ലേഖനം

''ഭരണഘടനയാണ് നമ്മുടെ ബൈബിളും ഖുര്‍ആനും ഗീതയും''- മേധാ പട്കര്‍

പി.എസ്. റംഷാദ്

ന്ത്യ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണെന്ന് മഗ്സസെ പുരസ്‌കാര ജേതാവായ ലോകപ്രശസ്ത സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍. ''ഭരണഘടനയെ നോക്കുകുത്തിയാക്കി രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ ഇത്രയ്ക്കു തുറന്ന വിവേചനത്തിനുള്ള ശ്രമം മുന്‍പൊരു കാലത്തുമുണ്ടായിട്ടില്ല. ഇന്നു മതത്തിന്റെ പേരിലാണെങ്കില്‍ നാളെ അത് ജാതിയുടെ പേരിലും തൊട്ടുപിന്നാലെ ലിംഗത്തിന്റെ പേരിലുമായിരിക്കും. അതൊരിക്കലും ഭരണഘടന അനുവദിക്കുന്നതല്ല. പൗരത്വനിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററുമൊക്കെ വ്യത്യസ്തമായ കാര്യങ്ങളാണ് എന്ന ഭരണാധികാരികളുടെ പ്രസ്താവനകളൊക്കെ താല്‍ക്കാലികമാണ്. ജനസംഖ്യാ രജിസ്റ്റര്‍ എന്നത് സാധാരണഗതിയിലുള്ള സെന്‍സസ് മാത്രമാണെന്നു പറഞ്ഞു കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെയാണെങ്കില്‍ എന്തിനാണ് 1955-ലെ പൗരത്വനിയമത്തില്‍ ഇപ്പോഴത്തേതുപോലെ ഒരു ഭേദഗതി കൊണ്ടുവന്നത്. 1955-ലെ നിയമം മാറ്റമില്ലാതെ നടപ്പാക്കിയാല്‍ മതിയല്ലോ.'' തിരുവനന്തപുരത്ത് ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച പൗരത്വനിയമ ഭേദഗതിവിരുദ്ധ റാലിയിലും സമ്മേളനത്തിലും പങ്കെടുക്കാന്‍ എത്തിയതാണ് മേധാ പട്കര്‍.

''ഇന്ത്യ എന്ന ആശയം നിലനിന്നു കാണണമെങ്കില്‍ എല്ലാത്തരത്തിലുമുള്ള വിവേചനങ്ങളെ ചെറുത്തു തോല്‍പ്പിക്കുകതന്നെ വേണം. ഭരണഘടനയാണ് നമ്മുടെ ബൈബിളും ഖുര്‍ആനും ഗീതയും. നിര്‍ഭാഗ്യവശാല്‍ ഉള്ളടക്കത്തെക്കുറിച്ച് ശരിയായ ധാരണയില്ലാതെ അതിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തവരാണ് രാജ്യം ഭരിക്കുന്നത്. ഈ രാജ്യത്തെ പൗരന്മാര്‍ തന്നെയാണ് എന്നു തെളിയിക്കാന്‍ ജനങ്ങളില്‍ ഒരു വിഭാഗം നിര്‍ബ്ബന്ധിതരാകുന്ന സ്ഥിതി. അവര്‍ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവരാണ്. ജനിച്ചു ജീവിച്ച മണ്ണുമായുള്ള ബന്ധം എന്നത് ആ മണ്ണില്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങളുമായോ കുഴിച്ച കിണറുമായോ ഉള്ള ബന്ധമല്ല. മറിച്ച്, മനുഷ്യര്‍ എന്ന നിലയില്‍ മണ്ണിനോടുള്ള ഹൃദയബന്ധമാണ്.''

കാമ്പസുകള്‍ തിളച്ചുമറിയുകയാണെന്നും വിദ്യാര്‍ത്ഥികളും യുവജനങ്ങളും സ്വയം സമര്‍പ്പിച്ച് പ്രക്ഷോഭത്തില്‍ അണിചേര്‍ന്നിരിക്കുകയാണെന്നും പറയുന്ന മേധാ പട്കര്‍ യുവജനങ്ങളുടെ ഇച്ഛാശക്തിയുള്ള നേതൃത്വത്തിനു കീഴില്‍ സമരം ചെയ്യാനും അവരെ പിന്തുടരാനും മുതിര്‍ന്നവര്‍ തയ്യാറാണെന്നും അറിയിക്കുന്നു; ''അവര്‍ ശരിയായ പാതയിലാണ് എന്നതാണ് കാര്യം''  - മേധാ പട്കര്‍ പറയുന്നു.
--------------
പൗരത്വനിയമ ഭേദഗതി ബില്ല് പാര്‍ലമെന്റിന്റെ രണ്ടു സഭകളും പാസ്സാക്കുകയും രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്ത നിയമമാണ് ഇപ്പോള്‍. കേന്ദ്ര ഗവണ്‍മെന്റ് അതിന്റെ ചട്ടങ്ങളും വിജ്ഞാപനം ചെയ്തിരിക്കുന്നു. നിയമം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭങ്ങള്‍ ഫലം കാണുമോ? 

എന്തുകൊണ്ടില്ല? പാര്‍ലമെന്റില്‍ സംഭവിച്ചത് ജനാധിപത്യപരമായ കാര്യങ്ങളല്ല. ഇതു ജനങ്ങളുടെ പാര്‍ലമെന്റല്ല എന്നു പറയേണ്ടിവരുന്നു. സാങ്കേതിക ഭൂരിപക്ഷത്തെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ പ്രതിപക്ഷത്തിനു സാധിച്ചില്ല എന്നതു ശരിതന്നെ. പക്ഷേ, പാര്‍ലമെന്റില്‍ അനുകൂല നിലപാടെടുത്തവരുള്‍പ്പെടെ പുറത്ത് പ്രതിഷേധത്തിലാണ്. ഭരണകക്ഷിയാണെങ്കില്‍ ഒരു കാര്യവും ആരോടും കൂടിയാലോചിക്കാതെ ഏകപക്ഷീയമായി മാത്രം ചെയ്യുന്നു. ഒരൊറ്റ കൂടിയാലോചനയെങ്കിലും അവര്‍ നടത്തിയോ. ജനങ്ങളുമായി സംസാരിച്ചോ, അഭിപ്രായം കേട്ടോ? കശ്മീര്‍ നിയമസഭ പിരിച്ചുവിട്ട് കേന്ദ്രഭരണ പ്രദേശമാക്കിയതും 370-ാം വകുപ്പ് റദ്ദാക്കിയതും ഇതുപോലെതന്നെയാണ്. 

മറ്റൊരു കാര്യം, രാജ്യത്ത് നടപ്പാക്കാത്ത നിരവധി നിയമങ്ങളുണ്ട് എന്നതാണ്. നിയമം മറികടക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചതുകൊണ്ട് നടപ്പാക്കാനാകാതെ പോകുന്നവ. പക്ഷേ, തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത നിയമങ്ങളെല്ലാം അവര്‍ ഇല്ലാതാക്കുകയോ മാറ്റിമറിക്കുകയോ ആണ്. എതിര്‍പ്പുണ്ടോ എന്നതൊന്നും വകവയ്ക്കുന്നില്ല. നിയമനിര്‍മ്മാണത്തിന്റെ രീതി തന്നെ മാറിയിരിക്കുന്നു. നൂറ് സംസ്ഥാന തൊഴില്‍ നിയമങ്ങളും 44 കേന്ദ്ര തൊഴില്‍ നിയമങ്ങളും ഇല്ലാതാക്കിയിട്ട് പകരം നാല് കോഡുകള്‍ കൊണ്ടുവന്നു. യഥാര്‍ത്ഥത്തില്‍ അത് തൊഴിലാളികളെ തെരുവിലേയ്ക്ക് വലിച്ചെറിയുന്നതിനു തുല്യമാണ്. പൊതുമേഖലയില്‍ ഉള്‍പ്പെടെ കോര്‍പ്പറേറ്റുകള്‍ക്കു സമ്പൂര്‍ണ്ണ ഇടമൊരുക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം. പരിസ്ഥിതി നിയമങ്ങള്‍ മാറ്റി, ഭൂമി ഏറ്റെടുക്കല്‍ നിയമം മാറ്റി, വിവരാവകാശ നിയമത്തില്‍ മാറ്റം വരുത്താനുള്ള ശ്രമം പൂര്‍ണ്ണമായി വിജയിച്ചില്ല. വലിയ എതിര്‍പ്പുണ്ടായി. പാവങ്ങളെ ബാധിക്കുന്ന തരത്തില്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര ഗവണ്‍മെന്റിനു യാതൊരു മടിയുമില്ല. അതുകൊണ്ട് ശബ്ദം ഉയര്‍ത്തിയേ പറ്റുകയുള്ളു. നിയമങ്ങള്‍ സ്വന്തം താല്പര്യത്തിന് ഇല്ലാതാക്കുന്നതിനെതിരേയും പുതിയ നിയമങ്ങള്‍ സ്വേച്ഛാധിപത്യപരമായി നിര്‍മ്മിക്കുന്നതിനെതിരേയും പിണറായി വിജയനേയും ജഗ്മോഹന്‍ റെഡ്ഡിയേയും മമതാ ബാനര്‍ജിയേയും ഉദ്ധവ് താക്കറെയേയും മറ്റും പോലെ കൂടുതല്‍ മുഖ്യമന്ത്രിമാരും സംസ്ഥാന ഗവണ്‍മെന്റുകളും രാഷ്ട്രീയ നേതൃത്വങ്ങളും രംഗത്തു വരണം, വന്നേ പറ്റൂ. കാരണം, ഈ നിയമഭേദഗതി അത്രയ്ക്കു ഭരണഘടനാ വിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. മുസ്ലിങ്ങള്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കും അത് അങ്ങനെതന്നെയാണ്.

ജെഎൻയു ക്യാമ്പസ് ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ചികിത്സക്ക് ശേഷം മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ

രാജ്യത്തെ കാമ്പസുകള്‍ പൗരത്വനിയമ ഭേദഗതിക്കും എന്‍.ആര്‍.സിക്കും എതിരായ പ്രതിഷേധത്തില്‍ എരിയുകയാണ്. ഗവണ്‍മെന്റ് അതിനെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു. ആത്യന്തികമായി സ്വന്തം നിലനില്‍പ്പു പ്രതിസന്ധിയിലാകുമ്പോള്‍ ഗവണ്‍മെന്റിനു മുട്ടുമടക്കേണ്ടി വരികതന്നെ ചെയ്യില്ലേ? 

വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ എന്തായിത്തീരും എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. പക്ഷേ, വിദ്യാര്‍ത്ഥികള്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ചട്ടുകങ്ങളായല്ല പ്രതിഷേധിക്കുന്നത്. അതിലെനിക്കു സന്തോഷമുണ്ട്. അവര്‍ ഭരണഘടനയുടെ സംരക്ഷണത്തിനു വേണ്ടിയാണ് ഇറങ്ങിയിരിക്കുന്നത്. ജെ.എന്‍.യു, ജാമിഅ മില്ലിയ, അലിഗഡ്, ഹൈദരാബാദ് തുടങ്ങിയ സര്‍വ്വകലാശാലകളിലും നിരവധി കോളേജ് കാമ്പസുകളിലും വിദ്യാര്‍ത്ഥികള്‍ അവര്‍ പ്രവര്‍ത്തിക്കുന്ന യൂണിയനുകളുടെ തീരുമാനത്തിനുപോലും കാത്തുനില്‍ക്കാതെ സ്വയം പുരോഗമനപരമായ നിലപാടെടുക്കുകയാണ്. അവരിലെ ബഹുഭൂരിപക്ഷവും ധൈര്യമുള്ളവരും വിവിധ ദേശീയ പ്രശ്‌നങ്ങളില്‍ പ്രതിബദ്ധതയുള്ളവരുമാണ് എന്നെനിക്കറിയാം. അവരാണ് ശരിയായ ദേശീയവാദികള്‍. ഉറച്ച നിലപാടുകള്‍ പരസ്യമായി പറയാനും അതിന്റെ പേരില്‍ പ്രക്ഷോഭത്തിന് ഇറങ്ങാനുമുള്ള നമ്മുടെ യുവതലമുറയുടെ പ്രതിബദ്ധത പ്രശംസനീയമാണ്. അവരുടെ കൂട്ടത്തില്‍ കലാകാരന്മാരും ആക്റ്റിവിസ്റ്റുകളുമൊക്കെയുണ്ടാകും. അവര്‍ എടുക്കുന്ന നിലപാടാണ് പ്രധാനം.

ജെ.എന്‍.യുവില്‍ അര്‍ധരാത്രി ഒരു സംഘം ഗുണ്ടകളെപ്പോലെ കടന്നു വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിക്കുന്നു. പക്ഷേ, കേസെടുത്തത് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ക്കെതിരേ തന്നെയാണല്ലോ. ഈ സാഹചര്യം വിദ്യാര്‍ത്ഥികളെ ഭീതിയിലാക്കിയിട്ടില്ലേ? 

പൊലീസ് അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കാതിരിക്കുകയായിരുന്നോ? 2017-ല്‍ മധ്യപ്രദേശില്‍ ബി.ജെ.പി ഭരിക്കുമ്പോള്‍ ഞങ്ങളോടു ചെയ്തതും ഇതുതന്നെയാണ്. ഞങ്ങളുമായി യാതൊരുവിധ സംഭാഷണങ്ങളും ചര്‍ച്ചകളും നടത്താന്‍ അവര്‍ തയ്യാറായിരുന്നില്ല. പകരം, നിരാഹാര സമരം നടത്തിക്കൊണ്ടിരുന്ന ഞാനുള്‍പ്പെടെ അമ്പതോളം പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു; ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ചത്രേ. നിരാഹാര സമരത്തിന്റെ ഏഴാം ദിവസമാണ് ഈ 'തട്ടിക്കൊണ്ടുപോകല്‍' എന്നോര്‍ക്കണം. ഞങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിനാളുകള്‍ ഉപവാസമനുഷ്ഠിച്ചിരുന്ന ഗ്രാമങ്ങളിലേയ്ക്ക് പൊലീസ് ഇരച്ചുകയറി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ തികച്ചും സമാധാനപരമായി സമരം ചെയ്യുകയായിരുന്നു. അവരുടെ കൈയില്‍ ഒരായുധവുമില്ല, മറ്റൊന്നുമില്ല. പക്ഷേ, വധശ്രമക്കേസില്‍ അവരില്‍നിന്നുള്ളവരേയും പ്രതികളാക്കി. നിരവധിയാളുകള്‍ ഒളിവിലായി. അങ്ങനെ അവരേയും ഞങ്ങളേയും തമ്മില്‍ അവര്‍ വേര്‍പിരിച്ചു. മുസഫര്‍നഗറിലും സംഭവിച്ചത് അതുതന്നെയാണ്. കണ്ടാലറിയാവുന്നവര്‍ എന്ന പേരില്‍ ആരുടേയും പേരുള്‍പ്പെടുത്താതെ എഫ്.ഐ.ആര്‍ തയ്യാറാക്കും. അവര്‍ക്ക് അതുവച്ച് ആരെയും പിടിക്കാം. ഇത് ഭരണകൂടത്തെ സേവിക്കുന്ന പൊലീസിന്റെ പൊതുസ്വഭാവമാണ്, എല്ലായിടത്തും. ബി.ജെ.പി അധികാരത്തിലുള്ളിടത്ത് എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താന്‍ എല്ലായ്പോഴും പൊലീസിനെ ഉപയോഗിക്കുന്നു. നീതിയുക്തമല്ല കാര്യങ്ങള്‍.

പൗരത്വനിയമ ഭേദഗതി മുസ്ലിം സമുദായത്തെ ഉന്നം വച്ചു തയ്യാറാക്കിയതാണ് എന്നു കരുതാമോ. ഇന്ത്യക്കാരായ ഒരാളെപ്പോലും ഇത് ബാധിക്കില്ല എന്ന് പ്രധാനമന്ത്രി പറയുന്നുണ്ടെങ്കിലും രാജ്യത്തെ മുസ്ലിങ്ങള്‍ വലിയ ഭീതിയാണല്ലോ അനുഭവിക്കുന്നത്? 

മുസ്ലിങ്ങളെ മുഴുവനായി പുറത്താക്കുകയാണ് ലക്ഷ്യം എന്നത് വ്യക്തമാണ്. പക്ഷേ, അതു നടക്കാന്‍ പോകുന്നില്ല. അതേസമയം, അസമിന്റെ അനുഭവം നമ്മുടെ കണ്‍മുന്നിലുണ്ടുതാനും. പൗരത്വമില്ലാത്തവരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അതില്‍ ഹിന്ദുക്കളും ഉള്‍പ്പെട്ടു. പാവപ്പെട്ട മുസ്ലിമും പാവപ്പെട്ട ഹിന്ദുവും പാവപ്പെട്ട ഇന്ത്യക്കാരനും പാവപ്പെട്ട പാകിസ്താനിയും എവിടെയും നേരിടുന്നത് ഒരേതരം പ്രശ്‌നങ്ങളാണ്. അതൊന്നും ഇവരുടെ പരിഗണനയില്‍ വരുന്നില്ല. സമുദായം തിരിച്ച് ആളുകളെ രാജ്യത്തുനിന്ന് പുറത്താക്കാമെന്നും ഇവര്‍ ആഗ്രഹിക്കുന്നതുപോലെയൊരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കാമെന്നുമാണ് വിചാരിക്കുന്നത്. 

ഉന്നംവയ്ക്കുന്നത് മുസ്ലിങ്ങളെയാണ് എന്നതുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ മുസ്ലിങ്ങളുണ്ട്. അതിലെന്താണ് തെറ്റ്. രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ ദളിതുകള്‍ ആയിരുന്നു മുന്നില്‍. ആദിവാസികള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കാന്‍ ആദിവാസികള്‍ മുന്നില്‍ നില്‍ക്കും. തൊഴിലാളികള്‍ക്കുവേണ്ടി സമരങ്ങള്‍ നയിക്കുന്നതു തൊഴിലാളി സംഘടനകളായിരിക്കും. ഈ മുസ്ലിം സ്ത്രീകള്‍ തെരുവിലിറങ്ങി വന്‍ പ്രക്ഷോഭങ്ങളുടെ ഭാഗമാകുന്നതില്‍ നമ്മള്‍ സന്തോഷിക്കുകയാണ് വേണ്ടത്. എന്തൊരു ഊര്‍ജ്ജവും പ്രസരിപ്പും ഇച്ഛാശക്തിയുമാണ് അവര്‍ക്ക്. ഞാന്‍ അത് അവരോടു പറഞ്ഞു. സമുദായം നിലനില്‍പ്പിനുവേണ്ടി പൊരുതുമ്പോള്‍ നിങ്ങള്‍ അതു തിരിച്ചറിഞ്ഞ് പൊരുതാന്‍ ഇറങ്ങിയത് നന്നായി എന്നു പറഞ്ഞു. അവര്‍ക്ക് തങ്ങള്‍ നിര്‍വ്വഹിക്കേണ്ട ചുമതലകളെക്കുറിച്ച് നല്ല തിരിച്ചറിവുണ്ട്. അതുകൊണ്ടാണ് അവര്‍ സമരങ്ങളുടെ ഭാഗമാകുന്നത്. അവരെ നിരുത്സാഹപ്പെടുത്തേണ്ടതില്ല. ഓരോ വിഭാഗങ്ങള്‍ വ്യത്യസ്ത തരത്തിലുള്ള വിവേചനം അനുഭവിക്കേണ്ടിവരുമ്പോള്‍ അവര്‍ മുന്‍പ് സ്വീകരിച്ചതില്‍നിന്നു വ്യത്യസ്തമായ നിലപാടെടുക്കും. അതാണ് കാണുന്നത്. അവരെല്ലാം ദേശവിരുദ്ധരാണ് എന്നു കഴിഞ്ഞ ദിവസം ഞാന്‍ സഞ്ചരിച്ച ടാക്‌സി ഡ്രൈവര്‍ പറഞ്ഞു. എങ്ങനെയാണ് അവര്‍ ദേശവിരുദ്ധരാകുന്നത് എന്നു ഞാന്‍ ചോദിച്ചു. എന്താ തെളിവ്? അവര്‍ ദേശവിരുദ്ധരാണ് എന്ന് അയാള്‍ ആവര്‍ത്തിക്കുക മാത്രം ചെയ്തു. സ്വന്തം വോട്ടുബാങ്ക് സൃഷ്ടിക്കാനും പിന്നെ അതു സംരക്ഷിക്കാനും ആളുകള്‍ക്കിടയില്‍ മനപ്പൂര്‍വ്വമുണ്ടാക്കിയിരിക്കുന്ന തെറ്റായ ധാരണകള്‍ക്ക് ഉദാഹരണമാണ് ഇത്. മതമൗലികവാദപരമായ ആദര്‍ശം കൊണ്ടുനടക്കുന്ന ചില ഹിന്ദു സംഘടനകളും മുസ്ലിം സംഘടനകളും ഫലത്തില്‍ കൂട്ടായി എതിര്‍ക്കുന്നത് മാനവികതയെയാണ്. 

പൗരത്വ നിയമത്തിനെതിരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംയുക്ത പ്രതിഷേധ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും

കേരളത്തില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച സമരം നടത്തി മാതൃക സൃഷ്ടിച്ചതിനോടുള്ള ദേശീയതലത്തിലെ പ്രതികരണങ്ങള്‍ എന്താണ്? 

സ്വാഗതം ചെയ്യപ്പെടേണ്ട ഐക്യംതന്നെയാണ് അത്. അങ്ങനെയാണ് അതിനോട് മുഴുവന്‍ മതേതര ജനാധിപത്യവാദികളും പ്രതികരിച്ചുകാണുന്നത്. എല്ലാ മതേതര കക്ഷികളും യോജിച്ചു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. തൃണമൂല്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും പോലും യോജിക്കണം. അവരെന്തിനു തമ്മിലടിക്കണം. യോജിക്കാവുന്ന മേഖലകളില്‍ യോജിക്കട്ടെ. അവരുടെ അണികള്‍ രാത്രിക്കു രാത്രി ബി.ജെ.പിയിലേയ്ക്കു ചാടുന്ന കാഴ്ചയാണ് ബംഗാളിലെ ചിലയിടങ്ങളിലുള്ളത്. പഴയ നിലപാടുകളില്‍ മാറ്റം വരണം. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദങ്ങളാകാം അവരെ പരസ്പരം ശത്രുക്കളാക്കിയിരിക്കുന്നത്. അതില്‍നിന്നു പുറത്തു വരണം. രാജ്യത്തെ സാഹചര്യങ്ങള്‍ അതാണ് ആവശ്യപ്പെടുന്നത്. കേരളത്തില്‍ പരസ്പരം പൊരുതുന്ന എല്‍.ഡി.എഫും യു.ഡി.എഫും ഈ വിഷയത്തിന്റെ പേരിലെങ്കിലും യോജിച്ചു നിന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. 

കേരള നിയമസഭ പൗരത്വനിയമ ഭേദഗതിക്കെതിരേ ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയത് രാജ്യത്ത് യോജിച്ച പ്രക്ഷോഭങ്ങള്‍ക്ക് കരുത്തു പകരും എന്നു കരുതുന്നുണ്ടോ? 

ഉറപ്പായും. പൗരത്വനിയമ ഭേദഗതിയോട് എതിര്‍പ്പുള്ള എല്ലാ സംസ്ഥാനങ്ങളും പിന്തുടരേണ്ട മാതൃകയാണ് ഇത്. ഒരു വശത്ത് തെരുവില്‍ പ്രക്ഷോഭം നടത്തുകയും പൊതുയോഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയുമൊക്കെ ഈ തെറ്റായ നിയമത്തെ തുറന്നുകാണിക്കുകയും വേണം. സമാന്തരമായി നിയമനിര്‍മ്മാണ സഭകളുടെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ഇത്തരം പ്രമേയങ്ങള്‍ പാസ്സാക്കുകയും അതിന്റെ ഉള്ളടക്കം വെബ്സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുകയും വേണം. സ്ഥിതിഗതികളില്‍ മാറ്റമുണ്ടാക്കാന്‍ ജനാധിപത്യപരമായ ഏതൊക്കെ മാര്‍ഗ്ഗങ്ങളുണ്ടോ അതെല്ലാം സ്വീകരിക്കണം. നിയമസഭാ പ്രമേയത്തിന്റെ പേരില്‍ സി.പി.എമ്മും കോണ്‍ഗ്രസ്സും അവരുടെ ഘടകകക്ഷികളും അഭിനന്ദനം അര്‍ഹിക്കുന്നു.

കേരളത്തിലെ ഗവര്‍ണര്‍ ഈ പ്രമേയത്തെ പരസ്യമായി വിമര്‍ശിക്കുകയും പൗരത്വനിയമ ഭേദഗതിയെ ന്യായീകരിക്കുകയുമാണ്. ഇത് ഗവര്‍ണറും ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലുള്ള തുറന്ന പോരിലേയ്ക്ക് എത്തുകയും ചെയ്തു. ഗവര്‍ണറുടെ ഈ സമീപനത്തെ എങ്ങനെ കാണുന്നു? 

ഇന്നലെ അലിഗഡില്‍ ഞാന്‍ പങ്കെടുത്ത പൗരത്വനിയമ ഭേദഗതിവിരുദ്ധ സമ്മേളനത്തില്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബും ഉണ്ടായിരുന്നു. അദ്ദേഹം കേരള ഗവര്‍ണര്‍ ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിച്ചു. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സ് ഉദ്ഘാടനവേദിയില്‍ ഉണ്ടായ പ്രതിഷേധവും ഗവര്‍ണറുടെ പ്രതികരണവും അദ്ദേഹം വിശദീകരിച്ചു. പൗരത്വനിയമ ഭേദഗതിയെ അനുകൂലിക്കുന്ന ഗവര്‍ണര്‍മാര്‍ ദളിതുകളും ആദിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ പരസ്യമായി അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ തയ്യാറാണോ? ഇല്ല എന്നാണ് അനുഭവം. കേന്ദ്രം ഭരിക്കുന്നവര്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ രാഷ്ട്രപതിയും ഗവര്‍ണറുമൊക്കെയായി നിയമിക്കുമ്പോഴും അവരുടെ ഭരണഘടനാപരമായ ചുമതലകളും ഉത്തരവാദിത്വങ്ങളും അങ്ങനെ തന്നെ നിലനില്‍ക്കുകയാണ്. പാര്‍ട്ടിക്കുവേണ്ടിയല്ല, ഭരണഘടനയ്ക്കുവേണ്ടിയാണ് അവര്‍ സംസാരിക്കേണ്ടത്.

അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിരാഗാന്ധിയുടെ പതനത്തിന് ഇടയാക്കിയതുപോലുള്ള രാഷ്ട്രീയ ഐക്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ നരേന്ദ്ര മോദി ഗവണ്‍മെന്റിനെതിരെ രൂപപ്പെടും എന്നു പ്രതീക്ഷിക്കുന്നുണ്ടോ? പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍നിന്ന് മമത ബാനര്‍ജിയും മായാവതിയും വിട്ടുനില്‍ക്കുകയാണല്ലോ ചെയ്തത്? 

നമ്മള്‍ ഇപ്പോള്‍ വ്യത്യസ്തരീതിയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണ്. അത്തരം നടപടികളാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രതിഷേധിക്കാനുള്ള അവകാശത്തിനുംമേല്‍ തെറ്റായ പ്രചരണങ്ങളും പൊലീസ് അതിക്രമങ്ങളും അഴിച്ചുവിടുന്നു. ഇത് അടിയന്തരാസ്ഥക്കാലത്തെ രീതിയാണ്. പക്ഷേ, ഔദ്യോഗികമായി അങ്ങനെ പ്രഖ്യാപിച്ചിട്ടില്ലെന്നു മാത്രം. എങ്കിലും ഇവര്‍ നിയമങ്ങള്‍ മാറ്റിമറിക്കുമ്പോഴും ഭരണഘടന അവിടെത്തന്നെയുണ്ട്. ആ ഭരണഘടനയ്ക്കും ഭീഷണി നേരിടുകയാണ് ഇപ്പോള്‍. അതിനെ നോക്കുകുത്തിയാക്കി ഇത്രയ്ക്കു തുറന്ന വിവേചനം മുന്‍പൊരു കാലത്തുമുണ്ടായിട്ടില്ല. ഇന്ന് മതത്തിന്റെ പേരിലാണെങ്കില്‍ നാളെ അത് ജാതിയുടെ പേരിലും തൊട്ടുപിന്നാലെ ലിംഗത്തിന്റെ പേരിലുമായിരിക്കും. അതൊരിക്കലും ഭരണഘടന അനുവദിക്കുന്നതല്ല. പൗരത്വനിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററുമൊക്കെ വ്യത്യസ്തമായ കാര്യങ്ങളാണ് എന്ന ഇവരുടെ പ്രസ്താവനകളൊക്കെ താല്‍ക്കാലികമാണ്. ജനസംഖ്യാ രജിസ്റ്റര്‍ എന്നത് സാധാരണഗതിയിലുള്ള സെന്‍സസ് മാത്രമാണ് എന്നു പറഞ്ഞു കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെയാണെങ്കില്‍ എന്തിനാണ് 1955-ലെ പൗരത്വനിയമത്തില്‍ ഇപ്പോഴത്തേതുപോലെ ഒരു ഭേദഗതി കൊണ്ടുവന്നത്. 1955-ലെ നിയമം മാറ്റമില്ലാതെ നടപ്പാക്കിയാല്‍ മതിയല്ലോ. 

നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നിയമഭേദഗതിയെ എതിര്‍ക്കുന്നു. അവര്‍ ജനങ്ങളെ സംഘടിപ്പിച്ച് വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനേക്കുറിച്ചാണ് ചിന്തിക്കേണ്ടത്. പക്ഷേ, എത്രമാത്രം സംഘടിപ്പിക്കാന്‍ അവര്‍ക്കു സാധിക്കുന്നുണ്ട്? ഞങ്ങളുടെ നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്മെന്റ് ഡിസംബര്‍ 30-നു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചെറുതും വലുതുമായ നൂറിലധികം സംഘടനകളാണ് പങ്കെടുത്തത്. വ്യക്തിപരവും സംഘടനാപരവുമായ സങ്കുചിതത്വങ്ങള്‍ മാറ്റിവച്ച് രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ നടത്തണം. 

രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിന്റെ മുന്നോടിയാണ് ഇപ്പോഴത്തെ നീക്കം എന്ന് കരുതുന്നുണ്ടോ. ബി.ജെ.പിയുടെ ഇഷ്ടവിഷയമായ ഏകീകൃത സിവില്‍കോഡ് ആയിരിക്കുമോ അടുത്തത്? 

എന്നു പറയാന്‍ കഴിയില്ല. അത് കുറേക്കൂടി വിശാലമായ വിഷയമാണ്. വ്യത്യസ്ത മതങ്ങളും സമുദായങ്ങളുമൊക്കെയുള്ള ഇന്ത്യയില്‍ അത് എളുപ്പത്തില്‍ സ്വീകരിക്കപ്പെടില്ല. ഏകീകൃത സിവില്‍കോഡിന് അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളുണ്ട്. ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് ഞങ്ങള്‍ പൊരുതിയത് ഏകീകൃത സിവില്‍കോഡിനുവേണ്ടിയാണ്. ഇന്ന് സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്.

സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പദ്ധതിക്കെതിരേ പതിറ്റാണ്ടുകളായി നടത്തുന്ന പ്രക്ഷോഭത്തിന്റെ അനുഭവത്തില്‍ നിന്നുകൊണ്ട് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളെ എങ്ങനെ കാണുന്നു? 

34 വര്‍ഷമായി ഞങ്ങള്‍ സമരത്തിലാണ്. കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ അധികാരത്തിലുള്ളപ്പോള്‍ ചര്‍ച്ചയ്ക്ക് ഗവണ്‍മെന്റ് എല്ലായ്പോഴും തയ്യാറായിട്ടുണ്ട്. ഇപ്പോള്‍ ബി.ജെ.പി ഗവണ്‍മെന്റ് പോവുകയും വീണ്ടും കോണ്‍ഗ്രസ്സ് വരികയും ചെയ്തതോടെ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നു. മഹാരാഷ്ട്രയിലും ബി.ജെ.പി ഇതര ഗവണ്‍മെന്റ് വന്നതോടെ ചര്‍ച്ചകള്‍ തുടങ്ങി. അവരോടു നമുക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കൃഷിഭൂമി നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് 60 ലക്ഷം രൂപ നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. പക്ഷേ, ഗവണ്‍മെന്റ് നല്‍കിയത് അഞ്ചര ലക്ഷം രൂപ മാത്രമായിരുന്നു. അത് സ്വീകാര്യമല്ലാത്തതുകൊണ്ട് സമരവും നിയമപോരാട്ടവും തുടര്‍ന്നു. ഇപ്പോള്‍ അവര്‍ തീരുമാനം മാറ്റുകയും വീണ്ടും കോടതിയുടെ തീരുമാനത്തിനായി പോവുകയും ചെയ്യുകയാണ്. വെല്ലുവിളി തുടരുകതന്നെയാണ്. ലാന്റ് ബാങ്കിലുള്ള ഭൂമി നല്‍കാമെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. പക്ഷേ, അത് പാഴ്ഭൂമിയാണ്. കൃഷിയോഗ്യമേയല്ല. ആയിരുന്നെങ്കില്‍ മുമ്പേ അവിടെ ആരെങ്കിലുമൊക്കെ കൃഷി ചെയ്യുമായിരുന്നു. 

ജനകീയ പ്രതിരോധ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൗര സം​ഗമത്തിൽ മേധാ പട്കർ

അവര്‍ നര്‍മദ റിസര്‍വോയര്‍ കരാറുകാര്‍ക്ക് നല്‍കുന്നു. പ്രതിവര്‍ഷം അമ്പതു കോടി രൂപയ്ക്ക്. നേരത്തേ മറ്റു റിസര്‍വോയറുകളുടെ കാര്യത്തില്‍ ചെയ്തിരുന്നു. പക്ഷേ, സര്‍ദാര്‍ സരോവര്‍ നല്‍കിയിരുന്നില്ല. ടെണ്ടര്‍ വിളിച്ചു, അത് അടുത്ത ദിവസം തുറക്കാന്‍ പോവുകയാണ്. ഞാനവിടെ ഉണ്ടാകണം. വിളികള്‍ വന്നുകൊണ്ടിരിക്കുന്നു. അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലെ പൗരത്വനിയമ ഭേദഗതി വിരുദ്ധ പരിപാടിയിലായിരുന്നു ഇന്നലെ. അവിടെനിന്നു തിരുവനന്തപുരത്തേക്കു വന്നു. ഇവിടെനിന്നു ഡല്‍ഹിയില്‍ പോകാനുള്ള പരിപാടി പൊടുന്നനെ മാറി. മടക്കം ഭോപ്പാലിലേക്കാക്കി. സമരം ചെയ്തുകൊണ്ടേയിരിക്കുകയും സമരാന്തരീക്ഷം എവിടെയും എപ്പോഴും നിലനിര്‍ത്തുകയും വേണ്ടിവരുന്നു.
 
പൗരത്വനിയമ ഭേദഗതിയില്‍ മാത്രമൊതുങ്ങാതെ രാജ്യത്തിന്റെ വിശാല താല്പര്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങളായി ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ തുടരണം. ഈ നിയമഭേദഗതി പിന്‍വലിപ്പിക്കുന്നതുപോലെതന്നെ നമ്മള്‍ സംരക്ഷിക്കേണ്ട നിയമങ്ങളുമുണ്ട്. അവയെ ഇല്ലാതാക്കാന്‍ അനുവദിക്കരുത്. നിയമങ്ങള്‍ നിര്‍മ്മിക്കുകയും നിയമങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യുമ്പോള്‍ അതിനെക്കുറിച്ച് അഭിപ്രായം പറയുക എന്നത് ജനങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണ്. അതിനെ അടിച്ചമര്‍ത്തി ഇല്ലാതാക്കാന്‍ കഴിയില്ല. കര്‍ഷകരും തൊഴിലാളികളും ദളിതുകളും ആദിവാസികളുമൊക്കെ പീഡനങ്ങളും വിവേചനങ്ങളും ദുരിതങ്ങളും അനുഭവിക്കുകയാണ്. അതുകൊണ്ട് മതേതര ജനാധിപത്യവാദികളുടെ ദൗത്യം വളരെ വലുതാണ്. എല്ലാ സംഘടനകളും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത