ലേഖനം

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പക്വതയും പാളിച്ചയും

അരവിന്ദ് ഗോപിനാഥ്

സാധാരണമായ ചില മാറ്റങ്ങളാണ് കൊറോണക്കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായത്. ഒരിക്കല്‍ മാനസികരോഗിയെന്നും ഭീരുവെന്നും പ്രധാനമന്ത്രിയെ വിശേഷിപ്പിച്ച അരവിന്ദ് കെജ്‌രിവാളിന് പൊടുന്നനെ അദ്ദേഹം പ്രായോഗികതയുടെ ബുദ്ധിരാക്ഷസനായി. ശാസ്ത്രീയതയില്ലെങ്കിലും വിളക്ക് കത്തിക്കലിലും പാത്രം കൊട്ടലിലും തെറ്റില്ലെന്ന് പിണറായി വിജയനെപ്പോലെയുള്ള രാഷ്ട്രീയ എതിരാളികള്‍ വാദിച്ചു. മോദിക്കെതിരേയുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളൊഴിവാക്കി പ്രതിപക്ഷപാര്‍ട്ടികള്‍ സഹകരണവും സഹായവും വാഗ്ദാനം ചെയ്യുന്നു. കൊറോണ വ്യാപനം തടയാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി മോദി സോണിയാഗാന്ധിയെ സമീപിക്കുന്നു. അധികാരത്തിലുണ്ടോ ഇല്ലയോ എന്നുള്ളതല്ല പ്രശ്നമെന്നും, പ്രതിരോധ പോരാട്ടത്തിന് ഒപ്പമുണ്ടെന്ന് സോണിയാഗാന്ധി മറുപടി നല്‍കുന്നു. മുന്‍പ്, കൂടിക്കാഴ്ചയ്ക്ക് സമയമില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയ മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി വീഡിയോകോളില്‍ വിളിക്കുന്നു. പഴിചാരലും രാഷ്ട്രീയ വിമര്‍ശനങ്ങളുമില്ലാതെ മുഖ്യമന്ത്രിമാര്‍ പത്രസമ്മേളനം നടത്തുന്നു. ഇതാണ് ഞാന്‍ സ്വപ്നം കണ്ട കോര്‍പ്പറേറ്റ് ഫെഡറലിസം എന്ന മട്ടില്‍ മോദി നന്ദിപ്രകടിപ്പിക്കുന്നു. മഹാമാരിയെ നേരിടാന്‍ തികഞ്ഞ രാഷ്ട്രീയപക്വത പ്രകടിപ്പിക്കുകയായിരുന്നോ ഇന്ത്യന്‍ രാഷ്ട്രീയം.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്ന കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയും സഹപ്രവർത്തകരും
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്ന കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയും സഹപ്രവർത്തകരും

ഫെഡറലിസത്തിന്റെ കരുത്തും വീഴ്ചയും

ഇന്ത്യന്‍ ജനാധിപത്യത്തിനും ഫെഡറലിസത്തിനുമുള്ള പരീക്ഷയും പരീക്ഷണവുമാണ് കൊവിഡ് 19 സൃഷ്ടിച്ച വെല്ലുവിളികള്‍. വൈറസ് വ്യാപനം നിയന്ത്രണവിധേയമാക്കിയ ചൈനയെപ്പോലെ സമഗ്രാധിപത്യ വ്യവസ്ഥയല്ല ഇവിടെ. അതുകൊണ്ട് തന്നെ നിയന്ത്രണ നടപടികള്‍ ജനാധിപത്യവ്യവസ്ഥയ്ക്ക് വിധേയമായേ നടപ്പാക്കാനാകൂ. അതേസമയം സമഗ്രാധിപത്യമുള്ള വ്യവസ്ഥയില്‍ അതിന്റെ ഗുണങ്ങളും പാളിച്ചകളും പ്രകടമായി. വൈറസ് വ്യാപനം തിരിച്ചറിയാതെ പോകുകയും അതേക്കുറിച്ച് അറിയിച്ചവരെ അടിച്ചമര്‍ത്തിയതുമാണ് ആദ്യഘട്ടത്തില്‍ ചൈനയ്ക്ക് തിരിച്ചടിയായത്. വ്യാപനം നിയന്ത്രണാതീതമായതോടെ ഭരണകൂട സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. സമഗ്രാധിപത്യവ്യവസ്ഥയായതിനാല്‍ താരതമ്യേന വേഗത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുമായി. രോഗവ്യാപനം തടയാനുമായി. ഒരേ സമയം ഈ വ്യവസ്ഥയുടെ കരുത്തും വീഴ്ചയും കൊറോണക്കാലത്ത് പ്രകടമായി. എന്നാല്‍ ഇന്ത്യന്‍ വ്യവസ്ഥ തീര്‍ത്തും വ്യത്യസ്തമാണ്. പൊതുവിമര്‍ശനങ്ങള്‍ ഇവിടെ സാധ്യമാണ്. ആരോഗ്യസംരക്ഷണ രംഗത്തെ പരിമിതികള്‍ അടക്കം ഘടനാപരമായ വെല്ലുവിളികളെയും പിഴവുകളെയും സാവധാനവും വിചാരപൂര്‍വ്വവുമായേ നേരിടാനാകൂ. ഏകോപനത്തിലൂടെ കാര്യക്ഷമത നേടുകയെന്നത് മറ്റൊരു വെല്ലുവിളിയാണ്. ഇതിനു പുറമേയാണ് നിലവിലുള്ള സാമ്പത്തികഘടനയുടെ പ്രശ്നങ്ങളും.

ഈ സാഹചര്യത്തിലാണ് കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതായി വന്നത്. ഭരണഘടനയുടെ സങ്കീര്‍ണ്ണമായ അധികാരവിഭജനം അങ്ങനെയായിരുന്നു. പ്രതിസന്ധി മറികടക്കാന്‍ സഹായകമായത് ഇന്ത്യന്‍ ഫെഡറലിസത്തിന്റെ അടിത്തറയിലാണെന്ന് ആദ്യം പറഞ്ഞത് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനാണ്. പൊതുജനാരോഗ്യം എന്നത് സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന വിഷയമായിരുന്നു. രോഗപ്രതിരോധം, ചികിത്സ, നിയന്ത്രണങ്ങള്‍ തുടങ്ങിയവയിലെല്ലാം സംസ്ഥാനങ്ങള്‍ക്കാണ് ചുമതല. Epidemic Diseases Act, 1897 (EDA) ഇത് ലക്ഷ്യമിടുന്നു. ഈ നിയമത്തിന്റെ സെക്ഷന്‍ രണ്ട് അനുസരിച്ച് മാരകമായ പകര്‍ച്ചവ്യാധിയെ നേരിടുന്ന സമയത്ത് ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനും സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നു. സെക്ഷന്‍ 2എ പ്രകാരം കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ സപ്പോര്‍ട്ടീവ് റോളാണ്. അതായത് വിദേശയാത്രികരെ നിയന്ത്രിക്കുക, നിയന്ത്രണങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുക എന്നിങ്ങനെയുള്ള നടപടികള്‍ കൈക്കൊള്ളുന്നത് കേന്ദ്രസര്‍ക്കാരാണ്. സ്വഭാവികമായും കൊറോണയ്ക്കെതിരേയുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുക സംസ്ഥാനങ്ങളാകും. എന്നാല്‍, പരിശോധനയുടെ മാനദണ്ഡങ്ങള്‍, മരുന്നുപയോഗം സംബന്ധിച്ച പ്രോട്ടോക്കോള്‍, അവശ്യവസ്തുക്കളുടെ വിതരണം എന്നിവയൊക്കെ കേന്ദ്രസര്‍ക്കാരിന്റെ ചുമതലയാണ്. ജി.എസ്.ടി നടപ്പാക്കിയതിനു ശേഷം സാമ്പത്തികമായ പിന്തുണയും നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരായിരുന്നു. 

ഇന്ത്യയില്‍ ഇതെത്രമാത്രം സാധ്യമായെന്ന് നോക്കാം. മാര്‍ച്ച് ഒന്‍പതിനാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സംസ്ഥാനങ്ങള്‍ക്ക് കൊറോണ വ്യാപനം സംബന്ധിച്ച് നിയന്ത്രണനടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. 2005-ലെ ദുരന്തനിവാരണ നിയമം, എപ്പിഡമിക് ഡിസീസസ് ആക്ട് എന്നീ നിയമങ്ങള്‍ പ്രകാരമായിരുന്നു നടപടി. ഒരു അടിയന്തരാവസ്ഥയുടെ പ്രഖ്യാപനം ഇതുവഴി ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. അതേസമയം, ഈ നിയമപ്രകാരം സംസ്ഥാനങ്ങള്‍ സ്വതന്ത്രമായ നിയന്ത്രണങ്ങളും നടപടികളും കൊണ്ടുവരികയും ചെയ്തു. ആദ്യഘട്ടത്തില്‍ തന്നെ ചീഫ്സെക്രട്ടറിയും മുഖ്യമന്ത്രിമാരുമായി സംവേദിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാരിന് ഏകോപനം സാധ്യമായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല വ്യാപനത്തിന്റെ ഗൗരവം കേന്ദ്രം തിരിച്ചറിഞ്ഞത് വൈകിയുമാണ്. ജനതാകര്‍ഫ്യൂ പരീക്ഷണമാക്കി ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ അതിനു മുന്‍പേ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോയിരുന്നു. എന്നാല്‍ ലോക്ക്ഡൗണിന് ശേഷമാണ് സഹകരണത്തിലൂടെയല്ലാതെ ഈ മഹാമാരിയെ നേരിടാനാകില്ലെന്ന തിരിച്ചറിവ് കേന്ദ്രത്തിനുണ്ടാകുന്നത്. തുടര്‍ന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച ചെയ്ത് ലോക്ക്ഡൗണ്‍ നീട്ടുകയായിരുന്നു.

ആദ്യഘട്ട ഏകോപനം സാധ്യമായില്ലെങ്കില്‍ പോലും ഫെഡറലിസത്തിന്റെ കരുത്ത് പ്രകടിപ്പിക്കുന്നതായിരുന്നു പിന്നീടുള്ള നടപടികള്‍. രാഷ്ട്രീയ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും കേന്ദ്രനിര്‍ദ്ദേശങ്ങളെ അവഗണിക്കാനോ തള്ളിക്കളയാനോ സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചില്ല. കേന്ദ്രനിര്‍ദ്ദേശത്തെ മറികടന്ന് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും സംസ്ഥാനങ്ങള്‍ ശ്രമിച്ചില്ല. ഇതരസംസ്ഥാന തൊഴിലാളികളുടെ ദുരിതം സംബന്ധിച്ച് ചില സംസ്ഥാനങ്ങള്‍ തമ്മിലുണ്ടായ അഭിപ്രായഭിന്നതകളൊഴിച്ചാല്‍ കേന്ദ്രനിര്‍ദ്ദേശം പരിപൂര്‍ണ്ണമായി രാജ്യത്തെങ്ങും നടപ്പാക്കപ്പെടുകയായിരുന്നു. ഈ വിഷയത്തില്‍ സംസ്ഥാനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കപ്പെട്ട 1.76 കോടിയുടെ സാമ്പത്തിക പാക്കേജിനെ ഭൂരിപക്ഷം പാര്‍ട്ടികളും സ്വാഗതം ചെയ്തു. ഫണ്ട് അപര്യാപ്തമാണെന്ന് അഭിപ്രായമുള്ള സംസ്ഥാനങ്ങള്‍ പോലും ഇതൊരു തുടക്കമാകട്ടെ എന്ന നിലയില്‍ പ്രത്യാശ പ്രകടിപ്പിക്കുകയായിരുന്നു. ഉത്തരവാദിത്വത്തോടെയുള്ള രാഷ്ട്രീയസ്വഭാവമാണ് പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കന്‍മാരും ഇതുവരെ പ്രകടിപ്പിച്ചത്. 

അസം ആരോ​ഗ്യ വകുപ്പ് മന്ത്രി ഹിമാന്ത ബിശ്വ സമ ആശുപത്രിയെ കോവിഡ് പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നു

കൊറോണയ്ക്ക് മുന്‍പും ശേഷവും 

കൊറോണയ്ക്ക് മുന്‍പും ശേഷവും എന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ വര്‍ഗ്ഗീകരിക്കാം. മോദി സര്‍ക്കാര്‍ രണ്ടാമത് അധികാരത്തിലേറിയ ശേഷം തുടര്‍ച്ചയായി ക്രമം തെറ്റാതെ ഹിന്ദുത്വ അജണ്ടകളോരോന്നും നടപ്പിലാക്കിയിരുന്നു. 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ ഭരണഘടനാപദവി അസാധാരണ നീക്കത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. അന്നുമുതല്‍ ഇന്ന് വരെ കശ്മീര്‍ കടുത്ത നിയന്ത്രണങ്ങളിലാണ്. ഇതിന് ശേഷമാണ് പൗരത്വഭേദഗതി നിയമം പാസാക്കിയതും അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയതും. കൊറോണയ്ക്ക് ശേഷം ഹിന്ദുത്വ അജണ്ടകള്‍ ഇനി എത്രമാത്രം വേഗത്തില്‍ ബി.ജെ.പി സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിയുമെന്നാണ് ചോദ്യം. ജനസംഖ്യാനിയന്ത്രണം, ഏകീകൃതസിവില്‍ കോഡ് എന്നിവയടക്കമുള്ള ഹിന്ദുത്വ പദ്ധതികള്‍ സര്‍ക്കാരിന്റെ കര്‍മ്മപദ്ധതിയിലുണ്ട്. 

ഭരണവും സമ്പദ് വ്യവസ്ഥയും തകര്‍ച്ചയായ രണ്ടാം സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ മെച്ചപ്പെട്ട രാഷ്ട്രീയമുന്നേറ്റം സര്‍ക്കാരിനുണ്ടാക്കാനായില്ല. ഇതിന് സംസ്ഥാന തെരഞ്ഞെടുപ്പുകളിലെല്ലാം വലിയ വില നല്‍കേണ്ടിയും വന്നു. മൃദുഹിന്ദുത്വം തന്ത്രമായി സ്വീകരിച്ച അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയില്‍ നല്‍കിയ തിരിച്ചടി ബി.ജെ.പിക്ക് വലിയ പാഠങ്ങളാണ് നല്‍കിയത്. രാജ്യത്തെ ക്യാംപസുകളില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളും ഡല്‍ഹി കലാപവും ഷഹീന്‍ബാഗ് സമരവും സൃഷ്ടിച്ച അലോസരം ചെറുതല്ല. ഇങ്ങനെ പ്രതിസന്ധികളുടെ നടുവില്‍ നില്‍ക്കുമ്പോഴാണ് കൊവിഡ് രോഗബാധയുണ്ടാകുന്നത്. ഇത് ഏതു നിലയില്‍ മോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും രാഷ്ട്രീയനേട്ടമായി മാറുമെന്നതാണ് നിര്‍ണ്ണായകവിഷയം. കൊവിഡ് ബാധ നിയന്ത്രണവിധേയമായാല്‍ മോദിയുടെ രാഷ്ട്രീയജീവിതത്തില്‍ അതൊരു നാഴികക്കല്ലാകും. 

പൗരത്വ ഭേഗഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങള്‍ ഇന്ന് സജീവമല്ല. എതിര്‍പ്പുകളുമായി വന്ന പശ്ചിമ ബംഗാളും കേരളവുമടക്കമുള്ള സംസ്ഥാന സര്‍ക്കാരുകള്‍ കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ വലിയ വിമര്‍ശനങ്ങളുന്നയിക്കുന്നുമില്ല. അതേസമയം, സാമ്പത്തികമടക്കം പല സഹായങ്ങള്‍ക്കും വേണ്ടി സംസ്ഥാനങ്ങള്‍ നില്‍ക്കുന്നു. സഹകരണത്തിലൂടെ ഒരുപരിധിവരെയെങ്കിലും രാഷ്ട്രീയമേല്‍ക്കൈ കേന്ദ്രസര്‍ക്കാരിന് ഒഴിവാക്കാനാകുമെന്നതാണ് ഈ പ്രതിസന്ധികാലത്തെ രാഷ്ട്രീയനേട്ടം. ലോക്ക്ഡൗണിന്റെ പേരില്‍, പഴയ സാമ്പത്തിക തകര്‍ച്ചയുടെ ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാരിന് തല്‍ക്കാലത്തേക്കെങ്കിലും ഒഴിയാനാകും. രാജ്യത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങളെ അവഗണിച്ച് നിലവിലെ സാഹചര്യത്തില്‍ രോഗപ്രതിസന്ധിയില്‍ ശ്രദ്ധയൂന്നി മോദിക്ക് വലിയ എതിര്‍പ്പുകളില്ലാതെ മുന്നോട്ടുപോകാം. 

ഇനി, സെന്‍സസ് അടക്കമുള്ള വിഷയങ്ങളില്‍ പ്രദേശിക ഭരണകൂടങ്ങളുടെ എതിര്‍പ്പിന്റെ ശക്തി കുറയാനാണ് സാധ്യത. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം മുഴുവന്‍ പ്രധാനമന്ത്രിയുടെ പിന്നില്‍ അണിനിരക്കുമ്പോള്‍ വിമര്‍ശനം ദുഷ്‌കരമാണെന്ന് എതിരാളികള്‍ക്കും അറിയാം. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം സെന്‍സസ് നടപടികള്‍ നടക്കില്ലെങ്കിലും സമീപഭാവിയില്‍ ഈ പ്രവര്‍ത്തനങ്ങളുമായി  മുന്നോട്ടുപോകാനാകും സര്‍ക്കാര്‍ നീക്കം. വിമര്‍ശനങ്ങളെ അനുനയത്തിന്റെ ഭാഷയില്‍ നേരിടുന്നതിനാല്‍ വലിയൊരു എതിര്‍പ്പ് പ്രധാനമന്ത്രിക്ക് നേരിടേണ്ടി വരുന്നുമില്ല. ഇതര സംസ്ഥാനത്തൊഴിലാളികളുടെ യാത്രാപ്രശ്നം ഉള്‍പ്പെടെയുള്ള ഗൗരവമാര്‍ന്ന വിഷയങ്ങളില്‍ പ്രധാനമന്ത്രി അവരോട് മാപ്പ് ചോദിക്കുകയാണ് ചെയ്തത്. 

പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കോവിഡിനെതിരായ രാജ്യത്തിന്റെ ഒ‌രുമിച്ചുള്ള പോരാട്ടത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് തിരികൾ തെളിക്കുന്ന ഒരാൾ

മോദി അവസരങ്ങളിലെ കരുത്തന്‍

അവസരങ്ങളെ കരുത്താക്കുന്ന അസാധാരണമായ വൈഭവം പ്രകടിപ്പിക്കുന്ന ചരിത്രമാണ് മോദിക്കുള്ളത്. നോട്ടുനിരോധന സമയത്ത് അന്‍പത് ദിവസത്തിനകം എല്ലാ പ്രശ്‌നവും പരിഹരിച്ചില്ലെങ്കില്‍ തന്നെ ജീവനോടെ കത്തിച്ചോളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ആ നടപടിയുടെ കെടുതികള്‍ ഇപ്പോഴും തുടരുന്നു. അന്നത്തെ സമീപനത്തിന്റെ ദോഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഇപ്പോഴും അനുഭവിക്കുന്നു.  ഇപ്പോള്‍ ഒരു മുന്‍കരുതലുമില്ലാതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പ്രത്യാഘാതം അതിനെക്കാള്‍ വലുതായിരിക്കും. എന്നാല്‍, മറ്റേത് നേതാവിനേക്കാളും പ്രതിസന്ധികളെ ഉപയോഗിക്കാന്‍ മോദിക്ക് അറിയാമെന്ന് മുന്‍ അനുഭവങ്ങള്‍ പറയുന്നു. മുന്‍പ് മോദി നേരിടേണ്ടി വന്ന ഒരു പ്രതിസന്ധി ഭുജിലെ ഭൂകമ്പമായിരുന്നു. അന്ന് മുഖ്യമന്ത്രി കസേരയില്‍ ആദ്യമായെത്തിയ മോദി വി.എച്ച്.പിയുടെയും ആര്‍.എസ്.എസ്സിന്റെയും സഹായത്താല്‍ തന്റെ പ്രതിച്ഛായ വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്.

പിന്നീട് സൃഷ്ടിക്കപ്പെട്ട ഗോധ്ര സംഭവവും തുടര്‍ന്നുണ്ടായ മുസ്ലിം വിരുദ്ധ കലാപങ്ങളും മോദിയെ ഹിന്ദുത്വത്തിന്റെ വിഗ്രഹമായി പ്രതിഷ്ഠിക്കപ്പെടാന്‍ കാരണമായി. കൊവിഡ് വ്യാപനത്തിന്റെ നിയന്ത്രണം ഫലം കണ്ടാല്‍ രാജ്യത്തെയും ജനങ്ങളെയും രക്ഷിച്ച അവതാരപുരുഷനായാകും അദ്ദേഹം പ്രത്യക്ഷപ്പെടുക. വികസിത രാജ്യങ്ങള്‍ പോലും പരാജയപ്പെട്ടപ്പോള്‍ ഇന്ത്യക്ക് അത് കഴിഞ്ഞുവെന്ന വാദവുമുണ്ടാകും. മേയ് 23-ന് ശേഷമുള്ള വലിയ വിജയമെന്ന രീതിയില്‍ അത് ആഘോഷിക്കപ്പെടുകയും ചെയ്യും. ലോക്ക്ഡൗണ്‍ നേരത്തേ പ്രഖ്യാപിച്ചത് തന്റെ വിജയമാണെന്ന് മോദി പറയാതെ പറയുന്നു. പാശ്ചാത്യരാജ്യങ്ങള്‍ ചെയ്ത തെറ്റ് ഇന്ത്യ ആവര്‍ത്തിച്ചില്ലെന്നും കൊറോണയ്ക്കെതിരേയുള്ള പോരാട്ടത്തില്‍ രാജ്യം വിജയിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. യു.എസില്‍ ട്രംപും ബ്രിട്ടനില്‍ ബോറിസ് ജോണ്‍സണും വരുത്തിയ പിഴവ് തന്റെ ഭാഗത്ത് നിന്നുണ്ടായില്ല എന്ന് സ്ഥാപിക്കാനും അദ്ദേഹം ശ്രമിച്ചു. വിമാനത്താവളങ്ങളില്‍ നേരത്തേ സ്‌ക്രീനിങ് തുടങ്ങിയെന്നതാണ് മോദി ഒരു നേട്ടമായി പറഞ്ഞത്. അവസരങ്ങളെ വരുതിയിലാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം മുന്‍പ് കണ്ടത് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലായിരുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പ്  യോഗിയുടെ വേഷത്തിലെത്തിയ മോദി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ്, ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തില്‍ ദേശത്തെ സേവിക്കാനിറങ്ങിയ ഒരു കര്‍മ്മയോഗിയുടെ പരിവേഷമായിരുന്നു. വ്യക്തിയല്ല, രാജ്യമാണ് പ്രധാനം എന്ന നിലയിലായിരുന്നു ആ പ്രസംഗം. കൗമാരകാലത്ത് ഹിമാലയത്തില്‍ അലഞ്ഞെന്നും രാജ്യത്തിനു വേണ്ടി ഭാര്യയെ ഉപേക്ഷിച്ചെന്നുമൊക്കെയുള്ള പ്രതിച്ഛായ നിര്‍മ്മാണത്തിന്റെ കലാശമായിരുന്നു ആ വാക്കുകള്‍. ഹിന്ദു വലതുപക്ഷത്തിന്റെ മതപരമായ തെരഞ്ഞെടുപ്പായ മഹാഭാരതത്തിലായിരുന്നു മോദിയുടെ കൊറോണയ്ക്കെതിരേയുള്ള യുദ്ധവും. പുരാണങ്ങളും ആചാരങ്ങളും സ്വീകാര്യമായ ഭൂരിപക്ഷമായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ്. ദീപം കൊളുത്തലും ഇരുട്ടിനെതിരേ വെളിച്ചം തെളിക്കാനുള്ള ആഹ്വാനത്തിന്റെയും കാതല്‍ മറ്റൊന്നായിരുന്നില്ല. കുറേക്കൂടി തന്ത്രപരമായി അദ്ദേഹം അത് ആവിഷ്‌കരിച്ചു. സ്വാഭാവികമായും ദീപം കൊളുത്തുന്നതില്‍ മോദിയെ രാഷ്ട്രീയമായി എതിര്‍ക്കുന്നവര്‍ക്ക് പോലും ഒന്നും പറയാനുണ്ടായിരുന്നില്ല.

രാഷ്ട്രീയാവസരം പ്രതിപക്ഷത്തിനും

നരേന്ദ്രമോദിക്കെന്നപോലെ പ്രതിപക്ഷത്തിനും ഇത് രാഷ്ട്രീയ അവസരങ്ങളുടെ കാലമായിരുന്നു. വര്‍ഗീയ മുതലെടുപ്പുകള്‍ക്കിടയിലും പല സംസ്ഥാനങ്ങളിലും ജനഹിതം പ്രതിപക്ഷത്തിന് അനുകൂലവുമായിരുന്നു. എന്നാല്‍, ഭിന്നതകള്‍ക്കിടയില്‍ രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. രോഗവ്യാപനം നിയന്ത്രിക്കുന്നതും ആരോഗ്യരക്ഷാസംവിധാനത്തിന്റെ പരിമിതികളുമടക്കം പല വിഷയങ്ങളും ഗൗരവമായി ഉന്നയിക്കപ്പെടേണ്ടതായിരുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയാണ് പ്രതിപക്ഷത്തിന് വരുംകാലം പിടിവള്ളിയായേക്കാവുന്ന മറ്റൊരു വിഷയം. കൊറോണ പ്രതിസന്ധി സംബന്ധിച്ച് കോണ്‍ഗ്രസ്സിന്റെ പ്രതികരണം പക്വതയാര്‍ന്നതും വിമര്‍ശനങ്ങള്‍ ക്രിയാത്മകവുമായിരുന്നു. അതേസമയം, കേന്ദ്രസര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കുമ്പോഴും അത് മോദിക്കെതിരേയുള്ള മൂര്‍ച്ചയുള്ള ആയുധമായി രൂപപ്പെടുത്താന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല. മുന്‍പും റാഫേല്‍ ഒഴികെയുള്ള പ്രശ്‌നങ്ങളിലൊന്നും മോദിയെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞതുമില്ല. നോട്ടുനിരോധനവും ജി.എസ്.ടിയും പൗരത്വ നിയമവുമടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ആള്‍ക്കൂട്ടത്തിലലിഞ്ഞുപോയി. കൊറോണ സൃഷ്ടിച്ചേക്കാവുന്ന പ്രതിസന്ധിയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയത് രാഹുല്‍ ഗാന്ധിയാണെന്നത് വിശ്വാസത്തിലെടുക്കാന്‍ ഇനിയും പലര്‍ക്കുമായിട്ടില്ല. അഹമ്മദാബാദിലെ സ്റ്റേഡിയത്തില്‍ നമസ്തേ ട്രംപ് പരിപാടി നടക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി ഈ വിഷയം ഉന്നയിച്ചത്. ഈ സമയത്ത് സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മുന്‍ ധനമന്ത്രി പി. ചിദംബരം പറയുമ്പോള്‍ ഭരണരംഗത്തെ പരിചയം ക്രിയാത്മകവിമര്‍ശനത്തിന് ഉപയോഗപ്പെടുത്തുകയായിരുന്നു. 

പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കൊൽക്കത്ത തെരുവുകളിൽ മാസ്ക് വിതരണം ചെയ്യുന്നു

മുഖ്യമന്ത്രിമാര്‍ നേട്ടം കൊയ്യുമ്പോള്‍

പ്രതിസന്ധിഘട്ടങ്ങള്‍ ഭരണകര്‍ത്താക്കള്‍ക്ക് നേട്ടമുണ്ടാക്കുമെന്നത് യാദൃച്ഛികതയല്ല. എന്നാല്‍, ഈ സവിശേഷ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുകയും രാഷ്ട്രീയമൂലധനം നേടുകയും ചെയ്തത് എന്‍.ഡി.എയ്ക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ്. ജനസ്വാധീനവും അനുയായികളും എതിരാളികളും ഏറെയുള്ള ഈ നേതാക്കള്‍ അവരുടെ പ്രവര്‍ത്തനത്തിലൂടെയും ഭരണമികവിലൂടെയും ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തെക്കുറിച്ച് അധികമൊന്നും ചര്‍ച്ച ചെയ്യാതിരുന്ന ദേശീയമാധ്യമങ്ങള്‍ പോലും ഈ നേതാക്കളുടെ കൊറോണവിരുദ്ധ പോരാട്ടം ചര്‍ച്ച ചെയ്യുന്നു. പിണറായി വിജയനടക്കമുള്ള മുഖ്യമന്ത്രിമാര്‍ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചതും കേന്ദ്രം പ്രഖ്യാപിക്കുന്നതിനു മുന്‍പേ ലോക്ക്ഡൗണ്‍ നടപ്പാക്കിയതും സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യക്ഷേമ പരിപാടികള്‍ നടപ്പാക്കിയതുമൊക്കെ ദേശീയതലത്തില്‍ ശ്രദ്ധനേടി. കാര്യമായ മുന്നൊരുക്കങ്ങളില്ലാതെ കേന്ദ്രം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സാധാരണക്കാരെ കൂടി കണക്കിലെടുത്തുള്ള നടപടികളാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ സ്വീകരിച്ചത്. വൈറസിന്റെ വ്യാപനത്തിനെതിരെ കേരളം ഇതുവരെ നടത്തിയ വിജയകരമായ പോരാട്ടത്തിന്റെ ഗുണം അനുഭവിക്കുന്നത് ഈ നാട്ടിലെ ജനങ്ങള്‍ക്കൊപ്പം ആ യുദ്ധത്തിന് നേതൃത്വം നല്‍കിയ കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയാണ്. ഇത് തന്റെ കൂടി രാഷ്ട്രീയ മൂലധനമാക്കാന്‍ പിണറായി വിജയന് കഴിഞ്ഞുവെന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമായത്.
  
ജാഗ്രതയും കരുതലോടെയും ലോക്ക്ഡൗണ്‍ നടപ്പാക്കാനായതാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന് നേട്ടമായത്. മുന്‍ സൈനികന്‍ കൂടിയായ അദ്ദേഹം ദൗത്യത്തിനായി നിയോഗിച്ചത് വിവിധ വകുപ്പുകളിലെ മികച്ച ഉദ്യോഗസ്ഥരെയായിരുന്നു. വിമാനത്താവളങ്ങളില്‍നിന്ന് തന്നെ സ്‌ക്രീനിങ് തുടങ്ങിയ പഞ്ചാബ് സര്‍ക്കാര്‍ യാത്രക്കാരെ ക്വാറന്റീനിലാക്കി. വീടുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവുമൊരുക്കി. ഭില്‍വാര അടക്കമുള്ള പ്രദേശങ്ങളില്‍ സാമൂഹ്യവ്യാപനം തടയാനായതായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേട്ടം. പരമാവധി പേരെ പരിശോധിക്കുകയെന്നതായിരുന്നു രാജസ്ഥാന്‍ സര്‍ക്കാരിന്റെ പ്രഥമദൗത്യം. ഭില്‍വാഡ ജില്ല പൂര്‍ണ്ണമായും അടച്ചുപൂട്ടിയ സംസ്ഥാന സര്‍ക്കാര്‍ നടപടി മറ്റു സംസ്ഥാനങ്ങളും മാതൃകയായി സ്വീകരിച്ചു. ആദ്യമായി മുഖ്യമന്ത്രി കസേരയിലിരിക്കുന്ന ഉദ്ദവ് താക്കറെയും പക്വതയാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. രാഷ്ട്രീയകൂട്ടുകക്ഷിയുമായുള്ള അഭിപ്രായവ്യത്യാസമൊക്കെ മാറ്റിവച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാര്‍, കോണ്‍ഗ്രസ് നേതാവും റവന്യൂ മന്ത്രിയുമായ ബാലാസാഹെബ് തോറാട്ട്, മകനും മന്ത്രിയുമായ ആദിത്യ താക്കറെ എന്നിവരാണ് മുഖ്യമന്ത്രിക്ക് കരുത്തു പകര്‍ന്നത്. 

പശ്ചിമബംഗാളില്‍ ബി.ജെ.പിക്കെതിരേയുള്ള രാഷ്ട്രീയവിമര്‍ശനങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രി മമത ബാനര്‍ജി ഭരണമികവാണ് പ്രകടിപ്പിച്ചത്. ആശുപത്രികളില്‍ മിന്നല്‍ പരിശോധന നടത്തിയും മാര്‍ക്കറ്റുകളിലും തെരുവുകളിലും നേരിട്ടെത്തിയുമായിരുന്നു മമതയുടെ കൊവിഡ് നിയന്ത്രണ ദൗത്യം. വാര്‍ റൂമിന് രൂപം നല്‍കിയ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് വിദേശത്തുനിന്നെത്തുന്നവര്‍ക്ക് ക്വാറന്റീനില്‍ കഴിയാന്‍ പാരിതോഷികം പ്രഖ്യാപിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പേ 72,000 പേരെയാണ് ഒഡീഷ സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കിയത്. കേന്ദ്രസര്‍ക്കാരിന് മുന്‍പേ മൂന്നാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടിയാണ് ജാര്‍ഖണ്ഡ് കൊവിഡ് ദൗത്യം മുന്നോട്ടുകൊണ്ടുപോയത്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാലും സംസ്ഥാന അതിര്‍ത്തി തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ദരിദ്രമായ സംസ്ഥാനത്തെ നയിക്കുന്ന സോറന്‍ കേന്ദ്രത്തിനെതിരേ വിമര്‍ശനങ്ങളുമുന്നയിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളെല്ലാം മികച്ച രീതിയിലും ഫലപ്രദവുമായി നിയന്ത്രണ ദൗത്യവുമായി മുന്നോട്ടുപോകുമ്പോഴും ഇവരുന്നയിക്കുന്ന സാമ്പത്തിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുന്നില്ല. 

പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കോവിഡിനെതിരായ രാജ്യത്തിന്റെ ഒ‌രുമിച്ചുള്ള പോരാട്ടത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് തിരികൾ തെളിക്കുന്നവർ

ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തിയ ജി.എസ്.ടി അടക്കമുള്ള നയങ്ങളുടെ പ്രത്യാഘാതങ്ങളാണ് സംസ്ഥാനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയത്. ജി.എസ്.ടി കുടിശിക ഇനത്തില്‍ 33,000 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കാനുള്ളത്. ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കിയതിനു ശേഷം ഒന്‍പതോളം നികുതി സ്രോതസുകളില്‍ നിന്നുള്ള വരുമാനം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ജി.എസ്.ടി നിയമപ്രകാരം ആദ്യ അഞ്ച് വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുമുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച് വ്യക്തമായ നടപടികളല്ല കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കഴിഞ്ഞ നവംബര്‍ വരെയുള്ള കുടിശികയില്‍നിന്ന് 651 കോടി രൂപ മാത്രമാണ് കേരളത്തിന് കിട്ടിയതെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. 3000 കോടിയോളം രൂപ കിട്ടാനുണ്ട്. മാസങ്ങളായി കേന്ദ്രം പണം നല്‍കിയിരുന്നില്ലെന്നും സംസ്ഥാനങ്ങള്‍ ഇതിനായി വലിയ സമ്മര്‍ദം ചെലുത്തിയിരുന്നെന്നും അദ്ദേഹം പറയുന്നു. ജി.എസ്.ടി.യില്‍നിന്നുള്ള പ്രതിമാസ വരുമാനം അതിന് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ 14 ശതമാനം കൂടിയില്ലെങ്കില്‍ ആ വ്യത്യാസം നഷ്ടപരിഹാരമായി കേന്ദ്രം നല്‍കണം. രണ്ടുമാസത്തിലൊരിക്കലാണ് നഷ്ടപരിഹാരം കണക്കാക്കുന്നത്. കേരളത്തിന് ശരാശരി 1500 കോടി വീതമാണ് ലഭിക്കേണ്ടത്. ഇത്തവണ മാര്‍ച്ച് അവസാനവാരം ലോക്ഡൗണ്‍ തുടങ്ങിയതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് വന്‍തോതില്‍ നികുതിവരുമാനം കുറഞ്ഞു. കൂടുതല്‍ തുക നഷ്ടപരിഹാരമായി കേന്ദ്രം നല്‍കേണ്ടിവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം ഇന്നും തുടരും; കണ്ണൂരില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍