ലേഖനം

എന്നും ഞായറാഴ്ച ആയിരുന്നെങ്കില്‍: സിവി ബാലകൃഷ്ണന്റെ നോവലിനെക്കുറിച്ച്

കെ.ബി പ്രസന്നകുമാര്‍

ടക്കന്‍ ഇറാക്കിലെ സിന്‍ജാര്‍ പ്രവിശ്യയിലുള്ള ചെറിയ ഗ്രാമമാണ് കൊച്ചോ. യസിദി വംശജയായി 1993-ല്‍ അവിടെ പിറന്ന കുട്ടിയാണ് നാദിയ മുറാദ്. നാദിയ മുറാദ് ബാസിതാഹ. ഗ്രാമത്തില്‍ ഒരു ചരിത്ര അദ്ധ്യാപികയായിത്തീരുക അല്ലെങ്കില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ തുടങ്ങുക, സഹോദരന്മാര്‍ക്കും കുടുംബത്തിനുമൊപ്പം സമാധാനമായി ജീവിക്കുക എന്നിങ്ങനെ ലളിതമായ ആഗ്രഹങ്ങളേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍, 2014-ല്‍ അവളുടെ ഗ്രാമം വംശീയ-തീവ്രവാദ ആക്രമണങ്ങള്‍ക്കിരയായി. കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍. നിരവധി യസിദി കുടുംബങ്ങള്‍ ഛിന്നഭിന്നമായി. ആക്രമണത്തില്‍ കടുത്ത ശാരീരിക പീഡനങ്ങള്‍ക്കു വിധേയയായി നാദിയ തടങ്കലിലായി. അവിടെനിന്ന് എങ്ങനെയോ രക്ഷപ്പെട്ട നാദിയ അഭയാര്‍ത്ഥി ക്യാമ്പിലെത്തുകയും പിന്നീട് പുതിയൊരു ജീവിതത്തിനായി ജര്‍മനിയിലെത്തുകയും ചെയ്തു. തടങ്കല്‍ക്കാലത്തെ പീഡനങ്ങള്‍ ജീവിതത്തെ ആകെ ശകലിതമാക്കിയെങ്കിലും ആ അനുഭവങ്ങളുടെ തീക്ഷ്ണതയില്‍നിന്ന് ലൈംഗികാതിക്രമങ്ങള്‍ക്കും ഭീകരവാദത്തിനും അധികാര ദുഷ്ഘടനകള്‍ക്കുമെതിരെ സമരവീര്യം നേടിയെടുക്കുകയാണവര്‍ ചെയ്തത്. 2018-ല്‍ തന്റെ 25-ാം വയസ്സില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് അവര്‍ പറഞ്ഞു ''നന്മ തിന്മയ്ക്കുമേല്‍ വിജയം നേടിയ ദിവസമാണിന്ന്. മനുഷ്യവംശം ഭീകരവാദത്തെ പരാജയപ്പെടുത്തുന്ന ദിനം. മര്‍ദ്ദനവും ദുരിതവും അനുഭവിക്കുന്ന സ്ത്രീകളും കുട്ടികളും കൊടുംപാതകികള്‍ക്കെതിരെ വിജയം കണ്ടെത്തുന്ന ദിനം.'' ലൈംഗികാതിക്രമങ്ങളും വംശീയഹത്യകളും സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ക്കെതിരെ, അനീതിക്കെതിരെ നാദിയ തന്റെ പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

മനുഷ്യന് സഹജീവികളോട് ഇത്രമേല്‍ ക്രൂരത കാണിക്കാന്‍ കഴിയുമെന്ന് തനിക്കറിയുമായിരുന്നില്ലെന്ന് നാദിയ പ്രസംഗത്തില്‍ സൂചിപ്പിച്ചു. അവരുടെ കുടുംബം ശിഥിലമായി. സഹോദരന്മeരില്‍ പലരും മരിച്ചു. ഒരു രാത്രികൊണ്ട് കാര്യങ്ങളെല്ലാം മാറിമറഞ്ഞു. ശരീരവും മനസ്സും അങ്ങേയറ്റം പീഡിതമായി. എങ്കിലും തളരാതെ അവള്‍ ജീവിതത്തിലേക്ക് പിന്നെയും തിരതല്ലി. നൊബേല്‍ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു: ''നമുക്കൊന്നിച്ച് സ്വരമുയര്‍ത്താം, ഹിംസയ്‌ക്കെതിരെ, അടിമത്തത്തിനെതിരെ, വംശീയമായ വിവേചനങ്ങള്‍ക്കെതിരെ, ശാന്തിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി, മനുഷ്യവകാശങ്ങള്‍ക്കും സമത്വത്തിനും വേണ്ടി...''

കുടുംബത്തോടൊപ്പം സമാധാനമായി വളര്‍ന്ന, ചെറിയ ആഗ്രഹങ്ങള്‍ മാത്രമുണ്ടായിരുന്ന ഒരു 19-കാരിയുടെ ജീവിതം പൊടുന്നനെ ദുരന്തകഥകളുടെ ഒരു സമാഹാരമാകുകയായിരുന്നു. അവള്‍ ജീവിക്കുന്ന കഥാപുസ്തകമായി മാറി. വിടര്‍ന്ന കണ്ണുകളും നീണ്ട നാസികയുമുള്ള അവരുടെ മുഖത്ത്, ഇപ്പോള്‍ താനനുഭവിച്ച ദുരിതങ്ങള്‍ നമുക്ക് വായിച്ചെടുക്കാം. The last girl എന്ന പുസ്തകത്തില്‍, തന്റെ ജീവിതകഥ അവരെഴുതുന്നു. സ്വന്തം കഥ പറയുമ്പോഴെല്ലാം ഭീകരതയുടെ ശക്തി ലോകത്ത് കുറഞ്ഞു വരുമെന്ന് നാദിയ കരുതുന്നു. ഒരു ഹ്യൂമന്‍ ലൈബ്രറിയായി നാദിയ സ്വയം മാറുന്നതിനെക്കുറിച്ച് 'എന്നും ഞായറാഴ്ചയായിരുന്നെങ്കില്‍' എന്ന തന്റെ ലഘുനോവലിന്റെ ആമുഖത്തില്‍ സി.വി. ബാലകൃഷ്ണന്‍ എഴുതുന്നുണ്ട്. സോമാലിയയില്‍ പിറന്നു വളര്‍ന്ന്, പിന്നീട് ഓസ്ട്രിയയിലെ വിയന്നയില്‍ താമസമാക്കിയ വാരിസ് ഡിറിയേ എന്ന 54-കാരിയുടെ കഥയും സി.വി. സൂചിപ്പിക്കുന്നുണ്ട്. മോഡലും സാമൂഹ്യപ്രവര്‍ത്തകയും നടിയും എഴുത്തുകാരിയുമായ അവര്‍ 2004-ല്‍ വിയന്നയില്‍വെച്ച് ആക്രമിക്കപ്പെടുന്നു. 1997-ല്‍ അവര്‍ ഐക്യരാഷ്ട്രസഭയുടെ സ്‌പെഷല്‍ അബാസിഡറായി നിയമിക്കപ്പെടുന്നു. ലിംഗപരമായി സ്ത്രീകള്‍ നേരിടുന്ന അസമത്വങ്ങള്‍ക്കെതിരെയുള്ള പ്രചാരണങ്ങള്‍ക്കാണ് അവര്‍ നിയുക്തയായത്. ആചാരപരമായും സാമ്പ്രദായികമായും യോനീഭാഗങ്ങളില്‍ വരുത്തുന്ന, ആരോഗ്യപരമായോ ശരീരശാസ്ത്രപരമോ ആയി അടിസ്ഥാനമില്ലാത്ത ഛേദങ്ങള്‍ക്കെതിരെയുള്ള (FGM-ഫീമെയ് ജനീഷ്യല്‍ മ്യൂട്ടിലേഷന്‍സ്) പ്രചരണത്തിനായി യു.എന്‍. അവരെ തിരഞ്ഞെടുത്തു. നിഷ്‌കളങ്കരായ സ്ത്രീകളും കുട്ടികളും ഇന്ന് ലോകമാസകലം പീഡിപ്പിക്കപ്പെടുന്നുണ്ട്. പൊടുന്നനെ, ഒരാള്‍ ഒരു ദുരന്തകഥയായി മാറുകയാണ്. ഇതൊക്കെ സി.വി. ബാലകൃഷ്ണന്റെ പുതിയ നോവലിന്റെ പ്രേരണയാണ്.
ചുറ്റിനും നാം കാണുന്നവരെല്ലാം തന്നെയും ഏതെല്ലാമോ കഥകള്‍ പേറി നടക്കുന്നവരാണ്. അതിന്റെ തീക്ഷ്ണത ഏറിയും കുറഞ്ഞുമിരിക്കുമെന്നേയുള്ളൂ. നമുക്കു ചുറ്റുമുള്ള പലരും ചിലപ്പോള്‍ സഞ്ചരിക്കുന്ന ലൈബ്രറികളാണ്. സഞ്ചരിക്കുന്ന കഥാപുസ്തകങ്ങളാണ്. പുസ്തകങ്ങളല്ലാതെ, മനുഷ്യര്‍ സംസാരിക്കുന്ന പുസ്തകങ്ങളായി സ്വയം മാറുന്ന അവസ്ഥയാണിത്. ''ഞാന്‍, ഞാന്‍ വായിച്ചു തീര്‍ത്ത പുസ്തകങ്ങളാണ്'' എന്ന് എന്‍. ശശിധരന്‍ എഴുതിയിട്ടുണ്ട്. പുസ്തകത്തിന്റെ അനന്തമായ പ്രസക്തിയാണ് അദ്ദേഹത്തെ ജീവിതത്തില്‍ നയിക്കുന്നത്. അത് പ്രസക്തമായിരിക്കെത്തന്നെ മറിച്ചൊരു സാദ്ധ്യത കൂടിയുണ്ട് എന്ന് സി.വി. എഴുതുന്നു. ''മനുഷ്യര്‍ പുസ്തകങ്ങളായി പരിണമിക്കുന്ന ആശ്ചര്യകരമായ പ്രക്രിയയാണ് ഹ്യൂമന്‍ ലൈബ്രറിയില്‍ സംഭവിക്കുന്നത്. യഥാര്‍ത്ഥ പുസ്തകത്തില്‍ മറുപടിയില്ലാത്ത ചോദ്യങ്ങളുണ്ടാകാം. അല്ലെങ്കില്‍ ഓരോ പുസ്തകവും അനേകം ചോദ്യങ്ങള്‍ അവശേഷിപ്പിക്കാം. എന്നാല്‍ മനുഷ്യഗ്രന്ഥാലയത്തില്‍ പുസ്തകം ജീവനോടെ മുന്നിലുണ്ട്. ഏതു ചോദ്യവും അങ്ങോട്ടുന്നയിക്കാം, ഏതു സംശയവും തീര്‍ക്കാം.'' 

ഞായറാഴ്ചകളില്‍ തുറക്കുന്ന ഒരു ഹ്യൂമന്‍ ലൈബ്രറിയാണ് ഐ.ടി മേഖലയില്‍ പണിയെടുക്കുന്ന ഇഷിതയും മനുവും സാക്ഷാല്‍ക്കരിക്കുന്നത്. ഞായറാഴ്ച ദിവസങ്ങളിലെ ഒത്തുചേരലുകളില്‍ മനുഷ്യര്‍ നേരിട്ട് അവരുടെ കഥ പറയുന്നു. ''ഒരു മനുഷ്യനെന്നാല്‍ ഒരു ഗ്രന്ഥമാണ്. മനുഷ്യരൊക്കെയും ഗ്രന്ഥങ്ങളാണ്. കുറേ മനുഷ്യര്‍ ചേരുമ്പോള്‍ അതൊരു ആള്‍ക്കൂട്ടമല്ല. ഒരു ഗ്രന്ഥാലയമാണ്. ഹ്യൂമന്‍ ലൈബ്രറി'' -ഇഷിത ആ ആശയം വിശദീകരിക്കുന്നു. അങ്ങനെ കഥകള്‍ തുടങ്ങുകയായി. ഈ ലൈബ്രറിയില്‍ നിശ്ശബ്ദത പാലിക്കേണ്ടതില്ല. എന്നാല്‍, കൈയില്‍ ലോകം തന്നെയെന്ന് വിശ്വസിക്കുന്ന ആ ഉപകരണം സ്വിച്ച് ഓഫ് ചെയ്യണം. ലോകത്തിന്റെ സൂക്ഷ്മകഥകളിലേക്ക് അത് തുറന്നു വരുന്നില്ല.
ഇഷിതയും മനുവും അലസതയുടെ ഞായറാഴ്ചകള്‍ വിട്ട് കഥകളുടെ മനുഷ്യരുടെ ഞായറാഴ്ചകളിലേക്കെത്തി. അവര്‍ മനുഷ്യഗ്രന്ഥാലയത്തിനു പ്രാരംഭം കുറിച്ചു. വഴിയില്‍ അനാഥയായി പലകുറി കണ്ട കുഞ്ഞാണ്ടമ്മ ആദ്യ പുസ്തകമായി. ധാരാളം ആളുകളുള്ള വീട്. എട്ടു മക്കള്‍. എന്നാല്‍, ഭര്‍ത്താവിന്റെ മരണത്തോടെ അവര്‍ അനാഥയായി. മക്കള്‍ക്ക് കുടുംബ സ്വത്തിലേ താല്പര്യമുള്ളൂ. കുഞ്ഞാണ്ടമ്മ അവര്‍ക്ക് വിലയില്ലാത്ത ഭൗതിക ശരീരം. അടുത്ത ഞായറാഴ്ച എത്തുന്നത് ഏകദേശം ഒരു മാസം മാത്രം ആയുസ്സ് എന്ന് ഡോക്ടര്‍ വിധിയെഴുതിയ കാശി വിശ്വനാഥനാണ്. കപ്പലില്‍ വലിയ ഉദ്യോഗസ്ഥനായിരുന്ന വലിയ ലോകപരിചയമുള്ള ആള്‍. നഷ്ടപ്രണയത്തിന്റെ ഏകാന്തതയിലൂടെ നീങ്ങിയ അയാള്‍ തന്റെ ഏകാന്ത ജീവിതത്തിന്റെ വിരാമത്തിനു തൊട്ടു മുന്‍പാണ് ഈ കഥ പങ്കുവയ്ക്കാന്‍ എത്തുന്നത്. ''ജലബദ്ധമായ അറകളുള്ള ഒരു കപ്പലാണ് ജീവിതമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അനിശ്ചിതത്വത്തിന്റെ സമുദ്രത്തിലൂടെ അത് നീങ്ങിപ്പോകുന്നു'' എന്ന അയാളുടെ തത്ത്വചിന്ത അയാളുടെ ജീവിതത്തില്‍ നിന്ന് ഊറിക്കൂടിയതാണ്. ഏകാകിയായ അയാള്‍ തന്റെ കഥ കേള്‍ക്കുന്ന ആളുകള്‍ക്കിടയിലേക്ക് മരിച്ചുവീഴുകയായിരുന്നു. നവീന ലോകത്ത് ഏകാന്തത കാല്പനികമായ വിഷാദത്തിന്റെ അവസ്ഥയിലൊന്നുമല്ല. അത് വലിയ ഒറ്റപ്പെടലാണ്. ആരും കേള്‍ക്കാത്ത നിലവിളിയാണ്. ആരും കേള്‍ക്കാത്ത നിലവിളികള്‍ ഉള്ളില്‍ പേറുന്ന മനുഷ്യര്‍ അവരുടെ കഥ പറയുന്ന നോവലാണിത്. സ്വന്തം വീട്ടില്‍ത്തന്നെ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ കഥ ഇതിലുണ്ട്. വിദൂരസ്ഥമായ കന്യാസ്ത്രീമഠത്തില്‍നിന്നു തന്റെ കുടുംബ വീട്ടിലെത്തുന്ന വൃദ്ധയയായ കന്യാസ്ത്രീ പൗളിനോസ് മരിയ, വീടിന്റെ ഊഷ്മളമായ ഓര്‍മ്മകളും ആഹ്ലാദങ്ങളും സ്‌നേഹപാരസ്പര്യങ്ങളും അച്ചപ്പോം അവലോസുണ്ടയുമൊക്കെ പ്രതീക്ഷിച്ചാണ് എത്തിയത്. എന്നാല്‍, വീട് ഭൗതികമായി നിലനില്‍ക്കുന്നുവെങ്കിലും സ്‌നേഹരഹിതമായി തകര്‍ന്ന ബന്ധങ്ങളാണ് അതിലവര്‍ അനുഭവിക്കുന്നത്. സമകാലീനമായ കുടുംബബന്ധങ്ങളിലേക്ക് ജാഗ്രതയോടെ ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുന്ന കഥയാണിത്. ചരിത്രകാരനായ ശ്രീനിവാസ മൂര്‍ത്തി, തന്റെ ഏകാന്തതയുടെ ചരിത്രത്തെ, ദുഃഖത്തിന്റെ ചരിത്രത്തെ വ്യാഖ്യാനിക്കുവാനാകാതെ, അതത്രയും അനുഭവിച്ച് മുന്നില്‍ വന്നുനില്‍ക്കുന്നു. സ്‌നേഹസമ്പൂര്‍ണ്ണമായ ഭാര്യയെ നഷ്ടപ്പെട്ടു പോയ അയാള്‍ ചരിത്രരേഖകള്‍ക്കിടയില്‍ നഷ്ടപ്പെട്ട വര്‍ത്തമാനമായി നമുക്ക് മുന്നില്‍ നില്‍ക്കുന്നു. കന്യാസ്ത്രീജീവിതം ഉപേക്ഷിച്ച വെറോണിക്ക, കുടുംബിനിയായ സാന്ദ്രയുടെ ഉപരിതലത്തില്‍ സുഘടിതമായ ജീവിതത്തിന്റെ ആന്തരിക ദുഃഖങ്ങള്‍... ഞായറാഴ്ചകളിലേക്ക് ഒരുപാട് മനുഷ്യര്‍ നടന്നുവരുന്നു. അവരിലെല്ലാം കഥകളുണ്ട്. വിഭിന്നമായ സാഹചര്യങ്ങളുടെ ഇരകള്‍. പീഡിതരും അനാഥരും ഏകാകികളുമായവര്‍. പുറമേ സാധാരണ ജീവിതവും ഉള്ളില്‍ ഗാഢമായ മുറിവുകളുമുള്ളവര്‍.

നാദിയ മുറാദ്

സ്വയം വെളിപ്പെടുത്തലുകളുടെ ഞായറാഴ്ചകളില്‍, ജീവിതത്തിന്റെ വിഹ്വലതകളും നഗ്‌നതകളും പ്രകാശിതമാകുകയായിരുന്നു. ജീവിക്കുന്ന പുസ്തകങ്ങളായി, കഥകളായി ഓരോരുത്തരും മാറി. നെഞ്ചുകീറി നേരറിയിക്കുമ്പോള്‍, അവരൊക്കെ ഏതെല്ലാമോ സാന്ത്വനങ്ങള്‍ അറിഞ്ഞു. മനുഷ്യര്‍ പരസ്പരമറിയാത്ത സാമൂഹിക ക്രമം നാമറിയാതെ നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഐ.ടി. മേഖലയില്‍ സ്വയം അറിഞ്ഞുകൊണ്ടിരിക്കുന്ന ഏകാകിതയും യാന്ത്രികതയും സ്‌നേഹവിനിമയരാഹിത്യവുമാകാം ഇഷിതയേയും മനുവിനേയും ഹ്യൂമന്‍ ലൈബ്രറിയിലേക്ക് നയിക്കുന്നത്. ഓരോ ചെറിയ വീടിനുള്ളിലേക്കും വരെ കടന്നെത്തുന്ന അപരിചിതത്വവും ഒറ്റപ്പെടലുകളും ഈ നോവലിന്റെ പ്രമേയ സ്വീകാരത്തിനു പ്രേരണയാണ്. തുറന്ന സൗഹൃദങ്ങളും സ്‌നേഹമണ്ഡലങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണ് നമുക്ക് ചുറ്റും. സ്വയം വെളിപ്പെടുത്താനാകാതെ,  പങ്കുവയ്ക്കലുകളില്ലാതെ അശരണമായ അലച്ചിലായി മാറുന്ന ജീവിതത്തിന്റെ ഉള്‍ക്കഥകളിലേക്കാണ് ഈ നോവല്‍ സഞ്ചരിക്കുന്നത്. നോക്കുമ്പോള്‍, ചുറ്റിനും കാണുന്നവരെല്ലാം അസാധാരണമായ കഥാവാഹകര്‍, സഞ്ചരിക്കുന്ന കഥാ പുസ്തകങ്ങള്‍. ഒരു ഞായറാഴ്ചയുടെ, ഒന്നിനും വേണ്ടിയല്ലാത്ത, ഉപചാരങ്ങളില്ലാത്ത, പരസ്പരം അറിയാന്‍ ആഗ്രഹിക്കുന്ന ഒത്തു ചേരലുകള്‍, എന്നും ഞായറാഴ്ച ആയിരുന്നെങ്കില്‍, എന്നും സ്‌നേഹ വിനിമയങ്ങളുടെ ആര്‍ദ്രതയിലായിരുന്നുവെങ്കില്‍ എന്ന സ്വപ്നം അവശേഷിപ്പിക്കുന്നു.

ആഖ്യാനത്തിന്റെ അസാധാരണത്വവും ഭാഷയുടെ ധ്വന്യാത്മകമായ സൂക്ഷ്മതകളും തന്റെ എഴുത്തില്‍ ഇക്കാലത്തും ഉപേക്ഷിക്കണമെന്ന് സി.വി. ബാലകൃഷ്ണനു തോന്നിയിട്ടില്ല. ഇവിടെയും ലോകമാകെയും നോവല്‍ ലാവണ്യാധിഷ്ഠിത ഘടനകളെ അട്ടിമറിക്കുന്ന പരീക്ഷണങ്ങള്‍ നടത്തുമ്പോഴും ഈ എഴുത്തുകാരന്‍, തന്റെ സൗന്ദര്യ പക്ഷപാതങ്ങളെ ഉപേക്ഷിക്കുന്നില്ല. എഴുത്തില്‍ മനുഷ്യനും ഭൂമിയും കാലവുമുണ്ടാകണമെന്നും അതിന്റെ സൂക്ഷ്മ വിനിമയങ്ങളുടെ പ്രകാശമുണ്ടാകണമെന്നും സി.വി. ബാലകൃഷ്ണന്‍ ആഗ്രഹിക്കുന്നു. പുസ്തകങ്ങള്‍ മനുഷ്യരായും മനുഷ്യര്‍ പുസ്തകങ്ങളായും മാറണമെന്ന് ഈ എഴുത്തുകാരന്‍ ആഗ്രഹിക്കുന്നു. ഭാഷ, മനുഷ്യര്‍ തമ്മിലും പ്രപഞ്ചവുമായുള്ള വിനിമയ മാധ്യമ കണമെന്നും. ആഖ്യാനത്തെ അസാധാരണമാക്കാന്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന ഘടനയെന്ന് ഈ നോവല്‍, വിമര്‍ശിക്കപ്പെടാം. അപ്പോള്‍ ബാലകൃഷ്ണന്‍ പറയും, അസാധാരണമാണല്ലോ മനുഷ്യന്റെ കാര്യങ്ങള്‍, മനുഷ്യന്റെ കഥകള്‍ എന്ന്. ഒരു ഹ്യൂമന്‍ ലൈബ്രറിയുടെ വാതില്‍ തുറന്ന് ഈ എഴുത്തുകാരന്‍ നില്‍ക്കുകയാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ കഥയുമായി അതിനകത്തേക്കു കയറാം. അതേ, നിങ്ങള്‍ക്കും ഒരു കഥ പറയാനുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി