ലേഖനം

സംവാദത്തിന്റെ മരണം: രാഷ്ട്രീയ ആത്മഹത്യകളെക്കുറിച്ച് 

എം.പി. രാധാകൃഷ്ണന്‍

ണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍പോലെ രാഷ്ട്രീയ ആത്മഹത്യകളും നമ്മുടെ പഠനമര്‍ഹിക്കുന്നു. ഒട്ടേറെ അര്‍ത്ഥതലങ്ങളുള്ള സാരോപദേശ കഥകള്‍പോലെ ഇവയെ വായിച്ചെടുക്കാന്‍ പറ്റും. കരയത്തില്‍ നാരായണന്റെ വിയോഗം മുതല്‍ ഈ ഏപ്രില്‍ മാസത്തിലെ ഒ.എം. ദിവാകരന്റെ ആത്മഹത്യവരെയുള്ള ദുരന്തങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഒരുതരം ദാര്‍ശനിക ഇരപ്പാളിത്തത്തിലേക്കു വലിച്ചെറിയപ്പെടുന്ന മനുഷ്യജന്മം നമ്മുടെ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.

ഒരു വലിയ കാലയളവോളം മഹാകര്‍ത്തൃത്വം കയ്യാളിയ വ്യക്തി ഒരു മുഹൂര്‍ത്തത്തില്‍ മഹാകീടമായി നിലംപതിക്കുന്നു. ഈ രൂപാന്തരീകരണം പഠനാര്‍ഹമാണ്. ഒരു മനുഷ്യനു വന്നുപെടുന്ന ഭീതിദമായ മാറ്റത്തെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഉറക്കമില്ലായ്മ; ഭ്രാന്തിന്റെ വക്കോളമെത്തി നില്‍ക്കുന്ന ആത്മസംഘര്‍ഷങ്ങള്‍; കത്തിയുടെ വായ്ത്തലമേലുള്ള യാത്ര... ജീവിതം നമ്മെ പരിക്ഷീണരാക്കുന്നു. കാഫ്കയുടെ ഗ്രിഗോര്‍ സാംസ നമുക്കെല്ലാം സുപരിചിതനാണ്. കിടക്കയില്‍ ഒരുനാള്‍ കീടമായി ഇയാള്‍ രൂപാന്തരം പ്രാപിക്കുന്നു. ഉദാരശൂന്യവും വന്യവുമായ ഒരു രാഷ്ട്രീയ ക്രമത്തിന് എളുപ്പത്തില്‍ അത്തരം കീടത്തിലേക്കുള്ള മനുഷ്യന്റെ രൂപാന്തരീകരണം സാദ്ധ്യമാക്കാന്‍ പറ്റും.

ദിവസങ്ങള്‍ക്കു മുന്‍പ് തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രിയുടെ മുന്നിലൂടെ ഞാന്‍ നടന്നുപോവുകയായിരുന്നു. പീടികത്തിണ്ണയിലിരുന്ന അവശനായ ഒരു മനുഷ്യന്‍ എന്നെ മാടിവിളിക്കുന്നതു കണ്ടു. തെരുവില്‍ത്തന്നെ കഴിയുന്ന ഒരാളാണ് എന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലായി. ''തനിക്കു വീടില്ലേ?'' എന്നു ഞാന്‍ തിരക്കി. കൊടുവള്ളിയില്‍ ഒരു വീടുണ്ടെന്നും ദുബായിയില്‍ ജോലി ചെയ്യുമ്പോള്‍ താന്‍ തന്നെ നിര്‍മ്മിച്ച വീടാണെന്നും ഇന്നു താന്‍ വീട്ടില്‍നിന്നും ഭ്രഷ്ടനാക്കപ്പെട്ടവനാണെന്നും ക്ഷീണസ്വരത്തില്‍ അയാള്‍ പറഞ്ഞു. ഭൂമിയില്‍നിന്നും അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ നാടുകടത്തപ്പെട്ട ഒരു ഇരപ്പാളിയായിരുന്നു എന്റെ മുന്നില്‍. കടം വാങ്ങിയ കുറച്ചു രൂപ എന്റെ കൈവശം ഉണ്ടായിരുന്നു. അതിലൊരു വീതം ഞാനയാള്‍ക്കും നല്‍കി.
കര്‍ത്തൃത്വബോധമെല്ലാം ഉന്മൂലനം ചെയ്യപ്പെട്ട് ഒരു കീടമായി രൂപാന്തരപ്പെട്ട ഈ മനുഷ്യന്‍ ഇന്നു രാത്രി ആത്മഹത്യ ചെയ്യുന്നു എന്നു വെക്കുക. ഒരു പട്ടിയെപ്പോലെയായിരിക്കും അയാളെ നാം ഭൂമിയില്‍ സംസ്‌കരിക്കുക.
ഒരു കാര്യം നാം ഓര്‍ക്കുന്നതു നന്ന്: ഇത്തരം ഇരപ്പാളികള്‍ ഇന്നു ഭൂമിയില്‍ പെരുകുകയാണ്.

രണ്ടു ദശകങ്ങളോളം കണ്ണൂരിലെ സാംസ്‌കാരിക സദസ്സുകളില്‍ നിറഞ്ഞുനിന്നിരുന്ന സമുന്നതനായ ഒരു സാമൂഹ്യ പ്രവര്‍ത്തകനായ ഒ.എം. ദിവാകരന്റെ ആത്മഹത്യ മറ്റൊരു കഥ പറയുന്നു.
എന്നെ മഥിക്കുന്ന ചോദ്യം ഇതാണ്: ഒ.എം. ദിവാകരന് ഒരു ഇരപ്പാളിയെപ്പോലെ ഒടുങ്ങേണ്ടി വന്നത് എന്തുകൊണ്ട്?
ഒറ്റനോട്ടത്തില്‍ കരുത്തുറ്റ ഒരു ശരീരത്തിന്റെ ഉടമ; സാംസ്‌കാരിക/രാഷ്ട്രീയ മേഖലകളില്‍ സംഭവബഹുലമായ ഒരു ജീവിതം നയിച്ച വ്യക്തി.
ഒ.എം. ദിവാകരനെ മൃത്യുസന്ധിയിലെത്തിച്ച രാഷ്ട്രീയ സങ്കീര്‍ണ്ണതകള്‍ എന്തൊക്കെയായിരുന്നു?
പ്രത്യക്ഷത്തില്‍ എല്ലാ രീതിയിലും കുടിയിരുത്തപ്പെട്ട ഒ.എം. ദിവാകരന്‍ എവിടെ വെച്ച്, എങ്ങനെയാണ് ഒറ്റയാനായത്? ഏതു സാഹചര്യത്തിലാണ്  അന്യവല്‍കൃത മനസ്സിന്റെ ഉടമയായത്? ഉപാധിയില്ലാത്ത സ്‌നേഹത്തോടെ മരണത്തെ എതിരേല്‍ക്കാന്‍ ദിവാകരനെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു? സാധാരണഗതിയില്‍ ആത്മാവിഷ്‌കാരത്തിനു നാം തെരഞ്ഞെടുക്കുന്ന മാധ്യമം ജീവിതമാണ്. ഇവിടെ ആത്മപ്രകാശനത്തിന് ദിവാകരന്‍ തെരഞ്ഞെടുത്തതു തന്റെ തന്നെ മരണത്തെയാണ്.

നിജിന്‍സ്‌കി ഓര്‍മ്മയിലെത്തുന്നു. ഒരു നര്‍ത്തക പ്രതിഭ എന്ന നിലയ്ക്ക് നിജിന്‍സ്‌കിക്കു തുല്യമായി ആരുമില്ലായിരുന്നു. എന്നാല്‍, നടനത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തത്തില്‍ വിചിത്രമായ ഒരു നിരര്‍ത്ഥകതാബോധം നിജിന്‍സ്‌കിയെ ആവേശിക്കുമായിരുന്നു. ഒരുവശത്ത് നിജിന്‍സ്‌കിയുടെ വൈദ്യുതചലനങ്ങള്‍ കാണികളെ വിസ്മയത്തിലാഴ്ത്തിയപ്പോള്‍ മറുവശത്ത് തന്റെ നടനത്തെ ഒരു മഹാവിഡ്ഢിത്തമായി കാണാന്‍ നിജിന്‍സ്‌കി പ്രേരിതനായി. ഈ നിരര്‍ത്ഥകതാബോധം നിജിന്‍സ്‌കിയെ പാടേ വിഴുങ്ങി. ഒടുവില്‍ ഈ മഹാപ്രതിഭ ആത്മഹത്യ ചെയ്തു.
മയാക്കോവ്‌സ്‌കിയുടെ ആത്മഹത്യയും ഒട്ടേറെ സമസ്യകളിലേക്കു നമ്മെ ക്ഷണിക്കുന്നു.
മയാക്കോവ്‌സ്‌കിയുടെ ആത്മഹത്യാക്കുറിപ്പിന്റെ പ്രഖ്യാത പരിഭാഷ സി.ജെ.തോമസ്സിന്റേതാണ്. 'ഒരു മണി കഴിഞ്ഞു' എന്ന പ്രഖ്യാതമായ തന്റെ അന്ത്യ കവിതയില്‍:
''ഒരു ചൊല്ലുള്ളതുപോലെ
സകലതും നിവൃത്തിയായിരിക്കുന്നു.
പ്രേമനൗക ദൈനംദിന ജീവിതത്തിന്റെ പാറമേല്‍ മുട്ടിത്തകര്‍ന്നു.
ഞാന്‍ ജീവിതത്തിന്റെ കണക്ക് തീര്‍ത്തു.''
ഈ ആത്മഹത്യാക്കുറിപ്പിന്റെ അവസാന ഭാഗത്ത് മൃതിയിലും കലഹിക്കുന്ന ഒരു യോദ്ധാവിനെ നമുക്കു കാണാം. തന്റെ തന്നെ ഉന്മൂലനത്തിനുവേണ്ടി തയ്യാറെടുക്കുന്ന കവി സ്വപ്നം കാണുന്നത് ചരിത്രത്തിലെ മഹത്തായ ശുഭവേളകളെയാണ്. മയാക്കോവ്‌സ്‌കി തന്റെ ആത്മഹത്യാക്കുറിപ്പ് ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്:
''ഇത്തരം വേളകളില്‍
ഒരുവന്‍ ഉണര്‍ന്നെണീക്കുന്നത്
എല്ലാ കാലത്തേയും ചരിത്രത്തേയും പ്രപഞ്ചത്തേയും
അഭിസംബോധന  ചെയ്യുവാനാണ്.''
സത്യം പറഞ്ഞാല്‍, മയാക്കോവ്‌സ്‌കിയെപ്പോലെ ഒരു വലിയ കാലയളവോളം ചരിത്രത്തേയും പ്രപഞ്ചത്തേയും അഭിസംബോധന ചെയ്യുന്ന ദീപ്തമായ രാഷ്ട്രീയ അവബോധത്തിന്റെ ഉടമയായിരുന്നു ദിവാകരനും.
ഈ അവബോധത്തെ കൊല്ലുന്ന രാഷ്ട്രീയ അധികാരിവര്‍ഗ്ഗം തന്നെയല്ലേ ഈ നാടകത്തിലെ വില്ലന്‍?
ജീവിച്ചിരിക്കെ മയാക്കോവ്‌സ്‌കിയുടെ പ്രണയഭാവനയും ആത്മാവിഷ്‌കാരത്തിനുള്ള ദാഹവും ഒരുപോലെ മേധാവികളുടെ ഉറക്കം കെടുത്തിയിരുന്നു. കവിയുടെ രീതികള്‍ വിചിത്രങ്ങളാണെന്നും തനിക്ക് അദ്ദേഹം ഒരു കിറുക്കനാണ് എന്നു തോന്നുന്നുവെന്നും അങ്ങേരുടെ കൃതികളുടെ മൂല്യം നിശ്ചയിക്കാന്‍ തനിക്കാവില്ലെന്നും തീര്‍പ്പുകല്പിക്കേണ്ടത് ഗോര്‍ക്കിയാണെന്നും ലെനിന്‍ ഒരിക്കല്‍ പറഞ്ഞു. പിന്നീട് കവിയുടെ കൃതികള്‍ വായനശാലകളില്‍നിന്നുപോലും  മാറ്റപ്പെട്ടു. പാര്‍ട്ടിയാലും കാമുകികളാലും നിഷ്‌കാസിതനായ മയാക്കോവ്‌സ്‌കി ഒടുവില്‍ മരണത്തിന്റെ തുരുത്തില്‍ അഭയം തേടി.

ഒഴുക്കിനെതിരെ നീന്തുന്നവരെ ഉന്മൂലനം ചെയ്യുകയെന്ന വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ നീക്കം കണ്ണൂരിലും പരിസരങ്ങളിലും ഒട്ടേറെ കൊലപാതകങ്ങളിലേക്കും ആത്മഹത്യകളിലേക്കും നയിച്ചതായി കാണാം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒ.എം. ദിവാകരന്‍ വിഫലമായ ഒരു ആത്മഹത്യാശ്രമം നടത്തിയിരുന്നു. അന്ന് ഇടതുപക്ഷ അണികളില്‍ പലരും ദിവാകരനെ ഉറക്കെ പരിഹസിച്ചിരുന്നു. ഇടതുപക്ഷ ഉദ്ബുദ്ധതയെക്കുറിച്ച് അന്നൊക്കെ ദീപ്തമായ അവബോധം വെച്ചുപുലര്‍ത്തിയിരുന്ന ദിവാകരന്‍ അനിവാര്യമായും പ്രധാന ധാരയില്‍നിന്നും ഭ്രഷ്ടനാക്കപ്പെട്ടു. ഇക്കാലത്ത് എം.എന്‍. വിജയന്റെ രാഷ്ട്രീയദൗത്യം സവിശേഷതയോടെ ഉള്‍ക്കൊള്ളാന്‍ ദിവാകരനു കഴിഞ്ഞിരുന്നു. താന്‍ നേരിട്ടുകൊണ്ടിരുന്ന ദാര്‍ശനിക പ്രതിസന്ധിയുമായി നിരന്തരം ഏറ്റുമുട്ടി മുന്നോട്ടു പോവുക തന്നെ ചെയ്തു. എവിടെയോ വെച്ച് എന്നാല്‍, പ്രതിസന്ധികള്‍ ഇരട്ടിച്ചു. തന്റെ രാഷ്ട്രീയ കര്‍ത്തൃത്വബോധവും തകര്‍ച്ചയെ നേരിട്ടു.

മരണക്കിടക്കയില്‍ വെച്ചുള്ള സ്റ്റാലിന്റെ മുഷ്ടിചുരുട്ടിക്കൊണ്ടുള്ള പൈശാചിക ചേഷ്ടകള്‍ക്കു സാക്ഷ്യം വഹിച്ചുകൊണ്ടിരുന്ന മകള്‍ സ്വെറ്റ്‌ലാന ''നല്ല മനുഷ്യര്‍ക്കേ നല്ല മരണം വകഞ്ഞിട്ടുള്ളൂ'' എന്നു പറയുന്നതു കാണാം. മരണത്തിന്റെ മുഹൂര്‍ത്തത്തിലും എതിരാളിക്കു നേരെ കയ്യോങ്ങിക്കൊണ്ടിരുന്നു സ്റ്റാലിന്‍. അശാന്തനായാണ് സ്റ്റാലിന്‍ മരിച്ചത്. സ്വെറ്റ്‌ലാനയുടെ വിലയിരുത്തല്‍ എന്നാല്‍ ബാലിശമാണ്. സ്റ്റാലിന്റെ ജനുസ്സുള്ളവര്‍ക്കു മാത്രമല്ല, ഭൂമിയിലെ നല്ല മനുഷ്യര്‍ക്കും നല്ല മരണം പലപ്പോഴും വിധിച്ചിട്ടില്ല എന്നതാണ് സത്യം. ഒരു വിരോധാഭാസമെന്ന് തോന്നാമെങ്കിലും ഇന്നു ഭൂമിയില്‍ സമാധാനത്തോടെ മരിക്കുന്നത് സ്റ്റാലിനിസ്റ്റുകളാണ്.

സ്റ്റാലിന്റെ മുഷ്ടി ഇന്നും ജീവനോടെതന്നെ നമ്മോടൊപ്പമുണ്ട്. എതിരാളികള്‍ മുഴുവന്‍ വകവരുത്തപ്പെടണം എന്ന ഒരു ദര്‍ശനം നേതൃനിരയിലെ ചിലരുടെ കൂടപ്പിറപ്പാണെന്നു തോന്നുന്നു. സ്റ്റാലിനിസ്റ്റ് പാര്‍ട്ടി ഒരു ഏടാകൂടമാണ്. അതു സംവാദത്തിന്റെ മരണം ഉറപ്പുവരുത്തുന്നു.

രാഷ്ട്രീയത്തിന്റെ സര്‍ഗ്ഗവല്‍ക്കരണം സാദ്ധ്യമാക്കുന്ന ദീപ്തമായ ജനാധിപത്യ അവബോധം നിലനിര്‍ത്തുന്ന ഒരു ഘടന പാര്‍ട്ടിക്കുണ്ടായിരുന്നെങ്കില്‍ ദിവാകരനെപ്പോലുള്ളവര്‍ ആത്മഹത്യ ചെയ്യില്ലായിരുന്നു.
ദിവാകരന്‍ നമുക്ക് ആത്മഹത്യാക്കുറിപ്പൊന്നും തന്നില്ല. എന്നാല്‍, ദിവാകരന്റെ ദുരന്തം ഒരു സാരോപദേശ കഥപോലെ നമുക്കു വായിച്ചെടുക്കാവുന്നതാണ്. ''കേരളീയര്‍ തോറ്റ ജനതയാണ്'' എന്ന സുബ്രഹ്മണ്യ ഭാസിന്റെ പ്രഖ്യാതമായ ആത്മഹത്യാക്കുറിപ്പ് ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തുപോവുന്നു. അവബോധത്തിന്റെ അതിര്‍ത്തിയിലെ ഇടതുപക്ഷത്തിന്റെ തോല്‍വി തന്നെയാണ് ദിവാകരന്റെ ദുരന്തത്തിനും നിമിത്തമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ