഹരണമായി അതു മാറി. 

അനുകൂല ഘടകങ്ങള്‍ : പാര്‍ട്ടിയുടെ കെട്ടുറപ്പുള്ള പ്രവര്‍ത്തനം. വ്യക്തിപ്രഭാവത്തിന്റെ സ്വീകാര്യത. 

പ്രതികൂല ഘടകങ്ങള്‍ : പൊതുവായ യു.ഡി.എഫ് അനുകൂല സ്വഭാവം. എതിര്‍ സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ 'ന്യൂ ജെന്‍' പ്രതിച്ഛായ.


ഹൈബി ഈഡന്‍ 
( മണ്ഡലം-എറണാകുളം. യു.ഡി.എഫ്- കോണ്‍ഗ്രസ്സ്)

നിലപാട് : ഡല്‍ഹിയില്‍ നടന്ന നീക്കങ്ങള്‍ക്കൊടുവില്‍ അവസാന നിമിഷമാണ് ഹൈബി സ്ഥാനാര്‍ത്ഥിയാകുന്നത്. രണ്ടുതവണ എറണാകുളം എം.എല്‍.എയായ സംസ്ഥാന കോണ്‍ഗ്രസ്സിലെ ന്യൂജെന്‍ മുഖത്തിന് പാര്‍ട്ടിക്കൂറ് കടുകട്ടിയാണ്. യുവ എം.എല്‍.എമാരുടെ കൂട്ടായ്മയുടെ ഭാഗമായി ഹരിത സന്ദേശവാദിയായി. പക്ഷേ, ആ കൂട്ടായ്മ തന്നെ ഇല്ലാതായി. സീറ്റു കിട്ടാത്തതില്‍ ആദ്യം രോഷാകുലനായ കെ.വി. തോമസിന്റെ കടുത്ത പ്രതികരണത്തോട് മൗനമായിരുന്നു ഹൈബിയുടെ മറുപടി. താനല്ല തോമസ് മാഷിനെ കൈകാര്യം ചെയ്യേണ്ടത് എന്ന വിവേകം. 

ഹൈബി ഈഡന്‍


ശൈലി : എറണാകുളത്തെ മുന്‍ എം.പിയും എം.എല്‍.എയുമായ ജോര്‍ജ് ഈഡന്റെ മകന്‍ ന്യൂജെന്‍ രാഷ്ട്രീയക്കാരനാണ്. ഏതു പ്രായക്കാര്‍ക്കും സ്വീകാര്യന്‍. മനമറിഞ്ഞുള്ള പ്രവൃത്തികളിലൂടെ പാര്‍ട്ടിക്കാരിലും സ്വീകാര്യനായി. കാസര്‍ഗോട്ട് കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങള്‍ക്ക് വീടുവച്ചു നല്‍കാനുള്ള തീരുമാനം ആദ്യം വന്നത് ഹൈബിയിലൂടെ. കെ.എസ്.യു സംസ്ഥാന പ്രസിഡന്റും എന്‍.എസ്.യു ദേശീയ പ്രസിഡന്റുമായിരുന്നു. 

പ്രതിച്ഛായ : 2011-ല്‍ 27-ാം വയസ്സില്‍ ആദ്യമായി നിയമസഭയിലേക്കു വിജയിച്ചപ്പോള്‍ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്ന ഹൈബിക്ക് ഇപ്പോഴുമുള്ളത് വിദ്യാര്‍ത്ഥി നേതാവിന്റെ ഇമേജും സ്വീകാര്യതയുമാണ്. മുതിര്‍ന്ന നേതാവ് കെ.വി. തോമസിനെ മാറ്റി സിറ്റിംഗ് എം.എല്‍.എയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെ പ്രേരിപ്പിച്ചതും അതുതന്നെ. ജോര്‍ജ്ജ് ഈഡന്റെ മകന് കോണ്‍ഗ്രസ്സിലെ എല്ലാ തലമുറകളുടേയും വാത്സല്യം ലഭിക്കുന്നുണ്ട്. അതിനിടെ തന്നെ ഹൈബി ഈഡന്‍ ബലാത്സംഗം ചെയ്തുവെന്ന പരാതിയിലെ അന്വേഷണം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്ന സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സ്ത്രീയുടെ ഹര്‍ജിയിന്മേല്‍ വസ്തുതാന്വേഷണത്തിന് ഹൈക്കോടതി അമിക്കസ്‌ക്യൂറിയെ നിയമിച്ചിരിക്കുന്നു. ഹൈബി ഈഡനെതിരെ മത്സരിക്കുമെന്നു വെളിപ്പെടുത്തി അവര്‍ നാമനിര്‍ദ്ദേശ പത്രിക വാങ്ങിയിട്ടുമുണ്ട്.

അനുകൂല ഘടകങ്ങള്‍ : കോണ്‍ഗ്രസ്സ് സംഘടനാ സംവിധാനത്തിന്റെ ശക്തമായ പിന്തുണയും മണ്ഡലത്തിലെ പൊതുവായ യു.ഡി.എഫ് അടിത്തറയും. ലത്തീന്‍സഭയുടെ നിലപാട്.

പ്രതികൂല ഘടകങ്ങള്‍ : എതിര്‍ സ്ഥാനാര്‍ത്ഥി പി. രാജീവിന്റെ വ്യക്തിപ്രഭാവം. സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട സ്ത്രീയുടെ ആരോപണം.
 

അല്‍ഫോണ്‍സ് കണ്ണന്താനം 
(മണ്ഡലംഎറണാകുളം. എന്‍.ഡി.എ-ബി.ജെ.പി)

നിലപാട് : വൈകിയാണ് അല്‍ഫോണ്‍സിന്റേയും വരവ്. എറണാകുളം രണ്ടാമത്തെ വീടാണെന്ന് പ്രഖ്യാപിച്ചാണ് പ്രചരണം തുടങ്ങിയത്. പത്തനംതിട്ടയില്‍ മത്സരിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍, പാര്‍ട്ടി നല്‍കിയത് കൊല്ലം സീറ്റ്. കൊല്ലത്ത് ആരെയും അറിയില്ലെന്നും മത്സരിക്കില്ലെന്നും പറഞ്ഞപ്പോഴാണ് എറണാകുളം നല്‍കിയത്. സിവില്‍ സര്‍വ്വീസില്‍നിന്ന് രാഷ്ട്രീയത്തിലെത്തിയ സ്ഥിരോത്സാഹി. കാഞ്ഞിരപ്പള്ളിയില്‍നിന്ന് സി.പി.എം സ്വതന്ത്ര എം.എല്‍.എയായി സഭയിലെത്തി. രണ്ടാമൂഴം ബി.ജെ.പി ക്യാമ്പില്‍. അവര്‍ കേന്ദ്ര സഹമന്ത്രിയാക്കി, രാജ്യസഭാംഗമാക്കി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികളെ ബി.ജെ.പിയാക്കാനുള്ള ദൗത്യമേല്പിച്ചു. 

അല്‍ഫോണ്‍സ് കണ്ണന്താനം 


ശൈലി : മോദിയുടെ മന്ത്രിസഭയിലെ അംഗം എന്നത് നേട്ടമായി കാണുകയാണ് അല്‍ഫോണ്‍സ്. പലപ്പോഴും അപക്വമായ പെരുമാറ്റങ്ങള്‍ വിമര്‍ശനം ക്ഷണിച്ചുവരുത്താറുണ്ട്. മണ്ഡലത്തിലുള്ള പരിചയക്കുറവും ബി.ജെ.പിക്ക് മണ്ഡലത്തില്‍ സ്വാധീനമില്ലാത്തതും വെല്ലുവിളിയാണ്. കശ്മീരില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ വി.വി. വസന്തകുമാറിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്ത് സെല്‍ഫിയെടുത്തത് വിവാദമായി. ഏറ്റവുമൊടുവില്‍ പ്രചരണരംഗത്ത് മണ്ഡലം മാറിപ്പോയതും ട്രോളായി മാറി. 

പ്രതിച്ഛായ : ക്ലീന്‍ ഇമേജ്. അഴിമതിക്കാരനല്ല. സി.പി.എം നല്‍കിയ അവസരം ഉപയോഗിച്ച ശേഷം ബി.ജെ.പിയിലേക്ക് ചാടിയത് അവസരവാദമായിപ്പോയി എന്ന പേരുദോഷമുണ്ട്. 

അനുകൂല ഘടകങ്ങള്‍ : എറണാകുളത്തെ വലിയൊരു വിഭാഗം ക്രൈസ്തവ വോട്ടര്‍മാര്‍ക്ക് സ്വീകാര്യന്‍. ശുദ്ധ പ്രതിച്ഛായയുള്ള കേന്ദ്രമന്ത്രി.

പ്രതികൂല ഘടകങ്ങള്‍ : ബി.ജെ.പിക്ക് മണ്ഡലത്തില്‍ കാര്യമായ ശേഷിയില്ല. യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ കരുത്തര്‍.


ഇന്നസെന്റ്  
(മണ്ഡലം-ചാലക്കുടി. എല്‍.ഡി.എഫ്- സി.പി.എം)

നിലപാട് : അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്-(എ.എം.എം.എ) പ്രസിഡന്റും എം.പിയുമായിരിക്കെ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിക്കൊപ്പം എന്നു തോന്നിപ്പിക്കുന്ന വിധം നടത്തിയ പരസ്യ വര്‍ത്തമാനങ്ങള്‍ വലിയ രോഷമുണ്ടാക്കി. സമൂഹമാധ്യമങ്ങള്‍ ആ സമയത്ത് ഇന്നസെന്റിനെ കടിച്ചുകുടയുകയായിരുന്നു. ഇടതുപക്ഷ കുടുംബ പശ്ചാത്തലത്തില്‍നിന്നാണ് വരുന്നതെങ്കിലും രാഷ്ട്രീയവും സിദ്ധാന്തവും പറയാറില്ല. 1970-ല്‍ ആര്‍.എസ്.പി ജില്ലാ സെക്രട്ടറിയായിരുന്നു. ഇരിങ്ങാലക്കുട നഗരസഭാംഗവുമായി. 12 വര്‍ഷം എ.എം.എം.എ പ്രസിഡന്റായി. 

ഇന്നസെന്റ്  


ശൈലി : കഴിഞ്ഞതവണത്തെപ്പോലെയല്ല, ഇത്തവണ രാഷ്ട്രീയക്കാരനായ ഇന്നസെന്റാണ് വോട്ടര്‍മാരുടെ മുന്നിലെത്തിയത്. ഇത്തവണ മത്സരിക്കുന്നത് അരിവാള്‍ ചുറ്റിക നക്ഷത്രമെന്ന പാര്‍ട്ടി ചിഹ്നത്തിലും. ഗൗരവമുള്ള രാഷ്ട്രീയം പറയാതെയും മാധ്യമങ്ങളോടു കലഹിക്കാതെ അനുനയിപ്പിച്ചുമാണ് ഇന്നസെന്റ് ശൈലി. ചില പരാമര്‍ശങ്ങള്‍ വിവാദമായതിനെക്കുറിച്ച് അദ്ദേഹം പിന്നീട് പറഞ്ഞത് പാര്‍ട്ടി പറഞ്ഞപ്പോഴാണ് അങ്ങനെയൊന്നും പറയാന്‍ പാടില്ലെന്നു മനസ്സിലായത് എന്നാണ്. ഒരുതരം നിഷ്‌കളങ്ക ഏറ്റുപറച്ചില്‍ ശൈലി. പക്ഷേ, പണ്ട് സുകുമാര്‍ അഴീക്കോടുമായി കൊമ്പുകോര്‍ത്തപ്പോള്‍ ഭാവം ഗൗരവമായിരുന്നു  

പ്രതിച്ഛായ : ഇന്നസെന്റിനെ മറ്റ് എം.പിമാരെപ്പോലെ തികഞ്ഞ രാഷ്ട്രീയക്കാരനായി ആളുകള്‍ കാണുന്നില്ല എന്നാണ് പാര്‍ട്ടി പറയുന്നത്. ഇന്നസെന്റിന്റെ പരിമിതികള്‍ രാഷ്ട്രീയക്കാരനല്ലാത്ത സിനിമാതാരത്തിന്റെ പരിമിതികളാണ് എന്നും പ്രചരിപ്പിക്കുന്നു. ഒരേസമയം സാധാരണക്കാരനും പ്രമുഖ സിനിമാ നടനും എന്ന പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ഈ ശ്രമത്തിനിടയില്‍ അദ്ദേഹത്തിന്റെ പരിമിതികള്‍ അപ്രസക്തമായി മാറി. രണ്ടാമതും ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതില്‍ സി.പി.എമ്മിലെ സാധാരണ പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. 

അനുകൂല ഘടകം : പാര്‍ട്ടിയുടെ സംഘടനാസംവിധാനം. താരപ്രഭാവം.

പ്രതികൂല ഘടകങ്ങള്‍ : എതിര്‍ സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്റെ വ്യക്തിപ്രഭാവം. 


ബെന്നി ബഹനാന്‍ 
( മണ്ഡലം-ചാലക്കുടി. യു.ഡി.എഫ്-കോണ്‍ഗ്രസ്സ്)  

നിലപാട് : തൃക്കാക്കര, പിറവം വഴി ചാലക്കുടിയിലാണ് ബെന്നി ബഹനാന്‍ നിലയുറപ്പിച്ചത്. പാര്‍ട്ടിക്കുള്ളില്‍ സര്‍വ്വസമ്മതനായ  ബഹനാന്‍ ഉമ്മന്‍ ചാണ്ടിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനെന്നാണ് അറിയപ്പെടുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍  ബെന്നിക്ക് സീറ്റ് നല്‍കുന്നത് പലതും പറഞ്ഞ് അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ തടഞ്ഞു. അതേ സുധീരന്റെ പിന്‍ഗാമിയായി അധ്യക്ഷനാക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചു. പക്ഷേ, അന്നു താല്‍ക്കാലിക പ്രസിഡന്റായി എം.എം. ഹസനും പിന്നീട് സ്ഥിരം പ്രസിഡന്റായി മുല്ലപ്പള്ളിക്കുമാണ് നറുക്കുവീണത്. എങ്കിലും യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം മറ്റാരും കൊണ്ടുപോകാതെ നോക്കി.

രണ്ടുപേരുടെ സഹായത്തോടെ മാത്രം നടക്കുന്ന പി.പി. തങ്കച്ചന്‍ തനിക്ക് ആരോഗ്യമുണ്ടെന്നു പറഞ്ഞുനോക്കിയെങ്കിലും ബെന്നിക്ക് കാലം തെളിയാന്‍ തുടങ്ങിയിരുന്നു. പക്ഷേ, തെരഞ്ഞെടുപ്പു വിജയം മാത്രം അകന്നുനിന്നു. 1982-ല്‍ പിറവത്തുനിന്നു നിയമസഭാംഗമായ ശേഷം 2011-ലാണ് തൃക്കാക്കരയില്‍നിന്നു ജയിച്ചത്. 2004-ല്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തിലും 1987-ല്‍ പിറവം നിയമസഭാ മണ്ഡലത്തിലും പരാജയം.

ശൈലി : നിശ്ശബ്ദനായാണ് ബെന്നി ബഹനാന്‍ പാര്‍ട്ടിയില്‍ തലപ്പത്തെത്തിയത്.  കെ.എസ്. യു സംസ്ഥാന പ്രസിഡന്റായും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും വീക്ഷണം പത്രത്തിന്റെ എം.ഡിയായും പ്രവര്‍ത്തിച്ചു. എ ഗ്രൂപ്പുകാരനാണെങ്കിലും  പാര്‍ട്ടിയില്‍ സര്‍വ്വസമ്മതനാണ് ബെന്നി. യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാഷ്ട്രീയജീവിതത്തിന്  മുതല്‍ക്കൂട്ടാണ്. കുറച്ചു കാലം തൃശൂര്‍ ഡി.സി.സിയുടെ ചുമതലക്കാരനായിരുന്നു. 

പ്രതിച്ഛായ : ഉമ്മന്‍ ചാണ്ടിയുടെ നിഴല്‍ എന്ന നിലയിലാണ് കോണ്‍ഗ്രസ്സില്‍ ബെന്നിയുടെ പ്രതിച്ഛായ. ഉമ്മന്‍ ചാണ്ടിയെ ഇഷ്ടമുള്ളവരൊക്കെ ബെന്നിയേയും ഇഷ്ടപ്പെടുന്നു. ഉമ്മന്‍ ചാണ്ടിയോടു രാഷ്ട്രീയ നീരസമുള്ളവര്‍ക്ക് ബെന്നിയേയും കണ്ടുകൂടാ. ഇങ്ങനെയൊരു ആത്മബന്ധം കോണ്‍ഗ്രസ്സിലും മറ്റു പാര്‍ട്ടികളിലും അധികമില്ല. പക്ഷേ, ഈ നിഴല്‍ പ്രതിച്ഛായകൊണ്ടാകണം മുന്നണി കണ്‍വീനറായ ശേഷവും അദ്ദേഹത്തിനു മുന്‍ഗാമികളായ പലരുടേയും പ്രതാപം കിട്ടാത്തത്. 

അനുകൂല ഘടകങ്ങള്‍ : യു.ഡി.എഫ് അനുകൂല സ്വഭാവം.

പ്രതികൂല ഘടകം : സി.പി.എം പാര്‍ട്ടിസംവിധാനത്തിന്റെ മികവ്.
 

ടി.എന്‍. പ്രതാപന്‍ 
( മണ്ഡലം-തൃശൂര്‍. യു.ഡി.എഫ്- കോണ്‍ഗ്രസ്സ്)  

നിലപാട് : കോണ്‍ഗ്രസ്സുകാരില്‍ ആദര്‍ശാധിഷ്ഠിത രാഷ്ട്രീയമാണ് പ്രതാപന്റെ പ്രത്യേകത.  മൂന്നു വട്ടം എം.എ.ല്‍എ ആയിട്ടും, അതില്‍ രണ്ടു വട്ടവും യു.ഡി.എഫ് ഭരണത്തിലായിട്ടും മന്ത്രിയായില്ല. സമുദായത്തിന്റേയോ ഗ്രൂപ്പില്ലായ്മയുടേയോ പേരില്‍ അതാകാമായിരുന്നു. വി.എം. സുധീരന്‍ ഗ്രൂപ്പിലാണ് പ്രതാപന്‍ എന്നു പൊതുവേ വിലയിരുത്തലുണ്ട്. പക്ഷേ, അതൊരു ഗ്രൂപ്പല്ലെന്ന് പ്രതാപന്‍ പറയും. സത്യസന്ധമായ പൊതുജീവിതം നയിക്കുന്നവര്‍ക്കിടയില്‍ പരസ്പരമുണ്ടാകുന്ന സ്വാഭാവിക അടുപ്പം സുധീരനുമായി ഉണ്ടുതാനും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നു സ്വയം തീരുമാനമെടുത്ത് മാറിനിന്നു. ഇത്തവണ തൃശൂര്‍ തിരിച്ചുപിടിക്കാന്‍ ഏറ്റവും യോഗ്യനെന്നു കണ്ടെത്തിയതും പ്രതാപനെ. 

ടി.എന്‍. പ്രതാപന്‍ 


ശൈലി : 2001-ലും 2006-ലും നാട്ടികയില്‍നിന്നും വിജയിച്ച പിന്നാലെ 2011-ല്‍ കൊടുങ്ങല്ലൂരില്‍നിന്നും നിയമസഭയിലെത്തി. പാര്‍ട്ടിക്ക് അതീതനായ ജനകീയനാണ് പ്രതാപന്‍. പാര്‍ട്ടിക്കുള്ളില്‍ ഹരിതരാഷ്ട്രീയത്തിന്റെ സാധ്യതകള്‍ തേടി. വികസന പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ കൈയടിയും നേടി. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയപ്രവേശം. സ്‌കൂള്‍ തലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ പ്രതാപന്‍ പിന്നീട് സംസ്ഥാന ഭാരവാഹിയായി. യൂത്ത് കോണ്‍ഗ്രസ്സിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയുമായി.  

പ്രതിച്ഛായ : തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് എ.ഐ.സി.സിയിലും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലും അംഗമായത് കറപുരളാത്ത പ്രതിച്ഛായയുടെ പേരിലാണ്. അഴിമതിയും പക്ഷപാതവും ഇല്ല. അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ എന്ന നിലയില്‍ വിവിധ സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളി സംഘടനകളുമായും മത്സ്യത്തൊഴിലാളികളുടെ ജീവിതവുമായും അടുത്ത ബന്ധം. വോളിബോള്‍ കളിക്കും. ഇന്ത്യന്‍ വനിതാ വോളി ടീം മാനേജരായും പ്രവര്‍ത്തിച്ചു. 

അനുകൂല ഘടകങ്ങള്‍ : ശക്തമായ യു.ഡി.എഫ് അടിത്തറ. വ്യക്തിപരമായ മികച്ച പ്രതിച്ഛായ.

പ്രതികൂല ഘടകങ്ങള്‍ : എതിര്‍ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റേയും മികച്ച പ്രതിച്ഛായ. 


രാജാജി മാത്യു തോമസ് 
(മണ്ഡലം-തൃശൂര്‍. എല്‍.ഡി.എഫ്-സി.പി.ഐ)

നിലപാട് : കെ.പി. രാജേന്ദ്രനും സി.എന്‍. ജയദേവനും തമ്മിലുള്ള അഭിപ്രായ ഭിന്നതയ്ക്കൊടുവില്‍ സി.പി.ഐയുടെ ഏക സിറ്റിങ് സീറ്റില്‍ മത്സരിക്കാന്‍ നറുക്ക് വീണത് ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസിന്. ജനയുഗത്തിന്റെ എഡിറ്ററായിരുന്ന രാജാജി ഒരിക്കല്‍ ഒല്ലൂരില്‍ മത്സരിച്ചിരുന്നു. 1981 മുതല്‍ 1985 വരെ ജനയുഗം സബ് എഡിറ്റര്‍, തൃശൂര്‍ ബ്യൂറോ ചീഫ്, ഡല്‍ഹി ലേഖകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അനുഭവപരിചയം മുതല്‍ക്കൂട്ടാണ്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മാധ്യമ സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചില രീതികള്‍ യു.എസ്. പ്രസിഡന്റ് ട്രംപിനും പ്രധാനമന്ത്രി മോദിക്കും തുല്യമാണെന്നു പറഞ്ഞിരുന്നു. 

രാജാജി മാത്യു തോമസ് 


ശൈലി : രാജാജി മാത്യു തോമസ് പൊതുവേ സംസാരിച്ചു കുടുങ്ങുന്ന പ്രകൃതമല്ല. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, ജനയുഗം പത്രാധിപര്‍ എന്നീ പദവികളുടെ ഭാരമൊന്നുമില്ല രാജാജിക്ക്. സൗമ്യനും മാന്യനുമായ രാഷ്ട്രീയ പ്രവര്‍ത്തകന്‍. 

പ്രതിച്ഛായ : എ.ഐ.വൈ.എഫ് ദേശീയ ജനറല്‍ സെക്രട്ടറിയായും ലോക ജനാധിപത്യ യുവജന ഫെഡറേഷന്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ച രാജാജിക്ക് യുവജന നേതാവായിരുന്നപ്പോഴും പിന്നീടും പക്വതയുള്ള നേതാവിന്റെ പ്രതിച്ഛായയാണ്. നല്ല വായനയും വിവരവുമുള്ള സഖാവ് എന്നു പറയും സഹപ്രവര്‍ത്തകര്‍. യു.എന്‍ ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. മീഡിയ അക്കാദമി അംഗമാണ്.

അനുകൂല ഘടകങ്ങള്‍ : സി.പി.ഐയുടെ സിറ്റിംഗ് സീറ്റാണ്. പാര്‍ട്ടിയും മുന്നണിയും കെട്ടുറപ്പോടെ കൂടെയുണ്ട്.

പ്രതികൂല ഘടകങ്ങള്‍ : സിറ്റിംഗ് എം.പി എന്‍. ജയദേവനെ മാറ്റിയത് വിശദീകരിക്കാന്‍ പാര്‍ട്ടി ബുദ്ധിമുട്ടുന്നു. എതിര്‍ സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്റെ വ്യക്തിപ്രഭാവം. 

എം.ബി. രാജേഷ്  
(മണ്ഡലം-പാലക്കാട്. എല്‍.ഡി.എഫ്-സി.പി.എം)

നിലപാട് : 10 വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന തെരഞ്ഞെടുപ്പില്‍ ലോക്സഭയിലേക്ക് ജയിച്ച എം.പിമാരില്‍ ഒരാള്‍ എം.ബി. രാജേഷായിരുന്നു. അന്ന് ജയിച്ചത് 1820 വോട്ടിന്. അടുത്ത തവണ ഭൂരിപക്ഷം 1,05,300 വോട്ടുകള്‍. മാന്യതയാര്‍ന്ന വ്യക്തിത്വത്തിന് ഉടമയാണ് രാജേഷ്. മണ്ഡലത്തിലുടനീളം വ്യക്തിബന്ധങ്ങള്‍. രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യതയാര്‍ന്ന നിലപാടുകള്‍. കേരളത്തിലെ സി.പി.എം എം.പിമാരുടെ കൂട്ടത്തില്‍ ഏറ്റവും ശാന്തമായും പ്രകോപിതനാകാതേയും രാഷ്ട്രീയം പറയാന്‍ കെല്പുള്ളത് എം.ബി. രാജേഷിനാണ്. ടി.വി ചാനല്‍ ചര്‍ച്ചകളില്‍ മാത്രമല്ല, രാഷ്ട്രീയവേദികളിലും അങ്ങനെതന്നെ. പാര്‍ട്ടിയുടെ രാഷ്ട്രീയം ശരിയായി അറിയാവുന്നതു മാത്രമല്ല കാരണം; മാറിവരുന്ന വിഷയങ്ങള്‍ക്കൊപ്പിച്ച് അത് എങ്ങനെ സമര്‍ത്ഥമായി അവതരിപ്പിക്കണം എന്ന തിരിച്ചറിവു കൂടിയാണ്. 

എം.ബി. രാജേഷ്  


ശൈലി : പാലക്കാട്ട് പാര്‍ട്ടിയെ കുഴപ്പത്തിലാക്കുന്ന പ്രശ്‌നങ്ങള്‍ വരുമ്പോള്‍ രാജേഷിന്റെ പേരും അതുമായി ചേര്‍ത്തു വരുത്താനുള്ള ശ്രമങ്ങള്‍ നടക്കാറുണ്ട്. ഉദാഹരണത്തിന്, ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തക കൊടുത്ത പീഡനപരാതി വിവാദമായപ്പോള്‍ പരാതിക്കാരിക്ക് രാജേഷിന്റെ പിന്തുണയുണ്ട് എന്നു പ്രചരിച്ചു. അതുകൊണ്ട് പാര്‍ട്ടി നേതൃത്വത്തിന് രാജേഷ് അനഭിമതനായി എന്നായിരുന്നു പ്രചാരം. ഒരിക്കല്‍പ്പോലും രാജേഷില്‍നിന്നൊരു വാക്കും പോസ്റ്റും പുറത്തുവന്നില്ല. തന്റെ പേര് വലിച്ചിഴയ്ക്കുന്നുവെന്നോ അരുതെന്നോ പറഞ്ഞില്ല. 

പ്രതിച്ഛായ : പാലക്കാട്ട് മൂന്നാം മത്സരത്തിന് ഇറങ്ങുന്നത് മണ്ഡലത്തെ കഴിയുന്നത്ര മികവോടെ പരിപാലിച്ചതിന്റെ പ്രതിച്ഛായയില്‍ കൂടിയാണ്. മുന്‍പു രണ്ടുവട്ടം ലഭിച്ച വിജയം ആവര്‍ത്തിക്കാന്‍ മണ്ഡലത്തെയാണ് രാജേഷും പാര്‍ട്ടിയും മുന്നണിയും ചൂണ്ടിക്കാട്ടുന്നത്. പിന്നെ പാര്‍ലമെന്റിലെ മികച്ച പ്രവര്‍ത്തനവും. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചപ്പോഴത്തെ മികച്ച പ്രതിച്ഛായ ഇപ്പോഴും തുണ. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം. 
അനുകൂല ഘടകങ്ങള്‍ : സിറ്റിങ് എം.പി എന്ന നിലയില്‍ മണ്ഡലത്തിലുള്ള മികച്ച

പ്രതിച്ഛായ. സി.പി.എം സംഘടനാ സംവിധാനത്തിന്റെ ശേഷിയും പൂര്‍ണ്ണ പിന്തുണയും.

പ്രതികൂല ഘടകങ്ങള്‍ : ശബരിമല വിഷയം, ബി.ജെ.പിയുടെ സ്വാധീനവും. 
 

വി.കെ. ശ്രീകണ്ഠന്‍ 
(മണ്ഡലം-പാലക്കാട്. യു.ഡി.എഫ്- കോണ്‍ഗ്രസ്സ് )

നിലപാട് : അടിയൊഴുക്കില്‍ പാലക്കാട് മാറിമറിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ്.  ജില്ലയിലെ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ പാര്‍ട്ടി നേതൃത്വം ഡി.സി.സി അധ്യക്ഷ പദവി നല്‍കിയത് പാര്‍ട്ടിക്കൂറിന്റേയും മോശമല്ലാത്ത രാഷ്ട്രീയ ആദര്‍ശത്തിന്റേയും ബലത്തില്‍. 2011-ല്‍ ഒറ്റപ്പാലത്തുനിന്നു നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയം. ഷൊര്‍ണൂര്‍ നഗരസഭാംഗമായി. സി.പി.എമ്മിനും കോണ്‍ഗ്രസ്സിനും ഒരുപോലെ ജയസാധ്യതയുള്ള മണ്ഡലം എന്നാണ് പാലക്കാടിന്റെ സ്വഭാവം. അതിലാണ് ശ്രീകണ്ഠന്റെ പ്രതീക്ഷയും. 

പ്രതിച്ഛായ : യൂത്ത് കോണ്‍ഗ്രസ്സ് ദേശീയ ജനറല്‍ സെക്രട്ടറിയായും കെ.പി.സി.സി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ്സ് അധികാരത്തിലുള്ളപ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും നേതാക്കളുമായി അടുത്ത ബന്ധം. പക്ഷേ, പേരുദോഷം വരുത്തിയിട്ടില്ല. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ പക്ഷം പിടിക്കാതെ രക്ഷയില്ല എന്നാണ് ശ്രീകണ്ഠന്റേയും വാദം. കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് അംഗവും കാര്‍ഷിക സര്‍വ്വകലാശാല സെനറ്റ് അംഗവുമായിരുന്നു. 

വി.കെ. ശ്രീകണ്ഠന്‍ 


ശൈലി : പദയാത്രയുടെ പേരിലാണ് ശ്രീകണ്ഠന്‍ പാലക്കാടിനു പുറത്ത് ശ്രദ്ധിക്കപ്പെട്ടത്. ജയ് ഹോ എന്ന പേരിലായിരുന്നു പദയാത്ര. കെ.എസ്.യു പ്രവര്‍ത്തകനായി പൊതുജീവിതം തുടങ്ങി. പ്രീഡിഗ്രിക്ക് എം.ബി. രാജേഷിന്റെ സഹപാഠിയായിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയവിമര്‍ശനങ്ങള്‍ക്കുപോലും മാന്യതയും പക്വതയും സഹവര്‍ത്തിത്വവുമുണ്ട്. 

അനുകൂല ഘടകങ്ങള്‍ : ഗ്രൂപ്പുപോരാട്ടം കുറവ്. കോണ്‍ഗ്രസ്സിന്റേയും മുസ്ലിം ലീഗിന്റേയും  സംഘടനാ സംവിധാനം.

പ്രതികൂല ഘടകം : സിറ്റിങ് എം.പിയുടെ മികച്ച പ്രതിച്ഛായ. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ ജനകീയത. 


പി.കെ. ബിജു 
(മണ്ഡലം-ആലത്തൂര്‍. എല്‍.ഡി.എഫ്-സി.പി.എം)

നിലപാട് : ആത്മവിശ്വാസത്തോടെ മൂന്നാം തവണ പോരിനിറങ്ങുന്ന ബിജുവിന്റെ മൂലധനം. മൂന്നാമൂഴം നല്‍കാന്‍ പാര്‍ട്ടി ആദ്യം മടിച്ചെങ്കിലും പിന്നീട് ബിജുവിലായി പാര്‍ട്ടിക്ക് വിശ്വാസം.  കോട്ടയം ജില്ലയിലെ മാഞ്ഞൂരാണു സ്വദേശം. ബിരുദാനന്തര ബിരുദം കഴിഞ്ഞ് പോളിമര്‍ കെമിസ്ട്രിയില്‍ പി.എച്ച്.ഡി എടുത്തു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരിക്കുമ്പോഴാണ് ആലത്തൂരിലേക്ക് പാര്‍ട്ടി നിയോഗിച്ചത്. രണ്ടുതവണ ആലത്തൂരിന്റെ ചുവന്നമണ്ണ് ബിജുവിനെ തുണയ്ക്കുകയും ചെയ്തു. അതേസമയം ജനകീയപ്രശ്‌നങ്ങളില്‍ വേണ്ടത്ര ഇടപെടലുണ്ടായില്ലെന്ന വിമര്‍ശനവും ബിജുവിനെതിരെയുണ്ട്. അതുകൊണ്ട് തന്നെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ ഒരു ഘട്ടത്തില്‍ കെ. രാധാകൃഷ്ണന്റെ പേരും ഉയര്‍ന്നു കേട്ടത്. 

പി.കെ. ബിജു 

ശൈലി :  മണ്ഡലത്തില്‍ സിറ്റിങ് എം.പിയുടെ കാര്യമായ സാന്നിധ്യമില്ലെന്ന പരാതിയുണ്ട്. ദേശീയപാതാ വികസനം, ശബരിമല വിഷയം എന്നിവയൊക്കെ പ്രതിഫലിക്കും. പ്രതീക്ഷിക്കാത്ത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സും പ്രചാരണത്തില്‍ മുന്നിലാണ്. 

പ്രതിച്ഛായ : അഴിമതിക്കാരോടും പണക്കാരോടും അധികാര സ്ഥാനങ്ങളോടും പ്രത്യേക മമത കാണിക്കുന്ന ആളല്ല. മാറുന്ന സാഹചര്യങ്ങള്‍ക്കൊത്ത് വര്‍ധിപ്പിക്കേണ്ട വിവര സമ്പത്ത് വര്‍ധിപ്പിക്കുന്നതില്‍ വീഴ്ച എന്നു വിമര്‍ശനമുണ്ട്. ചാനല്‍ ചര്‍ച്ചകളിലും പൊതുയോഗങ്ങളിലെ പ്രസംഗങ്ങളിലും ഈ പരിമിതി പ്രകടമാകുന്നു.  എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായും ദേശീയ പ്രസിഡന്റായും പ്രവര്‍ത്തിച്ചപ്പോഴത്തെ രാഷ്ട്രീയ പഠനം ഇപ്പോഴില്ല എന്നു കുറ്റപ്പെടുത്തുന്നവരുണ്ട്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം. 

അനുകൂല ഘടകങ്ങള്‍ : സി.പി.എം സംഘടനാ സംവിധാനം. മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍  ശ്രദ്ധ. 

പ്രതികൂല ഘടകം : എം.പി ആളുകള്‍ക്ക് അപ്രാപ്യനാകുന്നു എന്ന വിമര്‍ശനം. എതിര്‍ സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ ജനകീയത. 
 

രമ്യാ ഹരിദാസ് 
(മണ്ഡലം-ആലത്തൂര്‍. യു.ഡി.എഫ്- കോണ്‍ഗ്രസ്സ്)

നിലപാട് : സ്‌കൂളില്‍നിന്ന് ഉച്ചയ്ക്കു ചെറുപയറിട്ടു വേവിച്ച കഞ്ഞി കുടിച്ചതാണ് ജീവിതത്തിലെ ആദ്യ സന്തോഷം എന്ന് രമ്യ പറയും. ഉച്ചക്കഞ്ഞി കിട്ടാത്തതുകൊണ്ട് അവധിക്കാലം ഇഷ്ടവുമായിരുന്നില്ല. ഗാന്ധിയന്‍ ഏകതാ പരിഷത്തില്‍ ചേര്‍ന്ന് ഇന്ത്യ കാണാനിറങ്ങിയ, റായ്പൂരിലേയും ഛത്തീസ്ഗഡിലേയും ഉള്ളി കര്‍ഷകര്‍ക്കുവേണ്ടിയുള്ള സമരത്തില്‍ പങ്കെടുത്തു. സബര്‍മതിയിലും സേവാഗ്രാമിലും പോയി. കുറഞ്ഞ വരുമാനവും ദാരിദ്ര്യവും വകവയ്ക്കാതെ പാട്ടും നൃത്തവും പഠിക്കാനയച്ച അമ്മയോടാണ് ആരാധന. മൂല്യങ്ങള്‍ നഷ്ടപ്പെടുത്താതെ ജീവിക്കാനാണ് അമ്മ പഠിപ്പിച്ചത് -ഇതൊക്കെയാണ് രമ്യ പറയുന്നത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പാടിയതിനെ വിമര്‍ശിച്ച ദീപാനിശാന്തിന് കൊടുത്ത മറുപടിയിലുണ്ട് രമ്യാ ഹരിദാസിന്റെ നിലപാടിന്റെ കരുത്ത്. 

രമ്യാ ഹരിദാസ് 

ശൈലി : സാധാരണക്കാരില്‍ സാധാരണക്കാരി. പെരുമാറ്റത്തിലും നിലപാടുകളിലും അതു വ്യക്തം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി എന്ന നിലയില്‍ രാഷ്ട്രീയ പരിചയം. പാര്‍ലമെന്റിലേക്ക് അയച്ചാല്‍ മണ്ഡലത്തിനും കേരളത്തിനും രാജ്യത്തിനും വേണ്ടി ജീവിതം നല്‍കി നിലകൊള്ളാന്‍ തനിക്കു കഴിയും എന്ന് അവര്‍ക്ക് ഉറപ്പുമുണ്ട്. പ്രചാരണ രംഗത്തും പ്രവര്‍ത്തകരോടുള്ള പെരുമാറ്റത്തിലും അന്തസ്സ്, സൂക്ഷ്മത.

പ്രതിച്ഛായ : യൂത്ത് കോണ്‍ഗ്രസ്സ് ദേശീയ കോര്‍ഡിനേറ്ററും കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറിയുമായി സമീപകാലത്തു മാത്രം സജീവ കോണ്‍ഗ്രസ്സ് നേതാവായ രമ്യയെ അംഗീകരിക്കാന്‍ മടിക്കുന്ന സ്വന്തം പാര്‍ട്ടിക്കാരുണ്ട് മണ്ഡലത്തില്‍. പക്ഷേ, രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ടിലെ മികവിലൂടെ ശ്രദ്ധ നേടിയ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ ഈ ദളിത് യുവതിക്ക് സൗഹൃദങ്ങളാണ് കരുത്ത്. 

അനുകൂല ഘടകങ്ങള്‍ : സിറ്റിങ് എം.പി അപ്രാപ്യനെന്ന് വിമര്‍ശനം. പൊതുപ്രവര്‍ത്തനത്തില്‍ ദീര്‍ഘകാല പരിചയമില്ലാത്ത യുവതിയുടെ ഊര്‍ജ്ജസ്വലമായ വ്യക്തിത്വത്തോട് ആളുകള്‍ക്കുള്ള മതിപ്പ്.

പ്രതികൂല ഘടകം : സി.പി.എം സംഘടനാ സംവിധാനത്തിന്റെ മികവ്.
 

എം.കെ. രാഘവന്‍ 
(മണ്ഡലം-കോഴിക്കോട്.  യു.ഡി.എഫ്-കോണ്‍ഗ്രസ്സ്)  

നിലപാട് : എം.കെ. രാഘവന്‍ അക്ഷരാര്‍ത്ഥത്തില്‍ ജനകീയ നേതാവാണ്. പയ്യന്നൂരുകാര്‍ 'രാഘവേട്ടനെ' കോഴിക്കോടിനു തന്നതാണ് എന്ന് കോണ്‍ഗ്രസ്സുകാര്‍ പറയും. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായതു മുതല്‍ ജാഗ്രതയോടെയുള്ള പൊതുജീവിതത്തില്‍ ആരോപണം ഉയര്‍ന്നത് അടുത്തിടെയാണ്.  രാഘവന്‍ ചെയര്‍മാനായി ആരംഭിച്ച 'അഗ്രീന്‍കോ' സഹകരണ സംരംഭം സംസ്ഥാന സഹകരണ ബാങ്കില്‍നിന്ന് എടുത്ത അഞ്ചു കോടി രൂപ വായ്പയ്ക്ക് ശരിയായ ഈട് നല്‍കിയിരുന്നില്ല എന്നതായിരുന്നു പരാതി. വിജിലന്‍സ് സമീപകാലത്തു കേസെടുത്തു. നിരപരാധിയാണെന്നും അതു തെളിയുമെന്നും അദ്ദേഹം പറയുന്നു. 

എം.കെ. രാഘവന്‍ 


ശൈലി : തളിപ്പറമ്പില്‍നിന്നും പയ്യന്നൂരില്‍നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും സി.പി.എം കോട്ടയെ മറികടക്കാനായില്ല.  2009-ല്‍ കോഴിക്കോട്ടു നിന്നു ലോക്സഭയിലേയ്ക്ക് മത്സരിച്ചു. വെറും 938 വോട്ടുകള്‍ക്കായിരുന്നു ജയം. ആ നേരിയ ജയത്തിനു രാഘവന്റെ ജീവിതത്തിന്റെ വിലയുണ്ടായിരുന്നു എന്ന് അറിയുന്നവര്‍ അധികമില്ല. അത്രയ്ക്ക് അടിപതറി നില്‍ക്കുകയായിരുന്നു. 2014-ലെ വിജയത്തില്‍ കോഴിക്കോട്ടുകാര്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചു കൊടുത്തു - 16,883. മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് രാഷ്ട്രീയാതീതമായി നല്ല അഭിപ്രായം. ലോക്സഭയിലേക്ക്  മൂന്നാം വട്ട മത്സരം. 

പ്രതിച്ഛായ : കോണ്‍ഗ്രസ്സില്‍ എ ഗ്രൂപ്പിലായിരുന്ന രാഘവന്‍ ഇപ്പോള്‍ ഗ്രൂപ്പിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയല്ല, രാജ്യവും പാര്‍ട്ടിയുമാണ് വലുത്. കരുണാകര വിരുദ്ധ രാഷ്ട്രീയത്തില്‍ ഊന്നിനിന്ന കാലത്ത് മുഖ്യമന്ത്രിയായിരുന്ന കരുണാകരന്‍ ഒരൊറ്റ ദിവസം കൊണ്ടാണ് രാഘവന് മാടായി കോപ്പറേറ്റീവ് കോളജ് യാഥാര്‍ത്ഥ്യമാക്കിക്കൊടുത്തത്. യുവ നേതാവിന്റെ ഊര്‍ജ്ജം കണ്ടറിഞ്ഞ് നല്‍കിയ പിന്തുണ. ആ സ്ഥാപനം ഇന്നു വളര്‍ന്നു പന്തലിച്ചു.

അനുകൂല ഘടകങ്ങള്‍ : ജനകീയ എം.പിയുടെ പ്രതിച്ഛായ. രാഹുല്‍ ഗാന്ധി തൊട്ടടുത്ത വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നത് ഉണ്ടാക്കാവുന്ന തരംഗം

പ്രതികൂല ഘടകം : എതിര്‍ സ്ഥാനാര്‍ത്ഥി എ. പ്രദീപ് കുമാറിന്റെ ജനകീയ പ്രതിച്ഛായ.
 

എ. പ്രദീപ് കുമാര്‍ 
(മണ്ഡലം-കോഴിക്കോട്. എല്‍.ഡി.എഫ്-സി.പി.എം)

നിലപാട് : പ്രദീപ്കുമാറിന്റെ നിലയും നിലപാടും പാര്‍ട്ടിയാണ്. ഇടതുപക്ഷ വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളില്‍  വലിയ സ്ഥാനങ്ങള്‍ വഹിച്ച കാലത്തും മൂന്നാം വട്ടം നിയമസഭാ സമാജികനായി തിളങ്ങിനില്‍ക്കുമ്പോഴും അതാണവസ്ഥ. ടി.പി. ചന്ദ്രശേഖരന്‍ വധം സി.പി.എമ്മിനെ പിടിച്ചുലയ്ക്കുകയും കണ്ണൂരിലെ പാര്‍ട്ടിയെപ്പോലെ കോഴിക്കോട്ടെ പാര്‍ട്ടിയും സംശയ നിഴലിലാവുകയും ചെയ്തകാലത്തും സൂക്ഷ്മശ്രദ്ധയോടെയല്ലാതെ പ്രദീപ്കുമാര്‍ സംസാരിച്ചില്ല. അതൊരു ഈസി ടാസ്‌കായിരുന്നുമില്ല. സര്‍ക്കാര്‍ സ്‌കൂളുകളെ മുന്‍നിരയില്‍ എത്തിക്കാന്‍ പ്രദീപ്കുമാറിന്റെ ഉത്സാഹത്തില്‍ നോര്‍ത്ത് മണ്ഡലത്തില്‍ നടപ്പാക്കിയ 'പ്രിസം' പദ്ധതി ജനകീയമായി. നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളിനെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തിയതായിരുന്നു അതില്‍ പ്രധാനം. 

എ. പ്രദീപ് കുമാര്‍ 


ശൈലി : നിസ്വാര്‍ത്ഥമായാണ് പ്രദീപ്കുമാര്‍ രാഷ്ട്രീയ പ്രവര്‍ത്തനവും പാര്‍ലമെന്ററി പ്രവര്‍ത്തനവും നടത്തുന്നത്. അഴിമതിരഹിത രാഷ്ട്രീയജീവിതം. നിയമസഭയിലും മണ്ഡലത്തിലും ബഹളക്കാരുടെ കൂടെയല്ല. പക്ഷേ, ചെയ്യുന്ന കാര്യങ്ങള്‍ക്കു കൃത്യമായി പ്രചാരം ഉറപ്പിക്കുന്ന ടീമിന്റെ കരുത്തുണ്ട്. പാര്‍ട്ടിയിലെ എല്ലാ തലങ്ങളിലുള്ളവര്‍ക്കും പ്രിയങ്കരന്‍.

പ്രതിച്ഛായ : ജനകീയര്‍ ഏറ്റമുട്ടുന്ന മണ്ഡലമാണ് കോഴിക്കോട്. എം.കെ. രാഘവന്റെ വ്യക്തിബന്ധങ്ങള്‍ക്ക് എതിരിട്ടു നില്‍ക്കാനാവുന്ന സൗമ്യനായ എതിരാളി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തി കോഴിക്കോടിന്റെ പരിചിതമുഖമായി. എം.കെ. രാഘവന്‍ ജനഹൃദയ യാത്ര നടത്തിയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതെങ്കില്‍ പ്രദീപ്കുമാര്‍ മറുപടി നല്‍കിയത് ജനമോചന യാത്ര നടത്തിയാണ്. പാഴായിപ്പോയ 10 വര്‍ഷങ്ങള്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ആ യാത്ര. 
2006-ല്‍ കോഴിക്കോട് ഒന്ന് മണ്ഡലത്തില്‍നിന്നും 2011-ലും കഴിഞ്ഞ തവണയും നോര്‍ത്തില്‍നിന്നും വിജയിച്ച പഴയ തീപ്പൊരി നേതാവ് നല്ലൊരു രാഷ്ട്രീയ പ്രസംഗം നടത്തുന്നത് കോഴിക്കോട്ടുകാര്‍ സമീപകാലത്തെങ്ങും കേട്ടിട്ടുമില്ല. 

അനുകൂല ഘടകങ്ങള്‍ : എം.എല്‍.എ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍. പാര്‍ട്ടിയുടെ ശക്തമായ സംഘടനാ ശേഷി.

പ്രതികൂല ഘടകങ്ങള്‍ : എതിര്‍ സ്ഥാനാര്‍ത്ഥി എം.കെ. രാഘവന്റെ ജനകീയ അടിത്തറ. അടുത്ത മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിന്റെ യു.ഡി.എഫ് അനുകൂല 'തരംഗ' സാധ്യത. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും അഖിലേന്ത്യാ വൈസ് പ്രസിഡന്റായും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായിരുന്നു. നിലവില്‍ കോഴിക്കോട് നോര്‍ത്ത് എം.എല്‍എ. 
 

രാഹുല്‍ ഗാന്ധി 
(മണ്ഡലം-വയനാട്. യു.ഡി.എഫ്-കോണ്‍ഗ്രസ്സ്)

നിലപാട് : കേരളത്തില്‍ മത്സരിക്കുന്ന ആദ്യ ഗാന്ധി കുടുംബാംഗം. ഉത്തരേന്ത്യ ഉപേക്ഷിച്ച് ദക്ഷിണേന്ത്യയില്‍ മത്സരിച്ചത് ഇതിനു മുന്‍പ് ഇന്ദിരാ ഗാന്ധി മാത്രമാണ്. പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെട്ടേക്കാവുന്ന ഒരാള്‍ മത്സരിക്കുന്ന വി.വി.ഐ.പി മണ്ഡലമായി വയനാട് മാറിക്കഴിഞ്ഞു. അതേസമയം ദേശീയതലത്തില്‍ ഇടതുവിരുദ്ധ പോരാട്ടമായി ഇത് സി.പി.എം, സി.പി.ഐ നേതൃത്വങ്ങളുടെ കണക്കുകൂട്ടല്‍. മതനിരപേക്ഷ രാഷ്ട്രീയ കൂട്ടുകെട്ടിന് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം എന്തു സന്ദേശമാണ് നല്‍കുകയെന്ന് അവര്‍ ചോദിക്കുന്നു. 

രാഹുല്‍ ഗാന്ധി 


ശൈലി : കഴിഞ്ഞ തെരഞ്ഞെടുപ്പില്‍നിന്നു വ്യത്യസ്തമായി അടിമുതല്‍ മുടിവരെ മാറ്റങ്ങളുമായാണ് രാഹുല്‍ ഗാന്ധി എത്തുന്നത്. നിരന്തര പരാജയങ്ങളില്‍ നിസ്സഹായനായി നില്‍ക്കേണ്ടിവന്ന രാഹുല്‍ പഴയകഥയായി മാറിക്കഴിഞ്ഞു. ഗുജറാത്തിലും കര്‍ണാടകയിലും രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെ നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ പുതിയൊരു ശൈലി കെട്ടിപ്പെടുത്തതിന്റെ ബാക്കിപത്രമാണ്. മോദിയെപ്പോലെ അട്ടഹാസങ്ങളില്ല, സൗമ്യനും ശാന്തനുമാണ് രാഹുല്‍ ഗാന്ധി. കേള്‍ക്കാനുള്ള മര്യാദയും ജനാധിപത്യവും കാണിക്കുന്നു. പ്രധാനമന്ത്രി ചോദ്യങ്ങളില്‍നിന്ന് ഒളിച്ചോടുമ്പോള്‍ സധൈര്യം ചോദ്യങ്ങളെ നേരിടാന്‍ ധൈര്യം കാണിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ മുതിര്‍ന്നവരേയും ചെറുപ്പക്കാരേയും ഒരുപോലെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ സജീവവുമാണ്. രണ്ടാഴ്ച മുന്‍പ് ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജിലെ വിദ്യാര്‍ത്ഥിനികളുമായി നടത്തിയതുപോലുള്ള ഗംഭീരന്‍ സംവാദങ്ങള്‍ ഇഷ്ടമാണ്. പാര്‍ട്ടിയില്‍ യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 

പ്രതിച്ഛായ : 50 വയസ്സ് തികയാന്‍ ഒരു വര്‍ഷംകൂടി മാത്രമാണ് ബാക്കിയെങ്കിലും ഭാവിയിലെ യുവപ്രധാനമന്ത്രി എന്നാണ് പ്രതിച്ഛായ. നരേന്ദ്ര മോദിക്കെതിരെ നടത്തുന്ന ശക്തമായ രാഷ്ട്രീയ കടന്നാക്രമണങ്ങളോടെ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ പാടേ മാറി. രാജ്യം പ്രതീക്ഷയോടെ നോക്കുന്ന നേതാവിന്റെ പ്രതിച്ഛായ കൈവന്നു. പ്രത്യാശയുടെ പ്രതീകമാകാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നുണ്ടോ എന്നുള്ളതാണ് ചോദ്യം. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള യത്‌നം പാതിവഴിയിലാണ്. പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ താരതമ്യേന ജൂനിയറുമാണ്. യു.പിയിലുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സഖ്യങ്ങളില്‍ നിന്നകലെയാണ് കോണ്‍ഗ്രസ്സ്. ഇത് തെരഞ്ഞെടുപ്പിനു ശേഷം വലിയ വെല്ലുവിളിയാകും കോണ്‍ഗ്രസ്സിനു നല്‍കുകയെന്നാണ് സൂചന. 
അനുകൂല ഘടകം : യു.ഡി.എഫ് അടിത്തറയുള്ള മണ്ഡലം. സ്വന്തം വ്യക്തിപ്രഭാവം.

പ്രതികൂല ഘടകങ്ങള്‍ : രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം രാഷ്ട്രീയ അധാര്‍മ്മികതയാണ് എന്നു കരുതുന്ന എല്‍.ഡി.എഫ് അതു ശക്തമായ പ്രചരണ ആയുധമാക്കുന്നു. അമേഠിയില്‍നിന്ന് ഒളിച്ചോടി എന്ന ബി.ജെ.പി വിമര്‍ശനം.


പി.പി. സുനീര്‍ 
(മണ്ഡലം-വയനാട്. എല്‍.ഡി.എഫ്- സി.പി.ഐ)

നിലപാട് : മലപ്പുറം ജില്ലയില്‍ സി.പി.ഐയുടെ ശബ്ദംതന്നെയാണ് സുനീര്‍. പാര്‍ട്ടി വിട്ടൊരു വര്‍ത്തമാനമില്ല. മുന്‍ഗാമിയായ ഒരു നേതാവ് കുറേക്കാലം തോറ്റുമടുത്ത് മുസ്ലിം ലീഗില്‍ പോയ പാത ചിന്തിക്കുകപോലും ചെയ്യില്ലെന്ന്  ഉറപ്പുള്ള കമ്യൂണിസ്റ്റ്. രാഹുല്‍ ഗാന്ധി സുനീറിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായതോടെ ജയിക്കാനുള്ള ആവേശത്തിന് ആക്കം കൂടി. പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ മുന്‍പ് രണ്ടുവട്ടം മത്സരിച്ചു പരാജയപ്പെട്ട കയ്പോടെയല്ല സുനീര്‍ വയനാട്ടിലേക്കു വന്നത്. എങ്കിലും എതിരാളിക്ക് അപ്രതീക്ഷിതമായി കരുത്ത് വര്‍ധിച്ചപ്പോള്‍ ആദ്യമൊന്നു പകച്ചു; ഒരൊറ്റ നിമിഷം മാത്രം. പിന്നെ ഊര്‍ജ്ജം വീണ്ടെടുത്തു. ഒന്നോ രണ്ടോ ദിവസം ടി. സിദ്ദിഖിന്റെ പേരില്‍ യു.ഡി.എഫ് പ്രചാരണം നടത്തിയതൊഴിച്ചാല്‍ രണ്ടാഴ്ചയിലധികം സുനീര്‍ മാത്രമായിരുന്നു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. 

പി.പി. സുനീര്‍ 


ശൈലി : സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും എല്‍.ഡി.എഫ് മലപ്പുറം ജില്ലാ കണ്‍വീനറുമായ സൗമ്യമുഖം. സി.പി.ഐ ജില്ലാ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. രണ്ടു വട്ടം കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാനായി. കേരള പ്രവാസി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ഭരണസമിതി അംഗവും.

പ്രതിച്ഛായ : ജനകീയ നേതാവ് എന്നതില്‍ മലപ്പുറംകാര്‍ക്ക് രണ്ടഭിപ്രായമില്ല. മുസ്ലിം ലീഗുകാരനായില്ലെങ്കിലും മലപ്പുറം ജില്ലയിലെ ആളുകള്‍ക്ക് പ്രിയപ്പെട്ട നേതാവായി മാറാന്‍ കഴിയും എന്നതിന് ഉദാഹരണം.
അനുകൂല ഘടകങ്ങള്‍ : രണ്ടുവട്ടം വയനാട്ടില്‍ ജയിച്ച കോണ്‍ഗ്രസ്സ് നേതാവ് എം.ഐ. ഷാനവാസിന് രണ്ടാം വട്ടം ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞു, 20,870 വോട്ടുകള്‍. ഏഴില്‍ നാല് നിയമസഭാ മണ്ഡലങ്ങളില്‍ 2016-ല്‍ എല്‍.ഡി.എഫിനു വിജയം. പ്രചാരണ രംഗത്ത് തുടക്കത്തില്‍ രണ്ടാഴ്ചയിലധികം ഏകപക്ഷീയ മുന്നേറ്റം.

പ്രതികൂല ഘടകം : എതിര്‍ സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ വ്യക്തിപ്രഭാവം.

തുഷാര്‍ വെള്ളാപ്പള്ളി 
(മണ്ഡലം-തൃശൂര്‍. എന്‍.ഡി.എ- ബി.ഡി.ജെ.എസ്)   

നിലപാട് : കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ പരിഗണിക്കേണ്ടതില്ല എന്നാണ് ബി.ഡി.ജെ.എസ് രൂപീകരണം മുതല്‍ ഇതുവരെ തുഷാര്‍ വെള്ളാപ്പള്ളി സ്വീകരിക്കുന്ന സമീപനം. അദ്ദേഹത്തിനു ബന്ധം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി മാത്രമാണ്. തനിക്ക് സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന നിലപാട് തുടക്കം മുതലുണ്ട്. അച്ഛനും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ യോഗം വൈസ് പ്രസിഡന്റും ബി.ഡി.ജെ.എസ് അധ്യക്ഷനുമായ മകന് നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്.

തുഷാര്‍ വെള്ളാപ്പള്ളി 

കുമ്മനം ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴും പി.എസ്. ശ്രീധരന്‍ പിള്ള വന്ന ശേഷവും ഇതിനു മാറ്റമില്ല. തുഷാറിന്റെ ഈ ശാഠ്യം മാറ്റാന്‍ ബി.ജെ.പി കേരള നേതൃത്വത്തിന് ഒന്നും ചെയ്യാനും കഴിയുന്നില്ല. കേരള നേതൃത്വത്തിന്റെ വിയോജിപ്പ് അവഗണിച്ച് തുഷാറിനെ ഇവിടുത്തെ എന്‍.ഡി.എ കണ്‍വീനറാക്കാന്‍ അമിത് ഷാ തീരുമാനമെടുത്തത് ഉദാഹരണം. ബി.ജെ.പിയെ വെട്ടിലാക്കുന്നതും മുന്നണി ബന്ധത്തിനു യോജിക്കാത്തതുമായ പരസ്യ പ്രതികരണങ്ങള്‍ പലപ്പോഴും തുഷാര്‍ നടത്തിയപ്പോഴും കേരളത്തിലെ ബി.ജെ.പിയുടെ നിസ്സഹായത തുടര്‍ന്നു. എസ്.എന്‍.ഡി.പി യോഗത്തിന്റെ വോട്ടുബാങ്കാണ് തുഷാറിന്റെ ഈ കര്‍ക്കശ നിലപാടിനു പിന്നില്‍ എന്നാണ് ബി.ഡി.ജെ.എസ് പറയാതെ പറയുന്നത്. 

ശൈലി : തീരുമാനങ്ങളെടുക്കുന്നതില്‍ പിതാവിന്റെ അഭിപ്രായത്തിനു മാത്രമാണ് തുഷാര്‍ പരിഗണന നല്‍കാറ്. പരസ്യമായി രണ്ടുപേരും ഒരേ വിഷയത്തില്‍ രണ്ടു നിലപാട് എടുക്കുമ്പോഴും തിരശ്ശീലയ്ക്കു പിന്നില്‍ അവര്‍ പൊരുതുന്നില്ല. അച്ഛനുമായി ആലോചിച്ചെടുക്കുന്ന സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള പ്രതിബദ്ധതയില്‍നിന്നു പിന്നോട്ടില്ല. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ ആദ്യം വെള്ളാപ്പള്ളി പരസ്യമായി എതിര്‍ത്തിരുന്നു. പക്ഷേ, തുഷാര്‍ മത്സരിക്കാന്‍ ഉറച്ചുതന്നെ നീങ്ങി. മത്സരിക്കുന്നെങ്കില്‍ യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടിവരുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പക്ഷേ, സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ അതില്‍ അയവു വരുത്തി. മകന് അനുഗ്രഹവും നല്‍കി. ഇത് ഇങ്ങനെയൊക്കെത്തന്നെയാണ് സംഭവിക്കുക എന്നു നന്നായി അറിയുന്നതുകൊണ്ട് തുഷാറിന്റെ ശൈലിയുമായി തുഷാര്‍ മുന്നോട്ടു തന്നെ. 

പ്രതിച്ഛായ : എസ്.എന്‍.ഡി.പി യോഗം ഭാരവാഹിയായിരിക്കുമ്പോഴും സംഘപരിവാര്‍ രാഷ്ട്രീയത്തോട് അടുപ്പമുള്ളയാള്‍ എന്നാണ് മുന്‍പേയുള്ള പ്രതിച്ഛായ. അതില്‍നിന്നു പുറത്തുകടക്കാന്‍ മുന്‍പൊക്കെ ശ്രമിച്ചിരുന്നു, പക്ഷേ, ഇപ്പോള്‍ ആ ശ്രമമില്ല.

അനുകൂല ഘടകങ്ങള്‍ : തൃശൂരില്‍ ബി.ജെ.പിയുടെ സംഘടനാ ശേഷി. സിറ്റിംഗ് എം.പി ജയദേവനെ മാറ്റി രാജാജിയെ സി.പി.ഐ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ഒരു വിഭാഗത്തിനുള്ള അതൃപ്തി.
പ്രതികൂല ഘടകം : ശക്തമായ ത്രികോണ മത്സരത്തില്‍ എന്‍.ഡി.എ വോട്ടുകള്‍ മുഴുവന്‍ തുഷാര്‍ പിടിച്ചാല്‍ അത് ഇടതുപക്ഷത്തിന്റെ വിജയത്തെ സഹായിക്കുമെന്ന പ്രചരണം സൃഷ്ടിക്കുന്ന ആശയക്കുഴപ്പം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും