ലേഖനം

ലോകത്തെ സ്വാധീനിച്ച 100 വനിതകളിലൊരാള്‍ വിജി

സമകാലിക മലയാളം ഡെസ്ക്

മുഖ്യധാര തൊഴിലാളി പ്രസ്ഥാനങ്ങളെല്ലാം പുറംതിരിഞ്ഞു നിന്നപ്പോള്‍ പെണ്‍കൂട്ട് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മിഠായിത്തെരുവില്‍ ഇരിപ്പുസമരവും മൂത്രപ്പുരസമരവും നടന്നത്. കോഴിക്കോട്ടെ ഒരു തെരുവില്‍ ഒരുകൂട്ടം സ്ത്രീകള്‍ നടത്തിയ സമരം കേരളം മുഴുവന്‍ പടര്‍ന്നു. ആലപ്പുഴയിലും കൊല്ലത്തുമൊക്കെ സമരപ്പന്തലുകള്‍ ഉയര്‍ന്നു. വസ്ത്രശാലകള്‍ക്കു മുന്നില്‍ ചെറുപന്തലുകള്‍ പൊങ്ങി. അവരുടെ ആവശ്യം ന്യായമാണെന്ന ബോധ്യം ജനത്തിനുമുണ്ടായിരുന്നു. ഒടുവില്‍ ഇരിക്കാനുള്ള അവകാശം സ്ത്രീത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്താനായി സര്‍ക്കാര്‍ നിയമം പാസ്സാക്കി. കോഴിക്കോട്ടെ തയ്യല്‍ തൊഴിലാളിയായ വിജി അധ്വാനിക്കുന്ന പെണ്‍ലോകത്തിന്റെ സമരനായികയായത് അങ്ങനെയാണ്. ലോകത്തെ സ്വാധീനിച്ച നൂറുവനിതകളിലൊരാളായി ബി.ബി.സി കണ്ടെത്തിയ ആളാണ് ഇന്ന് വിജി. 
 

രൂപീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതുകൊണ്ട് രൂപീകരിക്കപ്പെട്ട സംഘടനയായിരുന്നു പെണ്‍കൂട്ട്. മിഠായിത്തെരുവില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ മൂത്രപ്പുരയില്ലാതിരുന്നതില്‍ തുടങ്ങിയ ഒരു  സമരത്തിന്റെ പരിണതിയാണ് ആ കൂട്ടായ്മയും.  മൂത്രമൊഴിക്കാന്‍പോലും അവകാശമില്ലാത്തവരാണ് നമ്മുടെ സ്ത്രീ തൊഴിലാളികള്‍ എന്നത് എന്തൊരു കാഴ്ചപ്പാടാണ്. ഇതിന് മാറ്റമുണ്ടാവേണ്ടതല്ലേ? അവിടെയാണ് ഞങ്ങള്‍ സമരവുമായി മുന്നോട്ടു വന്നത്- വിജി സമരസാഹചര്യത്തെക്കുറിച്ച് പറയുന്നതിങ്ങനെ. അനീതിക്കെതിരേയുള്ള ഇടപെടലുകള്‍ മാത്രമാണ് തന്റേതെന്ന് വിജി വിനയത്തോടെ പറയുന്നു. 

അച്ഛനും അമ്മയും സാധാരണ തൊഴിലാളിയായിരുന്നു. പക്ഷേ അമ്മയ്ക്ക് ജോലി കഴിഞ്ഞ് വന്നാലും വിശ്രമമോ ഒരു മനുഷ്യനാണെന്ന പരിഗണനപോലും അച്ഛനില്‍നിന്നും ലഭിച്ചിരുന്നില്ല. അച്ഛന്‍ പോലും അമ്മയെ അംഗീകരിക്കാത്ത അവസ്ഥ. അച്ഛന്‍ മദ്യപിച്ച് വരുമ്പോഴൊക്കെ അതിന്റെ ഫലം അനുഭവിക്കേണ്ടി വന്നത് അമ്മയായിരുന്നു. മര്‍ദനവും ചീത്തവിളിയുമൊക്കെ സ്ഥിരം ഏര്‍പ്പാട് തന്നെ. മനസ്സമാധാനത്തോടെ ചിരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. അന്നൊന്നും സ്ത്രീകള്‍ക്കു വേണ്ടി സംസാരിക്കാനൊ പറയാനൊ ആരുമുണ്ടായിരുന്നില്ല. ഒരു പക്ഷേ ആ അനുഭവങ്ങളില്‍ നിന്നൊക്കെയാവാം അനീതികള്‍ക്കെതിരേ പോരാടാനുള്ള ഒരു മനസ്സ് രൂപപ്പെട്ടു വന്നത്- വിജി സ്വാനുഭവം പറയുന്നു.
ബോധനയിലായിരുന്നു വിജിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍. അജിത, വി.പി. സുഹ്റ, ഗംഗ എന്നിവരാണ് അന്ന് ബോധനയിലുള്ളത്. പത്താം ക്ലാസ്സ് കഴിഞ്ഞ് തുന്നല്‍ പഠിക്കാന്‍ പോകുന്ന കാലത്ത്, തൊണ്ണൂറുകളിലാണ് ബോധനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത്. തുന്നല്‍ പഠിക്കാന്‍ പോയിടത്തുനിന്നും അല്ലറ ചില്ലറ ഹാന്‍ഡിക്രാഫ്റ്റ്സ്  ഒക്കെ പഠിച്ചു. സ്ത്രീയെന്ന സ്വത്വബോധവും അവകാശങ്ങളും തിരിച്ചറിഞ്ഞുതുടങ്ങിയ കാലം. അതൊരു സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു. സി.എച്ച്. ഫ്‌ലൈ ഓവറിനു താഴെയുള്ള തയ്യല്‍ക്കടയായിരുന്നു പിന്നെ ജീവിതം.  പതിയെ അതു നഷ്ടത്തിലായി. സ്ത്രീകളായതുകൊണ്ട് തുച്ഛമായ കൂലി മാത്രമാണ് കിട്ടുന്നത്. ജോലിഭാരം ആവശ്യത്തിലധികവും. 

കോഴിക്കോട് മിഠായിത്തെരുവില്‍ നടന്ന ഇരിക്കല്‍ സമരം

2005 മുതല്‍ മിഠായിത്തെരുവിലെ കടകളില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും സജീവമായി ജോലിക്കു കയറിത്തുടങ്ങി. അപ്പോഴാണ് അടുത്ത വിഷയം വരുന്നത്. ഈ സ്ത്രീ തൊഴിലാളികള്‍ക്ക് ഒന്നു മൂത്രമൊഴിക്കാന്‍ വഴിയില്ല. ഒരു കെട്ടിടത്തിനു പുറകിലുള്ള മതിലിനോടു ചേര്‍ന്ന തുറന്ന സ്ഥലത്താണ് മൂത്രമൊഴിച്ചിരുന്നത്. എല്ലാവരും ഒരുമിച്ച്. ഈ പ്രശ്‌നം രൂക്ഷമായതോടെയാണ് മൂത്രപ്പുരയ്ക്കുവേണ്ടി 2010-ല്‍ പെണ്‍കൂട്ട് എന്ന സംഘടന രൂപം കൊടുത്ത് സമരം ചെയ്യാന്‍ തുടങ്ങുന്നത്. വര്‍ക്കിംഗ് വിമന്‍സ് ഡെവലപ്മെന്റ് സൊസൈറ്റി അപ്പോഴേക്കും പിരിച്ചുവിട്ടിരുന്നു. സി.ഐ.ടി.യു ഉണ്ടായിട്ടും ഇക്കാര്യത്തിലൊന്നും ആരും ഇടപെട്ടിരുന്നില്ല. പതിയെപ്പതിയെ മിഠായിത്തെരുവിലെ തൊഴിലാളികളുടെ ഏക അത്താണി എന്ന നിലയിലേക്ക് പെണ്‍കൂട്ട് ഉയര്‍ന്നുവന്നു. പെണ്‍കൂട്ടില്‍നിന്നും അസംഘടിത മേഖലാ തൊഴിലാളി യൂണിയന്‍ അഥവാ എ.എം.ടി.യു കേരളയായി കൂട്ടായ്മ വളര്‍ന്നപ്പോഴും സമരങ്ങളിലെ വിട്ടുവീഴ്ചയില്ലായ്മയ്ക്ക് ആക്കം കൂടുകയല്ലാതെ ഒട്ടും കുറഞ്ഞതേയില്ല. 

ഇന്ന് സംസ്ഥാനത്തെ തുണിക്കടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ധൈര്യപൂര്‍വ്വം ഇരിക്കാം. ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന കേരള കടകളും വാണിജ്യസ്ഥാപനങ്ങളും (ഭേദഗതി) ബില്‍ നിയമസഭ പാസ്സാക്കിയിട്ടുണ്ട്. സ്ത്രീകളെ വൈകിട്ട് ഏഴു മുതല്‍ പുലര്‍ച്ചെ ആറു വരെ ജോലി ചെയ്യിക്കരുതെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തി. രാത്രി ഒന്‍പതു വരെ സ്ത്രീ ജീവനക്കാരെ ജോലിക്ക് നിയോഗിക്കാം, പക്ഷേ, മതിയായ സുരക്ഷ, താമസസ്ഥലത്തേക്കു യാത്രാസൗകര്യം എന്നിവ ഉറപ്പാക്കണം. രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ ആറു വരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ മാത്രമേ ജോലിക്ക് നിയോഗിക്കാവുയെന്നും നിയമത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി